സല്‍ത്തനത്തുകള്‍

ദല്‍ഹി സല്‍ത്തനത്ത്

1206 മുതല്‍ 1526 വരെയുള്ള കാലയളവില്‍ ദല്‍ഹി ആസ്ഥാനമായി ഭരിച്ചിരുന്ന അഞ്ച് മുസ്‌ലിംരാജവംശങ്ങളെയാണ് ദില്ലി സല്‍ത്തനത്ത് എന്ന് വിശേഷിപ്പിക്കുന്നത്. മുഹമ്മദ് ഗോറിയുടെ സൈന്യാധിപനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക് സ്ഥാപിച്ച മംലൂക് രാജവംശം(1206-1290), ജലാലുദ്ദീന്‍ ഫിറോസ് ഖില്‍ജിയുടെ ഖില്‍ജി രാജവംശം(1290-1321), ഗിയാസുദ്ദീന്‍ തുഗ്ലക്കിന്റെ തുഗ്ലക് രാജവംശം(1321-1398), ഖിദ്ര്‍ ഖാന്‍ സ്ഥാപിച്ച സയ്യിദ് രാജവംശം(1414-1451), ബഹ്‌ലുല്‍ ഖാന്‍ ലോധിയുടെ ലോധിരാജവംശം(1451-1526) തുടങ്ങിയവയാണ് ആ സല്‍ത്തനത്തില്‍ ഉണ്ടായിരുന്നത്.

ദല്‍ഹി സല്‍ത്തനത്തിലെ പ്രധാനപ്പെട്ട ഭരണപരിഷ്‌കാരമായിരുന്നു കമ്പോള പരിഷ്‌കരണം. ചെലവ് വര്‍ധിപ്പിക്കാതെ സൈനികദളത്തെ നിലനിര്‍ത്താനുള്ള പദ്ധതിയായിരുന്നു അത്. സൈനികരുടെ വേതനത്തില്‍ കുറവ് വരുത്തുമ്പോള്‍ കമ്പോളത്തില്‍ സാധനങ്ങളുടെ വില നിയന്ത്രിക്കേണ്ടത് ആവശ്യമായി വന്നു. ഭക്ഷ്യവസ്തുക്കള്‍ കുതിരയടക്കം കന്നുകാലികള്‍, അടിമകള്‍, ഇറക്കുമതി ചെയ്യുന്ന മുന്തിയതരം തുണിത്തരങ്ങള്‍ എന്നിവയുടെയെല്ലാം വില ഗവണ്‍മെന്റ് നിശ്ചയിച്ചു. അളവ് തൂക്കങ്ങളില്‍ കൃത്രിമം കാണിച്ചാല്‍ കടുത്ത ശിക്ഷ നല്‍കുമായിരുന്നു. കമ്പോളത്തിലെ ദൈനംദിന കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ ‘ഷാഹ്ന’ എന്ന പദവിയില്‍ ഉദ്യോഗസ്ഥനെ നിയോഗിച്ചു.
പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധി മരിച്ചതോടെ ദല്‍ഹി സല്‍ത്തനത്തിന്റെ ആധിപത്യം അവസാനിക്കുകയും മുഗള്‍ ആധിപത്യത്തിന് തുടക്കം കുറിക്കുകയുംചെയ്തു.

About the author

padasalaadmin

Add Comment

Click here to post a comment

Topics