ഗ്രന്ഥങ്ങള്‍

ഇമാം ബുഖാരി

മുഹമ്മദ് ഇബ്‌നു ഇസ്മാഈല്‍ അബൂ അബ്ദില്ലാഹില്‍ ജൂഫി എന്നാണ് ഇമാം ബുഖാരിയുടെ പൂര്‍ണനാമം. ഹി. 194 ശവ്വാല്‍ 13 ക്രി. 810 ജൂലൈ 21-നു പേര്‍സ്യക്കാരനായ ബര്‍ദിസ്ബാഹിന്റെ പൗത്രനായി ബുഖാറയില്‍ ജനിച്ചു. പതിനൊന്നാമത്തെ വയസ്സില്‍ ഹദീസ് പഠനമാരംഭിച്ചു. 16-ാം വയസ്സില്‍ തീര്‍ത്ഥാടനത്തിനിറങ്ങി. മക്കയിലെയും മദീനയിലെയും ഹദീസു പണ്ഡിതന്മാരുടെ പ്രഭാഷണങ്ങള്‍ ശ്രദ്ധിച്ചു. പിന്നീട് ഈജിപിതിലേക്കുപോയി. അടുത്ത 16 വര്‍ഷം ഹദീസുകള്‍ തേടിയുള്ള യാത്രയില്‍ മുഴുകിയ ബുഖാരി 5 കൊല്ലം ബസറയില്‍ തങ്ങി. സ്വദേശത്തേക്ക് മടങ്ങിയ ബുഖാരി ഹി. 256 റമസാന്‍ 30/ക്രി. 870 ആഗസ്റ്റ് 31-ന് നിര്യാതനായി. സമര്‍ഖണ്ഡിനടുത്ത ഖര്‍തനികനിലാണ് അദ്ദേഹത്തിന്റെ മഖ്ബറ.

ബുഖാരിയുടെ മുഖ്യ ഹദീസ് സമാഹാരമാണ് ”അല്‍ജാമിഉസ്വഹീഹ്”. യാത്രാവസാനം ബുഖാറയില്‍ തിരിച്ചെത്തിയ മുഹമ്മദ് തന്റെ ഹദീസ് സമ്പാദ്യങ്ങളില്‍ നിന്നു കടഞ്ഞെടുത്തു സമാഹരിച്ചതാണ് സഹീഹുല്‍ ബുഖാരി. ലക്ഷക്കണക്കിനു ഹദീസുകളില്‍ നിന്നു പതിനായിരത്തിനു താഴെ ഹദീസുകളാണ് അദ്ദേഹം പ്രവാചകനില്‍ വന്നിട്ടുള്ളതായി അംഗീകരിച്ചത്. തന്റെ ഹദീസ് സമാഹാരം ഫിഖ്ഹീ വിഷയക്രമമനുസരിച്ചു ക്രമീകരിക്കാന്‍ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ഫിഖ്ഹീ വിഷയങ്ങള്‍ക്കും യോജിച്ച ഹദീസ് ലഭിക്കാത്തതിനാല്‍ ഈ ക്രമീകരണം കുറ്റമറ്റതായിരുന്നില്ല. എങ്കിലും അദ്ദേഹം ഓരോ അധ്യായത്തിനും നല്‍കിയ ശീര്‍ഷകങ്ങള്‍ ഗവേഷണപ്രധാനമാണ്.

ഹദീസുകള്‍ തെരെഞ്ഞെടുക്കുന്ന കാര്യത്തിലും അവ നിരൂപണം ചെയ്യുന്ന കാര്യത്തിലും ഇമാം ബുഖാരി കടുത്ത നിഷ്‌കര്‍ഷ പുലര്‍ത്തി. ഏറ്റവും പ്രമാണ യോഗ്യമായ ഹദീസ് സമാഹരമാണ് അദ്ദേഹത്തിന്റേത്. ബുഖാരിയുടെ സഹീഹിന് എത്രയോ വ്യഖ്യാനങ്ങള്‍ വിരചിയമായിട്ടുണ്ട്. ലഭ്യമായ ഈ വ്യഖ്യാനങ്ങളില്‍ ഏറ്റവും മഹനീയമായവ അഹ്മദ് ഇബ്‌നു മുഹമ്മദ് ഇബ്‌നു അബീബക്കറില്‍ ഖസ്തല്ലാനിയുടെ ഇര്‍ശാദുല്‍ സാരീ ഫീശറഹുല്‍ ബുഖാരി, സകരിയ്യ അല്‍ അന്‍സാരിയുടെ തുഹ്ഫതുല്‍ ബാരി (മ2296/1250)എന്നിവയാണ്. പില്‍ക്കാലത്ത് ഖുര്‍ആന്‍ കഴിഞ്ഞാല്‍ ഏറ്റവും പ്രമാണയോഗ്യമായ ഗ്രന്ഥമായി ‘സഹീഹ് ബുഖാരി’ അംഗീകരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ”താരീഖുല്‍ കബീര്‍” ഹദീസ് നിവേദകന്‍മാരുടെ ജീവചരിത്രക്കുറിപ്പുകളാണ്. തന്‍വീറുല്‍ ഐനൈന്‍ ഫീറഫഌ യദൈന്‍ ഫിസ്സലാത്, ഖുര്‍റത്തുല്‍ ഐനൈന്‍, ഖൈറുല്‍ കലാം ഫീ – ഖിറാ അല്‍ഖലഫ് അല്‍ ഇമാം എന്നിവയും അദ്ദേഹത്തിന്റെ രചനകളാണ്.

Topics