Youth

മാപ്പാക്കിയാലെന്താ നമുക്ക് ?

ഇസ്ലാമിക ശരീഅത്തിന്റെ ഏറ്റവും സുപ്രധാനമായ ലക്ഷ്യം പരസ്പരമുള്ള ചേര്‍ച്ചയും കരുണയുമാണെന്ന് അവ പരിശോധിക്കുന്നവന് ബോധ്യപ്പെടുന്ന യാഥാര്‍ത്ഥ്യമാണ്. പിളര്‍പ്പും ഛിദ്രതയും വിയോജിപ്പും ശത്രുതയും, വെറുപ്പും ഉപേക്ഷിക്കണമെന്ന് വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും കല്‍പിക്കുന്നതായി കാണാവുന്നതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘വ്യക്തമായ തെളിവുകള്‍ വന്നെത്തിയ ശേഷം ഭിന്നിച്ച് പല കക്ഷികളായിപ്പിരിഞ്ഞവരെപ്പോലെ നിങ്ങളാവരുത്. അവര്‍ക്ക് കൊടിയ ശിക്ഷയുണ്ട്'(ആലുഇംറാന്‍ 105). തിരുമേനി(സ) അരുള്‍ ചെയ്യുന്നു:’നിങ്ങള്‍ ഭിന്നിച്ചുപോകരുത്, നിങ്ങളുടെ ഹൃദയത്തിന്റെ ഛിദ്രതക്കത് കാരണമാവുന്നതാണ്്’. കാരുണ്യത്തെയും, നൈര്‍മല്യത്തെയും, മൃദുലമനസ്‌കതയെയും പ്രശംസിച്ച് ഖുര്‍ആന്‍ പറയുന്നു: ‘അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നീ അവരോട് സൗമ്യനായത്. നീ പരുഷപ്രകൃതനും, കഠിനമനസ്‌കനുമായിരുന്നെങ്കില്‍ നിന്റെ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞ് പോകുമായിരുന്നു. അതിനാല്‍ നീ അവര്‍ക്ക് മാപ്പേകുക. അവരുടെ പാപമോചനത്തിനായി പ്രാര്‍ത്ഥിക്കുക'(ആലുഇംറാന്‍ 159). കരുണ കാണിക്കുന്നവരോടാണ് പരമകാരുണകന്‍ കരുണ ചെയ്യുകയെന്നും തിരുമേനി(സ) പഠിപ്പിച്ചിരിക്കുന്നു. പക്ഷേ നമ്മുടെ നിലവിലുള്ള സമൂഹം കഠിനമനസ്‌കരുടേതാണെന്ന് പറയാതിരിക്കാന്‍ നിവൃത്തിയില്ല. നമ്മോട് ആരെങ്കിലും വിയോജിപ്പ് പുലര്‍ത്തിയാല്‍ നാമവരോട് പരുഷത പ്രകടിപ്പിക്കുന്നു. നാം ഭരണത്തില്‍ അക്രമം പ്രവര്‍ത്തിക്കുകയും ഇടപാടുകളില്‍ കാഠിന്യം കാണിക്കുകയും ചെയ്യുന്നു. ആരുടെയെങ്കിലും വാക്കോ പ്രവൃത്തിയോ നമുക്ക് ഇഷ്ടപ്പെടാതിരുന്നാള്‍ നാം അയാളെ കടന്നാക്രമിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നു. ജനങ്ങളെല്ലാവരും എല്ലാ കാര്യത്തിലും നമ്മോട് യോജിക്കണമെന്നാണോ നമ്മുടെ ആഗ്രഹം? അവര്‍ നമ്മുടെ തൃപ്തി തേടുകയും നമ്മെ അനുനയിപ്പിച്ച് കൂടെ നിര്‍ത്തുകയും വേണമെന്നാണോ നാം കരുതുന്നത്? നമ്മുടെ ചിന്തകള്‍ ആകാശത്ത് നിന്നിറങ്ങിയ ദൈവകല്‍പനകളാണോ? സത്യം എല്ലായ്‌പ്പോഴും നമ്മുടെ കൂടെയാണ് എന്ന് നമുക്ക് അവകാശവാദമുണ്ടോ? നാം മനസ്സിലാക്കേണ്ടത് അല്ലാഹുവിന്റെ കാരുണ്യം എല്ലാറ്റിനേക്കാളും വിശാലമാണ് എന്നതാണ്. നമ്മുടെ ഇടുങ്ങിയ മനസ്സിനേക്കാള്‍ വിശാലമാണ് ഇസ്‌ലാം. പരസ്പരം ചേരാനും, പരിചയപ്പെടാനും അടുക്കാനുമാണ് ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കുന്നത്. നാം നമ്മോട് കരുണ കാണിക്കുകയും, കര്‍മങ്ങള്‍ സംസ്‌കരിക്കുകയും, നിലപാടുകളെ പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ കാര്യത്തില്‍ നാം കാര്‍ക്കശ്യവും, പാരുഷ്യവുമാണ് പ്രകടിപ്പിക്കുന്നത്. നാമവരെ വിചാരണ ചെയ്യുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അവരുടെ നിലപാടുകളുടെ പേരില്‍ അടച്ചാക്ഷേപിക്കുകയും ഖേദപ്രകടനം സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നു.

