പ്രവാചകന്‍മാര്‍ ഹാറൂന്‍

ഹാറൂന്‍ (അ)

വിശുദ്ധഖുര്‍ആനില്‍ ഏറ്റവുമധികം പരാമര്‍ശിക്കപ്പെട്ടതും വിശദമായി പ്രതിപാദിച്ചതുമാണ് മൂസാനബിയുടെ ചരിത്രം. ബൈബിളില്‍ മോശെ എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ, അനുയായികളാണ് തങ്ങളെന്ന് ജൂതര്‍ അവകാശപ്പെടുന്നു. തോറ എന്നും പഴയനിയമം എന്നും അറിയപ്പെടുന്ന വേദഗ്രന്ഥം (തൗറാത്ത്) നല്‍കപ്പെട്ടത് അദ്ദേഹത്തിനാണ്. മൂസ (അ)യുടെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് സഹായിയായിട്ട് സഹോദരപുത്രനും മികച്ച വാഗ്മിയുമായിരുന്ന ഹാറൂനി (അ) നെ അല്ലാഹു നിയോഗിച്ചു.
യഅ്ഖൂബ് നബിയുടെ സന്താനപരമ്പരയാണ് ബനൂ ഇസ്‌റാഈല്‍. ഫലസ്ത്വീനിലായിരുന്ന യഅ്ഖൂബ് നബി ജീവിത സായാഹ്നത്തില്‍ യൂസുഫ് നബിയുമായുണ്ടായ പുനസ്സമാഗമശേഷം കുടുംബസമേതം ഈജിപ്തിലേക്കു താമസം മാറ്റി. യൂസുഫ് നബിയുടെ കാലത്തുണ്ടായിരുന്ന രാജവംശത്തിന്റെ കാലം കഴിഞ്ഞു. ഫറോവന്‍വംശം രാജ്യം ഭരിക്കാന്‍ തുടങ്ങി. ഫറോവ ഖിബ്ത്വി വംശജനായിരുന്നു. ഈജിപ്തില്‍ ഇസ്‌റാഈല്യര്‍ വര്‍ധിക്കുന്നതില്‍ ഫറോവയ്ക്ക് ആശങ്ക തോന്നി. അവരെ കഠിനമായി ദ്രോഹിക്കാനും അധികാരം ഉപയോഗപ്പെടുത്തി അടിച്ചമര്‍ത്താനും ഫറോവ മുതിര്‍ന്നു. ഇസ്‌റാഈല്യരില്‍ ജനിക്കുന്ന ആണ്‍കുട്ടികളെ കൊന്നൊടുക്കുക എന്ന ക്രൂരകൃത്യത്തിനും ഫറോവ ധൃഷ്ടനായി. ദുഷ്ടതയുടെ പാരമ്യതയിലെത്തിയ ആ നാട്ടിലേക്ക് നിയുക്തനായ ദൈവദൂതന്‍ മൂസ (അ) ഒരു ഇസ്‌റാഈലീ കുടുംബത്തില്‍ ജനിക്കുന്നത് ഈ സന്ദര്‍ഭത്തിലാണ്.
ഫിര്‍ഔന്‍ എന്നത് ഒരു രാജകുടുംബത്തിന്റെ പേരാണ്. ‘പറാഓ’ എന്ന ഈജിപ്ഷ്യന്‍ പദത്തില്‍നിന്നുണ്ടായതാണിത്. ഫറോവ എന്ന് ഹിബ്രുവിലും ഫിര്‍ഔന്‍ എന്ന് അറബിയിലും പ്രയോഗിക്കുന്നു. മൂസാനബി (അ)യുടെ കാലത്തെ ധിക്കാരിയായ രാജാവിനെ ഫിര്‍ഔന്‍ എന്നാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. നാഗരികതയില്‍ ഏറെ മുമ്പന്‍മാരായിരുന്നു അവര്‍. മര്‍ദനോപാധിയുടെ പ്രതീകമായ ‘ആണിയുടെ ആള്‍’ (89: 10) എന്നാണ് ഖുര്‍ആന്‍ ഫിര്‍ഔനിനെ വിശേഷിപ്പിച്ചത്. ഫിര്‍ഔനിന്റെ ഉന്നതനായ മന്ത്രി ഹാമാനെയും അക്കാലത്തെ ധിക്കാരിയായ കോടീശ്വരന്‍ ഖാറൂനെയും മൂസാ ചരിത്രത്തിനിടയില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്.
മൂസാ(അ)യുടെ ചരിത്രം ഖുര്‍ആനില്‍ വന്നതിന്റെ സംഗ്രഹം ഇവിടെ പ്രതിപാദിക്കാം. മൂസ ജനിച്ച ഉടനെ കുഞ്ഞിനെ നദിയില്‍ ഒഴുക്കിക്കളയാന്‍ മാതാവിന് ദിവ്യബോധനം ലഭിച്ചു. പെട്ടിയിലടച്ച് നദിയിലൊഴുക്കിയ കുഞ്ഞ് ഫിര്‍ഔനിന്റെ കൊട്ടാരത്തിനു മുന്നിലൂടെ നീങ്ങവെ ചിലര്‍ അതെടുത്ത് കൊട്ടാരത്തിലെത്തിച്ചു. പെട്ടിയില്‍ ഒരാണ്‍കുട്ടി! രാജ്ഞിക്ക് വാത്സല്യം തോന്നി. വളര്‍ത്താന്‍ തീരുമാനിച്ചു. ഫിര്‍ഔന്‍ വഴങ്ങി. കുഞ്ഞ് കൊട്ടാരത്തിനടുത്തെത്തിയെന്ന വാര്‍ത്ത ഉമ്മയെ ഞെട്ടിച്ചെങ്കിലും അല്ലാഹുവിന്റെ പ്രത്യേക കാവലെന്നോണം കുഞ്ഞിനെ മുലയൂട്ടാന്‍ ഏല്‍പ്പിക്കപ്പെട്ടത് യഥാര്‍ഥ മാതാവിനെത്തന്നെയായിരുന്നു. അങ്ങനെ മൂസ ഫിര്‍ഔനിന്റെ കൊട്ടാരത്തില്‍ രാജകീയ പ്രൗഡിയോടെ വളര്‍ന്നു വന്നു.
