ഇബ്‌റാഹീം പ്രവാചകന്‍മാര്‍

ഇബ്‌റാഹീം (അ)

പ്രാചീന അറബികളും ജൂതക്രൈസ്തവരും എല്ലാം ഒരു പോലെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ദൈവദൂതനത്രെ ഇബ്‌റാഹീം(അ). വിശുദ്ധഖുര്‍ആനില്‍ വളരെയധികം സന്ദര്‍ഭങ്ങളില്‍ ഇബ്രാഹീം(അ) പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഏകദൈവ വിശ്വാസപ്രബോധനത്തിന്റെയും ആ മാര്‍ഗത്തില്‍ വരിക്കേണ്ടിവന്ന നിസ്തുല ത്യാഗത്തിന്റെയും മകുടോദാഹരണമാണ് ഇബ്രാഹീ(അ) മിന്റെ ജീവിതം.
ഏകദേശം 4000 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറാഖിലായിരുന്നു ഇബ്രാഹീം(അ)യുടെ ജനനവും മതപ്രബോധനവും. അക്കാലത്തെ ഇറാഖീ ജനത നക്ഷത്രങ്ങളെ ആരാധിച്ചിരുന്നു. പ്രാചീന ഡമസ്‌കസ് പട്ടണത്തിന് ഓരോ നക്ഷത്രത്തെയും പ്രതിനിധീകരിച്ച് ഏഴു കവാടങ്ങള്‍ പണിതിരുന്നത്രെ. നക്ഷത്രങ്ങള്‍ പോലുള്ള പ്രകൃതി വസ്തുക്കള്‍ക്കു പുറമെ സ്വയം നിര്‍മിച്ച വിഗ്രഹങ്ങള്‍ക്കും അവര്‍ ആരാധനയര്‍പ്പിച്ചിരുന്നു. വിഗ്രഹങ്ങള്‍ നിറഞ്ഞ നിരവധി ക്ഷേത്രങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നു. അന്ന് ഇറാഖ് ഭരിച്ചിരുന്ന ശക്തനായ ഭരണാധികാരിയായിരുന്നു നംറൂദ്. ഇങ്ങനെ നാടും ഭരണാധികാരിയും ഒക്കെത്തന്നെ ദൈവേതരരെ ആരാധ്യരായി സ്വീകരിക്കുക എന്ന മഹാ പാതകത്തില്‍ മുഴുകിയ സന്ദര്‍ഭത്തിലാണ് അവര്‍ക്കിടയില്‍ ഇബ്രാഹീം(അ) ദൈവദൂതനായി നിയോഗിക്കപ്പെടുന്നത്. ശിര്‍ക്കിന്റെ (ബഹുദൈവാരാധന) മടിത്തട്ടില്‍ വിഗ്രഹ വില്‍പ്പനക്കാരനായ ആസറിന്റെ മകനായി ഇബ്രാഹീം ജനിച്ചു.
ഇബ്രാഹീമിനു ചെറുപ്പത്തില്‍ത്തന്നെ വിവേകം നല്‍കി (21: 51) എന്നും വലുതായപ്പോള്‍ അല്ലാഹുവിന്റെ ഏറ്റവും അടുത്ത ആളാക്കി (4: 125) എന്നും ഖുര്‍ആന്‍ പറയുന്നു. ദൈവത്തിന്റെ സൃഷ്ടികളായ സൂര്യചന്ദ്ര നക്ഷത്രാധികളെയും സ്വകരനിര്‍മിതമായ കരിങ്കല്‍ വിഗ്രഹങ്ങളെയും പൂജിക്കുന്നതിന്റെ നിരര്‍ഥകതയും സ്രഷ്ടാവിന്റെ മഹത്വങ്ങളും അവനെ മാത്രം ആരാധിക്കേണ്ടതിന്റെ ആവശ്യകതയും ഇബ്രാഹീം (അ) സ്വപിതാവിനോടും ജനങ്ങളോടും ഭരണാധികാരികളോടുമൊക്കെ പറയുകയുണ്ടായി. പ്രതികരണം പ്രതീക്ഷാ നിര്‍ഭരമായിരുന്നില്ല. ജനങ്ങള്‍ വെറുത്തു. പിതാവ് ആട്ടിയോടിച്ചു (19: 46). രാജാവ് തീക്കുണ്ഡത്തിലെറിഞ്ഞു (37: 97,98). തൗഹീദിന്റെ മാര്‍ഗത്തില്‍ അഗ്നിപരീക്ഷണം അക്ഷരാര്‍ഥത്തില്‍ അദ്ദേഹം അനുഭവിച്ചു. എന്നിട്ടും അദ്ദേഹം പതറിയില്ല. അദ്ദേഹത്തിന് വളരെ കുറച്ചുപേര്‍ മാത്രമേ അനുയായികളായി ഉണ്ടായിരുന്നുള്ളൂ.
