സാമ്പത്തികം-ലേഖനങ്ങള്‍

ഇസ്‌ലാമികവികസനം: ഉടമസ്ഥാവകാശം

സമ്പത്തിന്റെയും ഉല്‍പാദനത്തിന്റെയും മറ്റു ധനാഗമ മാര്‍ഗങ്ങളുടെയും ഉടമസ്ഥത ആര്‍ക്കാവണം എന്നതാണ് വികസന കാര്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം. ഇതില്‍ ഇസ്‌ലാമിന്റെ പക്ഷം ഉടമസ്ഥത വ്യക്തികളില്‍ നിക്ഷിപ്തമാക്കണമെന്നതിനോടാണ് കൂടുതല്‍ അടുത്തുനില്‍ക്കുന്നത്. നാല്‍പതുവര്‍ഷത്തോളം നീണ്ടുനിന്ന പ്രവാചകന്റെയും ഖുലഫാഉര്‍റാശിദുകളുടെയും ഭരണത്തില്‍ കച്ചവടങ്ങളോ, കൃഷിസ്ഥലങ്ങളോ സര്‍ക്കാറിന്റെ ഉടമസ്ഥതയില്‍ നടത്തിയതിന് തെളിവില്ല എന്നതുതന്നെയാണ് ഇതിന് അടിസ്ഥാനം. നേരത്തേ സൂചിപ്പിച്ചതുപോലെ, പ്രവാചകന്റെ അനുചരന്‍മാരില്‍ പലരും മികച്ച കച്ചവടക്കാരായിരുന്നു. മൂന്നാം ഖലീഫ ഉഥ്മാന്‍(റ) ആയിരത്തോളം ഒട്ടകങ്ങള്‍ ഉള്ള ഒരു കച്ചവടയാത്രാസംഘത്തിന്റെ(Caravan) ഉടമയായിരുന്നു. അബ്ദുര്‍റഹ് മാനുബ്‌നു ഔഫി(റ)ന്റെ കച്ചവടസംഘം ചരക്കുമായി എത്തിയാല്‍ മദീനയില്‍ എത്തിയാല്‍ ഉത്സവപ്രതീതിയായിരുന്നു എന്ന് ചരിത്രരേഖകളില്‍ കാണാം. ഏക്കര്‍ കണക്കിന് മുന്തിരി-ഈത്തപ്പഴ തോട്ടങ്ങള്‍ സ്വന്തമായി ഉണ്ടായിരുന്ന സ്വഹാബികള്‍ അത് വിറ്റ് സ്വദഖഃ ചെയ്ത സംഭവങ്ങള്‍ ഹദീഥ് ഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. കടുത്ത ക്ഷാമവും വരള്‍ച്ചയും ബാധിച്ച സമയങ്ങളില്‍പോലും ഈ കച്ചവടസംഘങ്ങളെയോ കൃഷിയിടങ്ങളെയോ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ കൊണ്ടുവരാന്‍ ഖലീഫമാര്‍ മുതിര്‍ന്നില്ല. മറിച്ച്, ‘സത്യസന്ധനായ കച്ചവടക്കാരന്‍ അന്ത്യനാളില്‍ പ്രവാചകന്‍മാരോടൊപ്പം ഉയര്‍ത്തെഴുന്നേല്‍ക്കപ്പെടും’ എന്നാണ് പ്രവാചകന്‍ പറഞ്ഞത്.

സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നടക്കുന്ന സ്ഥാപനങ്ങളുടെയും സേവനങ്ങളുടെയും ലോകമാസകലമുള്ള ഇപ്പോഴത്തെ നില ഇതോടുകൂടി ചേര്‍ത്ത് വായിച്ചാല്‍ നബിചര്യയുടെ പൊരുള്‍ മനസ്സിലാകും. ഫാക്ടറികളാകട്ടെ, ഗതാഗതസൗകര്യങ്ങളാകട്ടെ, ജല -വൈദ്യുതി വിതരണ സംവിധാനങ്ങളാകട്ടെ, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്തും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ഉത്തരവാദിത്വമില്ലായ്മയുടെയും പര്യായങ്ങളാണ്. അല്‍പം ചില അപവാദങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ രാഷ്ട്രവരുമാനത്തിന്റെ ഭീമമായ അംശം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിനായി നീക്കിവെക്കപ്പെടുമ്പോള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സഞ്ചിതനഷ്ടം കൊല്ലംതോറും കോടികളായി വര്‍ധിക്കുന്നു.

സി.എച്. അബ്ദുല്‍റഹീം CA

Topics