സാമ്പത്തികം-ലേഖനങ്ങള്‍

സമ്പന്നനും ദരിദ്രനും ഇടയിലെ വിവേചനം

സമ്പന്നതക്ക് ലോകചരിത്രത്തോളം തന്നെ പഴക്കമുണ്ട്. അതിന്റെ ഭൗതിമായ പല പ്രകടനങ്ങളും ഭൂമിക്ക് മുകളിലെ ഏത് മുക്കിലും മൂലയിലും ജീവിതം നയിച്ച മുന്‍ഗാമികള്‍ക്കും പിന്‍ഗാമികള്‍ക്കും ഒരു പോലെ സുപരിചിതമാണ്. അതുപോലെ തന്നെയാണ് ദാരിദ്ര്യവും. മാനവവിദൂര ചരിത്രത്തോളം അതിന്റെ വേരുകള്‍ ചെന്നെത്തുന്നു. പ്രയാസകരമായ അതിന്റെ ഭൗതിക ഭാവം പൂര്‍വികരും പിന്‍ഗാമികളും അനുഭവിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യ തലമുറകളില്‍ പൊതുവായി കടന്ന് വരുന്ന രണ്ട് പ്രതിഭാസങ്ങളാണ് അവ. എന്നാല്‍ രാപ്പകലുകള്‍ മാറിവരുന്നത് പോലെ, എല്ലാവര്‍ക്കും പ്രകാശം സ്വീകരിക്കാനും ഇരുട്ടില്‍ ശാന്തത കൈവരിക്കാനും സാധിക്കുന്നത് പോലെ, വ്യവസ്ഥാപിതമായല്ല അവ കടന്ന് വരുന്നത്. ദാരിദ്ര്യത്തിന്റെ ക്ലിഷ്ടത ചില ജനങ്ങളുടെ നിശ്ചയമാണ്. അവരതില്‍ എന്നെന്നും കാഴ്ച നഷ്ടപ്പെട്ട്, ഒന്നും കാണാനാവാതെ തപ്പിത്തടയുന്നു. മറ്റുചിലര്‍ക്ക് മേല്‍ അനുഗ്രഹത്തിന്റെ കിരണങ്ങള്‍ പ്രകാശം പരത്തുകയും അവക്ക് മുന്നില്‍ അവര്‍ക്ക് കണ്ണഞ്ചിപ്പോവുകയും ചെയ്യുന്നു.

സമ്പന്നതയും ദാരിദ്ര്യവും കാണപ്പെടുന്നത് കൊണ്ട് തന്നെ ആഢംബര വിഭാഗവും കീഴാള ജനതയും സമൂഹത്തില്‍ രൂപമെടുക്കുന്നു. ജാതിവ്യവസ്ഥയുടെ ജനനമായി ഇത് വിലയിരുത്തപ്പെടുന്നു. സാമൂഹികവും രാഷ്ട്രീയവുമായ അക്രമവും യജമാനവും അടിമയുമെന്ന ആശയം രൂപപ്പെടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് നിബന്ധനകളും നിയമങ്ങളും സമീപനങ്ങളും സമൂഹത്തില്‍ പ്രത്യക്ഷപ്പെടുന്നു.
ദരിദ്രന്‍ പലവിധ പരിമിതികളോട് കൂടിയാണ് സമൂഹത്തില്‍ ജീവിക്കുന്നത്. ഇവയെ ഇബ്‌നുല്‍ മുഖഫ്ഫഅ് വളരെ മനോഹരമായി വിശദീകരിക്കുന്നുണ്ട് ‘മറ്റുള്ളവര്‍ കുറ്റം ചെയ്യുന്ന പക്ഷം അവന് മേല്‍ കുറ്റമാരോപിക്കപ്പെടുന്നു. ആരോപണങ്ങള്‍ക്കും, തെറ്റിദ്ധാരണക്കുമുള്ള സ്ഥാനമായി അവന്‍ മാറുന്നു. സമ്പന്നന് സുഹൃത്തുക്കള്‍ അലങ്കാരമാണെങ്കില്‍ ദരിദ്രന് അവര്‍ ന്യൂനതയാണ്. അവന്‍ ധീരത കാണിച്ചാല്‍ അവിവേകമാണെന്ന് കുറ്റപ്പെടുത്തുന്നു. ഔദാര്യം ചെയ്താല്‍ കുഴപ്പക്കാരനെന്ന് മുദ്രകുത്തുന്നു. ബുദ്ധിസാമര്‍ത്ഥ്യം പ്രകടിപ്പിച്ചാല്‍ ദുര്‍ബലനാണെന്ന് ആക്ഷേപിക്കുന്നു. വിനയം കാണിച്ചാല്‍ വിഢ്ഢിയാണെന്ന് പരിഹസിക്കുന്നു. മൗനം പാലിച്ചാല്‍ മഠയനാണെന്ന് കണക്കാക്കുന്നു’.