മനുഷ്യ മനസ്സുകളോട് ധൈഷണികമായി സംവദിച്ച ഇബ്രാഹീം(അ)ന്റെ തൗഹീദ് പ്രബോധനം ഖുര്‍ആന്‍ ഹൃദയസ്പൃക്കായി അവതരിപ്പിക്കുന്നുണ്ട്. ”അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ രാവും പകലും സൂര്യനും ചന്ദ്രനും. സൂര്യനോ ചന്ദ്രനോ നിങ്ങള്‍ പ്രണാമം ചെയ്യരുത്. അവയെ സൃഷ്ടിച്ചവനായ അല്ലാഹുവിന് നിങ്ങള്‍ പ്രണാമം ചെയ്യുക; അവനെയാണ് ആരാധിക്കുന്നതെങ്കില്‍” (41: 37). ഇസ്‌ലാമിന്റെ ഈ തത്വം നക്ഷത്രാരാധകരായ തന്റെ ജനതയോട് ഇബ്രാഹീം പ്രബോധനം ചെയ്തത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്.
”അങ്ങനെ രാത്രി അദ്ദേഹത്തെ മൂടിയപ്പോള്‍ അദ്ദേഹം ഒരു നക്ഷത്രം കണ്ടു. അദ്ദേഹം പറഞ്ഞു: ഇതാണെന്റെ രക്ഷിതാവ്! അത് അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: അസ്തമിച്ചു പോകുന്നവരെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അനന്തരം ചന്ദ്രന്‍ ഉദിച്ചുയരുന്നത് കണ്ട് അദ്ദേഹം പറഞ്ഞു: ഇതാണ് എന്റെ രക്ഷിതാവ്! എന്നിട്ട് അതും അസ്തമിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവ് എനിക്ക് നേര്‍വഴി കാണിച്ചു തന്നില്ലെങ്കില്‍ തീര്‍ച്ചയായും ഞാന്‍ വഴിപിഴച്ച ജനവിഭാഗത്തില്‍ പെട്ടവനായിത്തീരും. അനന്തരം സൂര്യന്‍ ഉദിച്ചുയരുന്നത് കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു: ഇതാ എന്റെ രക്ഷിതാവ്! ഇതാണ് ഏറ്റവും വലുത്. അങ്ങനെ അതും അസ്തമിച്ചപോയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ സമുദായമേ, നിങ്ങള്‍ ദൈവത്തോട് പങ്ക് ചേര്‍ക്കുന്നതില്‍ നിന്നെല്ലാം തീര്‍ച്ചയായും ഞാന്‍ ഒഴിവാകുന്നു.” (6: 76-78)
