Youth

നഗ്നദൃശ്യങ്ങള്‍ കാണുന്നതില്‍ ആസക്തനാണോ നിങ്ങള്‍?

ബ്രെയിന്‍ അഥവാ തലച്ചോര്‍ എങ്ങനെയും മാറ്റിമറിക്കാവുന്നതാണെന്ന് ആധുനിക ന്യൂറോസയന്‍സ് കണ്ടെത്തിയിരിക്കുന്നു. നാം കാണുന്നതും കേള്‍ക്കുന്നതും പഠിക്കുന്നതും എന്താണോ അതിനോട് ബന്ധപ്പെട്ട രീതിയില്‍ ബ്രെയിന്‍ പരിവര്‍ത്തനത്തിന് വിധേയമാകും. വളരെ കൂലങ്കഷമായ തത്ത്വശാസ്ത്രവിശകലനം മുതല്‍ പുതിയൊരു പട്ടണത്തില്‍ സ്ഥലനാമപരിചയം ഉണ്ടാക്കുന്നതടക്കം പാട്ടുകേള്‍ക്കാനിരിക്കുന്നതും ടിവി കാണുന്നതും എല്ലാം തലച്ചോറില്‍ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചുകൊണ്ട് വ്യക്തിത്വത്തെ സ്വാധീനിക്കുന്നുണ്ട്. വളരെ നിശബ്ദമായി മഹാമാരിയെന്നോണം പുരുഷന്‍മാരിലും സ്ത്രീകളിലും പടര്‍ന്നുകൊണ്ടിരിക്കുന്ന ഒന്നാണ് പോണ്‍ഭ്രമം അഥവാ അശ്ലീലദൃശ്യങ്ങള്‍ കണ്ടുകൊണ്ടിരിക്കാനുള്ള ത്വര.
പോണ്‍ ഭ്രമത്തിന്റെ മാനസിക-സാമൂഹികപ്രത്യാഘാതങ്ങളെക്കുറിച്ച ഒട്ടേറെ ലേഖനപഠനങ്ങള്‍ ഒട്ടേറെ പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അതിനെ നാഡിവ്യൂഹശാസ്ത്രത്തിന്റെ വീക്ഷണകോണില്‍ നിന്നുകൊണ്ട് കാണാനുള്ള ശ്രമമാണ് ഈ ലേഖനം.
ന്യൂറോണുകള്‍(തലച്ചോര്‍ കോശം)ക്കിടയിലുള്ള ബന്ധനത്തിന്റെ ഏറ്റക്കുറച്ചിലുകള്‍ക്ക് ഇടവരുത്തുംവിധം അനുഭവങ്ങളോട് പ്രതികരിക്കാനുള്ള തലച്ചോറിന്റെ കഴിവിനെ സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി എന്നു പറയുന്നു. തലച്ചോറിന്റെ പ്രസ്തുത കഴിവ് ഏതെങ്കിലും വികാരങ്ങളോടുള്ള പ്രതികരണമെന്നോണം ഉല്‍സര്‍ജ്ജിക്കപ്പെടുന്ന ഹോര്‍മോണുകളുടെയും രാസവസ്തുക്കളുടെയും നാഡിസംപ്രേഷണങ്ങളുടെയും അളവിനെ ആശ്രയിച്ചാണിരിക്കുന്നത്.

