നബിയുടെ ജന്‍മദിനവുമായി ബന്ധപ്പെട്ട് അരഡസനിലേറെ വ്യത്യസ്താഭിപ്രായങ്ങളുണ്ടെന്നും അതില്‍ പ്രബലമായത് റബീഉല്‍ അവ്വല്‍ 8 ആനക്കലഹം നടന്ന വര്‍ഷമാണെന്നതും നാം മനസ്സിലാക്കി. ആ രീതിയില്‍ ജന്‍മദിനം ആഘോഷമായി കൊണ്ടാടാന്‍ തുടങ്ങിയത് ഈജിപ്തിലെ ശീഈ വിശ്വാസധാരമുറുകെപ്പിടിക്കുന്ന ഫാത്വിമീ ഭരണകൂടമാണെന്നും കണ്ടു. സുന്നീമേഖലയില്‍ ആദ്യമായി ജന്‍മദിനാഘോഷം കടന്നുവന്നതെവിടെയെന്നും എപ്പോഴെന്നുമാണ് ഈ ലേഖനത്തില്‍ നാം വിശകലനംചെയ്യാന്‍ ഉദ്ദേശിക്കുന്നത്.ഇമാദുദ്ദീന്‍ അല്‍ ഇസ്ഫഹാനി(597/ 1200)യുടെ ചരിത്രഗ്രന്ഥമായ ‘അല്‍ബര്‍ഖുല്‍ ശാമീ’ എന്ന കൃതിയാണ് ഈ വിഷയത്തില്‍ ലഭ്യമായ ചരിത്രപ്രമാണം. ആറാം നൂറ്റാണ്ടിന്റെ അവസാന മൂന്നുദശകങ്ങളില്‍ വിശാലസിറിയയിലുണ്ടായ രാഷ്ട്രീയമാറ്റങ്ങളെക്കുറിച്ച് അതില്‍ പ്രതിപാദിക്കുന്നുണ്ട്. കുരിശുയോദ്ധാക്കള്‍ക്കെതിരില്‍ മുസ്‌ലിംസൈന്യത്തിന്റെ യുദ്ധങ്ങളെക്കുറിച്ച് പ്രത്യേകിച്ചും. ദൗര്‍ഭാഗ്യവശാല്‍ അതിന്റെയെല്ലാം യഥാര്‍ഥകോപ്പികള്‍ എഡിറ്റുചെയ്യാത്ത കൈയെഴുത്തുപ്രതികളാണ്. എന്നിരുന്നാലും ചിലതെല്ലാം സംക്ഷിപ്തമായി നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും പ്രശസ്തമായൊന്നാണ് അല്‍ബന്ദരിയുടെ ‘സനാ അല്‍ ബര്‍ഖില്‍ ശാമീ’ എന്ന കൃതി. ഇതില്‍നിന്ന് എടുത്തവയാണ് താഴെക്കൊടുത്തിരിക്കുന്നത്.
ഹി.566(ക്രി. 1170)ല്‍ ഇറാഖിലെ പ്രമുഖനഗരമായ മൊസ്യൂളില്‍ നൂറുദ്ദീന്‍ അല്‍ സന്‍കിയുടെ സഹോദരന്‍ വഫാത്തായി. സല്‍ജൂക് രാജവംശത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന സന്‍കി ഭരണകൂടത്തിന്റെ പ്രശസ്തനായ നേതാവായിരുന്നു നൂറുദ്ദീന്‍. അദ്ദേഹം സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ മുന്നേറ്റത്തിന് ഏറെ സഹായിച്ചു. തന്റെ സഹോദരന്റെ മരണശേഷം അധികാരമേഖലയില്‍ ഉളവായ തര്‍ക്കകോലാഹലങ്ങള്‍ ശമിപ്പിക്കാന്‍ നൂറുദ്ദീന്‍ മൊസ്യൂള്‍ സന്ദര്‍ശിച്ചു. തുടര്‍ന്ന് ചരിത്രകാരന്‍ പറയുന്നത് കാണുക: ‘ഒരു സൂഫീഗാന്‍ഗാഹിന്റെ ചുമതലയുണ്ടായിരുന്ന ഉമറുല്‍ മുല്ലയെ നൂറുദ്ദീന്‍ കണ്ടുമുട്ടി. പ്രാദേശികനേതാക്കളും ഉന്നതകുലജാതരും അവിടെ സ്ഥിരം സന്ദര്‍ശകരായിരുന്നു. എല്ലാവര്‍ഷവും നബിജന്‍മദിനത്തില്‍ മുല്ല മൊസ്യൂളിന്റെ ഗവര്‍ണറെ ആ പരിപാടിയിലേക്ക് ക്ഷണിക്കും. ആ പരിപാടിയില്‍ കവികള്‍ തങ്ങളുടെ കവിതകള്‍ ആലപിച്ച് ഗവര്‍ണറുടെ കയ്യില്‍നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുക പതിവായിരുന്നു.’
