ഈസ പ്രവാചകന്‍മാര്‍

ഈസ (അ)

ചില പ്രവാചകന്മാരുടെ ജീവിതം സംഭവബഹുലം, ചിലരുടേത് ക്ലേശപൂരിതം. മറ്റു ചിലരുടേത് നിസ്സഹായതയുടെ പാരമ്യതയില്‍. ഇനിയും ചിലരുടേതാകട്ടെ അല്ലാഹുവിനാല്‍ പരീക്ഷിക്കപ്പെട്ടത്. അക്കൂട്ടത്തില്‍ ഈസ(അ)യുടെ ജനനവും മരണവും ജീവിതവും ഒക്കെ അത്യത്ഭുതകരമായ രീതിയിലുള്ളതാണ്. അറിയപ്പെട്ടിടത്തോളം മുഹമ്മദ് നബിക്ക് തൊട്ടുമുമ്പ് നിയുക്തനായ പ്രവാചകനത്രെ ഈസാ നബി(അ).
ഈസാ നബി ജനിച്ചിട്ട് 2000 വര്‍ഷം കഴിഞ്ഞുവെന്ന് കരുതപ്പെടുന്നു. ക്രിസ്തു എന്നറിയപ്പെടുന്ന ഈസാ(അ)യുടെ ജനനം മുതല്‍ കണക്കുകൂട്ടിവരുന്ന വര്‍ഷമത്രെ ക്രിസ്താബ്ദം. ബി.സി എന്നും എ.ഡി എന്നും കാലത്തെ വേര്‍തിരിക്കുന്നത് ക്രിസ്തുവിന്റെ ജനനകാലം തൊട്ടാണ്. അതായത് മുഹമ്മദ് നബിയുടെ ജനനത്തിന് 570 വര്‍ഷം മുമ്പ്. ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട ഈസാ(അ) പ്രപിതാവായ ഇബ്രാഹീം(അ)മിന്റെ ഇസ്ഹാഖ്/യഅ്ഖൂബ് പരമ്പരയിലെ അവസാനത്തെ ദൈവദൂതന്‍ കൂടിയാണ്. ഇബ്രാഹീം നബിയുടെ മൂത്തപുത്രനായ ഇസ്മാഈല്‍ മക്കയില്‍ താമസിക്കുകയും ഹിജാസിലെ ‘മുസ്തഅ്‌റബ’ ജനവിഭാഗത്തിന്റെ പിതാവായി അറിയപ്പെടുകയും ചെയ്യുന്നു. ആ പരമ്പരയിലാണ് മുഹമ്മദ് നബി നിയുക്തനാകുന്നത്.
ഈസാ(അ)യുടെ ജനനം അത്ഭുതകരമായിരുന്നു. അദ്ദേഹത്തിന് പിതാവില്ല. ആദമിന് പിതാവും മാതാവും ഇല്ലായിരുന്നല്ലോ. പിതാവില്ലാതെ ദൈവത്തിന്റെ നിര്‍ദേശപ്രകാരം മര്‍യമിന് ജനിച്ച ആളായതിനാല്‍ മാതാവിന്റെ പേരിലേക്ക് ചേര്‍ത്തി ഈസബ്‌നുമര്‍യം എന്നാണ് ഖുര്‍ആന്‍ അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. വിശുദ്ധഖുര്‍ആനില്‍ പേരെടുത്തുപറഞ്ഞ ഏകവനിതയാണ് മര്‍യം. ലോകത്തിന്റെ മുന്നില്‍ പുണ്യവാന്മാരുടെ പ്രതീകമായി അല്ലാഹു എടുത്തുകാണിച്ചത് ഫിര്‍ഔനിന്റെ ഭാര്യയും മര്‍യമും ആണ്. (66: 11)