രാജ്യം ഭരിച്ചിരുന്ന സ്വേഛാധിപതി, ധിക്കാരിയായ നംറൂദ്. താന്‍തന്നെയാണ് ദൈവം എന്ന് പ്രഖ്യാപിച്ച അദ്ദേഹത്തോട് ഇബ്രാഹീം(അ) സൗമ്യമായി സ്രഷ്ടാവിനെ പരിചയപ്പെടുത്തുന്നു: ‘ജീവിതവും മരണവും നല്‍കുന്നവനാണ് ഞാന്‍ പറയുന്ന ദൈവം’ എന്ന് ദൈവദൂതന്‍ പറഞ്ഞപ്പോള്‍ ‘അത് താനും ചെയ്യുന്നുവല്ലോ’ എന്നാണ് നംറൂദ് പറഞ്ഞത്. തന്റെ പ്രജകളില്‍ ആരെ വേണമെങ്കിലും കൊല്ലാനോ ജീവിക്കാന്‍ അനുവദിക്കാനോ ഒരുസ്വേഛാധിപതിക്ക് പ്രയാസമില്ല. എന്നാല്‍ ഇബ്രാഹീം ചര്‍ച്ചയുടെ മര്‍മത്തിലേക്ക് നംറൂദിനെ തിരിച്ചുകൊണ്ടുവരുന്നു. ”എന്റെ രക്ഷിതാവാണ് സൂര്യനെ കിഴക്കുദിപ്പിച്ചത്; താങ്കള്‍ക്കത് പടിഞ്ഞാറ് നിന്നാക്കാമോ?. നംറൂദ് അക്ഷരാര്‍ഥത്തില്‍ ഉത്തരം മുട്ടിപ്പോയി.” (2: 258)
വിഗ്രാഹാരാധനയുടെ നിരര്‍ഥകത എത്ര ബോധ്യപ്പെടുത്തിയിട്ടും അംഗീകരിക്കാന്‍ കൂട്ടാക്കാത്ത ജനതയ്ക്ക് ഇബ്രാഹീം(അ) ഒരു പാഠം നല്‍കുന്നു. ഒരിക്കല്‍ അനേകം വിഗ്രഹങ്ങള്‍ക്കൊണ്ട് നിറഞ്ഞ ഒരു ഭവനത്തിലേക്ക് കയറി ആരുമറിയാതെ അദ്ദേഹം അവയെ തല്ലിയുടച്ചു. വലിയ വിഗ്രഹത്തെ ഒഴിച്ചു നിര്‍ത്തി. വിഗ്രഹങ്ങളെ ജീവനേക്കാള്‍ സ്‌നേഹിച്ചിരുന്ന അവര്‍ക്ക് ഈ കാഴ്ച ഹൃദയഭേദകമായിരുന്നു. നംറൂദ് സംശയത്തിന്റെ പേരില്‍ യുവാവായ ഇബ്രാഹീമിനെ വിളിപ്പിച്ചു. ചോദ്യം ചെയ്തു. ജനമധ്യത്തില്‍ വെച്ച് അദ്ദേഹം നിസ്സങ്കോചം പറഞ്ഞു: ”ഒന്നും സംഭവിക്കാതെ നില്‍ക്കുന്ന ആ വലിയ വിഗ്രഹമായിരിക്കാം ഇതു ചെയ്തത്!” ഒരു നിമിഷം അവര്‍ മനസ്സാക്ഷിക്കുമുമ്പില്‍ പ്രതിക്കൂട്ടിലായി. ”ഇബ്രാഹീം, അവ സംസാരിക്കുകയില്ല, എന്ന് നിനക്കറിഞ്ഞുകൂടേ?”. ”എങ്കില്‍ പിന്നെന്തിനീ നിര്‍ജീവ വസ്തുക്കളെ നിങ്ങള്‍ ആരാധിക്കുന്നു?”. ഇബ്രാഹീമിന്റെ ഈ ചോദ്യത്തിനുമുന്നില്‍ അവരുടെ മനസ്സുകളില്‍ കുടിയിരുത്തപ്പെട്ട വിഗ്രഹങ്ങള്‍ തകര്‍ന്നു തരിപ്പണമാകുകയായിരുന്നു. മനുഷ്യമനസ്സില്‍ ഉണ്ടായേക്കാവുന്ന പരിവര്‍ത്തനങ്ങള്‍ മുന്‍കൂട്ടികണ്ട സ്വേഛാധികാരി ഇബ്രാഹീമിനെ തീയിലെറിയാന്‍ കല്‍പ്പന കൊടുക്കുകയാണുണ്ടായത്! (21: 57-69).
