ദാവൂദ്‌ പ്രവാചകന്‍മാര്‍

ദാവൂദ് (അ)

ഇസ്‌റാഈല്യരിലേക്ക് നിയോഗിക്കപ്പെട്ട വേറൊരു പ്രവാചകനത്രെ ദാവൂദ്(അ). മറ്റു പല പ്രവാചക•ാരില്‍നിന്നും വ്യത്യസ്തമായി രാജത്വവും പ്രവാചകത്വവും ഒരുമിച്ചു സിദ്ധിക്കുകയും നിരവധി അമാനുഷിക ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്ത ദൈവദൂതനാണ് ദാവൂദ്(അ).
മൂസാ(അ)നബിക്കുശേഷം ഇസ്‌റാഈല്യരില്‍ വേറെയും നബിമാര്‍ നിയോഗിക്കപ്പെട്ടിരുന്നു. എന്നാല്‍ ജാലൂത്ത് എന്ന അക്രമിയായ ഒരു ഭരണാധികാരിയാല്‍ അവര്‍ കുടിയൊഴിപ്പിക്കപ്പെട്ടു. ജാലൂത്തിനെ നേരിടാന്‍ കഴിവില്ലാതിരുന്ന ആ സമൂഹം തങ്ങളുടെ പ്രവാചകനോട് ഒരു രാജാവിനെ നിയമിച്ചുതരാന്‍ ആവശ്യപ്പെട്ടു. ത്വാലൂത്ത് എന്ന ഒരാളെ രാജാവാക്കി അല്ലാഹു നിശ്ചയിച്ചു കൊടുത്തു. നന്ദികേടില്‍ പേരുകേട്ട ഇസ്‌റാഈല്യര്‍ പക്ഷേ തൃപ്തിപ്പെട്ടില്ല. ത്വാലൂത്തിന്റെ അധികാരത്തില്‍ ചിലര്‍ക്ക് അമര്‍ഷം. ഏതായാലും ത്വാലൂത്തിന്റെ നേതൃത്വത്തില്‍ ജാലൂത്തിനെ നേരിടാന്‍ അവര്‍ പുറപ്പെട്ടു. എന്നാല്‍ ജാലൂത്തിന്റെ ശക്തിയെപ്പറ്റി കേട്ടൂ ഭയന്ന അവര്‍ തങ്ങള്‍ക്ക് ജാലൂത്തിനെ നേരിടാന്‍ വയ്യെന്ന് പറഞ്ഞു. വിശ്വാസം ഉറച്ച കുറച്ചുപേര്‍ മാത്രം ത്വാലൂത്തിനോടൊപ്പം പുറപ്പെട്ടു. വഴിയില്‍വെച്ച് ഒരു നദിയിലെ വെള്ളം കുടിക്കരുത് എന്ന് പറഞ്ഞുകൊണ്ട് ത്വാലൂത്ത് സൈന്യത്തിന്റെ ക്ഷമാശീലം പരിശോധിച്ചു. അതില്‍ കുറച്ചു പേര്‍ മാത്രമേ വിജയിച്ചുള്ളൂ. ആ ചെറുസംഘം ധീരമായി പോരാടി. സ്ഥൈര്യത്തിനുവേണ്ടി അല്ലാഹുവിനോടു പ്രാര്‍ഥിച്ചു. സൈന്യത്തിലുണ്ടായിരുന്ന ദാവൂദ് എന്ന ചെറുപ്പക്കാരന്‍ ജാലൂത്തിനെ വധിച്ചു. ത്വാലൂത്തിന്റെയും ദാവൂദിന്റെയും സൈന്യം വിജയിച്ചു. ഫലസ്ത്വീന്‍ കീഴടക്കി.
ഏറെത്താമസിയാതെ ഭരണച്ചുമതല ദാവൂദിന്റെ കൈകളില്‍ ഏല്‍പ്പിക്കപ്പെട്ടു. ഇസ്‌റാഈലികള്‍ക്കിടയില്‍ ഐക്യമുണ്ടാക്കി അദ്ദേഹം ശക്തമായ ഒരു ഭരണകൂടം സ്ഥാപിച്ചു. ദാവൂദിന് അല്ലാഹു പ്രവാചകത്വ പദവിയും നല്‍കി. ദൈവദൂതന്മാര്‍ക്ക് അല്ലാഹു ദൃഷ്ടാന്തങ്ങള്‍ നല്‍കാറുണ്ട്. ഇദ്ദേഹത്തിനും നിരവധി ആയത്തുകള്‍ നല്‍കിയിട്ടുണ്ട്. പര്‍വതങ്ങളും പറവകളും ദാവൂദിന്റെ കൂടെ പ്രാര്‍ഥനയില്‍ പങ്കെടുത്തത് അദ്ദേഹത്തിന് ബഹുമതിയായി. ഇരുമ്പിനെ അല്ലാഹു അദ്ദേഹത്തിന് പാകപ്പെടുത്തിക്കൊടുത്തു. ഇരുമ്പുകൊണ്ട് പടയങ്കിയുണ്ടാക്കുന്ന വിദ്യയും വശമായിരുന്നു അദ്ദേഹത്തിന്. അല്ലാഹു അദ്ദേഹത്തെ നിരവധി പരീക്ഷണങ്ങള്‍ക്ക് വിധേയനാക്കിയിട്ടുണ്ട്.
രാജാധികാരം ലഭിച്ച ദാവൂദ് നബി അഹങ്കരിക്കുകയല്ല ചെയ്തത്. സ്വയം അധ്വാനിച്ചുണ്ടാക്കിയ പണമാണ് ഉപജീവനത്തിനുവേണ്ടി ദാവൂദ് ഉപയോഗിച്ചിരുന്നത് എന്ന് നബി(സ) പ്രസ്താവിച്ചതായി കാണാം.

Topics