ഇസ്‌റാഈല്‍ വംശത്തിലെ അറിയപ്പെട്ട ഒരു വ്യക്തിയായിരുന്നു ഇംറാന്‍. അദ്ദേഹത്തിന്റെ മകളാണ് മര്‍യം. ഇംറാന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നപ്പോള്‍ തനിക്ക് ജനിക്കുന്ന കുഞ്ഞിനെ പള്ളിപരിപാലനത്തിനായി നിയോഗിക്കുമെന്ന് നേര്‍ച്ച നേര്‍ന്നു. (അക്കാലത്ത് അങ്ങനെ പതിവുണ്ടായിരുന്നു.)കുട്ടി പെണ്ണായിട്ടുപോലും അവര്‍ തന്റെ നേര്‍ച്ച പൂര്‍ത്തിയാക്കി. അങ്ങനെയാണ് മര്‍യം ബൈതുല്‍ മുഖദ്ദിസിന്റെ പരിപാലകയാകുന്നത്. പിതാവ് നേരത്തേ മരിച്ചുപോയതിനാല്‍ മര്‍യമിന്റെ രക്ഷാകര്‍തൃത്വം ഏറ്റെടുത്തത് മാതാവിന്റെ ബന്ധുകൂടിയായ സകരിയ്യാ(അ) ആയിരുന്നു. ബയ്തുല്‍മുഖദ്ദിസില്‍ മര്‍യമിന് ഒരു മുറിയുണ്ടായിരുന്നു. നമസ്‌കരിക്കാനും മറ്റു സല്‍കര്‍മങ്ങള്‍ നിര്‍വഹിക്കാനും മര്‍യമിന് ദൈവിക നിര്‍ദേശം ലഭിച്ചതായി ഖുര്‍ആന്‍ പറയുന്നു.
പള്ളിപരിപാലനത്തിലും ദൈവസ്മരണയിലുമായി കഴിഞ്ഞുകൂടിയ മര്‍യമിലൂടെ അല്ലാഹു ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു. വിവാഹിതയാകാത്ത മര്‍യമിന് പുത്രസൗഭാഗ്യം സുവിശേഷമറിയിക്കപ്പെട്ടു. അത്ഭുതം പ്രകടിപ്പിച്ച മര്‍യമിന് ഇത് ദൈവിക നിശ്ചയമാണെന്ന് മലക്കുകള്‍ മുഖേന അറിയിക്കപ്പെട്ടു. ഗര്‍ഭിണിയായ മര്‍യം വിഷമിച്ചു. ജനങ്ങള്‍ അപവാദങ്ങള്‍ പറഞ്ഞു. മാനസികമായി തളര്‍ന്ന് മര്‍യം ദൈവത്തോടു പ്രാര്‍ഥിച്ച മര്‍യമിന് സമാശ്വാസത്തിന്റെ ബോധനം ലഭിച്ചു. പ്രസവം അടുത്തു. അവര്‍ ആളൊഴിഞ്ഞ ഒരു പ്രദേശത്തേക്കുമാറി. ശരീരവും മനസ്സും നൊന്ത ആ സമയത്ത് അഭയത്തിന്റെ ദൈവിക സന്ദേശം ലഭിച്ചു: ”ഭയപ്പെടേണ്ട, നിന്റെ അരികിലിതാ തെളിനീരുറവ! നിനക്കിതാ സ്വാദുള്ള ഈത്തപ്പഴം, പ്രയാസരഹിതമായി നിന്റടുത്ത്!”
മര്‍യം പ്രസവിച്ചു. കുട്ടിക്ക് ഈസ എന്ന് പേരിട്ടു. കൈക്കുഞ്ഞിനെയുമായി തിരിച്ചെത്തിയപ്പോള്‍ ജനങ്ങള്‍ പലതും പറഞ്ഞു. ‘വിശുദ്ധയെന്ന് തങ്ങള്‍ കരുതിയവള്‍ക്ക് ഇതെന്തുപറ്റി?’ ‘നിന്റെ മാതാപിതാക്കള്‍ ദുര്‍നടപ്പുകാരായിരുന്നില്ലല്ലോ’ എന്നവര്‍ വിളിച്ചു പറഞ്ഞു. സദുദ്ദേശ്യത്തോടെ പറഞ്ഞവരും മര്‍യമിനെ നോവിക്കാന്‍ പറഞ്ഞവരും കൂട്ടത്തിലുണ്ടാവും. മര്‍യം മൗനം അവലംബിച്ചു. ദൈവിക നിര്‍ദേശപ്രകാരം അവര്‍ തൊട്ടിലിലേക്ക് ചൂണ്ടിക്കാണിച്ചു. ‘എല്ലാറ്റിനും മറുപടി ആ പൈതല്‍ പറയും’ എന്ന അര്‍ഥത്തില്‍. ചോരക്കുഞ്ഞിനോട് ഞങ്ങളെങ്ങനെ സംസാരിക്കുമെന്ന് സന്ദേഹിച്ചവരെ അത്ഭുതപരതന്ത്രരാക്കിക്കൊണ്ട് തൊട്ടിലില്‍കിടക്കുന്ന കുഞ്ഞ് സംസാരിക്കാന്‍ തുടങ്ങി.
