ജീവിതത്തിന്റെ അവസാന നിമിഷം വരെ നമ്മുടെ കൂടെയുണ്ടാവേണ്ട സുഹൃത്താണ് പുസ്തകങ്ങള്‍. ജീവിതത്തിന്റെ മാര്‍ഗവും രീതിയും നിര്‍ണയിക്കുന്നതില്‍ ഗ്രന്ഥങ്ങള്‍ക്കും രചനകള്‍ക്കും നിര്‍ണായകമായ പങ്കാണുള്ളത്. നാം കാര്യങ്ങള്‍ മനസ്സിലാക്കുകയും പഠിക്കുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്ന മാര്‍ഗമാണ് അത്. വൈജ്ഞാനിക വിസ്‌ഫോടനം സംഭവിച്ച് കൊണ്ടിരിക്കുന്ന ഇക്കാലത്ത് പഠനത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും രീതികള്‍ വ്യത്യസ്തമാണെങ്കിലും അവയുടെ അടിസ്ഥാനം വായന തന്നെയാണ്. അതിനാലാണ് പ്രപഞ്ചത്തിന്റെ താക്കോലായ ‘ഇഖ്‌റഅ്’ അഥവാ നീ വായിക്കുക എന്ന കല്‍പനയോട് കൂടി അല്ലാഹു മനുഷ്യനെ ഭൂമിയില്‍ അയച്ചത്. പ്രവാചകന്‍(സ)ക്ക് അവതരിപ്പിക്കപ്പെട്ട ആദ്യ കല്‍പന ഓരോ വിശ്വാസിയും ഏറ്റെടുക്കാന്‍ ബാധ്യസ്ഥമായ നിര്‍ദേശമാണ്.
സമൂഹത്തില്‍ നിര്‍മാണാത്മകതയുടെ അല്‍ഭുത പ്രതീകമാണ് വായന. മഹത്വത്തിന്റെയും വിനയത്തിന്റെയും അടയാളമാണ് അത്. കൂടുതല്‍ വായിക്കാനും കാര്യങ്ങള്‍ മനസ്സിലാക്കാനും, ഉല്‍ക്കടമായ അഭിലാഷത്തോടെ പ്രസ്തുത വഴിയില്‍ ചരിക്കാനും അത് സഹായിക്കുന്നു. ഭാവനാ ലോകം വിശാലമാക്കുന്നതിലും, ചുറ്റുപാടിനോട് ഇണക്കം സൃഷ്ടിക്കുന്നതിനും വായന വഴിവെക്കുന്നു. ശുഭകരമായ ഭാവി വെട്ടിത്തെളിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനും അവ അപഗ്രഥിച്ച് നന്‍മ വിതക്കുന്ന ഉത്തമമായ മാര്‍ഗം തെരഞ്ഞെടുക്കുന്നതിനും ചിന്തകരെയും ബുദ്ധിജീവികളെയും സഹായിച്ചത് അവരുടെ വായനയായിരുന്നു.
പ്രശോഭിതമായ ചിന്തയും വിജയകരമായ ചര്‍ച്ചയും, പ്രയോജനകരമായ സംവാദവും സമ്മാനിക്കുന്നതില്‍ വായനക്ക് സുപ്രധാനമായ പങ്കുണ്ട്. നാം ഉദ്ദേശിക്കുന്ന വായന ഏതെങ്കിലും കടലാസ് ഗ്രന്ഥങ്ങളില്‍ പരിമിതമായ ഒന്നല്ല. ചുറ്റുപാടിനെ വായിക്കുന്നതും, പ്രപഞ്ചത്തെ വായിക്കുന്നതും, മറ്റുള്ളവരുടെ പെരുമാറ്റത്തെ വായിക്കുന്നതുമെല്ലാം അവയില്‍ ഉള്‍പെടുന്നു. പ്രപഞ്ചത്തെ വായിക്കാനുള്ള അല്ലാഹുവിന്റെ കല്‍പനയുടെ പ്രതിഫലനമാണ് നാം ഇന്ന് കാണുന്ന ശാസ്ത്രം.