മൂസ യുവാവായി. താമസം കൊട്ടാരത്തിലെങ്കിലും താന്‍ മര്‍ദിത സമൂഹത്തിലെ അംഗമാണെന്നറിയാം. ഒരിക്കല്‍ പുറത്തിറങ്ങിയ മൂസ, രണ്ടു പേര്‍ തമ്മില്‍ ശണ്ഠ കൂടുന്നതില്‍ ഇടപെട്ടു. ഖിബ്ത്വിയായ ഒരാളെ അടിച്ചു. അബ്ദ്ധത്തില്‍ അയാളുടെ കഥകഴിഞ്ഞു.മൂസ ദുഃഖിച്ചു. പശ്ചാത്തപിച്ചു. കയ്യബദ്ധം അല്ലാഹു പൊറുത്തുകൊടുത്തു. പിറ്റേ ദിവസം നടന്ന വേറൊരു സംഭവത്തില്‍ തലേന്ന് സഹായം ലഭിച്ചവന്‍ തന്നെ ‘കൊലപാതക’ വാര്‍ത്ത പുറത്തുവിട്ടു. മൂസക്കെതിരില്‍ ഗൂഢാലോചന. അധികാരികള്‍ തനിക്കെതിരില്‍ തിരിഞ്ഞ വാര്‍ത്ത രഹസ്യമായി അറിഞ്ഞ മൂസ ‘രക്ഷിക്കണേ’ എന്ന പ്രാര്‍ഥനയോടെ ഈജിപ്തില്‍നിന്നു പാലായനം ചെയ്തു.
മദ്‌യനിലേക്കാണദ്ദേഹം പോയത്. മദ്‌യനിലെത്തിയ മൂസ (അ) ഒരു കിണറ്റില്‍നിന്നു വെള്ളം കുടിച്ച് വിശ്രമിക്കെ രണ്ടു യുവതികള്‍ തങ്ങളുടെ ആടുകള്‍ക്ക് വെള്ളം കൊടുക്കാന്‍ വിഷമിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. മൂസ അവരെ സഹായിച്ചു. വീണ്ടും പ്രാര്‍ഥനാ നിര്‍ഭരനായി വിശ്രമിച്ചു. നേരത്തെ കണ്ട യുവതികളിലൊരാള്‍ വന്ന് മൂസയെ തങ്ങളുടെ പിതാവ് വിളിക്കുന്നതായി പറഞ്ഞു. അദ്ദേഹം ചെന്നു. വൃദ്ധനായ ആ മനുഷ്യനോട് മൂസ തന്റെ വിഷമകഥ വിവരിച്ചു കൊടുത്തു. അദ്ദേഹം മൂസയെ സമാധാനിപ്പിച്ചു.
ആ വൃദ്ധന്‍ തന്റെ മകളെ മൂസയ്ക്ക് വിവാഹംകഴിച്ചുകൊടുത്തു. ഇരുവരും തമ്മില്‍ ചെയ്ത കരാറനുസരിച്ച് പത്ത് വര്‍ഷത്തോളം മൂസ മദ്‌യനില്‍ കുടുംബസമേതം താമസിച്ചു. അനന്തരം മദ്‌യനില്‍നിന്ന് കുടുംബസമേതം അദ്ദേഹം തിരിച്ചു പോവുകയാണ്. ഈ മടക്കയാത്രയില്‍ വെച്ചാണ് അദ്ദേഹത്തിന് ദിവ്യബോധനം ലഭിക്കുന്നത്. വഴിതെറ്റിപ്പോയ മൂസ, മലമുകളില്‍ കണ്ട തീയിന്റെ അരികിലേക്ക് നീങ്ങി. കുടുംബത്തെ വഴിയില്‍ നിര്‍ത്തി. തീ കണ്ട സ്ഥലത്തെത്തിയപ്പോള്‍ ഒരു വിളി കേട്ടു. ”മൂസാ, ഞാന്‍ താങ്കളുടെ രക്ഷിതാവാണ്. ഇപ്പോള്‍ താങ്കള്‍ വിശുദ്ധ ത്വുവാ താഴ്‌വരയിലാണ്. അതിനാല്‍ ചെരുപ്പഴിച്ചു വെക്കുക. താങ്കളെ ദൈവദൂതനായി തിരഞ്ഞെടുത്തിരിക്കുന്നു. ശ്രദ്ധിക്കുക, ഞാന്‍ തന്നെയാകുന്നു അല്ലാഹു. എന്നെ മാത്രം ആരാധിക്കുക.” തുടര്‍ന്ന് ദൈവദൂതനായ മൂസയ്ക്ക് നിര്‍വഹിക്കാനുണ്ടായിരുന്ന ദൗത്യവും ചക്രവര്‍ത്തിയായ ഫിര്‍ഔനിന്റെ ധാര്‍ഷ്ഠ്യവും എല്ലാം അല്ലാഹു വിശദീകരിച്ചു. അത് ദിവ്യബോധനത്തിന്റെ തുടക്കമായിരുന്നു.