”ഞാന്‍ ദൈവത്തിന്റെ ദാസനാകുന്നു. അവന്‍ എനിക്ക് വേദഗ്രന്ഥം നല്‍കുകയും എന്നെ പ്രവാചകനാക്കുകയും ചെയ്തിരിക്കുന്നു. ഞാന്‍ എവിടെയായിരുന്നാലും എന്നെ അവന്‍ അനുഗ്രഹീതനാക്കിയിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്‌കരിക്കുവാനും സക്കാത്ത് കൊടുക്കുവാനും അവന്‍ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു. (അവന്‍ എന്നെ)എന്റെ മാതാവിനോട് നല്ല നിലയില്‍ പെരുമാറുന്നവനും (ആക്കിയിരിക്കുന്നു.) അവന്‍ എന്നെ നിഷ്ഠൂരനും ഭാഗ്യംകെട്ടവനും ആക്കിയിട്ടില്ല. ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും വീണ്ടും എഴുന്നേല്‍പ്പിക്കപ്പെടുന്ന ദിവസവും എന്റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.” (19: 30-33). ഇങ്ങനെയാണ് ഈസായുടെ ജനനം.
മൂസാനബിയുടെ അനുയായികളും പിന്‍ഗാമികളുമെന്ന് അവകാശപ്പെട്ടിരുന്ന ഇസ്‌റാഈല്യര്‍ (ജൂതന്മാര്‍) ഏകദൈവത്വത്തില്‍നിന്നും ബഹുദൂരം അകന്നപ്പോള്‍ അവരെ ഉദ്ധരിക്കാനായിട്ടാണ് ഈസാ(അ)യെ നിയോഗിച്ചത്. ‘എന്റെയും നിങ്ങളുടെയും നാഥനായ ദൈവത്തെ മാത്രം ആരാധിക്കുക’ എന്നതുതന്നെയായിരുന്നു അദ്ദേഹത്തിന്റെയും മുഖ്യമായ പ്രബോധന ദൗത്യം. മുന്‍ഗാമിയായ മൂസാ(അ)യെയും അദ്ദേഹത്തിനു നല്‍കപ്പെട്ട വേദഗ്രന്ഥത്തെയും അംഗീകരിച്ചുകൊണ്ടും തനിക്കു ശേഷം വരാനുള്ള പ്രവാചക(മുഹമ്മദ്)നെപ്പറ്റി സുവിശേഷം അറിയിച്ചുകൊണ്ടുമാണ് ഈസ(അ) ജനങ്ങളെ നേര്‍മാര്‍ഗത്തിലേക്കു ക്ഷണിച്ചത്.