സുന്നീമേഖലകളില്‍ ആദ്യമായി മൗലിദ് ആഘോഷങ്ങള്‍ നിലവില്‍വന്നതിനെക്കുറിച്ച ചെറുപരാമര്‍ശമാണിത്. ഈ സമ്പ്രദായം തുടങ്ങിവെച്ച ഉമറുല്‍ മുല്ല മതപണ്ഡിതനല്ലെന്നതും സൂഫീഅനുയായിമാത്രമാണെന്നും അറിയാമല്ലോ. അദ്ദേഹം ജീവിച്ചിരുന്ന കാലയളവോ ചരമദിനമോ നമുക്കറിയില്ല. ചരിത്രകാരനായ ഇമാദുദ്ദീന്‍ അദ്ദേഹം സത്കര്‍മിയായ മനുഷ്യനാണെന്ന് പറയുമ്പോള്‍തന്നെ (ഇമാദുദ്ദീന്റെ ഉദ്ധരണികളെ പകര്‍ത്തിയെഴുതുന്നവരും അതുതന്നെ ആവര്‍ത്തിക്കുന്നു) അതിനെ മറ്റൊരു പണ്ഡിതനായ ഇബ്‌നു റജബ്(ഹി. 795) ഖണ്ഡിക്കുന്നുണ്ട്. ഹനഫീ വിശാദരന്‍ എന്ന നിലക്ക് തന്റെ ജീവചരിത്രനിഘണ്ടുവായ ‘ദൈലു ത്വബഖാത്തില്‍ ഹനാബില’ യില്‍ ഉമറുല്‍ മുല്ലയെയും സ്വാഭാവികമായും പരാമര്‍ശിക്കുന്നുണ്ട് അദ്ദേഹം. മൊസ്യൂളിലെ ഹനഫീ പണ്ഡിതനായ മുഹമ്മദ് ബിന്‍ അബ്ദില്‍ ബാഖി(ഹി. 571) മൊസ്യൂള്‍ നഗരത്തിലെ ആദരണീയവ്യക്തിത്വമായിരുന്ന ഉമറുല്‍ മുല്ലയുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കള്ളനെന്ന് മുദ്രകുത്തപ്പെടുകയും മര്‍ദ്ദിക്കപ്പെടുകയുംചെയ്തത് അതില്‍ സൂചിപ്പിക്കുന്നു. തുടര്‍ന്ന് ഇബ്‌നുറജബ് എഴുതുന്നു:’ഈ സംഭവം കാരണമായി പുറമെ സാത്വികനും ദൈവഭക്തനുമായി നടിച്ചിരുന്ന ഉമറുല്‍ മുല്ലയെ ‘പുത്തന്‍വാദി’യായി കാണാന്‍ ഞാനിഷ്ടപ്പടുന്നു. മുഹമ്മദ് ബിന്‍ ബാഖിയുമായി ഉണ്ടായ സംഭവവികാസങ്ങള്‍ മുല്ലയുടെ മറ്റുള്ളവരുടെ നേര്‍ക്കുള്ള അനീതിയുടെയും അക്രമത്തിന്റെയും തെളിവാണ്.’ ഇബ്‌നുകസീര്‍(ഹി.774) എഴുതുന്നു: ‘ജനങ്ങളുടെ മേല്‍ അന്യായമായി ചുമത്തപ്പെട്ടിരുന്ന ചുങ്കങ്ങളും നികുതിയും നൂറുദ്ദീന്‍ സന്‍കി എടുത്തുകളഞ്ഞപ്പോള്‍ പ്രസ്തുതനടപടി നാട്ടില്‍ കുഴപ്പങ്ങള്‍ വര്‍ധിപ്പിക്കുമെന്ന് മുന്നറിയിപ്പുനല്‍കി ഉമറുല്‍ മുല്ല കത്തെഴുതുകയായിരുന്നു. എന്നാല്‍ നൂറുദ്ദീന്‍ അതിന് ഇപ്രകാരം മറുപടിനല്‍കി;