ചിലയാളുകള്‍ ഭൗതിക വിഭവങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയിലുള്ള ഈ വര്‍ഗീകരണത്തെ ന്യായീകരിക്കാറുണ്ട്. വിഭവങ്ങളില്‍ ഏറ്റവ്യത്യാസമുണ്ടാവുകയെന്നത് ദൈവിക നടപടിക്രമമാണ്, അവയുടെ അടിസ്ഥാനത്തില്‍ ചിലര്‍ക്ക് ഔന്നത്യം നല്‍കുകയും മറ്റുചിലരേക്കാള്‍ മഹത്വം നല്‍കുകയും ചെയ്തിരിക്കുന്നുവെന്ന് വിശുദ്ധ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട് തുടങ്ങിയ ന്യായങ്ങള്‍ അവര്‍ ഉന്നയിക്കുന്നു. ‘നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കിയത് അവനാണ്. നിങ്ങളില്‍ ചിലരെ മറ്റു ചിലരേക്കാള്‍ ഉന്നത പദവികളിലേക്ക് ഉയര്‍ത്തിയതും അവന്‍ തന്നെ. നിങ്ങള്‍ക്ക് അവന്‍ നല്‍കിയ കഴിവില്‍ നിങ്ങളെ പരീക്ഷിക്കാനാണിത് ‘(ല്‍അന്‍ആം 165). ‘ആഹാരകാര്യത്തില്‍ അല്ലാഹു നിങ്ങൡ ചിലരെ മറ്റു ചിലരേക്കാള്‍ മികവുറ്റവരാക്കിയിരിക്കുന്നു. എന്നാല്‍ മികവ് ലഭിച്ചവര്‍ തങ്ങളുടെ വിഭവം തങ്ങളുടെ ഭൃത്യന്‍മാര്‍ക്ക് വിട്ടുകൊടുക്കുന്നതിലൂടെ അവരെയൊക്കെ തങ്ങളെപ്പോലെ അതില്‍ സമന്‍മാരാക്കുന്നില്ല. അപ്പോള്‍ അല്ലാഹുവിന്റെ അനുഗ്രഹത്തെയാണോ അവര്‍ നിഷേധിക്കുന്നത്’ (അന്നഹ്ല്‍ 71).

ഭൗതിക വിഭങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീകരണവും വിഭജനവും സൃഷ്ടിക്കുന്ന എല്ലാ സംവിധാനത്തോടും ഇസ്ലാം അതിന്റെ ഒന്നാം ദിവസം മുതല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. ഈ പ്രവണതയെ സേവിക്കുകയോ, ന്യായീകരിക്കുകയോ ചെയ്യുന്നവയല്ല മേലുദ്ധരിച്ച ദൈവിക വചനങ്ങള്‍. അവയുടെ അടിസ്ഥാനത്തില്‍ സമൂഹത്തില്‍ വര്‍ഗീകരണം രൂപപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. അല്ലാഹു മനുഷ്യനെ ഭൂമിയില്‍ അവന്റെ പ്രതിനിധിയാക്കിയിരിക്കുന്നുവെന്നും, പ്രസ്തുത ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിനുള്ള മാര്‍ഗങ്ങളിലും സൗകര്യങ്ങളിലും ഏറ്റവ്യത്യാസം കല്‍പിച്ചിരിക്കുന്നുവെന്നും മാത്രമാണ് ആ ആയത്തുകളുടെ ധ്വനി. മനുഷ്യന്റെ ജന്‍മസിദ്ധികളിലും അധ്വാനങ്ങളിലും ഏറ്റവ്യത്യാസമുണ്ടെന്നത് ശരി തന്നെയാണ്. ബുദ്ധിയിലും സാമര്‍ത്ഥ്യത്തിലും അധ്വാനത്തിലും ആലസ്യത്തിലും ജനങ്ങള്‍ തുല്യരല്ല. അതിനാല്‍ തന്നെ ഭൗതികനേട്ടത്തിലും, സൗകര്യത്തിലും അവര്‍ വ്യത്യസ്തരാണ്. എന്നാല്‍ അല്ലാഹു ഓരോരുത്തര്‍ക്കും നല്‍കിയ സൗകര്യങ്ങള്‍ക്കും വിഭവങ്ങള്‍ക്കും അനുസരിച്ചാണ് അവരോട് ചോദ്യം ചോദിക്കുക.

ഭൗതിക വിഭവങ്ങളില്‍ ഏറ്റവ്യത്യാസം നല്‍കിയിരിക്കുന്നുവെന്ന പരാമര്‍ശം അതിന്റെ പേരില്‍ ഊറ്റം കൊള്ളാനോ, അഭിമാനിക്കാനോ അല്ല, മറിച്ച് തങ്ങള്‍ക്ക് താഴെയുള്ളവരോട് കനിവ് കാണിക്കാനും അവരെ സഹായിക്കാനും അല്ലാഹു നല്‍കിയ അനുഗ്രഹത്തില്‍ നന്ദി കാണിക്കാനുമുള്ള പ്രോല്‍സാഹനമാണ്.

മുഹമ്മദുല്‍ ഗസാലി

Topics