ദൂതനായി നിയോഗിക്കപ്പെട്ടതിന് തെളിവായി ഒരു ദൃഷ്ടാന്തവും കാണിച്ചുകൊടുത്തു. താന്‍ കൂടെ കൊണ്ടുനടന്നിരുന്ന തന്റെ വടി നിലത്തിട്ടപ്പോള്‍ ഭയങ്കര സര്‍പ്പമായി അതു മാറി. അദ്ദേഹം പേടിച്ചു പോയെങ്കിലും അല്ലാഹുവിന്റെ കല്‍പ്പന പ്രകാരം അതിനെ പിടിച്ചു; അപ്പോള്‍ അത് വീണ്ടും വടിയായി. മൂസ തന്റെ കൈ കക്ഷത്തുവെച്ചപ്പോള്‍ അത് തിളങ്ങുന്നതായി അനുഭവപ്പെട്ടു. തുടര്‍ന്ന് അല്ലാഹു മൂസയോട് ഫിര്‍ഔന്റെ അടുത്തേക്ക് പോകാന്‍ കല്‍പ്പിക്കുകയാണ്. അപ്പോള്‍ മൂസ (അ) അല്ലാഹുവിനോടു പ്രാര്‍ഥിച്ചു: ”നാഥാ, ക്ലേശങ്ങളെ നേരിടാന്‍ ഹൃദയവിശാലത തരണേ, ദൗത്യനിര്‍വഹണം എളുപ്പമാക്കണേ, എന്റെ സംസാരം ശ്രോതാക്കള്‍ക്ക് ഗ്രഹിക്കാന്‍ നാവിന്റെ കുരുക്ക് അഴിക്കേണമേ, എന്നെക്കാള്‍ വാചാലനായ സഹോദരന്‍ ഹാറൂനിനെ സഹായിയായി നിശ്ചയിച്ചു തരണേ.”
അല്ലാഹു പ്രാര്‍ഥന സ്വീകരിച്ചു. സഹോദരന്‍ ഹാറൂന്‍കൂടി ദൈവദൂതനായി നിയോഗിക്കപ്പെട്ടു. ഫിര്‍ഔനോട് സൗമ്യമായി പ്രബോധനം നിര്‍വഹിക്കണമെന്നും നിര്‍ദേശിക്കപ്പെട്ടു. മൂസയുടെ വാക്കുകള്‍ കേട്ട ഫിര്‍ഔന്‍ ഞെട്ടി. താന്‍ പോറ്റിവളര്‍ത്തിയവനല്ലേ നീ, മുമ്പ് നീ ഒരാളെ കൊന്നുകളഞ്ഞില്ലേ? എന്നു തുടങ്ങി മൂസയുടെ ദുര്‍ബല വശങ്ങളെന്നു തോന്നിയ കാര്യങ്ങള്‍ എടുത്തുപറഞ്ഞുകൊണ്ട് ഫിര്‍ഔന്‍ അദ്ദേഹത്തെ നിശബ്ദനാക്കാന്‍ നോക്കി. അതിന് മൂസ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: ”എനിക്കൊരു കൈപ്പിഴ പറ്റിയതു നേരാണ്. എന്നാല്‍ അല്ലാഹു എനിക്ക് വിവേകം നല്‍കി; പ്രവാചകത്വം നല്‍കി. നീയാകട്ടെ ഇസ്‌റാഈല്യരെ അടിമത്തത്തില്‍ നിര്‍ത്തി എന്നതില്‍ക്കവിഞ്ഞ് എന്തുപകാരമാണ് ചെയ്തത്?”
ഫിര്‍ഔന്‍ വീണ്ടും തര്‍ക്കിച്ചു. ”നീ പറയുന്ന രക്ഷിതാവാരാണ്? ഞാനല്ലാതെ ഈ മനുഷ്യര്‍ക്ക് വേറെ രക്ഷകനോ ആരാധ്യനോ ഇല്ല. നീ ഭ്രാന്തന്‍ തന്നെ. ഞങ്ങള്‍ തെറ്റുകാരെങ്കില്‍ ഇതുപോലെ ജീവിതം നയിച്ച നമ്മുടെ പിതാക്കളോ?” ജനങ്ങളുടെ വികാരം ഇളക്കിവിടാന്‍ ഫിര്‍ഔന്‍ ചോദിച്ചു. അതൊക്കെ തന്റെ നാഥന്റെ പക്കല്‍ സുരക്ഷിതമായ രേഖയിലുണ്ട് എന്നു മാത്രം മൂസ പറഞ്ഞു. ധിക്കാരത്തിന്റെ പാരമ്യതയെന്നോണം ഫിര്‍ഔന്‍ തന്റെ മന്ത്രിയോടുപറഞ്ഞു: ഹാമാനേ, നീ എനിക്ക് ഒരുന്നത സൗധം പണിയിക്കൂ. മൂസയുടെ ദൈവത്തെ ഞാനൊന്നെത്തിനോക്കട്ടെ. ധാര്‍ഷ്ട്യവും ധിക്കാരവും അധികമായപ്പോള്‍ ആ വലിയ ദൃഷ്ടാന്തം പ്രവാചകന്‍ കാണിച്ചു. ഇത് വടി പാമ്പാക്കുന്ന മായാജാലമാണെന്നും ഇതിലും വലിയ മാജിക് ഇവിടെ ഉണ്ടെന്നുമായി ഫിര്‍ഔന്‍.