‘അല്ലാഹു എല്ലാറ്റിനെയും സൃഷ്ടിച്ച് അവയ്‌ക്കെല്ലാം നിയമങ്ങളുണ്ടാക്കി. ആ സൃഷ്ടികള്‍ക്കുത്തമമായതെന്തെന്ന് അവനാണ് ഏറ്റവും നന്നായി അറിയുന്നവന്‍. നികുതിപ്പണം വര്‍ധിപ്പിക്കണം എന്ന് അവന്‍ ഉദ്ദേശിച്ചിരുന്നുവെങ്കില്‍ അത് ശരീഅത്തില്‍ അവന്‍ കല്‍പിക്കുമായിരുന്നു. അതിനാല്‍ അല്ലാഹു വിധിച്ചതിലും കൂടുതലായി ജനങ്ങളില്‍നിന്ന് കവരാന്‍ നാം ആഗ്രഹിക്കുന്നില്ല. ശരീഅത് നിര്‍ദ്ദേശിച്ചതിനെവിട്ട് കൂടുതല്‍ എന്തെങ്കിലും അതിലേക്ക് ചേര്‍ക്കാന്‍ തുനിയുന്നത് ശരീഅത്തിന് ന്യൂനതയുണ്ടെന്ന് ആരോപിക്കുന്നതുപോലെയാണ്. അങ്ങനെ ചെയ്യുന്നപക്ഷം അത് അല്ലാഹുവിനും അവന്റെ നിയമങ്ങള്‍ക്കും എതിരെയുള്ള ധാര്‍ഷ്ട്യമാണ്. കരിപുരണ്ട മനസ്സുള്ളവര്‍ നേര്‍മാര്‍ഗത്തിലാക്കപ്പെടുകയില്ല. അല്ലാഹു നമ്മെയേവരെയും സന്‍മാര്‍ഗത്തിലാക്കട്ടെ’.
നാട്ടുനടപ്പില്‍ ഉള്ളതിന് വിപരീതമായ കാര്യമാണ് ഇവിടെയുണ്ടായത്. അതായത്, വര്‍ധനപിന്‍വലിക്കാന്‍ തീരുമാനിച്ച ഭരണാധികാരി നൂറുദ്ദീനെ ഉപദേശിക്കുന്നത് നികുതി വര്‍ധന പിന്‍വലിക്കരുതെന്നും അങ്ങനെചെയ്താല്‍ നാട്ടില്‍ കുഴപ്പങ്ങള്‍ വര്‍ധിക്കുമെന്നും വാദിക്കുന്ന ഉമറുല്‍ മുല്ലയെന്ന സൂഫീ പരിവ്രാജകന്‍! ഉമറുല്‍ മുല്ല പ്രവാചകനെ പുകഴ്ത്തി പാട്ടുപാടിക്കൊണ്ട് മൗലിദ് നടപ്പാക്കിയെന്നതല്ലാതെ മറ്റെന്താണ് ചെയ്തത്? എന്നാല്‍ ആ പ്രശംസാകാവ്യങ്ങളുടെ സാരാംശം എന്തെന്നോ അവയുടെ സ്വഭാവം എന്തെന്നോ പരിശോധിക്കാന്‍ ചരിത്രപുസ്തകങ്ങള്‍ മെനക്കെട്ടതേയില്ല. എന്തായാലും ആ കാവ്യങ്ങള്‍ മുഹമ്മദ് നബി(സ)യെ അര്‍ഹിക്കുന്നതിലുമപ്പുറം പുകഴ്ത്താനോ ദിവ്യപരിവേഷം ചാര്‍ത്താനോ മെനക്കെട്ടില്ലെന്നത് വാസ്തവമാണ്. പില്‍ക്കാലത്ത് രചിക്കപ്പെട്ട മൗലിദുകള്‍ അത്തരം ആരോപണങ്ങള്‍ പേറുന്നവയാണ്.
