ക്ഷീണിപ്പിക്കുന്നത്, ബലഹീനമാക്കുന്നത് എന്നൊക്കെയാണ് മുഅ്ജിസത്ത് എന്ന വാക്കിന്റെ അര്‍ഥം. എതിരാളികളുടെ വാദമുഖങ്ങളെ ദുര്‍ബലമാക്കുകയും അവരെ സത്യം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാക്കുകയുംചെയ്യുന്ന കാര്യങ്ങള്‍ക്കാണ് ‘മുഅ്ജിസത്ത്’എന്ന് പറയുന്നത്. പ്രവാചകന്‍മാരാല്‍ മാത്രം സംഭവിക്കുന്ന അമാനുഷിക കൃത്യങ്ങളാണ് സാങ്കേതികമായി മുഅ്ജിസത്ത് എന്ന വിവക്ഷയില്‍പെടുന്നത്. പ്രവാചകന്‍മാരല്ലാത്ത പുണ്യാത്മാക്കളിലൂടെ സംഭവിക്കുന്ന അത്ഭുതകൃത്യങ്ങള്‍ക്ക് ‘കറാമത്ത്’ എന്ന് പറയും. ‘മുഅ്ജിസത്തി’ന്റെ ലക്ഷ്യം കറാമത്തിനില്ല. അതിനാല്‍ ഒരു വ്യക്തിയുടെ വാദങ്ങള്‍ക്ക് കറാമത്ത് തെളിവാകുകയില്ല. മുഅ്ജിസത്ത് പ്രവാചകന്‍മാര്‍ക്ക് പരസ്യമാക്കാം. എന്നാല്‍ കറാമത്ത് പരസ്യമാക്കാന്‍ പാടില്ല.
ഇസ്‌ലാം മുഅ്ജിസത്തിന്റെ അസ്തിത്വം അംഗീകരിക്കുന്നു. എന്നാല്‍ അതിനെ ഒരു പ്രചാരണായുധമായി സ്വീകരിച്ചിട്ടില്ല. അത്ഭുതങ്ങളുടെ പ്രദര്‍ശനത്തിലൂടെയല്ല, മറിച്ച് യുക്തി ഭദ്രമായ ന്യായവാദത്തിലൂടെയാണ് ഇസ്‌ലാം വിശ്വാസപ്രചാരണം നടത്തുന്നത്. മുഅ്ജിസത്ത് ഒരു പ്രവാചകന്റെ മരണത്തോടെ അവസാനിക്കും. കാലക്രമേണ ആ പ്രവാചകന്റെ ദൗത്യവും അദ്ദേഹത്തില്‍ വിശ്വസിച്ച ജനത മറക്കും. പ്രവാചകന്‍മാരായ ഈസായുടെയും മൂസായുടെയും അനുഭവങ്ങള്‍ അതിന് ഉദാഹരണമാണ്. ജൂതന്‍മാര്‍ മന്ത്രശക്തിയില്‍ അതിയായി വിശ്വസിക്കുന്നവരായിരുന്നു. അതിനാല്‍ അവരില്‍വന്ന പ്രവാചകന്‍മാര്‍ക്കും ആ മാന്ത്രികശക്തികളെ വെല്ലുന്ന രീതിയില്‍ അത്ഭുതങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടിവന്നു.
ആ പ്രവാചകന്‍മാരുടെ മരണത്തോടെ അവരുടെ ജനത പിഴച്ചുപോവുകയുംചെയ്തു. ശാശ്വതമായി നിലനില്‍ക്കേണ്ട ഒരു മതം ഒരു പ്രവാചകന്റെ അത്ഭുത പ്രദര്‍ശനത്തിലൂടെയല്ല ആവിഷ്‌കരിക്കപ്പെടുക. അതിനാല്‍ ഇസ്‌ലാം അത്ഭുതങ്ങളുടെ പ്രദര്‍ശനത്തേക്കാള്‍ സുസ്ഥാപിതമായ ആശയസംവാദങ്ങളിലൂടെ പ്രചരിക്കട്ടെ എന്നാണ് ദൈവനിശ്ചയം. ഇസ്‌ലാമിന്റെ ചരിത്രം അതിന് സാക്ഷിയാണ്. എന്നുവെച്ച് ഇസ്‌ലാം മുഅ്ജിസത്തിന്റെ പ്രസക്തി തീരെ അവഗണിച്ചുമില്ല. നബിയുടെ ജീവിതത്തിലുടനീളം മുഅ്ജിസത്തുകള്‍ സംഭവിച്ചിരുന്നതായി സീറാഗ്രന്ഥങ്ങളില്‍ കാണാം. ഇസ്‌ലാമിന്റെ ആദര്‍ശാടിത്തറ വിവരിക്കുന്ന വേദഗ്രന്ഥമായ ഖുര്‍ആന്‍തന്നെയും ഒരു മുഅ്ജിസത്തായാണ് മുസ്‌ലിംകള്‍ കാണുന്നത്. ഖുര്‍ആന് സമാനമായ കൃതി ഇന്നുവരെ രചിക്കപ്പെട്ടിട്ടില്ല എന്നത് ഇതിന് തെളിവാണ്. ഈ അര്‍ഥത്തില്‍ പ്രവാചകന്‍മാരാല്‍ സംഭവിക്കുന്ന അത്ഭുതകാര്യങ്ങള്‍, അമാനുഷികദൃഷ്ടാന്തങ്ങള്‍ മുതലായവയാണ് മുഅ്ജിസത്തിന്റെ വിവക്ഷയില്‍ പെടുന്നത്.
Add Comment