മൂസയുടെ മാര്‍ഗത്തിലാണെന്ന് വാദിക്കുകയും എന്നാല്‍ സത്യത്തില്‍നിന്നും ബഹുദൂരം അകലുകയും ചെയ്ത മതനേതാക്കളില്‍നിന്നും രൂക്ഷമായ എതിര്‍പ്പ് ഈസ(അ)ക്ക് നേരിടേണ്ടിവന്നു. ഈസ മതഭ്രഷ്ടനാണെന്നും ജാരസന്തതിയാണെന്നും മറ്റുമുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് അവര്‍ എതിര്‍ത്തു. സമൂഹത്തിന് ദൃഷ്ടാന്തമായി അല്ലാഹു ഈസ(അ) മുഖേന ദിവ്യദൃഷ്ടാന്തങ്ങള്‍ കാണിച്ചുകൊടുത്തു. മരിച്ചുപോയ ചില ആളുകള്‍ക്ക് ഈസ(അ)മുഖേന ജീവന്‍ തിരിച്ചുകിട്ടിയത് ജനം കണ്ടു. ഒരിക്കലും മാറാത്ത വെള്ളപ്പാണ്ട് തുടങ്ങിയ രോഗങ്ങള്‍ അദ്ദേഹം സുഖപ്പെടുത്തി. ജന്മനാ അന്ധരായ ചിലര്‍ക്ക് അദ്ദേഹത്തിന്റെ കൈകളിലൂടെ കാഴ്ചനല്‍കപ്പെട്ടു. ചില സന്ദര്‍ഭങ്ങളില്‍ കളിമണ്ണില്‍നിന്ന് പക്ഷികളുടെ രൂപമുണ്ടാക്കി അതില്‍ ഊതിയപ്പോള്‍ അത് പറന്നു പോയി. ഇങ്ങനെ വിവിധ തരത്തില്‍ അമാനുഷികമായ ധാരാളം തെളിവുകള്‍ കാണിച്ചുകൊടുത്തിട്ടും ഈസ(അ) പ്രവാചകനാണെന്ന കാര്യം അംഗീകരിക്കാനോ അദ്ദേഹം പറയുന്ന കാര്യങ്ങള്‍ക്ക് ചെവികൊടുക്കാനോ അവര്‍ തയ്യാറില്ലായിരുന്നു.
തങ്ങള്‍ക്ക് മനസ്സമാധാനത്തിനായി ആകാശത്തുനിന്നും ഒരു ഭക്ഷണത്തളിക ഇറക്കിത്തരാന്‍ ദൈവത്തോടു പ്രാര്‍ഥിക്കണമെന്ന് അവരില്‍ ചിലര്‍ ആവശ്യപ്പെട്ടു. ഈസ(അ)യുടെ പ്രാര്‍ഥന പ്രകാരം അല്ലാഹു അതും ഇറക്കിക്കൊടുത്തു. എന്തൊക്കെ തെളിവുകള്‍ നല്‍കിയിട്ടും വളരെ കുറച്ചുപേര്‍മാത്രമേ അദ്ദേഹത്തില്‍ വിശ്വസിച്ചുള്ളൂ. ഈസ(അ)ക്കെതിരില്‍, റോമ ഭരിച്ചിരുന്ന സീസര്‍ ചക്രവര്‍ത്തിയെ തിരിച്ചുവിടാന്‍ അന്നത്തെ മതമേധാവികള്‍ക്കു കഴിഞ്ഞു. പട്ടാളം ഈസ(അ)യെ തെരഞ്ഞു നടന്നു ഈ സമയത്ത് അല്ലാഹു അദ്ദേഹത്തെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ഖുര്‍ആന്‍ പറയുന്നു: ”അല്ലാഹു അദ്ദേഹത്തെ അവങ്കലേക്കുയര്‍ത്തി.” ജനനംപോലെ സവിശേഷമായിത്തന്നെയാണ് അദ്ദേഹത്തിന്റെ ഭൂമിയിലെ ജീവിതം അവസാനിച്ചതും.
രാജകിങ്കരന്മാരകട്ടെ ഈസ(അ)യോട് ഏതാണ്ട് സാദൃശ്യമുള്ള ഒരാളെ പിടിച്ച് കുരിശില്‍ തറച്ചുകൊന്നു. തങ്ങളുടെ പാരമ്പര്യത്തെ ചോദ്യംചെയ്ത ഈസ വധിക്കപ്പെട്ടതില്‍ ജൂത•ാര്‍ സന്തോഷിച്ചു. എന്നാല്‍ വളരെക്കാലത്തിനുശേഷം ഈസയുടെ അനുയായികളാണെന്നു പറയുന്ന ചിലര്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളില്‍, യേശു സ്വയം കുരിശുമരണം വരിച്ചതിലൂടെ മനുഷ്യകുലത്തിന്റെ പാപം ഏറ്റെടുത്തുവെന്നും കൊല്ലപ്പെട്ടതിന്റെ മൂന്നാം നാള്‍ കല്ലറ തുറന്ന് പുറത്തുവരികയും ആകാകത്തേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു എന്നുമൊക്കെ എഴുതിപ്പിടിപ്പിച്ചു.