സന്‍കി സാമ്രാജ്യത്തിന്റെ നിയന്ത്രണത്തില്‍ താരതമ്യേന ചെറിയ പ്രവിശ്യയുടെ ഭാഗമായിരുന്നു മൊസ്യൂള്‍ നഗരം. അതിനാല്‍തന്നെ ആ നഗരത്തില്‍ നടക്കുന്ന മൗലിദ് ആഘോഷങ്ങള്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റാതിരുന്നത് സ്വാഭാവികം മാത്രം. മാത്രമല്ല, അതിനായി വലിയ ഫണ്ടും വേണ്ടിവന്നിരുന്നില്ല.എന്നല്ല, വിപുലമായ പരിപാടിയായി നടത്തണമെങ്കില്‍ ഭരണകൂടം തന്നെ അത് സ്‌പോണ്‍സര്‍ചെയ്യേണ്ടിവരുമായിരുന്നു. അതിന് തയ്യാറായി മുന്നോട്ടുവന്നത് മൊസ്യൂള്‍ നഗരത്തില്‍നിന്ന് ഒരുദിവസത്തെ വഴിയാത്രാദൂരം മാത്രമുള്ള, അര്‍ധസ്വയംഭരണപ്രവിശ്യയായ ഇര്‍ബില്‍ ഭരണാധികാരി മുളഫ്ഫര്‍ ബിന്‍ കുക്ബുരിയായിരുന്നു. അദ്ദേഹം മൗലിദ് കൊട്ടിഗ്‌ഘോഷമായിത്തന്നെ നടത്താന്‍ തീരുമാനിച്ചു. എന്നിട്ടും ഏതാനുംദശാബ്ദങ്ങള്‍ക്കുശേഷമാണ് ഇര്‍ബില്‍ പ്രവിശ്യയില്‍ അതിന് പ്രചാരം സിദ്ധിച്ചത്. സര്‍ക്കാര്‍ ഖജനാവില്‍നിന്ന് വാരിക്കോരിചെലവഴിച്ചുനടത്തുന്ന മൗലിദിന്റെ പേരില്‍ അങ്ങനെ ഏഴാംനൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ മുളഫ്ഫറുദ്ദീന്‍ പ്രശസ്തനായി.
സൂഫികള്‍ക്ക് പ്രാര്‍ഥനയ്ക്കും താമസത്തിനുമായി ഗാന്‍ഗാഹുകള്‍ (ആശ്രമങ്ങള്‍)നിര്‍മിച്ചുനല്‍കിയതിന്റെ പേരില്‍ മുളഫ്ഫറുദ്ദീന്‍ ഉദാരനായി അറിയപ്പെട്ടുവെന്ന് ചരിത്രകാരനായ ഇബ്‌നു ഖല്ലികാന്‍(ഹി. 681/1282) വെളിപ്പെടുത്തുന്നു. മുളഫ്ഫറുദ്ദീന്റെ സുഹൃത്തും ഇര്‍ബില്‍ നിവാസിയുമായ ഖല്ലികാന്‍ ആ മൗലിദ് ആഘോഷങ്ങള്‍ക്ക് സാക്ഷിയായിട്ടുണ്ട്.