തന്റെ രാജ്യത്തുള്ള മായാജാലക്കാരെ നേരിടാന്‍ മൂസയെ ഫറോവ വെല്ലുവിളിച്ചു. പ്രസിദ്ധരായ മെജീഷ്യന്‍മാര്‍ വന്നു നിറഞ്ഞ സദസ്സില്‍ അവര്‍ തങ്ങളുടെ കയറും വടിയും ഒക്കെ പാമ്പാക്കി കാണിച്ചു. മൂസ ഒരു നിമിഷം അമ്പരന്നു. ഇനിയെന്തുചെയ്യും? ഇതുതന്നെയല്ലേ തനിക്കും കാണിക്കാനുള്ളത്! ഇതിലെന്തു പ്രത്യേകത! ഈ പണി അവരും ചെയ്യുന്നല്ലോ. അല്ലാഹുവിന്റെ ബോധനമനുസരിച്ച് മൂസ(അ) തന്റെ വടി നിലത്തിട്ടു. ഒരുഗ്രസര്‍പ്പം! മായാജാലക്കാരുടെ വ്യാജപ്പാമ്പുകളെയെല്ലാം കൊത്തിവിഴുങ്ങി അത് വീണ്ടും പൂര്‍വസ്ഥിതി പ്രാപിച്ചു. മായാജാലപ്രകടനത്തില്‍ ഏറെ പ്രാവീണ്യമുള്ളവര്‍ക്ക് ഉടന്‍ കാര്യം ബോധ്യമായി. ഇത് മായാജാലമല്ല. ദിവ്യമായ ദൃഷ്ടാന്തമാണ്. തങ്ങളെ വിളിച്ച് സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്ത ചക്രവര്‍ത്തിയുടെ അനുവാദത്തിനുപോലും കാത്തുനില്‍ക്കാതെ അവര്‍ ഒന്നടങ്കം മൂസാ(അ) നബിയില്‍ വിശ്വാസമര്‍പ്പിച്ചു. തങ്ങളുടെ കൈകാലുകള്‍ വെട്ടിനുറുക്കുമെന്ന ഭീഷണിപോലും അവര്‍ വകവെച്ചില്ല.
ഈ വലിയ ദൃഷ്ടാന്തത്തിനുപുറമെ മറ്റുനിലയിലും ആ സമൂഹത്തെ പരീക്ഷിച്ചു. ഈ രാജ്യത്തിലെ ചെടികളും മരങ്ങളും മലകളും പുഴകളും ഒക്കെ തന്റെ അധീനതയിലാണെന്നുപോലും ഫിര്‍ഔന്‍ വാദിച്ചിരുന്നു. ഫിര്‍ഔനില്‍ ദിവ്യത്വത്തിന്റെ അംശംപോലും ജനങ്ങള്‍ കണ്ടു. ഈ സമയത്ത് വരള്‍ച്ച, വെള്ളപ്പൊക്കം എന്നിവയാലും വെട്ടുകിളി, ചെള്ള് എന്നീ പ്രാണികളെ അയച്ചും അല്ലാഹു പ്രകൃതിപരമായ പരീക്ഷണങ്ങള്‍ നടത്തി. ഇത്തരം സന്നിഗ്ധഘട്ടങ്ങളില്‍ മൂസ(അ)യോട്, നീ നിന്റെ റബ്ബിനോടു പറഞ്ഞ് ഈ വിഷമം മാറ്റിയാല്‍ ഞങ്ങള്‍ വിശ്വസിക്കാമെന്ന് പറയുകയും ദുരിതങ്ങള്‍ നീങ്ങിയാല്‍ വീണ്ടും നന്ദികേടിലും ശിര്‍ക്കിലും നിലയുറപ്പിക്കുകയും ചെയ്തു.
മൂസായെക്കൊണ്ട് സൈ്വരംകെട്ട ഫിര്‍ഔന്‍, താനവനെ കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തു. ഈ സമയത്ത് രാജകുടുംബത്തില്‍ ഒരുന്നതവ്യക്തി ശാന്തമായ നിലപാടെടുത്തു. ‘തന്റെ രക്ഷിതാവ് അല്ലാഹുവാണെന്നു പറഞ്ഞ കാരണത്താല്‍ ഒരു നിരപരാധിയെ വധിക്കാന്‍ നമുക്കെന്തു ന്യായം? അയാള്‍ വ്യാജനെങ്കില്‍ ദോഷം അയാള്‍ക്ക്. അയാള്‍ സത്യപ്രവാചകനെങ്കിലോ, മുന്‍കഴിഞ്ഞ ജനതകള്‍ക്ക് വന്ന ശിക്ഷകള്‍ നമുക്ക് വരുമോ എന്ന് ഭയക്കേണ്ടതില്ലേ?’ സ്വന്തക്കാരനായ ഈ ഗുണകാംക്ഷിയുടെ വാക്കുകളും അവര്‍ കേട്ടില്ല. അവര്‍ ഒരുക്കിയ ചതിയില്‍ അല്ലാഹു മൂസ(അ)യെ രക്ഷിച്ചു.
കടുത്ത ധിക്കാരിയും താന്തോന്നിയുമായ ഫിര്‍ഔനിന്റെ ഭാര്യ മൂസാനബി(അ)യില്‍ വിശ്വസിക്കുകയും തികഞ്ഞ ഏകദൈവ വിശ്വസിയായി മാറുകയും ചെയ്തിരുന്നു. ആ സ്ത്രീരത്‌നത്തിന്റെ അഭീഷ്ടം മാനിച്ചായിരുന്നുവല്ലോ ശിശുവായ മൂസ കൊട്ടാരത്തില്‍ വളര്‍ത്തപ്പെട്ടത്. വിശ്വാസത്തിന്റെ പേരില്‍ കിരാതമായ മര്‍ദനങ്ങള്‍ക്ക് വിധേയയായ ആ മഹതി എല്ലാം സഹിച്ച് അല്ലാഹുവില്‍ ശരണം തേടുകയായിരുന്നു. തികച്ചും പ്രതികൂലമായ സാഹചര്യത്തില്‍ ഏകദൈവവിശ്വാസം മുറുകെപ്പിടിച്ച ആ മഹിളാ രത്‌നത്തെ ലോകത്തിലെ മുഴുവന്‍ മനുഷ്യര്‍ക്കും മാതൃകയായി ഖുര്‍ആന്‍ (66: 11) വരച്ചുകാണിക്കുന്നു.