ഈസാനബിക്ക് അല്ലാഹു നല്‍കിയ വേദഗ്രന്ഥം ഇഞ്ചീല്‍ ആയിരുന്നു. ഇബ്‌നുമര്‍യം, മസീഹ്, ദൈവത്തിന്റെ വചനം, ദൈവത്തില്‍നിന്നുള്ള ആത്മാവ് എന്നൊക്കെ ഈസാനബിയെ വിശേഷിപ്പിച്ചതായി ഖുര്‍ആനില്‍ കാണാം. ജൂതന്മാര്‍ ജാരപുത്രനായി കണക്കാക്കി കല്ലെറിഞ്ഞ ഈസ(അ)യെ ക്രിസ്ത്യാനികള്‍ ദൈവത്തിന്റെ പുത്രനും ദൈവാംശവുമായി ചിത്രീകരിക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് മനുഷ്യപുത്രനും ദൈവദൂതനുമായ ഈസ(അ)യെ പ്രവാചകശൃംഖലയിലെ ഒരു കണ്ണിയായി ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. ഈസ(അ)യ്ക്ക് അവതരിപ്പിക്കപ്പെട്ട ഇഞ്ചീല്‍ പില്‍ക്കാലത്തേക്ക് ബാക്കിവെച്ചിട്ടില്ല. അദ്ദേഹത്തിന്റെ കാലശേഷം വളരെക്കാലം കഴിഞ്ഞ് ചില എഴുത്തുകാരുടെ ഭാവനാസൃഷ്ടമായ കൃതികളുടെ സമാഹാരത്തെയാണ് ഇന്ന് ബൈബിള്‍ എന്ന് പറയുന്നത്.
ഏകദൈവ വിശ്വാസം പ്രബോധനം ചെയ്ത ഈസയെ ദൈവാംശമാക്കുന്ന ഇന്നത്തെ ക്രൈസ്തവര്‍, വിശുദ്ധഖുര്‍ആനില്‍ അദ്ദേഹത്തെപ്പറ്റി പറഞ്ഞ ‘റൂഹുന്‍മിന്‍ഹു’ എന്ന പദം അതിനുപോത്ബലകമായി ഉദ്ധരിക്കാറുണ്ട്. പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നീ ത്രിത്വം ചേര്‍ന്നതാണ് ദൈവം എന്നു പറഞ്ഞ് ദൈവസങ്കല്‍പം തന്നെ കീഴ്‌മേല്‍ മറിച്ച ക്രൈസ്തവ പുരോഹിതര്‍ പിതാവ്, പുത്രന്‍ എന്നിവ വ്യാഖ്യാനിച്ചൊപ്പിക്കുന്നുവെങ്കിലും മൂന്നാമത്തെ അംശമായ ‘പരിശുദ്ധാത്മാവ്’ എന്താണെന്നു വിശദീകരിക്കാന്‍ സാധിക്കാതെ കുഴങ്ങുകയാണ് ഇന്നും.
ഖുര്‍ആനില്‍ ‘കലിമതുല്ലാഹ്’ (ദൈവ വചനം) എന്ന് ഈസയെ വിശേഷിപ്പിച്ചിരിക്കുന്നു. അഥവാ പ്രകൃതി ചട്ടങ്ങളില്‍ നിന്നു വ്യത്യസ്തമായി പിതാവ് എന്ന മാധ്യമം കൂടാതെ അല്ലാഹുവിന്റെ ഉത്തരവുമൂലം ജനിച്ചവന്‍ എന്ന അര്‍ഥത്തിലാണ് ആ പ്രയോഗം. ‘പരിശുദ്ധാത്മാവിനാല്‍ അദ്ദേഹത്തെ ശക്തിപ്പെടുത്തി’ (2: 253) എന്ന് ഖുര്‍ആന്‍ പറഞ്ഞത് ജിബ്‌രീല്‍ എന്ന മലക്കിനെപ്പറ്റിയാണ്. പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്ത ഈസാ(അ) നബിക്കും മാതാവിനും മലക്കു മുഖേന ദൈവിക സഹായം നല്‍കി എന്നത് മറ്റു പ്രവാചകന്മാര്‍ക്കു നല്‍കപ്പെട്ടതുപോലെത്തന്നെയുള്ളതത്രെ. ‘റൂഹുന്‍മിന്‍ഹു’ (അവനില്‍നിന്നുള്ള അത്മാവ്) എന്നതിനെ ‘ദിവ്യാംശം’ എന്ന് ദുര്‍വ്യാഖ്യാനം ചെയ്യുന്നു ചിലര്‍. പിതാവില്ലാതെ മാതാവില്‍നിന്നുമാത്രം ജനിച്ച ഈസ(അ)ക്ക് അവന്റെ വക ആത്മാവ് ഊതി എന്നല്ലാതെ ഈസ(അ) ദൈവത്തിന്റെ അവതാരമാണ് എന്ന് ഇതിനര്‍ഥമില്ല. അങ്ങനെയെങ്കില്‍ ആദമും ഹവ്വയും ദൈവത്തിന്റെ അംശമാണെന്നും തന്മൂലം എല്ലാ മനുഷ്യരിലും ദിവ്യത്വമുണ്ടെന്നും പറയേണ്ടിവരുമല്ലോ.