തലച്ചോറിലുള്ള മുഖ്യനാഡി സംപ്രേഷിണിയാണ് ഡോപാമൈന്‍. അതിന് ഒട്ടേറെ ധര്‍മങ്ങളുണ്ട്. സ്വേഛാപ്രവര്‍ത്തനങ്ങള്‍, പ്രചോദനം, നന്ദിപ്രകടനം, ശിക്ഷ, വിദ്യയഭ്യസിക്കല്‍ തുടങ്ങിയവ അതില്‍ പെടുന്നു. കുട്ടികളില്‍ കാണപ്പെടുന്ന ADHD( പെരുമാറ്റ-പഠനവൈകല്യം), പ്രായമേറുന്തോറുമുള്ള ഓര്‍മക്കുറവ്, വിഷാദം എന്നിവ ഡോപാമൈനുമായി ബന്ധപ്പെട്ടിരിക്കുന്നു. ലോകത്ത് പ്രശസ്തരായ ബോക്‌സിങ് ചാമ്പ്യനായ മുഹമ്മദലി കാഷ്യസ് ക്ലേ, കനേഡിയന്‍ സിനിമാനടനും നിര്‍മാതാവുമായ മൈക്കല്‍ ജെ ഫോക്‌സ് തുടങ്ങിയവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചത് ഡോപാമൈന്‍ പ്രവര്‍ത്തനത്തിലെ അപാകതമൂലമാണെന്നതാണ് വസ്തുത.

സന്തോഷത്തിലും പ്രതിഫലമോഹത്തിലും കാര്യങ്ങളെ പഠിക്കുന്നതിലും ഡോപാമൈന്റെ സ്വാധീനം വലുതാണ്. കൊക്കൈന്‍ പോലുള്ള മയക്കുമരുന്നുകള്‍ തലച്ചോറിലെ ഡോപാമൈന്‍ ഉല്‍സര്‍ജന ഗ്രന്ഥികളെ ഉദ്ദീപിച്ച് കൂടിയ അളവില്‍ ഡോപാമൈന്‍ പുറത്തുവിടുകയും അത് ആസക്തിയുടെ ഉന്നതാവസ്ഥയിലെത്തിക്കുകയും ചെയ്യുന്നു. സന്തോഷത്തിന്റെ ഉത്തുംഗതയും കടുത്ത പ്രതീക്ഷയും സമ്മാനിക്കുന്നതില്‍ ഡോപാമൈന് പങ്കുണ്ടെന്ന് ഒട്ടേറെ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തലച്ചോറിന്റെ എത്രമാത്രം ഭാഗത്ത് വികാരപ്രകടനങ്ങളുടെ സ്വാധീനമുണ്ടോ അത്രത്തോളം ഡോപാമൈന്‍ സന്തോഷത്തിന് മുമ്പോ സന്തോഷവേളയിലോ ഉല്‍സര്‍ജ്ജിക്കപ്പെടുന്നു. ഏതുപ്രവൃത്തിയെത്തുടര്‍ന്നാണോ ഡോപാമൈന്‍ ഉല്‍സര്‍ജിക്കപ്പെടുന്നത് അത് തലച്ചോറിലെ ന്യൂറോണുകളെ ശക്തിപ്പെടുത്തുകയും പുതിയപുതിയ ന്യൂറോണുകളുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുകയും ചെയ്യും. അത് പ്രസ്തുതപ്രവൃത്തിയെ കൂടുതലായി ആവര്‍ത്തിക്കാന്‍ പ്രചോദിപ്പിക്കുകയും അതിലൂടെ സന്തോഷം കണ്ടെത്തുകയും ചെയ്യുന്നത് ഏറ്റുകയുംചെയ്യുന്നു.

