സാമൂഹികം-ഫത്‌വ

മഹ്‌റമില്ലാതെ സ്ത്രീക്ക് വിദേശത്ത് പഠനത്തിന് പോകാമോ ?

ചോദ്യം : പുതിയ കാലഘട്ടത്തില്‍ വനിതകള്‍ക്ക് മഹറമി (രക്തബന്ധം ഉള്ളയാള്‍)ല്ലാതെ, കോണ്‍ഫറന്‍സുകളില്‍ പങ്കെടുക്കാനായി വിദേശത്ത് പോകാമോ ? പഠന ആവശ്യങ്ങള്‍ക്കായി മഹ്‌റമില്ലാതെ വനിതകള്‍ക്ക് വിദേശത്ത് പോവാമോ ?

—————————-

ഉത്തരം :  സ്ത്രീയുടെ പദവിയെയും സ്ഥാനത്തെയും വളരെയേറെ മാനിക്കുന്ന ദര്‍ശനമാണ് ഇസ് ലാം. സ്ത്രീയുടെ ദുര്‍ബലതയും അതിക്രമിക്കപ്പെടാനുള്ള സാധ്യതയും കണക്കിലെടുത്ത് അവരുടെ സുരക്ഷയുടെ കാര്യത്തില്‍ ഇസ് ലാം കണിശമായ ശ്രദ്ധപുലര്‍ത്തുന്നു. അതിനാല്‍ ആവശ്യമായ സുരക്ഷാരീതികള്‍ സ്വീകരിക്കാതെ അവര്‍ വിദൂരം യാത്രചെയ്യരുതെന്നാണ് ഇസ് ലാമിന്റെ നിലപാട്.

ഇവ്വിഷയത്തില്‍ പ്രമുഖ ഇസ് ലാമിക പണ്ഡിത സൈനബ് മുസ്തഫ പറയുന്നത് ഇങ്ങനെ: നവീനമായ നിരവധി യാത്രാമാര്‍ഗങ്ങള്‍ വന്നതോടെ ആധുനിക ലോകം ശരിക്കും ഒരു ചെറിയ ഗ്രാമമായ സാഹചര്യമാണ് നിലവിലുള്ളത്. എങ്കിലും നാമിപ്പോഴും ഇസ് ലാമിക അധ്യാപനങ്ങള്‍ പിന്‍പറ്റി ജീവിക്കുന്നു. അതേസമയം, വിശ്വാസയോഗ്യരായ ഒരുവിഭാഗത്തിന്റെ സാന്നിധ്യമുണ്ടെങ്കില്‍ സ്ത്രീക്ക് മഹ്‌റമില്ലാതെയും യാത്രചെയ്യാവുന്നതാണ്. ഹജ്ജ് യാത്രക്കും വിദ്യാഭ്യാസം പോലുള്ള ജീവിതത്തിലെ അര്‍ഥവത്തായ ഒരു ലക്ഷ്യം നേടാനുള്ള യാത്രക്കും ഇസ് ലാമിക് കോണ്‍ഫറന്‍സുകള്‍, മീറ്റിങുകള്‍ എന്നിവയില്‍ പങ്കെടുക്കാനുള്ള യാത്രകള്‍ക്കും ഇപ്രകാരം സ്ത്രീക്ക് അനുവദനീയമാണ്. 

അദിയ്യ് ബിന്‍ ഹാത്വിം അത്ത്വാഈ (റ) ഇസ് ലാം സ്വീകരിച്ചപ്പോള്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന മൂന്ന് അടയാളങ്ങളെക്കുറിച്ച് നബി (സ) അദ്ദേഹത്തോട് പ്രവച്ചിച്ചതായി ഹദീസുകളില്‍ കാണാം. കിഴക്കും പടിഞ്ഞാറും ഇസ് ലാമിന്റെ സന്ദേശം എത്തി മുസ് ലിംകള്‍ പേര്‍ഷ്യയുടെയും റോമിന്റെയും അധികാരം വാഴുമെന്നും, യമന്‍ മുതല്‍ ഹദര്‍മൗത്ത് വരെ ഒരു സ്ത്രീക്ക് തനിയെ യാത്ര ചെയ്യാന്‍ കഴിയുന്നവിധം ലോകത്ത് സമാധാനം പുലരുകയും ചെയ്യുമെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. സ്ത്രീക്ക് സുരക്ഷ അനുഭവപ്പെടുമ്പോള്‍ തനിയെയും യാത്രചെയ്യാമെന്നാണ് ഈ ഹദീസില്‍ നിന്ന് പണ്ഡിതന്‍മാര്‍ നിര്‍ധാരണം ചെയ്ത വിധി. അഥവാ, മുകളില്‍ സൂചിപ്പിച്ച സുരക്ഷയുടെ സാഹചര്യം ഉണ്ടെങ്കില്‍ സ്ത്രീക്ക് തനിയെ യാത്രചെയ്യാമെന്നാണ് എന്റെ അഭിപ്രായം. പഠനകാലയളവില്‍ മഹ്‌റമിനോടൊപ്പം താമസിക്കാന്‍ കഴിയാത്ത അവസ്ഥയില്‍ അവള്‍ക്ക് സല്‍സ്വഭാവികളും വിശ്വസ്തരുമായ സഹോദരികളോടൊപ്പമോ വനിതകള്‍ക്കുള്ള മുസ് ലിം ഹോസ്റ്റലുകളിലോ താമസിക്കാവുന്നതാണ്.

 

Topics