നന്ദികെട്ട ആ ജനം ഇബ്രാഹീമിനുവേണ്ടി തീക്കുണ്ഡമൊരുക്കി. നിരപരാധിയായ ഇബ്രാഹീം (അ) ജനമധ്യത്തില്‍ വെച്ച് അതിലേക്കെറിയപ്പെട്ടു. ജനം ആര്‍ത്തു ചിരിച്ചു. തങ്ങളുടെ ശത്രുവായ ഇബ്രാഹീം കത്തിക്കരിഞ്ഞു പോകുന്നത് കണ്‍കുളിര്‍ക്കെ നോക്കിക്കാണാന്‍ കാത്തിരുന്നവര്‍ക്ക് പക്ഷേ, കണ്ണുതള്ളിപ്പോയി. ഒരു പോറലുമേല്‍ക്കാതെ തിരിച്ചുവന്ന ഇബ്രാഹീം(അ) അല്ലാഹുവിന്റെ പ്രത്യേക സംരക്ഷണത്താല്‍ രക്ഷപ്പെടുകയായിരുന്നു. (21: 70)
ഇബ്രാഹീം നബിയുടെ ഭാര്യ സാറ വന്ധ്യയായിരുന്നു. അനപത്യദുഃഖത്തില്‍ കഴിഞ്ഞ ഇബ്രാഹീം(അ) ഭാര്യയുടെ തന്നെ നിര്‍ദേശപ്രകാരം അടിമസ്ത്രീയായ ഹാജറയെ വിവാഹം ചെയ്തു. ഹാജറയില്‍ ഇസ്മാഈല്‍ എന്ന സന്താനം ലഭിച്ചു. ദൈവിക നിര്‍ദേശപ്രകാരം ഹാജറയെയും കുഞ്ഞിനെയും വളരെ ദൂരെ മക്കയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു. ചരിത്രത്തിന്റെ മറ്റൊരു ദശാസന്ധിയായിരുന്നു അത്. പച്ചവെള്ളമോ പച്ചപ്പുല്ലോ ഇല്ലാത്ത ജനവാസയോഗ്യമല്ലാത്ത സ്വഫാ മര്‍വാ താഴ്‌വരകളില്‍ ഒരുമ്മയും കുഞ്ഞും മാത്രം. ദൈവനിയോഗം. വെള്ളമുണ്ടായി. തന്മൂലം ജനവാസം തുടങ്ങി. കാലക്രമത്തില്‍ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും കേന്ദ്രമായി മാറിയ മക്ക ഇന്നൊരു നഗരമാണ്. ലോക മുസ്‌ലിംകളുടെ കേന്ദ്രമാണ്. അന്നു തുടങ്ങിയ ആ ഉറവ (സംസം) വറ്റാതെ ഒരത്ഭുതമായി ഇന്നും നിലനില്‍ക്കുന്നു.
നിരന്തരമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായ ഇബ്രാഹീം(അ) നെ അല്ലാഹു വീണ്ടും പരീക്ഷിക്കുന്നു. തന്നോടൊത്ത് നടക്കാനായ അരുമ മകനെ ബലി നല്‍കണമെന്ന് ദിവ്യകല്‍പന! വാര്‍ധക്യത്തില്‍ കിട്ടിയ ഏകസന്തതി! ആ പ്രവാചകന് ദൈവകല്‍പ്പനയ്ക്കുമുമ്പില്‍ മറ്റൊന്നും ചിന്തിക്കാനില്ലായിരുന്നു. അദ്ദേഹം തയ്യാറായി. എന്നാല്‍ ആ പരീക്ഷണത്തില്‍ വിജയിച്ച ഇബ്രാഹീം(അ) നെ മറ്റൊരു ബലിമൃഗത്തെ പകരം നല്‍കി അല്ലാഹു രക്ഷപ്പെടുത്തി (37: 102-109). ദൈവികമാര്‍ഗത്തില്‍ വേണ്ടിവന്നാല്‍ സ്വപുത്രനെപ്പോലും ബലിനല്‍കാന്‍ തയ്യാറായ ആ സന്നദ്ധതയെ പില്‍ക്കാലക്കാര്‍ക്ക് ചര്യയായി നിശ്ചയിച്ചു. അതത്രേ ബലികര്‍മത്തിന്റെ പശ്ചാത്തലം.
ലോകത്തിലാദ്യമായി ദൈവത്തെമാത്രം ആരാധിക്കാനായി നിര്‍മിക്കപ്പെട്ട ഭവനമത്രേ കഅ്ബ. ദൈവിക നിര്‍ദേശപ്രകാരം അത് പടുത്തുയര്‍ത്തിയത് ഇബ്രാഹീമും ഇസ്മാഈലും ചേര്‍ന്നാണ്. ലോകമുസ്‌ലിംകള്‍ ഇന്നും നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ഹജ്ജ് കര്‍മത്തിന്റെ ചരിത്രപശ്ചാത്തലത്തിന് നാല് സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ട്.