ഈ അവസ്ഥ പോര്‍ണോഗ്രാഫിയുമായി എങ്ങനെ ബന്ധപ്പെട്ടുകിടക്കുന്നുവെന്നതാണ് നാം പരിശോധിക്കുന്നത്. സ്‌ക്രീനില്‍ നഗ്നദൃശ്യങ്ങള്‍ കണ്ടാല്‍ തലച്ചോറിലെ ഡോപാമൈന്‍ ഉല്‍സര്‍ജനവ്യവസ്ഥയെ അത് ഉത്തേജിപ്പിക്കുന്നു. അത് ഏതാണ്ട് കൊക്കൈന്‍ ഉപയോഗിക്കുന്നതിനുതുല്യമായ അനുഭൂതിയാണ് നല്‍കുന്നത്. അതോടെ ന്യൂറോണുകള്‍ ശക്തിയായി പ്രതികരിക്കുന്നു. ആ ന്യൂറോണ്‍ പ്രതികരണം അടുത്ത കോശങ്ങളിലേക്കും പകര്‍ന്നുചെല്ലുന്നു. അത് കൂടുതല്‍ ഡോപാമൈന്‍ ഉല്‍സര്‍ജിക്കുന്നതിന് വഴിയൊരുക്കുന്നു. അല്‍പമാത്രഓര്‍മകളിലേക്ക് വിസ്മൃതമായിപ്പോകാതെ അവ(അശ്ലീലദൃശ്യങ്ങള്‍) സ്‌ക്രീന്‍ ഓഫുചെയ്താലും കുറേനേരത്തേക്ക് മനസ്സില്‍ തങ്ങിനില്‍ക്കുന്നതിന് കാരണം ഡോപാമൈന്റെ കൂടിയഅളവിലുള്ള ഉല്‍സര്‍ജനമാണ്. ഓര്‍മകളില്‍ കൂടുതല്‍ സമയം നിലനിന്നാല്‍ അത് തലച്ചോറില്‍ സ്ഥാനംപിടിക്കും. പരീക്ഷാകാലത്ത് നാം ആവര്‍ത്തിച്ചുരുവിട്ട് പഠിക്കുന്നത് നമ്മുടെ തലച്ചോറില്‍ മായാതെ നില്‍ക്കുന്നത് അറിയാവുന്ന വസ്തുതയാണല്ലോ.

