സല്‍ത്തനത്തുകള്‍

മുഗള്‍ രാജവംശം

പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ഇന്ത്യ ഭരിച്ച മുസ്‌ലിം രാജവംശം. ജംഗിസ്ഖാന്റെയും തിമൂറിന്റെയും ഇളമുറക്കാരനായ ബാബര്‍ ആണ് 1526 -ല്‍ ഈ വംശം സ്ഥാപിച്ചത്. അക്കൊല്ലം പാനിപ്പത്തില്‍വെച്ച് നടന്ന യുദ്ധത്തില്‍ ഇബ്‌റാഹീം ലോദിയെ തോല്‍പിച്ച് ബാബര്‍ ഡല്‍ഹി കീഴടക്കി. ബാബറിന്റെ പുത്രന്‍ ഹുമയൂണ്‍ ആഗ്ര പിടിച്ചു. റാണാ സംഗ്രാമസിംഹന്റെ നേതൃത്വത്തില്‍ സംഘടിച്ച രജപുത്രന്‍മാരെ ബാബര്‍ തോല്‍പിച്ചു. ബംഗാളിലെ നുസ്രത്ത് ഷായുടെ സഹായത്തോടെ ഡല്‍ഹി തിരിച്ചുപിടിക്കാന്‍ ശ്രമിച്ച അഫ്ഗാന്‍കാരെയും ബാബര്‍ പരാജയപ്പെടുത്തി. ഇതോടെ മുഗള്‍ സാമ്രാജ്യത്തിന്റെ അടിത്തറ ഭദ്രമായി. ഓക്‌സസ് മുതല്‍ ഘോഗ്രവരെയും ഹിമാലയംമുതല്‍ ഗ്വാളിയോര്‍ വരെയും ബാബറുടെ സാമ്രാജ്യം വിസ്തൃതമായിരുന്നു. ബാബറിനുശേഷം പുത്രന്‍ ഹുമയൂണ്‍ (1530-1556) ഭരണാധിപനായി. ലഖ്‌നോവിലും ഗുജറാത്തിലും ശത്രുക്കളെ പരാജയപ്പെടുത്താന്‍ ഹുമയൂണിന് സാധിച്ചു. എന്നാല്‍ ബംഗാളില്‍ ശേര്‍ശാഹ് ഉയര്‍ത്തിയ വെല്ലുവിളി നേരിടാന്‍ അദ്ദേഹത്തിനായില്ല. 1545- ല്‍ ഹുമയൂണ്‍ ഇറാനില്‍ അഭയം തേടി. രണ്ടുവര്‍ഷം അവിടെ താമസിച്ചു.

ഇറാനികളുടെ പിന്തുണയോടെ ഹുമയൂണ്‍ ഖന്തഹാറും കാബൂളും പിടിച്ചടക്കി. ശേര്‍ശായുടെ മരണശേഷം 1555-ല്‍ ഹുമയൂണ്‍ ഇന്ത്യയില്‍ തിരിച്ചുവന്നു. മുഗള്‍സാമ്രാജ്യം പുനഃസ്ഥാപിച്ചു. ഹുമയൂണിനുശേഷം അധികാരമേറ്റത് പുത്രന്‍ അക്ബറാണ്. മുഗള്‍ വംശത്തിലെ ഏറ്റവും പ്രസിദ്ധനായ ചക്രവര്‍ത്തിയാണ് അക്ബര്‍. പത്താംവയസ്സിലാണ് അക്ബര്‍ അധികാരാരോഹണം ചെയ്തത്. സാമ്രാജ്യത്തിന്റെ വിസ്തൃതി വര്‍ധിപ്പിക്കുന്നതിലും അതിര്‍ത്തികള്‍ ഭദ്രമായി സംരക്ഷിക്കുന്നതിലും കലാപകാരികളെ അടിച്ചമര്‍ത്തുന്നതിലും അക്ബര്‍ വിജയിച്ചു. മാള്‍വ, രജപുത്താന, ഗുജറാത്ത്, ബംഗാള്‍, കശ്മീര്‍, ബീഹാര്‍ , സിന്ധ്, ഒറീസ, ബലൂചിസ്താന്‍ എന്നിവ മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞത് അക്ബറിന്റെ സുപ്രധാനമായ നേട്ടമാണ്. ഹിമാലയം മുതല്‍ ഗോദാവരിവരെയും ഹിന്ദുകുഷ് മുതല്‍ ബ്രഹ്മപുത്രവരെയും വിസ്തൃതമായിരുന്നു അക്ബറിന്റെ കാലത്ത് മുഗള്‍ സാമ്രാജ്യം. അക്ബറിന് ശേഷം പുത്രന്‍ സലിം 1605-ല്‍ അധികാരത്തില്‍ വന്നു. ജഹാംഗീര്‍ എന്ന പേരിലാണ് സലിം വിശ്രുതനായത്. 1627 വരെ ജഹാംഗീര്‍ ഭരിച്ചു. ആഭ്യന്തരശൈഥില്യങ്ങള്‍ ഒതുക്കുന്നതില്‍ ജഹാംഗീര്‍ വിജയിച്ചു. ഡക്കാനുമായി അക്ബര്‍ തുടങ്ങിവെച്ച യുദ്ധങ്ങള്‍ അദ്ദേഹം തുടര്‍ന്നു. ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യയില്‍ ആദ്യമായി വാണിജ്യാനുമതി നല്‍കിയത് ജഹാംഗീറാണ്. ജഹാംഗീറിനുശേഷം പുത്രന്‍ ശാഹ്ജഹാന്‍ (1627-1657) ചക്രവര്‍ത്തിയായി.കലാപമുയര്‍ത്തിയ പോര്‍ച്ചുഗീസുകാരെ ഇന്ത്യയില്‍നിന്ന് പുറത്താക്കാന്‍ ശാഹ്ജഹാന് കഴിഞ്ഞു. 1636- ല്‍ ശാഹ്ജഹാന്‍ ഡക്കാന്‍ കൈവശപ്പെടുത്തി. സമര്‍ഖന്ത് പിടിക്കാനുള്ള ശ്രമം വിഫലമായി. ബീജാപ്പൂരിലെയും ഗോല്‍ക്കൊണ്ടയിലെയും സുല്‍ത്താന്‍മാരെ തോല്‍പിച്ചു.

ശാഹ്ജഹാന്റെ മക്കള്‍ കിരീടാവകാശത്തിനുവേണ്ടി നടത്തിയ മത്സരത്തില്‍ വിജയിച്ചത് ഔറംഗസീബാണ്. ഔറംഗസീബിനെ ചതിച്ചുകൊല്ലാനായിരുന്നു ജ്യേഷ്ഠന്‍ ദാരാശക്‌വയുടെ പദ്ധതി. ദാരാശക്‌വക്ക് പിതാവിന്റെ പിന്തുണയുമുണ്ടായിരുന്നു. ദാരാശക്‌വയെ ഔറംഗസീബ് യുദ്ധത്തില്‍ തോല്‍പിച്ചു. പിതാവിനെ ആഗ്രാകോട്ടയില്‍ തടവിലിടുകയുംചെയ്തു. ദാരാശക്‌വയെ പിന്നീട് വിചാരണചെയ്ത് തൂക്കിലേറ്റി. അമ്പതുകൊല്ലമാണ് ഔറംഗസീബ് ഭരിച്ചത.് ലളിതജീവിതം നയിച്ച മതഭക്തനായ ഭരണാധികാരിയായിരുന്നു അദ്ദേഹം. മുഗള്‍ സാമ്രാജ്യത്തിന്റെ വിസ്തൃതി ഏറ്റവും വികസിച്ചത് അദ്ദേഹത്തിന്റെ കാലത്താണ്. ഡക്കാനില്‍ ബീജാപ്പൂരും ഗോല്‍കൊണ്ടയും പൂര്‍ണമായും മുഗള്‍ സാമ്രാജ്യത്തിന്റെ ഭാഗമായി. അഹോമുകളെയും പത്താന്‍കാരെയും കീഴ്‌പ്പെടുത്തി. ലഡാക്ക് പിടിച്ചെടുത്തു. ജനോപകാരപ്രദമല്ലാത്ത കാര്യങ്ങള്‍ക്ക് പൊതുധനം വിനിയോഗിക്കുന്നത് ഔറംഗസീബ് തടഞ്ഞു.