ഇബ്‌നു നുഐമാന്‍ തിരുമേനി(സ)യുടെ കൂടെ ഇരിക്കുകയായിരുന്നു. ഒട്ടേറെ തവണ മദ്യം കുടിച്ച അദ്ദേഹത്തിന് മേല്‍ ശിക്ഷ നടപ്പാക്കാന്‍ കൊണ്ടുവന്നതാണ്. അതിനിടെ ഒരാള്‍ അദ്ദേഹത്തെ ആക്ഷേപിച്ചു. അപ്പോള്‍ തിരുമേനി(സ) പറഞ്ഞു: ‘നിങ്ങളദ്ദേഹത്തെ ശകാരിക്കരുത്. അദ്ദേഹം അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്നവനാണ് ‘. പക്ഷേ ദുഖകരമെന്ന് പറയട്ടെ, ചിലപ്പോഴൊക്കെ നാം കുറ്റവാളിയെ സഹായിക്കുന്ന സമീപനമാണ് സ്വീകരിക്കാറ്. നമ്മുടെ നിരുത്തരവാദപരമായ പെരുമാറ്റം കുറ്റവാളിയെ വീണ്ടും തെറ്റിലേക്ക് തന്നെയാണ് തള്ളിവിടുക. നമ്മുടെ കാര്യത്തില്‍ തെറ്റ് ചെയ്തവര്‍ക്ക് മാപ്പ് നല്‍കുവാന്‍ നമുക്ക് മടിയാണ്. എന്നല്ല അത്തരക്കാര്‍ക്ക് മേല്‍ കഠിനവും, ശക്തവുമായ ആക്രമണവും, ഭീഷണിയും ശകാരവുമാണ് നാം ചൊരിയാറുള്ളത്. ഒരു തെറ്റും ചെയ്യാത്ത പ്രവാചകന്മാരോ, പരിശുദ്ധരായ മാലാഖമാരോ ആണ് നാം എന്നത് പോലെയാണ് നമ്മുടെ സമീപനങ്ങള്‍. എന്തുകൊണ്ട് നമുക്ക് നമ്മുടെ മനുഷ്യത്വത്തെയും ന്യൂനതയെയും പോരായ്മയെയും അംഗീകരിച്ച് കൂടാ? തെറ്റ് ചെയ്തവന് പൊറുത്ത് നല്‍കുകയും നമ്മുടെ തെറ്റുകള്‍ അംഗീകരിക്കുകയും ചെയ്താല്‍ മാത്രമെ ആരോഗ്യകരമായ ഒരു സമൂഹത്തെ നമുക്ക് നിര്‍മിക്കാന്‍ സാധിക്കുകയുള്ളൂ. പ്രവാചകന്‍(സ)യുടെ കരുണ, വിട്ടുവീഴ്ച, വിവേകം തുടങ്ങിയവ പഠിച്ചാല്‍ നമുക്ക് വിസ്മയം തോന്നുന്നതാണ്. അല്ലാഹു അദ്ദേഹത്തിന്റെ സ്വഭാവത്തെക്കുറിച്ച് ‘തീര്‍ച്ചയായും താങ്കള്‍ ശ്രേഷ്ഠസ്വഭാവമുള്ളവനാണ്’ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. നാം ആരോടെങ്കിലും തര്‍ക്കിച്ചാല്‍ പ്രതിയോഗിക്ക് തന്റെ ന്യായം ബോധിപ്പിക്കാനോ, സന്ധി ചെയ്യാനോ, സംവദിക്കാനോ അവസരം നല്‍കാറില്ല. മറിച്ച് കരുണയുടെ എല്ലാ പാശവും മുറിച്ച് കളയുകയും വിട്ടുവീഴ്ചയുടെയും പരസ്പരബഹുമാനത്തിന്റെയും പാലം തകര്‍ത്ത് കളയുകയുമാണ് നാം ചെയ്യാറ്. നമ്മുടെ കാരുണ്യ സമൂഹം എവിടെയാണ്? നമുക്ക് ആരാണ് പാപസുരക്ഷിതത്വം പതിച്ച് നല്‍കിയത്? നാമെപ്പോഴും ശരിയാണെന്ന് വിശ്വസിക്കാന്‍ എന്താണ് ന്യായം? ഇത് തീര്‍ത്തും ധിക്കാരവും അഹങ്കാരവും മാത്രമാണ്. മണ്ണില്‍ നിന്ന് സൃഷ്ടിക്കപ്പെട്ട, മണ്ണിലേക്ക് തന്നെ മടങ്ങുന്ന അടിമകളാണ് നാമെന്ന് എന്തുകൊണ്ട് അംഗീകരിച്ച് കൂടാ?

ഡോ. ആഇളുല്‍ ഖര്‍നി

Topics