പോര്‍ണോഗ്രാഫി (അശ്ലീലദൃശ്യപ്രകടനം)ഒരു മായികലോകമാണ്. വിവിധങ്ങളായ സ്ത്രീകളുടെ നഗ്നമേനികള്‍ ഓരോസമയത്തും പുതിയ വ്യക്തിയുമായി ബന്ധം സ്ഥാപിക്കുന്ന അനുഭൂതിയാണ് കാഴ്ചക്കാരന് സമ്മാനിക്കുന്നത്. നഗ്നദൃശ്യങ്ങള്‍ക്ക് പോസുചെയ്യുന്ന സ്ത്രീകള്‍ പലതരം ഭാവങ്ങളിലും രീതികളിലും ലൈംഗികചേഷ്ടകള്‍ കാണിക്കുന്നു. ആരോഗ്യകരമായ മനസ്സിന്റെ ഉടമകള്‍ക്ക് വെറുപ്പുണ്ടാക്കുന്നതും ഓക്കാനം വരുത്തുന്നതുമായ പ്രവൃത്തികളായിരിക്കും അവയുടെ ആകത്തുക. പക്ഷേ, അശ്ലീലദൃശ്യങ്ങള്‍ സംവിധാനിക്കുന്നവര്‍ സാധാരണദൃശ്യങ്ങള്‍ക്കൊപ്പമാണ് അസാധാരണദൃശ്യങ്ങളും ചേര്‍ത്തുവിടുന്നത്. കാഴ്ചക്കാരന് പുതിയൊരു അനുഭവം നല്‍കുകയെന്നതാണ് അത്തരം ചിത്രീകരണത്തിനുപിന്നിലെ ഉദ്ദേശ്യം. സ്‌ക്രീനില്‍നിന്ന് പുറത്തുവരുന്ന വൈദ്യുതകാന്തികതരംഗങ്ങള്‍ തലച്ചോറില്‍ രാസപ്രതികരണംസൃഷ്ടിച്ച് ഡോപാമൈന്‍ ഉല്‍സര്‍ജിപ്പിക്കുംവിധം മായികശക്തിയുള്ളവയാണ്. യാഥാര്‍ഥ്യലോകത്തെ അനുഭവിപ്പിക്കുംവിധം അനുഭൂതിയും സന്തോഷവുമാണ് അതിന്റെ അനന്തരഫലം. പുതിയ ലൈംഗികാസ്വാദനങ്ങളുടെ രുചി സമ്മാനിച്ചുകൊണ്ട് ഡോപാമൈന്‍ ന്യൂറോണുകളെ ശാക്തീകരിച്ചുകൊണ്ടേയിരിക്കും. അതിന്റെ ഫലമായി തന്റെ ഭാര്യയെ മനുഷ്യപ്രകൃതിക്ക് വിരുദ്ധമായ ലൈംഗികചേഷ്ടകളുടെ മായികലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ അവന്‍ തുനിയുന്നു.
ഓരോ സംഭവങ്ങളുടെ തുടര്‍പ്രക്രിയ തലച്ചോറില്‍ നടക്കുന്നത് പ്രശ്‌നസങ്കീര്‍ണമായ ഒന്നാണ്. നഗ്നദൃശ്യങ്ങള്‍ കാണുമ്പോള്‍ പുതിയ കോശങ്ങളിലേക്ക് പടരുംവിധം സിനാപ്റ്റിക് പ്ലാസ്റ്റിസിറ്റി ചടുലമാകുന്നു. പുതിയ ദൃശ്യങ്ങള്‍ എളുപ്പത്തില്‍ സ്മൃതിപഥത്തില്‍ പതിഞ്ഞുകിടക്കുന്നു. നഗ്നത വികാരമുണര്‍ത്തുന്ന ഒന്നായതുകൊണ്ട് ഉത്സര്‍ജ്ജിക്കപ്പെടുന്ന ഡോപാമൈന്റെ മുമ്പുപറഞ്ഞ കോശങ്ങളെ ശക്തമായി ബന്ധിപ്പിച്ച് പുതിയ കോശങ്ങളിലേക്ക് കടന്നുചെല്ലുന്നു. അതോടെ സ്മൃതിപഥത്തിലെ കാഴ്ചകള്‍ ശക്തമായി നിലനില്‍ക്കുന്നു. അതിന്റെ അനന്തരഫലങ്ങള്‍ രണ്ടാണ്: 1) കൊക്കൈന്‍ ഉപയോഗിക്കുമ്പോഴുള്ള ഉദ്ദീപനം ആസക്തിയെ ജനിപ്പിക്കുംപോലെ നഗ്നഫോട്ടോകള്‍ ലഹരിസ്വഭാവത്തില്‍ ആസക്തി ജനിപ്പിക്കുന്നു. 2) നഗ്നദൃശ്യങ്ങളില്‍ കണ്ട സംഗതികള്‍ തന്റെ ജീവിതത്തില്‍ പുനരാവിഷ്‌കരിക്കാന്‍ ഭാര്യയെ മാധ്യമമാക്കുന്നു. അത് നിരാശയിലേക്ക് നയിക്കുമെന്നതില്‍ സംശയമില്ല. കാരണം, തന്റെ പ്രതീക്ഷയ്‌ക്കൊത്ത് ആ പുനരാവിഷ്‌കാരങ്ങള്‍ വിജയിക്കില്ലെന്ന കാര്യം അയാള്‍ക്കറിയില്ലല്ലോ. ഓരോ സ്ത്രീയും വ്യത്യസ്തയാണ്. എന്നുമാത്രമല്ല, വ്യത്യസ്തസ്ത്രീകളില്‍ കണ്ട ലീലാവിലാസങ്ങള്‍ ഒരാളില്‍ സാധ്യമാകുന്ന ഒന്നല്ലല്ലോ.

ഏറ്റവും പരിതാപകരമായ വസ്തുത, നഗ്നമേനികള്‍ കാണുക പതിവാക്കിയ വ്യക്തിയുടെ മനസ്സിലേക്ക് ഡൗണ്‍ലോഡ് ചെയ്തുവെച്ച സങ്കല്‍പങ്ങളിലേക്ക് യാഥാര്‍ഥ്യലോകത്തെ ഭാര്യ കടന്നുചെല്ലുകയില്ലെന്നതാണ്. ഇനി അഥവാ ഒന്നുരണ്ടുപ്രാവശ്യം അത്തരത്തില്‍ ലീലകള്‍ നടത്താന്‍ കഴിഞ്ഞാല്‍ തന്നെ ഡോപാമൈന്‍ ഉത്സര്‍ജനം നടക്കാത്തതുകൊണ്ട് സന്തോഷവും നിര്‍വൃതിയും കണ്ടെത്താനാകില്ല.