നമ്മുടെ മുന്നില്‍ കാണപ്പെടുന്ന ഓരോ വസ്തുവും ദൈവിക ദൃഷ്ടാന്തങ്ങളാണെന്നും അവയെക്കുറിച്ച് സൂക്ഷ്മമായി ചിന്തിക്കുകയും പഠനം നടത്തുകയും ചെയ്യണമെന്ന നിര്‍ദേശം വിശുദ്ധ ഖുര്‍ആനില്‍ ഒട്ടേറെ തവണ നല്‍കപ്പെട്ടിരിക്കുന്നു. അല്ലാഹു മനുഷ്യന്റെ മുന്നില്‍ സമര്‍പിച്ച ദൃഷ്ടാന്തങ്ങള്‍ തിരിച്ചറിയുകയോ ഉള്‍ക്കൊള്ളുകയോ ചെയ്യാതെ ബുദ്ധി തുരുമ്പ് പിടിച്ച് നശിച്ച് പോവാതിരിക്കാനാണ് പ്രസ്തുത കല്‍പനകളത്രയും.
അതേസമയം വായനയെ ഭൂരിപക്ഷം ജനങ്ങളും അവഗണിച്ച കാലത്താണ് നാം ജീവിച്ച് കൊണ്ടിരിക്കുന്നത്. വായനക്കും, പഠനത്തിനും പകരം മറ്റു പല മാര്‍ഗങ്ങളും, രീതികളും സമ്പ്രദായങ്ങളും എടുത്തണിഞ്ഞിരിക്കുന്നു നാം. മാത്രമല്ല, കൂടുതല്‍ ആസ്വാദ്യകരവും, വായനയുടെ ക്ലേശമില്ലാതെ കണ്ടും കേട്ടും വിവരങ്ങള്‍ സമ്പാദിക്കാനുള്ള പുതിയ സംവിധാനങ്ങള്‍ ആവിഷ്‌കരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. വളരെ കുറഞ്ഞ ഉപകാരമുള്ള, കൂടുതല്‍ ദോഷകരമായ മാര്‍ഗങ്ങളാണ് നാമിപ്പോള്‍ പ്രസ്തുത മേഖലയില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്നത് എന്ന് വ്യക്തം. നാം പഠിക്കാന്‍ തുനിഞ്ഞിറങ്ങുന്നതിന് മുമ്പ് വായിക്കാന്‍ പഠിക്കുകയാണ് നമുക്കിപ്പോള്‍ അത്യാവശ്യമായിട്ടുള്ള കാര്യം.
വായനയെ ജീവിതത്തില്‍ നിന്ന് അകറ്റി നിര്‍ത്തുന്നതില്‍ ആഢംബര ജീവിതത്തിന് നിര്‍ണായക പങ്കുണ്ട്. ആധുനിക ടെക്‌നോളജിയുടെ മുഖമുദ്ര തന്നെ ഏതെങ്കിലും മാര്‍ഗേണെ സമയം കൊല്ലുകയെന്നതാണ്.
വലിയ ഗ്രന്ഥങ്ങള്‍ വായിച്ചല്ല നാം വായനാശീലം വളര്‍ത്തിയെടുക്കേണ്ടത്. പത്രങ്ങളും, മാഗസിനുകളും, ഹൃദയസ്പൃക്കായ അനുഭവങ്ങളും വായിച്ച് തുടങ്ങുകയാണ് വേണ്ടത്. അവിടെ നിന്ന് പുസ്തകങ്ങളെ നമ്മുടെ കൂട്ടുകാരനാക്കാന്‍ നമുക്ക് കഴിയണം. ഒടുവില്‍ പിരിയാന്‍ കഴിയാത്ത ഉറ്റ ചങ്ങാതിയുടെ സ്ഥാനത്ത് നമ്മുടെ ഗ്രന്ഥങ്ങള്‍ എത്തുമെന്നത് തീര്‍ച്ചയാണ്.
ശദാ ഹര്‍ബി
Add Comment