കുടുംബ ജീവിതം-Q&A

നല്ല ഭര്‍ത്താവിനെക്കിട്ടാന്‍

ചോദ്യം:ഞാനൊരു പെണ്‍കുട്ടിയാണ്…നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ എന്താണ് പോംവഴി?

ഉത്തരം: പലപ്പോഴും ആളുകള്‍ വലിയ തെറ്റുധാരണകളില്‍ അകപ്പെടുന്ന സമയങ്ങളുണ്ട്. അതെ സംബന്ധിച്ച തുറന്ന ചര്‍ച്ചകള്‍ ആ ധാരണകളെ തിരുത്താന്‍ ഏറെ സഹായിക്കും.
ഇസ്‌ലാമിലെ സ്ത്രീ ഏറ്റവും ആദരിക്കപ്പെട്ടവളും ബഹുമാനിക്കപ്പെട്ടവളും സംരക്ഷിക്കപ്പെട്ടവളുമാണ്. സ്ത്രീകളുടെ ഗര്‍ഭപാത്രത്തെ കുറിക്കുന്ന ‘റഹ്മ്’ എന്ന വാക്കില്‍നിന്നാണ് അല്ലാഹു , കാരുണ്യകോടിയെ കുറിക്കാനുപയോഗിച്ച റഹ്മാന്‍ എന്ന വിശേഷണം സ്വീകരിച്ചത്. അത് സ്ത്രീയുടെ മൂല്യവും പദവിയും സ്രഷ്ടാവിനോടുള്ള അടുപ്പവും വെളിപ്പെടുത്തുന്നു. പ്രകൃതിയില്‍ മനുഷ്യനൈരന്തര്യം ഉറപ്പാക്കുന്നതിനുള്ള ദൗത്യം ഏറ്റെടുക്കാന്‍ സ്ത്രീയെയാണ് അല്ലാഹു തെരഞ്ഞെടുത്തത്. അതിനാല്‍ സ്ത്രീയുടെ അന്തസ്സും മഹത്ത്വവും എല്ലായ്‌പോഴും പരിഗണിച്ചേ മതിയാകൂ.

അഞ്ച് പ്രധാന സംഗതികള്‍

സവിശേഷശ്രദ്ധകൊടുക്കേണ്ട കാര്യമിതാണ്: താങ്കളുടെ അന്തസ്സിനെയും അഭിമാനത്തെയും ഹനിക്കുന്ന ചിന്തകളിലോ പ്രവൃത്തികളിലോ യാതൊരു കാരണവശാലും ഏര്‍പ്പെടാതിരിക്കുക.
ചില പെണ്‍കുട്ടികള്‍ക്ക് തെറ്റുധാരണയുണ്ട്; നല്ലൊരു പങ്കാളിയെ കിട്ടണമെങ്കില്‍ നന്നായി അണിഞ്ഞൊരുങ്ങി, തന്റെ സൗന്ദര്യം പ്രദര്‍ശിപ്പിച്ച് , ആണുങ്ങള്‍ ഒത്തുകൂടുന്ന വേദികളില്‍ സമയം ചെലവഴിച്ചേ മതിയാകൂ എന്ന് . അത് പക്ഷേ സ്ത്രീത്വത്തെ അപമാനിക്കുന്നതിനും നിന്ദിക്കുന്നതിനും തുല്യമാണ്. താങ്കള്‍ക്ക് നല്ലൊരു ഭര്‍ത്താവിനെ കിട്ടാന്‍ അത്തരമൊരു കര്‍മത്തിന്റെയോ ചിന്താഗതിയുടെയോ ആവശ്യമില്ല.

ജീവിതപങ്കാളിയെന്നത് അല്ലാഹു നമുക്ക് നല്‍കുന്ന ഒരു വിഭവമാണ്. പ്രത്യക്ഷത്തില്‍ അത് ലഭ്യമാകുന്ന മാര്‍ഗമൊന്നും നമ്മുടെ പക്കലില്ലെങ്കിലും അത് നല്‍കാന്‍ കഴിവുള്ളവനാണവന്‍. അതിനാല്‍ അല്ലാഹു നിശ്ചയിച്ച പരിധികളെ കുറിച്ച തഖ്‌വാ ബോധമാണ് നമുക്ക് വേണ്ടത്. അതുകൊണ്ട് സ്ത്രീയെന്ന നിലയില്‍ താങ്കള്‍ ചെയ്യേണ്ടതെന്തൊക്കെയെന്ന് നോക്കാം:

  1. ജീവിതത്തില്‍ സദാ താങ്ങും തണലുമായി വര്‍ത്തിക്കുന്ന വിശുദ്ധദാമ്പത്യത്തിനായി ആത്മാര്‍ഥവും ഹൃദയംതൊടുന്നതുമായ പ്രാര്‍ഥനകള്‍ സദാ നടത്തിക്കൊണ്ടിരിക്കുക. പ്രാര്‍ഥന പരമപ്രധാനമാണ്.
  2. അല്ലാഹു ഇപ്പറഞ്ഞതിനെ എപ്പോഴും ഓര്‍ക്കുക: ‘അല്ലാഹുവോട് ഭക്തി കാണിക്കുന്നവന് അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും. അവന്‍ വിചാരിക്കാത്തവിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും. അല്ലാഹു എല്ലാ കാര്യങ്ങള്‍ക്കും ക്രമം നിശ്ചയിച്ചിട്ടുണ്ട്. ‘(അത്ത്വലാഖ് 2,3) അതിനാല്‍ തഖ്‌വയും ആത്മവിശുദ്ധിയും പുലര്‍ത്താന്‍ പരിശ്രമിക്കുക. അങ്ങനെ മുത്തഖിയായി ജീവിതം മുന്നോട്ടുപോകുമ്പോള്‍ എല്ലാ ഹലാല്‍വിഭവങ്ങളും അല്ലാഹു നമുക്കായി ഒരുക്കിത്തരും. അതല്ലാഹുവിന്റെ വാഗ്ദാനമാണ്. അല്ലാഹു നിര്‍ണയിച്ച പരിധികള്‍ അതിര്‍ലംഘിക്കാതെ ശ്രദ്ധിക്കണം. പാപങ്ങളിലും ധിക്കാരപ്രവൃത്തികളിലും മുഴുകിയാല്‍ നാമാഗ്രഹിക്കുന്നത് നമുക്ക് ലഭിക്കാതെ പോകും.

    3. ദാമ്പത്യജീവിതത്തെക്കുറിച്ച് നന്നായി മനസ്സിലാക്കാന്‍ ശ്രമിക്കുക.

അധികമാളുകളും വിവാഹത്തെ സമീപിക്കുന്നത് ഹ്രസ്വതാല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. സൗന്ദര്യം, സമ്പത്ത്, പൊങ്ങച്ചപ്രകടനം തുടങ്ങി അത്തരം കാര്യങ്ങള്‍ അല്‍പായുസ്സുകളാണ്. ദാമ്പത്യത്തിന്റെ ആദ്യമാസങ്ങള്‍ പിന്നിട്ട് വിരസതയും ശൂന്യതയും അനുഭവപ്പെടുന്നതോടെ അത്തരക്കാരുടെ ദാമ്പത്യം അസംതൃപ്തവും മടുപ്പുള്ളതും ആയിത്തീരുന്നു. അതിനാല്‍ ഇസ്‌ലാമിലെ ദാമ്പത്യജീവിതം എന്താണെന്ന് തിരിച്ചറിയേണ്ടത് അനിവാര്യമാണ്. ഭാര്യയും ഭര്‍ത്താവും പരസ്പരം തങ്ങളുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും മനസ്സിലാക്കി അവയെല്ലാം പൂര്‍ത്തീകരിച്ച് ജീവിതം സുന്ദരപൂര്‍ണമാക്കുന്നതാണ് യഥാര്‍ഥദാമ്പത്യം. ഈയൊരു തിരിച്ചറിവ് താങ്കളെ ഉത്തമയായ കുടുംബിനിയാക്കി പരിവര്‍ത്തിപ്പിക്കുന്നതിന് അനിവാര്യമാണ്.

4. താങ്കളുടെ വീടിന്റെയോ നാടിന്റെയോ സമുദായത്തിന്റെയോ ചുറ്റുവട്ടത്ത് സത്യവിശ്വാസിയായ ഒരു പുരുഷനുണ്ടെന്ന് തിരിച്ചറിഞ്ഞാല്‍ മാതാപിതാക്കളോട് അക്കാര്യം സൂചിപ്പിച്ച് വിവാഹത്തിനുള്ള അഭിപ്രായം വെളിപ്പെടുത്താം. ആ വ്യക്തിയുമായി നേരിട്ട് സംസാരിച്ച് വിവാഹാലോചനയ്ക്ക് മുന്‍കൈ എടുക്കരുത്. അതൊരു പക്ഷേ താങ്കളെക്കുറിച്ച് അവരില്‍ അവമതിപ്പ് സൃഷ്ടിച്ചേക്കാം. അതിനാല്‍ നമ്മെക്കുറിച്ച ആദരവും ബഹുമാനവും സദാ നിലനിര്‍ത്തുംവിധം വിശ്വാസിനിയുടെതായ ജീവിതവിശുദ്ധി കൈക്കൊള്ളുക.

5. വിശ്വസ്തരും ഗുണകാംക്ഷികളും സദ്കര്‍മികളുമായ കുടുംബാംഗങ്ങള്‍ മുഖേന ജീവിതപങ്കാളിയെക്കുറിച്ച അന്വേഷണത്തിന് അവസരം ഉണ്ടാക്കുക.
ജീവിതപങ്കാളിയെ അന്വേഷിക്കുന്ന പുരുഷനും സ്ത്രീയും അത് അനുയോജ്യമായ രീതിയിലൂടെ മാത്രം തേടുക. അതായത്, ബന്ധപ്പെട്ട വ്യക്തിയുടെ രക്ഷിതാക്കള്‍ മുഖേന വിവാഹാന്വേഷണം നടത്തുന്നതാണ് മാന്യവും യുക്തിപൂര്‍ണവുമായിട്ടുള്ളത്.

അല്ലാഹു ഹൃദയത്തിന് സമാധാനവും കണ്ണിന് കുളിര്‍മയും നല്‍കുന്ന പങ്കാളിയെ നല്‍കി താങ്കളെ അനുഗ്രഹിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു.

ദിന മുഹമ്മദ് ബസ്‌യൂനി

Topics