ഔറംഗസീബിന് ശേഷം മുഗള്‍ സാമ്രാജ്യം ക്ഷയോന്‍മുഖമായി. അദ്ദേഹത്തിന്റെ പുത്രന്‍ മുഹമ്മദ് മുഅസ്സം അഞ്ചുവര്‍ഷം (1707-1712)ഭരിച്ചു. ബഹദൂര്‍ഷാ, ഷാ ആലം എന്നീ പേരുകള്‍ സ്വീകരിച്ചാണ് മുഅസ്സം ഭരണം നടത്തിയത് 1712 മുതല്‍ 1719 വരെ ഫറഖ്‌സീറും ഭരിച്ചു. മറാട്ടക്കാര്‍ മുഗള്‍ സാമ്രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെട്ടുതുടങ്ങിയത് ഫറഖ്‌സീറിന്റെ കാലത്താണ്. 1720 ല്‍ അധികാരമേറ്റ മുഹമ്മദ് ഷാ സുഖലോലുപനായിരുന്നു. അദ്ദേഹത്തിന് സാമ്രാജ്യത്തെ രക്ഷിക്കാനായില്ല. മറാട്ടക്കാര്‍ പ്രബലന്‍മാരായി. മഹാരാഷ്ട്ര മുതല്‍ മാള്‍വ വരെയുള്ള പ്രദേശങ്ങള്‍ മറാട്ടക്കാരുടെ കൈവശമായി. 1731- ല്‍ ഗുജറാത്തും അവര്‍കീഴടക്കി. 1737-ല്‍ നര്‍മ്മദ നദിമുതല്‍ ചമ്പല്‍ താഴ്‌വരവരെയും അവരുടെ അധീനത്തിലായി. അതേസമയം ഇറാനില്‍നിന്ന് നാദിര്‍ഷായും മുഗളര്‍ക്കെതിരെ യുദ്ധസന്നദ്ധനായി. 1739 -ല്‍ ഡല്‍ഹിക്കുസമീപം നാദിര്‍ഷാ മുഹമ്മദ് ഷായെ നേരിട്ടു. മുഗളര്‍ തോറ്റു. ഡല്‍ഹി കൊള്ളചെയ്ത് നാദിര്‍ഷാ മടങ്ങി. ഇതോടെ എല്ലാ പ്രവിശ്യകളിലും ആഭ്യന്തരകലഹങ്ങള്‍ തലപൊക്കി. ഡക്കാനും ബംഗാളും സിന്ധും ഔധും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. മുഹമ്മദ് ഷായുടെ പിന്‍ഗാമികളും ദുര്‍ബലരായിരുന്നു. അഹ്മര്‍ ഷാ(1748-1754), ആലംഗീര്‍ രണ്ടാമന്‍(1754-1759), ഷാ ആലം രണ്ടാമന്‍(1759-1806), അക്ബര്‍ഷാ രണ്ടാമന്‍ (1806-1837) ബഹദൂര്‍ഷാ സഫര്‍ (1838-1857) എന്നിവരാണ് ഒടുവിലത്തെ മുഗള്‍ ഭരണാധികാരികള്‍. ഇംഗ്ലീഷുകാര്‍ ഡല്‍ഹി പിടിച്ചെടുത്തതോടെ ബഹദൂര്‍ഷാ സഫറിനെ റങ്കൂണിലേക്ക് നാടുകടത്തി. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ ഇന്ത്യക്കാര്‍ ഇംഗ്ലീഷുകാര്‍ക്ക് പകരം ഡല്‍ഹിയില്‍ മുഗള്‍ ചക്രവര്‍ത്തിയെ വാഴിക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ സ്വാതന്ത്ര്യസമരം പരാജയത്തില്‍ കലാശിച്ചതോടെ മുഗള്‍ വാഴ്ചയുടെ പുനഃസ്ഥാപനം എന്ന സ്വപ്‌നം അവസാനിച്ചു.