‘മൗലിദിന്റെ രണ്ടുദിവസം മുമ്പേതന്നെ, മൗലിദ് സദ്യയ്ക്കായി ഒരുക്കിനിര്‍ത്തിയിട്ടുള്ള അളവറ്റ ഒട്ടകങ്ങളെയും പശുക്കളെയും ചെമ്മരിയാടുകളെയും ചെണ്ട-വാദ്യമേളങ്ങളുടെയും പാട്ടുകളുടെയും അകമ്പടിയോടെ മുളഫ്ഫറുദ്ദീന്‍ ആഘോഷവേദിയായ തുറന്ന മൈതാനത്തേക്ക് നയിക്കുന്നു. മൃഗങ്ങളെ അറുത്ത് വ്യത്യസ്തതരത്തിലുള്ള വിഭവങ്ങള്‍ തയ്യാറാക്കുന്നു. ആഘോഷദിനത്തിന്റെ തലേദിവസം രാത്രി മെഴുകുതിരിവെളിച്ചത്തിന്റെ അകമ്പടിയോടെ ഘോഷയാത്രയായി വരുന്ന ജനങ്ങളുടെയിടയില്‍ ഉപവിഷ്ടനാകുന്ന രാജസന്നിധിയില്‍ കവിതകള്‍ ആലപിക്കുന്നു. ആ ഘോഷയാത്രയില്‍ രണ്ടോ നാലോ-അതെത്രയാണെന്ന് മറന്നുപോയി-വലിയമെഴുകുതിരികള്‍ ഉയര്‍ത്തിപ്പിടിച്ച് കഴുതപ്പുറത്ത് ആളുകള്‍ വരും. അത് സൂഫി ആശ്രമത്തിലാണ് അവസാനിക്കുക. മൗലിദ് ആഘോഷദിനപ്രഭാതത്തില്‍ രാജകൊട്ടാരത്തില്‍നിന്ന് രാജവസ്ത്രം ഗാന്‍ഗാഹിലേക്ക് സൂഫികള്‍ എടുത്തുകൊണ്ടുപോകുന്നു. കൈകളില്‍ വിലപിടിച്ച തുണികൊണ്ടുള്ള പട്ട ചുറ്റി അസംഖ്യം സൂഫികള്‍ വരിയായി പ്രകടനമെന്നോണമാണ് പോകുക. മുളഫ്ഫര്‍ രാജാവ് ഗാന്‍ഗാഹിലേക്ക് പ്രമാണിമാരുടെയും നേതാക്കളുടെയും സാന്നിധ്യത്തില്‍ കടന്നുചെല്ലുന്നു. ആ വേളയെ പരിഗണിച്ച് മരത്തില്‍നിര്‍മിച്ച ഉയര്‍ന്ന ഗോപുരത്തില്‍ മുളഫ്ഫറുദ്ദീന്‍ ഉപവിഷ്ടനാകുന്നു. ആളുകളെയും മൈതാനത്തെയും അഭിമുഖമായിവരുംവിധം ഒട്ടേറെ ജനലുകള്‍ ഉള്ള ഗോപുരമാണത്. പ്രഭാഷകര്‍ക്കായി പ്രത്യേക പീഠങ്ങള്‍ സംവിധാനിച്ചിട്ടുണ്ടാകും അവിടെ. സൈനികദളവും മാര്‍ച്ചുചെയ്ത് അവിടെയെത്തുന്നു. മുളഫ്ഫറുദ്ദീന്‍ ഈ പ്രഭാഷണങ്ങളും മാര്‍ച്ച് പാസ്റ്റും ആഘോഷബഹളങ്ങളും കണ്ട് സമയം കഴിച്ചുകൂട്ടുന്നു. മാര്‍ച്ച് പാസ്റ്റ് കഴിയുന്നതോടെ പാവങ്ങള്‍ക്കായി ഭക്ഷണമേശ ഒരുങ്ങുന്നു. അതില്‍നിന്ന് ആഗ്രഹിക്കുന്നവര്‍ക്ക് എത്രവേണമെങ്കിലും ഭക്ഷിക്കാം. തൊട്ടപ്പുറം രാജകുടുംബാംഗങ്ങള്‍ക്കുള്ള സുപ്രയ്ക്കായി നടത്തുന്ന ഒരുക്കങ്ങളാണ്. അടുത്ത കിരീടാവകാശി ഓരോ പ്രസംഗകരെയും പ്രഭാഷകരെയും സമൂഹത്തിലെ പ്രമുഖരെയും നേതാക്കളെയും പ്രബോധകരെയും കവികളെയും പാട്ടുകാരെയും അടുത്തുവിളിച്ച് സംസാരിക്കുകയും അവര്‍ക്ക് വസ്ത്രങ്ങള്‍ നല്‍കുകയുംചെയ്യുന്നു. അവരെല്ലാം തിരികെ തല്‍സ്ഥാനങ്ങളില്‍ ചെന്നിരിക്കും. അതെല്ലാം കഴിഞ്ഞാല്‍ ഭക്ഷണമേശയിലേക്ക് ഒത്തുകൂടുന്നു. അസ്ര്‍ കഴിഞ്ഞ് രാവേറെ ചെല്ലുവോളം ഇത് തുടരുന്നു. സമാഅ്(സ്വൂഫി നൃത്തം) അടുത്തദിവസവും ഉണ്ടാകും. ഇങ്ങനെ എല്ലാ വര്‍ഷവും കൊണ്ടാടുന്നു. എല്ലാ സംഗതികളും ഇവിടെ വളരെ സംഗ്രഹമായാണ് ഞാന്‍ വിവരിച്ചത്.സ്ഥല-സമയ പരിമിതിയാല്‍ ചുരുക്കേണ്ടിവന്നതാണ്. ഏറ്റവുമൊടുവില്‍ ആ മൈതാനത്ത് കൂടിയ എല്ലാവര്‍ക്കും രാജാവ് നിശ്ചിതതുക തിരികെവീട്ടിലെത്താനുള്ള വഴിച്ചെലവിനെന്നോണം സമ്മാനമായി നല്‍കുന്നു.ഇര്‍ബിലിലൂടെ കടന്നുപോകാനിടയായ ഇബ്‌നു ദിഹ്‌യ മൗലിദുമായി ബന്ധപ്പെട്ട് മുളഫ്ഫറുദ്ദീന്‍ എന്തൊക്കെചെയ്യുന്നുവെന്നതിന്റെ വിശദമായ കുറിപ്പെഴുതിയിട്ടുണ്ട്. അക്കാരണത്താല്‍ തന്നെ ആയിരം സ്വര്‍ണനാണയങ്ങള്‍ ദിഹ്‌യക്ക് മുളഫ്ഫറുദ്ദീന്‍ സമ്മാനിക്കുകയുണ്ടായി. അതോടൊപ്പം മൗലിദ് ചടങ്ങില്‍ സംബന്ധിക്കാന്‍ എല്ലാവര്‍ഷവും വലിയ സ്വീകരണവും അദ്ദേഹത്തിന് നല്‍കുന്നു.
സമീപപ്രദേശങ്ങളിലെ ആളുകളെ ആകര്‍ഷിക്കാനും സന്ദര്‍ശകരെ സൃഷ്ടിക്കാനും മുളഫ്ഫര്‍ വര്‍ണശബളമായ ആഘോഷങ്ങള്‍ സംഘടിപ്പിച്ചതായി നാം കണ്ടു. ഒട്ടുംതന്നെ ശ്രദ്ധിക്കപ്പെടാതിരുന്ന ഉമറുല്‍ മുല്ലയുടെ മൗലിദ് ആഘോഷം മുളഫ്ഫറുദ്ദീന്‍ മാറ്റിമറിച്ചതെങ്ങനെയെന്ന് നിങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാകും. മൗലിദ് ആഘോഷത്തിന് നല്‍കിയ പ്രചാരണം തന്നെ അതിനുകാരണം.
ചുരുക്കത്തില്‍, ഹിജ്‌റ 7-ാം നൂറ്റാണ്ടില്‍ ഉമറുല്‍ മുല്ലയിലൂടെയും മുളഫ്ഫറുദ്ദീനിലൂടെയും സുന്നിലോകത്തേക്ക് ഇറക്കുമതി ചെയ്യപ്പെട്ടതാണ് മൗലിദ്. ദമാസ്‌കസില്‍നിന്നുള്ള സമകാലികനായ ചരിത്രകാരന്‍ അബൂ ശംഅ അല്‍ മഖ്ദീസി(ഹി. 665)അക്കാര്യം സംശയലേശമന്യേ വ്യക്തമാക്കുന്നുണ്ട്.
(ബാക്കി അടുത്ത കാഴ്ചയില്‍)
Add Comment