ഗ്രന്ഥങ്ങള്‍

ഇമാം ഇബ്‌നുമാജ

ഇബ്‌നുമാജ എന്നറിയപ്പെടുന്ന അബൂ അബ്ദില്ലാ മുഹമ്മദ്ബ്‌നു യസീദ്ബ്‌നു മാജ അര്‍റബ്ഈ അല്‍ ഖസ്‌വീനി ജനിക്കുന്നത് ഹി 209 ലാണ്. ഹി 233 ല്‍ നിര്യാതനായ അലിയ്യുബ്‌നു മുഹമ്മദ് അത്തനാഫസിയാണ് ഇബ്‌നു മാജഃയുടെ അധ്യാപകരില്‍ പ്രഥമന്‍. ഇതില്‍ നിന്നു ഗ്രഹിക്കാന്‍ കഴിയുന്നത് ഇബ്‌നു മാജഃ 15 അല്ലെങ്കില്‍ 20 വയസ്സു മുതല്‍ ഹദീസ് പഠനം തുടങ്ങിയിരിക്കുമെന്നാണ്.

ഹി. 230 മുതല്‍ ഹദീസ് പഠനത്തിനായി യാത്ര തിരിക്കാന്‍ തുടങ്ങി. ഖുറാസാന്‍, ഇറാഖ്, സിറിയ, ഈജിപ്ത്, തുടങ്ങിയ ദേശങ്ങളില്‍ ഈ ആവശ്യാര്‍ഥം സഞ്ചരിച്ചു.ഹി 273 റമളാന്‍ 21 ന് അന്തരിച്ചു.
തഫ്‌സീര്‍, അത്താരീഖ്, സുനനു ഇബ്‌നു മാജഃ എന്നിവ രചനകളായിട്ടുണ്ടെങ്കിലും ആദ്യത്തെ രണ്ടെണ്ണത്തെക്കുറിച്ചു കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ല. മൂന്നാമത്തെ ഗ്രന്ഥം ഏറെ പ്രശസ്തവും അംഗീകൃതവും ‘സ്വിഹാഹുസ്സിത്ത’യില്‍ സ്ഥാനം ലഭിച്ചിട്ടുള്ളതുമാണ്.
32 പ്രധാന അധ്യായങ്ങളിലായി 1500 ഉപ അധ്യായങ്ങള്‍ ഉള്‍കൊള്ളുന്ന ഈ ഗ്രന്ഥത്തിലെ മൊത്തം ഹദീസുകള്‍ 4341 ആണ്.

Topics