നന്ദികേടിന്റെ മൂര്‍ത്തരൂപമായിത്തീര്‍ന്ന ഫിര്‍ഔന്‍ ഇസ്‌റാഈല്യരെ കൂടുതല്‍ മര്‍ദനങ്ങള്‍ക്കു വിധേയരാക്കി. അവസാനം മൂസയും ഹാറൂനും ഇസ്‌റാഈല്യരെ മോചിപ്പിക്കാന്‍ ഫിര്‍ഔനോടാവശ്യപ്പെട്ടു. അതോടെ ഫിര്‍ഔനിന്റെ ദേഷ്യം സകലനിയന്ത്രണങ്ങളും വിട്ടു. ഇനി ഇവരെ വെറുതെ വിടില്ല എന്നു തീരുമാനിച്ചു. മൂസയും ഹാറൂനും ഇസ്‌റാഈല്യരേയുംകൊണ്ട് ഈജിപ്ത് വിടുകയായിരുന്നു. വിവരമറിഞ്ഞ ഫിര്‍ഔന്‍ താന്‍ നേരിട്ടൊരുക്കിയ പടയുമായി അവരെ പിന്തുടര്‍ന്നു. പ്രവാചകനും സംഘവും എത്തിപ്പെട്ടത് കടല്‍ക്കരയില്‍! തൊട്ടു പിന്നില്‍ ഫിര്‍ഔനും പടയും! ദൈവവിശ്വാസത്താല്‍ മൂസ പതറിയില്ല. സമുദ്രത്തെ വടികൊണ്ടടിക്കാന്‍ ദൈവകല്‍പനയുണ്ടായി. സമുദ്രം പിളര്‍ന്ന വഴിയെ പ്രവാചകനും അനുയായികളും നടന്നു! പിന്തുടര്‍ന്നു കൊണ്ട് ഫിര്‍ഔനും പ്രവാചകനും അനുചരന്മാരും അക്കരെ. ഫിര്‍ഔനും പടയും സമുദ്രത്തില്‍. പിളര്‍ന്ന കടല്‍ വീണ്ടും കൂടുന്നു. വിശ്വാസികള്‍ക്കെതിരെയുള്ള കടുത്ത ആക്രമണങ്ങള്‍ക്ക് പര്യവസാനം. ആ സമൂഹത്തെ അല്ലാഹു നശിപ്പിച്ചു.
ജീവിതം മുഴുവന്‍ ധിക്കാരത്തില്‍ മാത്രം കഴിഞ്ഞ ഫിര്‍ഔന്‍ മരണത്തിന്റെ വായില്‍ വെച്ച് മൂസയില്‍ വിശ്വസിക്കുന്നു! ‘ഇപ്പോഴാണോ?..’ എന്ന ഒരു ചോദ്യത്തില്‍ ഖുര്‍ആന്‍ ആ സംഭവം നിര്‍ത്തുന്നു. ഫിര്‍ഔനിന്റെ ഭൗതികജഡം പില്‍ക്കാലക്കാര്‍ക്ക് ഗുണപാഠത്തിനായി അവശേഷിപ്പിക്കും എന്ന് സൂചന. കണ്ടുകിട്ടിയ ഫിര്‍ഔനിന്റെ ജഡം ഇന്നും അവശേഷിക്കുന്നു. ഖയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ ആ ശരീരം ഇന്നും കാണാം.
മൂസാനബി(അ)യും അദ്ദേഹത്തില്‍ വിശ്വസിച്ച ഇസ്‌റാഈല്യരും ചെങ്കടലിനക്കരെയെത്തി. ചെങ്കടലിന്റെ വടക്കുഭാഗത്ത് കടല്‍ രണ്ടായിപ്പിരിഞ്ഞതില്‍ പടിഞ്ഞാറുഭാഗത്തെ സൂയസ് ഉള്‍ക്കടല്‍ ആണ് മൂസ(അ)യും അനുയായികളും കടന്നത്. (ഇന്ന് ഈ ഭാഗം മധ്യധരണ്യാഴിയുമായി സൂയസ് കനാല്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു) ഈ രണ്ട് കൈവഴിക്കിടയിലുമുള്ള പ്രദേശമാണ് തീഹ് മരുഭൂമി. അഥവാ സീനാ പര്‍വതവും സീനാ താഴ്‌വരയും സീനാ മരുഭൂമിയും ഒക്കെ മൂസ(അ)യുടെ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടകിടക്കുന്നു. ‘സീനാ’ മുറിച്ചുകടന്ന് വാഗദത്തഭൂമിയായ ഫലസ്ത്വീനിലേക്കായിരുന്നു മൂസ(അ)യുടെയും ഹാറൂന്‍(അ)യുടെയും അനുയായികളോടുത്തുള്ള യാത്ര.
ഇസ്‌റാഈല്യര്‍ പ്രവാചകന്റെ അനുയായികളായിത്തീര്‍ന്നു. ദൈവീക ദൃഷ്ടാന്തങ്ങള്‍ നിരവധി അവര്‍ കണ്ടു. ദൈവിക സഹായങ്ങള്‍ നേരില്‍ അനുഭവിച്ചു. എന്നിട്ടും അവരില്‍നിന്ന് ജീര്‍ണതകള്‍ പൂര്‍ണമായി നീങ്ങിയിരുന്നില്ല. നൂറ്റാണ്ടുകളായി തങ്ങളനുഭവിച്ച പതിതാവസ്ഥയില്‍നിന്നും അവര്‍ മോചിതരായില്ല. അവര്‍ വീണ്ടും നന്ദികേടുകാണിക്കാന്‍ തുടങ്ങി. കടല്‍ കടന്ന ശേഷം ചില സമൂഹങ്ങള്‍ വിഗ്രഹാരാധന നടത്തുന്നത് കണ്ടപ്പോള്‍ അവര്‍ തങ്ങളുടെ പ്രവാചകനോടുതന്നെ വിഗ്രഹങ്ങള്‍ നിശ്ചയിച്ചു തരാന്‍ ആവശ്യപ്പെട്ടു. മൂസ(അ) അവരെ ശാസിക്കുകയും സ്വാന്ത്വനപ്പെടുത്തുകയും ചെയ്തു മുന്നോട്ടു നീങ്ങി. മരുഭൂവാസത്തിനിടയില്‍ ജലക്ഷാമം നേരിട്ടു. അവിടെയും അത്ഭുതകരമായ രീതിയില്‍ ഒരു പാറയില്‍നിന്ന് 12 ഉറവകള്‍ മൂസ(അ)യുടെ വടിയുടെ അടിയേറ്റ സ്ഥലത്ത് അല്ലാഹു ഉണ്ടാക്കിക്കൊടുത്തു. ഓരോ വിഭാഗത്തിനും ഓരോ ഉറവ. ഭക്ഷണ പ്രശ്‌നം രൂക്ഷമായി. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ തലചായ്ക്കാനിടമില്ലായിരുന്നു. പ്രവാചകന് അല്ലാഹു നല്‍കിയ അടയാളം (മുഅ്ജിസത്ത്) എന്ന നിലയില്‍ ഒരുതരം മധുരപലഹാരവും (മന്ന) കാടപ്പക്ഷികളുടെ മാംസവും (സല്‍വ) അവര്‍ക്കല്ലാഹു ഇറക്കിക്കൊടുത്തു. എന്നാല്‍ നന്ദികെട്ട ആ ആളുകള്‍ തങ്ങള്‍ക്ക് പയറും പച്ചക്കറിയും ചീരയും ചുരയ്ക്കയും വേണമെന്നാവശ്യപ്പെടുകയാണുണ്ടായത്. വിശ്വാസം ഉറക്കാത്ത, സഹനം ശീലിച്ചിട്ടില്ലാത്ത സാഹൂഹിക അച്ചടക്കം എന്തെന്നറിയാത്ത ആ സമൂഹത്തെ ക്ഷമാപൂര്‍വ്വം അദ്ദേഹം നയിച്ചു.
മൂസാനബിക്ക് വേദഗ്രന്ഥം (തൗറാത്ത്) നല്‍കാനായി അല്ലാഹു വിളിച്ചതനുസരിച്ച് 40 ദിവസം അദ്ദേഹത്തിന് അവരില്‍നിന്ന് വിട്ടു നില്‍ക്കേണ്ടി വന്നു. ഹാറൂന്‍ നബി(അ)യെ ഉത്തരവാദിത്വമേല്‍പ്പിച്ച് അദ്ദേഹം പോയി. 40 ദിവസം അവിടെ താമസിക്കേണ്ടതുണ്ടായിരുന്നു. അതിനുശേഷം അല്ലാഹു ഒരു മറയ്ക്കുപിന്നില്‍ നിന്ന് മൂസ(അ)യോട് സംസാരിച്ചു. അല്ലാഹു നേരിട്ടു സംസാരിച്ച വ്യക്തി എന്ന നിലയില്‍ മൂസാനബിക്ക് കലീമുല്ലാഹ് എന്ന് പറയുന്നു. തത്സമയം തനിക്ക് അല്ലാഹുവിനെ കാണണമെന്ന് മൂസനബി(അ) ആവശ്യപ്പെട്ടു. മനുഷ്യനേത്രങ്ങള്‍ക്ക് ദൈവദര്‍ശനത്തിനുള്ള ശക്തിയില്ല എന്ന് മൂസനബി(അ)മിന് ബോധ്യമായി. തന്നെ കാണാന്‍ കഴിയില്ല എന്നറിയിച്ച അല്ലാഹു ഒരു മലയിലേക്ക് നോക്കാന്‍ പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോഴേക്കും അദ്ദേഹം മോഹാലസ്യപ്പെട്ടുവീണു. അനന്തരം കല്‍പനകളും ഉപദേശങ്ങളും നല്‍കിയ അല്ലാഹു തൗറാത്ത് എന്ന വേദഗ്രന്ഥം മൂസ(അ)ക്ക് നല്‍കി.