ഇന്ത്യാചരിത്രത്തില്‍ ഏറെ ശ്രദ്ധേയമായ കാലമാണ് മുഗള്‍ കാലഘട്ടം. മുഗള്‍ സ്വാധീനം ഇന്ത്യയെ വളരെ സമ്പന്നമാക്കുകയുണ്ടായി. രാഷ്ട്രീയ, കലാ, സാംസ്‌കാരിക, സാമൂഹികരംഗങ്ങളില്‍ മുഗള്‍ സ്വാധീനം വളരെ ശക്തവും ഉജ്ജ്വലവുമായിരുന്നു. പേര്‍സ്യന്‍- അറബി പൈതൃകം ഇന്ത്യയുടെ സാഹിത്യ-കലാ- വാസ്തുശില്‍പ മേഖലകളെ അങ്ങേയറ്റം ധന്യമാക്കുകയുണ്ടായി. മുഗള്‍ പ്രതാപത്തിന്റെ പ്രൗഢി ഇന്നും നിലനില്‍ക്കുന്നവയാണ്. സൗന്ദര്യത്തിന്റെ മൂല്യം ഇന്ത്യക്കാരെ പഠിപ്പിച്ചത് മുഗളന്‍മാരാണ് എന്ന് പറയപ്പെടുന്നു.

ശക്തവും കേന്ദ്രീകൃതവുമായ ഭരണസംവിധാനമായിരുന്നു മുഗളരുടേത്. ഇസ്‌ലാമികഖിലാഫത്തിന്റെ മാതൃകയില്‍ കേന്ദ്രത്തില്‍ ചക്രവര്‍ത്തിയും പ്രവിശ്യകളില്‍ ഗവര്‍ണര്‍മാരും ചുലതല വഹിച്ചു. ഗവര്‍ണര്‍മാര്‍ ചക്രവര്‍ത്തിക്ക് വിധേയരായിരുന്നു. സൈന്യം രാജാവിന്റെ നിയന്ത്രണത്തിലായിരുന്നു. രാജാവിനെ ഭരണകാര്യങ്ങളില്‍ സഹായിക്കാന്‍ പ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും നിയമിക്കപ്പെട്ടിരുന്നു. ഭരണസൗകര്യാര്‍ഥം സാമ്രാജ്യത്തെ പതിനെട്ട് സുബ(പ്രവിശ്യ)കളായി തിരിച്ചു. പ്രവിശ്യകള്‍ ജില്ലകളായും ജില്ലകള്‍ ഫര്‍ഗാന(ഗ്രാമസമൂഹം)കളായും വിഭജിച്ചിരുന്നു. ഭൂനികുതി, വാണിജ്യവ്യാപാരങ്ങള്‍, ചുങ്കങ്ങള്‍, പിന്തുടര്‍ച്ച, സ്വത്തുനികുതി , പാരിതോഷികങ്ങള്‍,യുദ്ധമുതലുകള്‍ എന്നിവയായിരുന്നു ഭരണകൂടത്തിന്റെ ധനാഗമനമാര്‍ഗങ്ങള്‍. ഉല്‍പാദനത്തിന്റെയും വിലകളുടെയും അടിസ്ഥാനത്തിലായിരുന്നു. ചരക്കുകളുടെ നികുതി കണക്കാക്കിയിരുന്നത്. ഭൂമി അളന്ന് നാലിനങ്ങളായി വേര്‍തിരിച്ചു. യഥാര്‍ഥ കൃഷിഭൂമിക്ക് മാത്രമേ നികുതി ചുമത്തിയിരുന്നുള്ളൂ.

