മറ്റു പ്രവാചകന്മാരില്‍ നിന്നു വ്യത്യസ്തമായ ഒരു ചരിത്രമാണ് യൂനുസ് നബി (അ)യുടേത്. മൗസിലിന്റെ തലസ്ഥാനമായ നീനുവയിലെ ജനങ്ങളിലേക്ക് അല്ലാഹു നിയോഗിച്ച പ്രവാചകനായിരുന്നു അദ്ദേഹം. വര്‍ഷങ്ങളോളം പ്രബോധനം നിര്‍വഹിച്ചു. എന്നാല്‍ തന്റെ ജനതയില്‍നിന്ന് ധിക്കാരമല്ലാതെ ഒന്നും തിരിച്ചു കിട്ടിയില്ല. ഒടുവില്‍ ദൈവിക ശിക്ഷയെപ്പറ്റി മുന്നറിയിപ്പു നല്‍കി മനംനൊന്ത് അദ്ദേഹം സ്ഥലം വിട്ടു. കടല്‍ക്കരയിലെത്തി. അവിടെക്കണ്ട കപ്പലില്‍ കയറി. എന്നാല്‍ കാറ്റിലും കോളിലും പെട്ട കപ്പല്‍ ആടിയുലഞ്ഞു. രക്ഷപ്പെടാന്‍ വേണ്ടി കപ്പലിന്റെ ഭാരം കുറയ്ക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. ആരെ പുറത്തുവിടണം. നിര്‍ണായകമായിരുന്നു ആ നിമിഷങ്ങള്‍. കപ്പിത്താന്‍ നറുക്കെടുപ്പിലൂടെ ആളെ നിശ്ചയിക്കാമെന്നു വെച്ചു.
നറുക്കു വീണത് യൂനുസി(അ)ന് ! തന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഓടിപ്പോയ യൂനുസിനെ അല്ലാഹു പരീക്ഷിക്കുകയായിരുന്നു. അദ്ദേഹം കടലിലെറിയപ്പെട്ടു. കടലിലില്‍ വീണ യൂനുസിനെ ഒരു തിമിംഗലം വിഴുങ്ങി. തന്റെ നിസ്സഹായതയും താന്‍ ചെയ്ത തെറ്റും ബോധ്യമായ യൂനുസ് (അ) തികഞ്ഞ കുറ്റബോധത്തോടെ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു: ”ദൈവമേ, നീ അല്ലാതെ ആരാധ്യനില്ല. നീ പരിശുദ്ധനത്രെ. തീര്‍ച്ചയായും ഞാന്‍ അക്രമികളില്‍ പെട്ടുപോയിരിക്കുന്നു.” (21: 88)
അത്ഭുതകരമായ രീതിയില്‍ അല്ലാഹു അദ്ദേഹത്തെ രക്ഷപ്പെടുത്തി. മത്സ്യം അദ്ദേഹത്തെ കരയ്ക്ക് ഉഴിഞ്ഞിട്ടു. അദ്ദേഹത്തിന് ക്ഷീണം തീര്‍ക്കാനും പോഷകാഹാരത്തിനായി ചുരയ്ക്കവര്‍ഗത്തില്‍ പെട്ട ഒരു സസ്യം മുളപ്പിച്ചു കൊടുത്തു. ആരോഗ്യം തിരിച്ചുകിട്ടിയ യൂനുസ് (അ) നെ ഒരു ലക്ഷത്തോളം ജനസംഖ്യ വരുന്ന ആ ജനതയിലേക്കുതന്നെ നിയോഗിച്ചു. ആ ജനതയാകട്ടെ യൂനുസിനെ അംഗീകരിക്കുകയും തങ്ങള്‍ ചെയ്തുപോയ ധിക്കാരത്തില്‍ പശ്ചാത്തപിക്കുകയും ചെയ്തു. അവരെല്ലാവരും സത്യവിശ്വാസിയി. ശിക്ഷയില്‍നിന്ന് രക്ഷപ്പെട്ടു.
പ്രവാചകനും ജനങ്ങള്‍ക്കും ഒരുപോലെ പരീക്ഷണം: ‘നീ യൂനുസിനെപ്പോലെ ആകരുത്’ എന്ന് പ്രവാചകന് അല്ലാഹു താക്കീത് നല്‍കുന്നു. ഉത്തരവാദിത്വത്തില്‍നിന്ന് ഒളിച്ചോടിപ്പോയിട്ട് കാര്യമില്ല എന്നര്‍ഥം; ഫലം അനുകൂലമായാലും പ്രതികൂലമായാലും. മത്സ്യത്തിന്റെ വയറ്റില്‍നിന്ന് രക്ഷപ്പെട്ടതും പ്രത്യേക പരിചരണം ലഭിച്ചതും ഒക്കെ മുഅ്ജിസത്തായിരുന്നു.
യൂനുസ് (അ)

Add Comment