വേദഗ്രന്ഥവുമായി തിരിച്ചെത്തിയ മൂസ(അ) കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. തന്റെ ജനത പശുക്കുട്ടിയെ ആരാധിക്കുന്നു! മൂസനബിക്ക് സഹിച്ചില്ല. ഹാറൂന്‍ നബിയോടു കയര്‍ത്തു. സാമിരി എന്ന ദുഷ്ടനാണ് ഈ പശുവാരാധന അവര്‍ക്കിടയില്‍ നടപ്പാക്കിയത് എന്നറിഞ്ഞ മൂസ(അ) അദ്ദേഹത്തെ ശിക്ഷയ്ക്കു വിധേയനാക്കി. നിരന്തരമായ നിഅ്മത്തുകള്‍ നില്‍കി അനുഗ്രഹിച്ചിട്ടും നന്ദികേടിന്റെ പര്യായമായി മാറിയ ആ ജനത പരസ്പരം വെട്ടിമരിക്കണം എന്നതായിരുന്നു അല്ലാഹു നല്‍കിയ ഭൗതികശിക്ഷ. അതിനുശേഷം അവര്‍ക്ക് മാപ്പുകൊടുത്തു.
ഒരു സമൂഹം എന്ന നിലയില്‍ ഏറെ അനുഗ്രഹങ്ങള്‍ ലഭിച്ചവരാണ് ബനൂഇസ്‌റാഈല്‍. എന്നാല്‍ അത്രതന്നെ നന്ദികേടും അവര്‍ കാണിച്ചിട്ടുണ്ട്. ഒരിക്കല്‍ അവര്‍ക്കിടയില്‍ ഒരു കൊലപാതകം നടന്നു. കൊലപാതകം തെളിയിക്കാന്‍ മൂസയെ സമീപിച്ചു. ദൈവിക ദൃഷ്ടാന്തം എന്ന നിലയില്‍ ഒരു പശുവിനെ അറുത്ത് അതിന്റെ ഒരംശംകൊണ്ട് മൃതദേഹത്തെ അടിക്കുക, എങ്കില്‍ സത്യം വെളിപ്പെടും എന്നറിയിച്ചു. പിന്നെ ആ പശുവിന്റെ സ്വഭാവത്തെക്കുറിച്ചായി തര്‍ക്കം. ആവശ്യമില്ലാതെ ഓരോന്നു ചോദിച്ചു പ്രശ്‌നം സങ്കീര്‍ണമായി. പശുവിന്റെ നിറം, ജാതി, മറ്റു വിശേഷണങ്ങള്‍ എല്ലാം ചോദിച്ച് ചോദിച്ച് അവസാനം അവര്‍ പറഞ്ഞ കാര്യം ചെയ്തു. അത്ഭുതസംഭവം (മുഅ്ജിസത്ത്) എന്ന നിലയ്ക്ക് ആ കുറ്റം തെളിയുകയും ചെയ്തു.
വിശുദ്ധഭൂമിയായ ഫലസ്ത്വീനില്‍ ചെന്നു താമസിക്കാന്‍ നിര്‍ദേശിക്കപ്പെട്ട ജനത ‘അവിടെ ശക്തരായ ചില വിഭാഗക്കാരുണ്ട്, അവര്‍ അവിടെനിന്ന് പോയെങ്കിലേ ഞങ്ങള്‍ അങ്ങോട്ടുള്ളൂ’ എന്നു ശഠിച്ചു. എന്നാല്‍ അവരെ തുരത്താന്‍ ഇവര്‍ തയ്യാറുമല്ല. ‘മൂസയും അല്ലാഹുവും പോയി യുദ്ധം ചെയ്തുകൊള്ളുക ഞങ്ങള്‍ ഇവിടെയിരിക്കാം’ എന്ന് പറയാന്‍ മാത്രം ധിക്കാരം അവര്‍ കാണിച്ചു. തദ്ഫലമായി വാഗദത്തഭൂമി അവര്‍ക്ക് നിഷിദ്ധമാക്കുകയും ‘നാല്‍പതു വര്‍ഷം ഈ മരുഭൂമിയില്‍ നിങ്ങള്‍ അലഞ്ഞുനടക്കുക’ എന്ന ശിക്ഷ ആ സമൂഹത്തിനു നല്‍കുകയും ചെയ്തു. തുടര്‍ന്നുള്ള ചരിത്രം ഖുര്‍ആന്‍ വിവരിച്ചിട്ടില്ല. ഇക്കാലത്തിനിടയ്ക്ക് മൂസാ(അ)യും ഹാറൂന്‍(അ)യും മരണപ്പെട്ടിരിക്കാം എന്ന് ചരിത്രകാരന്ാര്‍ പറയുന്നു.
മൂസാനബി(അ)യുടെ സംഭവബഹുലമായ ജീവിതത്തില്‍ ഉണ്ടായ ശ്രദ്ധേയമായ മറ്റൊരു സംഭവം ഖുര്‍ആന്‍ അല്‍കഹ്ഫ് അധ്യായത്തില്‍ വിവരിക്കുന്നുണ്ട്. ഹദീഥുകളിലും അത് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ മൂസ(അ) ജനങ്ങള്‍ക്കിടയില്‍വെച്ച് ‘തന്നേക്കാള്‍ അറിവുള്ളവര്‍ വേറെ ഉള്ളതായി തനിക്കറിയില്ല’ എന്ന് ഒരു ചോദ്യത്തിനുത്തരമായി പറഞ്ഞു. അല്ലാഹു അദ്ദേഹത്തിന് വഹ്‌യ് നല്‍കി; നിന്നേക്കാള്‍ അറിവുള്ളവര്‍ ഉണ്ട് എന്ന്. മജ്മഉല്‍ ബഹ്‌റയ്‌നില്‍ ചെന്നാല്‍ അദ്ദേഹത്തെ കണ്ടുമുട്ടാം എന്നും പറഞ്ഞു. അഖബ ഉള്‍ക്കടലും സൂയസ് ഉള്‍ക്കടലും കൂടിച്ചേരുന്ന ‘ഐല’ എന്ന സ്ഥലമാണിതെന്ന് ചരിത്രകാര•ാര്‍ അഭിപ്രായപ്പെടുന്നു.