ഈസ(അ)യുടെ ജനനം പോലെത്തന്നെ വിയോഗവും അത്ഭുതകരമാണ്. തങ്ങളുടെ യാഥാസ്ഥികത്വത്തെയും മതാന്ധതയെയും ചോദ്യംചെയ്ത ഈസയെ ക്രൂശിച്ചു കൊന്നു എന്ന സമാധാനത്തിലാണ് ജൂതന്മാര്‍. ദൈവത്തിന്റെ അവതാരമായ യേശു മനുഷ്യകുലത്തിന്റെ പാപങ്ങള്‍ ഏറ്റെടുത്ത് കുരിശുമരണം വരിക്കുകയും ഉയിര്‍ത്തെഴുന്നേറ്റ് പിതാവിന്റെ സന്നിധിയിലേക്ക് പോവുകയും ചെയ്തു എന്ന് ക്രൈസ്തവരും പ്രചരിപ്പിക്കുന്നു. കൂടാതെ അനേകം കെട്ടുകഥകളും പ്രചരിപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വിശുദ്ധഖുര്‍ആനിലൂടെയും പ്രവാചക വചനങ്ങളിലൂടെയും യഥാര്‍ഥമായ സംഗതി അല്ലാഹു ജനങ്ങള്‍ക്ക് എത്തിച്ചുതരുന്നത്. ”ഈസാ(അ) കൊല്ലപ്പെടുകയോ ക്രൂശിക്കപ്പെടുകയോ ചെയ്തിട്ടില്ല. (4: 157) പിന്നെ എന്തു സംഭവിച്ചു? ”അല്ലാഹു അദ്ദേഹത്തെ അവങ്കലേക്ക് ഉയര്‍ത്തി”. ഖുര്‍ആനില്‍ വിശ്വാസമര്‍പ്പിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് എങ്ങനെ ഏതു രൂപത്തില്‍, ഇപ്പോള്‍ അദ്ദേഹം ജീവിച്ചിരിപ്പുണ്ടോ, ഉണ്ടെങ്കില്‍ എന്തു ചെയ്യുന്നു തുടങ്ങിയ സന്ദേഹങ്ങള്‍ക്കവകാശമില്ല.
ഈസ(അ) ലോകാവസാനത്തിനു(യൗമുല്‍ ആഖിര്‍) തൊട്ടുമുമ്പായി ഭൂമിയില്‍ വീണ്ടും അവതരിക്കപ്പെടുമെന്നും ഇസ്‌ലാം പ്രബോധനം ചെയ്യുമെന്നും നബി(സ) പറഞ്ഞതായി ബുഖാരി മുസ്‌ലിം തുടങ്ങിയ ഹദീസ് ഗ്രന്ഥങ്ങളില്‍ ഉദ്ധരിക്കുന്നു. അതുകൊണ്ടുതന്നെ മുസ്‌ലിംകള്‍ അങ്ങനെ വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ കാര്യത്തില്‍ ചില ഭിന്ന വീക്ഷണങ്ങളും കാണാം.

Topics