കണിശമായ നീതി നടപ്പാക്കാന്‍ മിക്കവാറും എല്ലാ രാജാക്കന്‍മാരും ശ്രദ്ധിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനങ്ങള്‍ ഉണ്ടായിരുന്നില്ല. ഹിന്ദുക്കള്‍ക്ക് അവരുടെ മതാചാരങ്ങള്‍ അനുഷ്ഠിക്കാന്‍ പൂര്‍ണസ്വാതന്ത്ര്യമുണ്ടായിരുന്നു. സതി, ശൈശവ വിവാഹം, സ്ത്രീധനം മുതലായ ഹിന്ദു ആചാരങ്ങള്‍ നിലനിന്നു. അവ നിയന്ത്രിക്കാന്‍ അക്ബര്‍ നടത്തിയ ശ്രമം വിജയിച്ചില്ല.

വിദ്യാഭ്യാസത്തിന് അകമഴിഞ്ഞ പ്രോത്സാഹനമാണ് മുഗളര്‍ നല്‍കിയത്. സംസ്‌കൃത പാഠശാലകളും നാട്ടുപള്ളിക്കൂടങ്ങളും മക്തബുകളും ധാരാളമായി വളര്‍ന്നുവന്നു. മുഗള്‍ വംശസ്ഥാപകനായ ബാബര്‍ കവിയും കലാസ്വാദകനുമായിരുന്നു. അദ്ദേഹത്തിന്റെ കവിതകളും ഓര്‍മ്മക്കുറിപ്പുകളും പേര്‍സ്യന്‍ സാഹിത്യത്തിലെ അക്ഷയനിധികളാണ്. രാമായണത്തിനും അഥര്‍വ്വവേദത്തിനും പേര്‍സ്യന്‍ തര്‍ജ്ജമകളുണ്ടായി. അക്ബറിന്റെ ഗ്രന്ഥശേഖരത്തില്‍ 2400 കൈയ്യെഴുത്ത് ഗ്രന്ഥങ്ങള്‍ ഉണ്ടായിരുന്നു. ജഹാംഗീറിന്റെ കാലത്ത് ധാരാളം ചരിത്രഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടു. ഔറംഗസീബ് ഇസ്‌ലാമികനിയമങ്ങള്‍ ക്രോഡീകരിക്കുകയും ഖുര്‍ആന്റെ അനേകം പ്രതികള്‍ പകര്‍ത്തിയെഴുതുകയും ചെയ്തു.
പള്ളികളും ശവകുടീരങ്ങളും കോട്ടകളും മുഗള്‍ ശില്‍പകലയുടെ ഉദാത്ത മാതൃകകളാണ്. ബാബറുടെ ഉദ്യാനങ്ങള്‍, ഹുമയൂണിന്റെ ശവകുടീരം, അക്ബര്‍ പണികഴിപ്പിച്ച ഫത്തേപ്പൂര്‍ സിക്രി, ആഗ്രക്കോട്ട, ഷാജഹാന്റെ താജ് മഹല്‍, ലാല്‍ഖില, ഡല്‍ഹിജുമാമസ്ജിദ് എന്നിവ അതിപ്രശസ്തങ്ങളത്രേ. ഔറംഗസീബ് ലാഹോറില്‍ ‘ബാദ്ശാഹ്’ മസ്ജിദ് പണിതു. ചിത്രകലക്ക് അക്ബര്‍ പ്രോത്സാഹനം നല്‍കി. സംഗീതം, നൃത്തം, ചിത്രരചന എന്നിവയെ ഔറംഗസീബ് നിരുത്സാഹപ്പെടുത്തുകയാണ് ചെയ്തത്.
സ്വാദിഷ്ടമായ ഒരു ഭക്ഷണസമ്പ്രദായവും മുഗളര്‍ ഇന്ത്യക്ക് സംഭാവനചെയ്തു. തന്തൂര്‍ റൊട്ടികള്‍, നാന്‍, തന്തൂര്‍ ചിക്കന്‍, ബിരിയാണി, കബാബ് മുതലായ മുഗള്‍ വിഭവങ്ങളില്‍ പെടുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics