ഇസ്മാഈല്‍ പ്രവാചകന്‍മാര്‍

ഇസ്മാഈല്‍ (അ)

ഇബ്രാഹീം നബിക്ക് രണ്ടാം ഭാര്യയായ ഈജിപ്തുകാരി ഹാജറയില്‍ ജനിച്ച ആദ്യപുത്രനാണ് ഇസ്മാഈല്‍. ഇസ്മാഈലിനെയും മാതാവ് ഹാജറയെയും ഇബ്രാഹീം നബി മക്കയില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയുണ്ടായി. ദിവ്യകല്‍പനയനുസരിച്ചു ഇബ്രാഹീം അവരെ വെള്ളം പോലും കിട്ടാനില്ലാത്ത ആ സ്ഥലത്ത് ഒറ്റക്ക് വിട്ട് പോരുകയാണുണ്ടായത്. അവിടെ നടന്ന സംഭവം മുഹമ്മദ് നബി ഇങ്ങനെ നിവേദനം ചെയ്തിട്ടുണ്ട്. ഇബ്രാഹീമിനും ഭാര്യ സാറക്കും മാത്രമറിയാവുന്ന ചില കാരണങ്ങളാല്‍ അദ്ദേഹം മകന്‍ ഇസ്മാഈലിനെയും ഭാര്യ ഹാജറയെയും കൂട്ടി നാടുവിട്ടു. അവരുടെ കൈയില്‍ വെള്ളത്തിന്റെ തോല്‍സഞ്ചിയുണ്ടായിരുന്നു. ഇസ്മാഈലിന്റെ മാതാവ് അതില്‍നിന്നു കുടിക്കുകയും കുട്ടിക്ക് മുലകൊടുക്കുകയും ചെയ്തു. ഇപ്പോള്‍ മക്ക സ്ഥിതിചെയ്യുന്ന സ്ഥലത്തെത്തിയപ്പോള്‍ കുട്ടിയെ അവിടെ കിടത്തി ഇബ്രാഹീം അവിടെനിന്ന് യാത്രയായി. ഹാജറ പിന്നാലെ ചെന്ന് ‘നിങ്ങള്‍ എന്നെ ആരുടെ കൂടെയാണ് വിട്ടേച്ചു പോകുന്നത്’ എന്നു ചോദിച്ചു. ‘ ദൈവത്തിന്റെ കൂടെ’ എന്നദ്ദേഹം മറുപടി പറഞ്ഞപ്പോള്‍ ”ഞാന്‍ എന്റെ ദൈവത്തില്‍ സംതൃപ്തയാണ്” എന്നു തൃപ്തിയോടെ പ്രതിവചിച്ച് അവര്‍ മടങ്ങി. പാത്രത്തില്‍നിന്നു വെള്ളം കുടിച്ചും കുട്ടിക്ക് മുലകൊടുത്തും കഴിഞ്ഞു. വെള്ളം തീര്‍ന്നുപോയപ്പോള്‍ ആരെയെങ്കിലും കണ്ടുമുട്ടുമെന്ന പ്രതീക്ഷയോടെ സ്വഫാ മര്‍വാ മലകളില്‍ മാറി മാറി കയറി ഇറങ്ങി. പക്ഷേ, ആരെയും കണ്ടില്ല. പെട്ടന്ന് ഒരു ശബ്ദം കേട്ടു. ‘ദയയുണ്ടെങ്കില്‍ എന്നെ സഹായിക്കൂ’ എന്നവര്‍ വിളിച്ചു പറഞ്ഞു. അത് ജിബ്രീല്‍ എന്ന മലക്കായിരുന്നു. മലക്ക് കാല്‍കൊണ്ട് നിലത്തു ചവിട്ടുകയും അപ്പോള്‍ അവിടെനിന്നും വെള്ളം പൊട്ടിപ്പുറപ്പെടുകയും ചെയ്തു. അവര്‍ ആ ദ്വാരം വിശാലമാക്കി. അവര്‍ അതില്‍നിന്ന് കുടിക്കുകയും കുട്ടിക്ക് മുല കൊടുക്കുകയും ചെയ്തുപോന്നു (ബുഖാരി). ഇതാണ് ഇന്നും വറ്റാതെ നില്‍ക്കുന്ന സംസം കിണര്‍.
ഇസ്മാഈല്‍ വളര്‍ന്ന് ബാലനായിത്തീര്‍ന്നപ്പോള്‍ അദ്ദേഹത്തെ അറുക്കാന്‍ പിതാവ് ഇബ്രാഹീം നബിക്ക് ദൈവകല്‍പന കിട്ടുകയും അതിനുവേണ്ടി രണ്ടു പേരും മടികൂടാതെ തയ്യാറാവുകയും ചെയ്തു. (37: 83-113). അദ്ദേഹത്തിനും പിതാവിനും കഅ്ബ പരിശുദ്ധമാക്കി സൂക്ഷിക്കാന്‍ ദിവ്യകല്‍പ്പനയുണ്ടായി. (2: 125) അവര്‍ രണ്ടു പേരും കൂടി അത് പുതുക്കിപ്പണിതു. അവിടെവെച്ചു നാടിന്റെ ഐശ്വര്യത്തിനും തങ്ങളുടെ സന്താനങ്ങള്‍ ഒരു നല്ല ജനതയായിത്തീരാനും അവരില്‍ ഒരു പ്രവാചകന്‍ നിയോഗിക്കപ്പെടാനും അല്ലാഹുവോടു പ്രാര്‍ഥിച്ചു. (2: 124-130)
ഇബ്രാഹീം നബിയും ഇസ്മാഈല്‍ നബിയുമാണ് ഹജ്ജ് കര്‍മത്തിലെ സ്മര്യപുരഷന്മാര്‍. അവരുടെ ജീവിതത്തിലെ സംഭവങ്ങള്‍ അനുസ്മരിപ്പിക്കുന്നതാണ് ഹജ്ജിലെ കര്‍മങ്ങള്‍.

Topics