കുടുംബ ജീവിതം-Q&A

‘നോ’ കുട്ടികളെ സങ്കടപ്പെടുത്താതെ

ചോദ്യം: കുട്ടികള്‍ മുതിര്‍ന്നവര്‍ക്കിഷ്ടമില്ലാത്ത എന്തെങ്കിലും ചെയ്യാന്‍ തുനിഞ്ഞാല്‍ അവരെ വേദനിപ്പിക്കാതെ അതില്‍നിന്ന് എങ്ങനെ തടയാനാവും? താനാഗ്രഹിച്ചത് ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന നിരാശ കുട്ടിക്ക് ഉണ്ടാകുമല്ലോ എന്ന മനപ്രയാസം അവര്‍ക്കുണ്ടാകുമ്പോള്‍ പ്രത്യേകിച്ചും?

ഉത്തരം: മുതിര്‍ന്നവര്‍ അരുത്(നോ) എന്ന് പറയുന്നതിന്റെ പരികല്‍പന കുട്ടികള്‍ എന്തുതന്നെയായാലും മനസ്സിലാക്കും എന്ന് നാം തിരിച്ചറിയുക. കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ തങ്ങളാഗ്രഹിച്ചത് എങ്ങനെ നേടിയെടുക്കാമെന്ന ഉപായവും കൂട്ടത്തില്‍ സ്വായത്തമാക്കുന്നുണ്ട്.
താങ്കളെഴുതിയല്ലോ അതായത്, കുട്ടികളോട് അരുത് എന്ന് പറയുമ്പോള്‍ താങ്കളുടെ മനസ്സ് വേദനിക്കുമെന്ന്. ഇന്ന് പാരന്റിങില്‍ അധികവും സംഭവിക്കുന്നത് അതാണ്. അരുതെന്ന വിലക്കിന് കുട്ടികള്‍ ക്രമേണ കണ്ണുനീരുകൊണ്ടും ദുഃഖം ഘനീഭവിച്ച മുഖംകൊണ്ടും പ്രത്യുത്തരം ചെയ്യാന്‍ പഠിക്കുന്നു.
കുട്ടിയെ ഏതെങ്കിലും പ്രവൃത്തിയില്‍നിന്ന് തടയുകയും പിന്നീട് അതനുവദിക്കുകയും ചെയ്ത അനുഭവങ്ങളെക്കുറിച്ച് ഏതെങ്കിലും രക്ഷിതാവിനോട് ചോദിച്ചുനോക്കൂ. ഈ അനുഭവത്തില്‍നിന്ന് കുട്ടി പഠിക്കുന്നത് തന്റെ റിയാക്ഷന്‍(പ്രതികരണം) രക്ഷിതാവിന്റെ തീരുമാനത്തെ മാറ്റിമറിക്കുന്നുവെന്നതാണ്. യഥാര്‍ഥത്തില്‍ , രക്ഷിതാക്കള്‍ തങ്ങള്‍ വിലക്കിയ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ സ്ഥൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്.

ഒരിക്കലും കീഴടങ്ങരുത്

വിലക്കുപറയേണ്ടിവരുന്ന ഘട്ടത്തില്‍ കുട്ടികളുടെ സങ്കടത്തെയും ദുഃഖത്തെയും ഉദാസീനതയെയും നിങ്ങള്‍ ഗൗനിക്കരുത്. കുട്ടികളോട് സ്‌നേഹമുണ്ടെന്ന കാര്യം നിങ്ങള്‍ക്ക് ഏതുവിധേനയും പ്രകടിപ്പിക്കാം. പക്ഷേ വിലക്കിയ കാര്യം അനുവദിച്ചുകൊണ്ട് അതൊരിക്കലും ചെയ്യരുത്.

നിങ്ങളുടെ കുട്ടി സമൂഹത്തില്‍ ഇടകലര്‍ന്ന് ജീവിക്കേണ്ട ആളാണ്. ജീവിതത്തില്‍ പലതും സഫലീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരിക്കും. അതില്‍ നിരാശയും തോന്നാം. പക്ഷേ , അങ്ങനെ സഫലീകരിക്കാന്‍ കഴിയാത്ത പലതും ജീവിതത്തിലുണ്ടാകുമെന്ന് അവര്‍ ചെറുപ്പംതൊട്ടേ അറിഞ്ഞുവളരേണ്ടതുണ്ട്. അത്തരത്തില്‍ ജീവിതത്തെ അനുഭവിക്കാന്‍ അവര്‍ക്ക് അവസരംകൊടുക്കുക.
മാത്രമല്ല, കുട്ടിക്ക് രക്ഷിതാവില്‍ വിശ്വാസം ഉളവാക്കാനും നിലപാടുമാറ്റമില്ലാത്ത സമീപനം സഹായിക്കും. പിതാവ് നിശ്ചയിച്ചുറച്ച കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മനസ്സിലാക്കുന്നത് കുട്ടിക്ക് സുരക്ഷിതത്വബോധം പകര്‍ന്നുകൊടുക്കുന്ന കാര്യമാണ്.

അതിനാല്‍ കുട്ടികള്‍ക്ക് ഹാനികരവും ദോഷകരവുമായ പ്രവൃത്തികളിലും ശീലങ്ങളിലും അരുത് എന്ന നിലപാട് ശക്തമായി തന്നെ താങ്കള്‍ തുടര്‍ന്നുകൊള്ളുക. കുട്ടിക്ക് തന്നോട് സനേഹമുണ്ടാവില്ലെന്നോ, വാശിക്കാരനായി കുട്ടി വളരുമെന്നോ തുടങ്ങി യാതൊരു വിധ ആശങ്കകളും താങ്കള്‍ വെച്ചുപുലര്‍ത്തേണ്ടതില്ല.

ആഇശ മുഹമ്മദ്

Topics