പ്രശ്‌നം ഇവിടംകൊണ്ടുംഅവസാനിക്കുന്നില്ല. വീഡിയോകളിലും ഫോട്ടോകളിലും കണ്ട മായികക്കാഴ്ചകള്‍ നമ്മുടെ പ്രതീക്ഷകള്‍ക്കൊത്ത് സംഭവലോകത്ത് നടക്കാത്തവയാണ്. അതിനാല്‍ പോണ്‍ അഡിക്റ്റ് വളരെപെട്ടെന്നുതന്നെ നിരാശയിലേക്ക് വഴുതിവീഴുന്നു. അനുഭൂതിയും ആവേശവും പകരേണ്ട ഡോപാമൈന്‍ ഉത്സര്‍ജനത്തിന് തലച്ചോര്‍ തയ്യാറാകില്ലെന്നുമാത്രമല്ല, അത് ശരാശരിയിലും താഴേക്ക് ചുരുങ്ങിപ്പോകുകയുംചെയ്യും. അത് വിഷാദാവസ്ഥയിലേക്കാണ് വ്യക്തിയെ കൊണ്ടെത്തിക്കുക. അതെത്തുടര്‍ന്ന് ദാമ്പത്യത്തില്‍ അസംതൃപ്തിയും നിരാശയും അസന്തുഷ്ടിയും മുളപൊട്ടുന്നു. തന്റെ ‘പ്രതീക്ഷകള്‍’ക്കൊത്ത് ഉയരാത്ത ഭാര്യയോട് മടുപ്പായിരിക്കും അയാള്‍ക്ക്. ലൈംഗികജീവിതത്തില്‍ ‘മസാല’ ചേര്‍ക്കാന്‍ പലതരം സ്ത്രീകള്‍ ഓണ്‍ലൈനിലും അല്ലാതെയും ചേഷ്ടകളുമായി ഭര്‍ത്താക്കന്‍മാരുടെ ഓര്‍മകളിലേക്ക് ഡൗണ്‍ലോഡ് ചെയ്യപ്പെടുന്നത് കുറഞ്ഞ സമയത്തേക്ക് മാത്രമേ അനുഭൂതി നല്‍കുന്നുള്ളൂ. അതേസമയം, തന്നാലാകുംവിധം കിടപ്പറയില്‍ സന്തോഷംപകരാന്‍ ശ്രമിക്കുന്ന ഭാര്യ,യാതൊരു വേലിയേറ്റവും സൃഷ്ടിക്കാത്ത മരവിച്ച മാംസത്തുണ്ടുമാത്രമായി അയാള്‍ക്ക് അനുഭവപ്പെടുന്നു. നഗ്നവീഡിയോകള്‍ അയാളില്‍ ഉത്സര്‍ജിപ്പിച്ച ഡോപാമൈന് തുല്യമായത് തന്റെ ലീലാവിലാസങ്ങളിലൂടെ ഉണ്ടാക്കാനാകാത്തതാണ് ഉന്‍മേഷരാഹിത്യത്തിന് കാരണമെന്ന് പാവം ഭാര്യക്കറിയില്ലല്ലോ.

തലച്ചോര്‍ ഓരോ സംഭവങ്ങളോടും പ്രത്യേകിച്ചും വൈകാരികവിഷയങ്ങളോട് സ്വീകരിക്കുന്ന പ്രതികരണസ്വഭാവം ആഗോളപ്രതിഭാസമാണ്. ആ പ്രതികരണം തലച്ചോറിനെ മൊത്തമായി ബാധിക്കുന്നുവെന്നത് ഏവരെയും ഞെട്ടിക്കേണ്ട ഒരു യാഥാര്‍ഥ്യമാണ്. അതിലെ ഓരോ ന്യൂറോണുകളെയും നഗ്നവീഡിയോകളും ഫോട്ടോകളും എപ്പോഴും സജീവമാക്കിനിര്‍ത്തുന്നു. ഓരോ ന്യൂറോണുകളും അതിന്റെ സമീപത്തുള്ള സഹന്യൂറോണുകളെയും ഉദ്ദീപിപ്പിക്കുന്നുണ്ട്.
അശ്ലീലകാഴ്ചക്കാരുടെ തലച്ചോറിനെ ബാധിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച നാഡിവ്യൂഹശാസ്ത്രത്തിന്റെ വെളിപ്പെടുത്തലുകള്‍ എല്ലാം അപകടകരമല്ലെന്നും കൂട്ടത്തില്‍ പറയട്ടെ. കൊക്കൈന്‍ ഉപയോഗിക്കുമ്പോഴുള്ള ആസക്തിക്ക് തുല്യമാണ് അശ്ലീലദര്‍ശനങ്ങളിലൂടെ ലഭിക്കുന്നതെങ്കിലും അതേ രാസവസ്തുവല്ല തലച്ചോറില്‍ ഉല്‍പാദിപ്പിക്കുന്നത്. കൊക്കൈന്‍ ഉപയോഗിക്കുന്നയാളുടെ ശരീരത്തില്‍ അത് ഒട്ടേറെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ പോണ്‍ദൃശ്യങ്ങളില്‍ ആസക്തനായ ആള്‍ക്ക് അയാളുടെ ശരീരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നില്ലെന്നതിനാല്‍ എളുപ്പത്തില്‍ ആ ദുശ്ശീലത്തില്‍നിന്ന് വിമുക്തനാകാന്‍ കഴിയും. അതിനായി അയാള്‍ ഏകാന്തനിമിഷങ്ങള്‍ ഒഴിവാക്കി ബോധപൂര്‍വം ഓരോ കര്‍മങ്ങളിലും നിരതനായാല്‍ മാത്രം മതി. അതിനുവേണ്ട നിശ്ചയദാര്‍ഢ്യവും ഇച്ഛാശക്തിയും അയാള്‍ക്കുണ്ടാകണമെന്നുമാത്രം. ആദ്യഘട്ടത്തില്‍, കഴിഞ്ഞ ആഴ്ചകളിലെയും മാസങ്ങളിലെയും പോണ്‍ദൃശ്യങ്ങള്‍ അയാളുടെ മനസ്സില്‍ റീപ്ലേ ചെയ്തുകൊണ്ടിരിക്കും. എന്നാല്‍ ദുര്‍ബലനാകാതെ, ഇഛാശക്തി പ്രകടമാക്കുന്ന ഏതൊരാള്‍ക്കും അതിനെയെല്ലാം അവഗണിക്കാനാകും. അശ്ലീദൃശ്യങ്ങളെ വീണ്ടുംഓര്‍മപ്പെടുത്തുന്ന ന്യൂറോണുകള്‍ക്ക് അത്തരം ബന്ധനങ്ങളില്‍നിന്ന് കെട്ടുപൊട്ടിച്ച് മോചിതനാകാനും എളുപ്പം കഴിയുമെന്നത് ദൈവം നല്‍കിയ അനുഗ്രഹമാണ്. ന്യൂറോണുകളുടെ അനാവശ്യമായ ബന്ധനങ്ങളെ ഉപേക്ഷിക്കാന്‍ തലച്ചോര്‍ സന്നദ്ധമാണ്. ദീര്‍ഘകാലയളവില്‍ അശ്ലീലചിത്രങ്ങളുടെ സ്വാധീനത്തില്‍നിന്ന് മുക്തനായ ആള്‍ക്ക് അതിനോടുള്ള ആസക്തിയില്‍നിന്ന് എളുപ്പത്തില്‍ രക്ഷപ്പെടാനാകും. ധൈഷണികവും ശാരീരികവുമായ കര്‍മങ്ങളില്‍ ഏര്‍പ്പെടുക,ആത്മീയവിഷയങ്ങളില്‍ താല്‍പര്യംകാട്ടുക തുടങ്ങിയവയാണ് അതിനുള്ള മാര്‍ഗം.

മുഹമ്മദ് ഗിലാന്‍

Topics