അവിടെയെത്തിയ മൂസ(അ) ഒരാളെ കണ്ടു. കാര്യങ്ങള്‍ പറഞ്ഞു. ഞാന്‍ നിങ്ങളുടെ കൂടെ വരാന്‍ ആഗ്രഹിക്കുന്നു എന്നറിയിച്ചു. ‘ഞാന്‍ ചെയ്യുന്ന ഒരു കാര്യവും ചോദ്യം ചെയ്യാന്‍ പാടില്ല’ എന്ന കരാറില്‍ അദ്ദേഹം മൂസയെ കൂടെക്കൊണ്ടുപോയി. അങ്ങനെ അവര്‍ ഒരു കപ്പലില്‍ യാത്രചെയ്യവേ തന്റെ ഗുരു ആ കപ്പല്‍ കൊത്തിപ്പൊളിക്കുന്നതുകണ്ട മൂസ താനറിയാതെ എതിര്‍ത്തുപോയി. അദ്ദേഹം തന്റെ കരാര്‍ ഓര്‍മപ്പെടുത്തിയപ്പോള്‍ മൂസ(അ) അടങ്ങി. കപ്പലിറങ്ങി നടന്നപ്പോള്‍ വഴിയില്‍ കണ്ട ഒരു ബാലനെ അദ്ദേഹം കൊന്നു. മനം നൊന്ത മൂസ എതിര്‍ത്തു. ഇനി മിണ്ടിയാല്‍ തന്റെ കൂടെ പോരാന്‍ പറ്റില്ലെന്നായി ഗുരു. മൂസ(അ) സമ്മതിച്ചു. നടന്നു ക്ഷീണിച്ച് ഒരു ഗ്രാമത്തിലെത്തി. ഗ്രാമവാസികള്‍ അവര്‍ക്ക്, ആവശ്യപ്പെട്ടിട്ടുപോലും ഒരുതുള്ളി വെള്ളം കൊടുത്തില്ല. അങ്ങനെ നടക്കവേ വഴിയില്‍ പൊളിഞ്ഞു വീഴാറായ ഒരു മതില്‍ കണ്ടു. വളരെ പ്രയാസപ്പെട്ട് ഗുരു അത് നന്നാക്കി വെച്ചു. തങ്ങളെ സഹായിക്കാന്‍ സന്മനസ്സു കാണിക്കാത്ത ഇവരുടെ മതില്‍ നന്നാക്കുകയോ? മൂസ(അ) സംശയം പ്രകടിപ്പിച്ചു. ‘നമുക്കിവിടെ വെച്ചു പിരിയാം.’ ഗുരു തന്റെ പ്രവര്‍ത്തനങ്ങളുടെ പൊരുള്‍ പറഞ്ഞു കൊടുത്തു.
”കടല്‍ത്തൊഴിലാളികളായ ദരിദ്രരുടെ കപ്പല്‍ താന്‍ ഓട്ടപ്പെടുത്തിയതിനു കാരണം, അക്രമിയായ അവിടത്തെ രാജാവ് എല്ലാ നല്ല കപ്പലും നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കാന്‍ ഒരുങ്ങുകയായിരുന്നു. അതില്‍നിന്നൊഴിവാക്കപ്പെടാന്‍ കപ്പലിന് നേരിയ തകരാറ് വരുത്തിയതാണ്. വധിക്കപ്പെട്ട കുട്ടിയാകട്ടെ, ജീവിച്ചിരുന്നാല്‍ മാതാപിതാക്കള്‍ക്കും നാട്ടിനും സമൂഹത്തിനും ആപത്തായി ഭവിക്കുമായിരുന്നു. മതിലാകട്ടെ, ഒരു നല്ല മനുഷ്യന്റെതാണ്. അദ്ദേഹം അതിനു താഴെ ഒരു നിധി സൂക്ഷിച്ചിട്ടുണ്ട്. അനാഥരായ അദ്ദേഹത്തിന്റെ മക്കള്‍ മൈനര്‍മാരാണ്. അവര്‍ വലുതാകുന്നതുവരെ ആ നിധി അന്യാധീനപ്പെട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് അതു ശരിപ്പെടുത്തിയത്. ഇത്രയുമാണ് താങ്കള്‍ക്കു ക്ഷമിക്കാന്‍ കഴിയാതിരുന്ന കാര്യങ്ങളുടെ പൊരുള്‍.”
പ്രവാചകനുപോലും ഒരു പാഠമായിട്ടാണ് ഈ സംഭവം ഖുര്‍ആന്‍ ചൂണ്ടിക്കാണിച്ചത്. ഇതില്‍ മൂസ(അ)യുടെ ഗുരു ഖിദ്ര്‍ എന്ന് പേരായ മറ്റൊരു പ്രവാചകനാണ് എന്ന് നബി വചനങ്ങളില്‍നിന്നും മറ്റും മനസ്സിലാക്കാം. ഏതായാലും അത് അല്ലാഹുവിന്റെ പരീക്ഷണവും കൂടി ആയിരുന്നു എന്നതില്‍ തര്‍ക്കത്തിനവകാശമില്ല. വിശുദ്ധ ഖുര്‍ആനില്‍ മൂസ(അ)യുടെ സംഭവങ്ങള്‍ അല്‍ബഖറ, മാഇദ, അല്‍അഅ്‌റാഫ്, അല്‍ഖസ്വസ്വ്, ത്വാഹാ, ശുഅറാഅ്, ഗാഫിര്‍, യൂനുസ്, സുഖ്‌റുഫ്, ദുഖാന്‍, തുടങ്ങി നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്.

Topics