വന്ദ്യവയോധികയും വന്ധ്യയുമായ സാറക്കും ദൈവികാനുഗ്രഹം മൂലം സന്താന സൗഭാഗ്യമുണ്ടായി ഇസ്ഹാഖ് എന്ന പുത്രന്‍ ജനിക്കുന്നു. രണ്ടു മക്കളും പ്രവാചകന്മാരായി നിയോഗിക്കപ്പെട്ടു. പിന്നീട് വന്ന പ്രവാചകന്മാരില്‍ ഖുര്‍ആന്‍ എടുത്തുപറഞ്ഞവരൊക്കെ ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും സന്താനപരമ്പരകളിലായിട്ടാണ് വന്നത്. ഇസ്ഹാഖിന്റെ സന്തതി പരമ്പരകളില്‍ പെട്ടവര്‍ ഈസയില്‍ എത്തി നില്‍ക്കുമ്പോള്‍ ദൂരെ മക്കയില്‍ താമസമുറപ്പിച്ച ഇസ്മാഈല്‍ സന്തതിപരമ്പരകളില്‍ നിന്നാണ് മുഹമ്മദ് നബി(സ) നിയുക്തനാകുന്നത്. അറേബ്യന്‍ വംശപരമ്പരയില്‍ ‘മുസ്തഅ്‌രിബ’ എന്ന് അറിയപ്പെടുന്ന വിഭാഗം ഇസ്മാഈല്‍ നബിക്ക് ശേഷമുള്ള തലമുറകളാണ്. നിരവധിപ്രവാചകന്മാരുടെ പ്രപിതാവ് എന്ന നിലയില്‍ ഇബ്രാഹീം(അ) അബുല്‍അമ്പിയാ എന്നറിയപ്പെടുന്നു.
ഇബ്രാഹീം(അ) തങ്ങളുടെ ആളാണെന്ന് ജൂതരും ക്രൈസ്തവരും മുശ്‌രിക്കുകളും ഒരു പോലെ അവകാശപ്പെട്ടിരുന്നു. അവകാശവാദം ശരിയാണെങ്കിലും അല്ലെങ്കിലും ഇബ്രാഹീം(അ) ഏത് കാര്യത്തിനുവേണ്ടി നിലകൊണ്ടുവോ അതില്‍നിന്ന് ഈ മൂന്നു കൂട്ടരും ബഹുദൂരം അകന്നുപോയിരുന്നു. ഖുര്‍ആന്‍ പറയുന്നു: ”ഇബ്രാഹീം യഹൂദിയോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. എന്നാല്‍ ഋജുമാനസനായ മുസ്‌ലിമായിരുന്നു അദ്ദേഹം. ഒരിക്കലും അദ്ദേഹം ശിര്‍ക്ക് ചെയ്തിരുന്നില്ല.” (3: 67)
ചേലാകര്‍മം നടപ്പാക്കിയത് ഇബ്രാഹീം(അ) ആണെന്ന് ബുഖാരി ഉദ്ധരിച്ച ഹദീസില്‍ കാണാം. ആ ചര്യ ആദ്യകാലത്തെ ക്രൈസ്തവര്‍ പിന്തുടര്‍ന്നിരുന്നു. ഇപ്പോള്‍ മുസ്‌ലിംകളും ജൂതന്മാരുമാണ് അത് ഒരു ചര്യയായി അനുവര്‍ത്തിച്ചുവരുന്നത്.
ഇറാഖില്‍ ജീവിച്ച ഇബ്രാഹീം(അ) പിന്നീട് ഫലസ്ത്വീനിലേക്ക് ഹിജ്‌റ പോയി. മൂന്നോ നാലോ തവണ അദ്ദേഹം മക്കയില്‍ വന്നുപോയി. ഫലസ്ത്വീനിലെ ബയ്തുല്‍ ഐന്‍, ബിഅ്‌റുസ്സുബഅ്, അല്‍ഖലീല്‍ തുടങ്ങിയ സ്ഥലങ്ങള്‍ അദ്ദേഹത്തിന്റെ പ്രബോധനകേന്ദ്രങ്ങളായിരുന്നു. അല്‍ഖലീലില്‍ വെച്ചാണ് ഇബ്രാഹീം(അ) മരിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു.

Topics