സ്മാര്‍ട്ട് ക്ലാസ്സ്‌

എന്തിന് പേടിക്കണം?


നക്ഷത്രങ്ങളാണ് കുട്ടികള്‍ 24

ബന്ധങ്ങള്‍ നമുക്ക് കരുത്ത് നല്‍കുന്നു. ആശ്വാസമേകുന്നു.പ്രതീക്ഷ സമ്മാനിക്കുന്നു.ആത്മ വിശ്വാസം പകരുന്നു.ജീവിതത്തെ താല്‍പര്യപൂര്‍വം മുന്നോട്ടു കൊണ്ടുപോകാന്‍ വേണ്ട ഊര്‍ജം പകര്‍ന്നു നല്‍കുന്നു. ബന്ധങ്ങള്‍ക്ക് വിള്ളലുകള്‍ സംഭവിച്ചാല്‍ ഇപ്പറഞ്ഞതിന്റെയെല്ലാം വിരുദ്ധങ്ങളാവും സംഭവിക്കുക. രക്ത ബന്ധം, കുടുംബ ബന്ധം, വിവാഹ ബന്ധം, സുഹൃദ് ബന്ധം, അയല്‍പക്ക ബന്ധം ഇങ്ങനെ നീണ്ടു നീണ്ടു പോകുന്ന ബന്ധങ്ങള്‍ നമുക്കിടയിലുണ്ട്. ഓരോ ബന്ധത്തിനുമുണ്ട് അതിന്റേതായ സവിശേഷതകള്‍. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധം, വിദ്യാര്‍ത്ഥികളും അധ്യാപകരും തന്നിലുള്ള ബന്ധം പലരും പലപ്പോഴും ഗൗരവത്തോടെ കാണുന്ന ബന്ധങ്ങളാണ്. സാമൂഹ്യ ശാസ്ത്ര പരിപ്രേക്ഷ്യത്തിലൂടെ ചിന്തിക്കുന്നതു കൊണ്ടാകാം പ്രസ്തുത ബന്ധങ്ങളുടെ പവിത്രതയെയും പ്രാധാന്യത്തെയും മുന്നില്‍ വച്ചു വീണ്ടു വിചാരം നടത്താന്‍ മിക്കവരും താല്‍പര്യമെടുക്കുന്നത്. നാം മനസ്സിലാക്കിയിട്ടുള്ളതുപോലെ ഒരു വ്യക്തിയുടെ ചിന്തയെയും മനോഭാവത്തെയും പെരുമാറ്റ രീതികളെയും കാഴ്ചപ്പാടുകളെയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ കുടുംബങ്ങളും വിദ്യാലയങ്ങളും വഹിക്കുന്ന പങ്ക് ചെറുതല്ല. മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും ചെയ്യാന്‍ കഴിയുന്ന സംഭാവനകളാകട്ടെ വിലമതിക്കാനാവാത്തതാണ്.

കുട്ടികളെ സംബന്ധിച്ചിടത്തോളം വീടുകളാണവരുടെ സ്വര്‍ഗം. അത്, ചെറുതായാലും വലുതായാലും. കൂരയായാലും കൊട്ടാരമായാലും ശരി. കാരണം, വീടുകളില്‍ സ്വാതന്ത്ര്യമുണ്ട്.സുരക്ഷിതത്വമുണ്ട്.അഭയമുണ്ട്. ആസ്വാദനമുണ്ട്. മാതാപിതാക്കള്‍ അവര്‍ക്ക് കൂട്ടിനുണ്ട് കവചമായി, താങ്ങായി , തണലായി. ആവശ്യങ്ങള്‍ സാധിച്ചു തരാനും ആഗ്രഹങ്ങള്‍ നിറവേറ്റിത്തരാനും പ്രശ്‌നങ്ങള്‍ പരിഹരിച്ചു തരാനും തടസ്സങ്ങള്‍ നീക്കി ത്തരാനും അച്ഛനുമമ്മയും ഒപ്പമുണ്ട് എന്ന ബോധ്യം കുട്ടികള്‍ക്ക് കൊടുക്കുന്ന കരുത്ത് വലുതാണ്.ആ കരുത്താണ് അവരുടെ ഊര്‍ജമായി, വളര്‍ച്ചയായി, വിജയമായി പിന്നീട് പരിണമിക്കുന്നത്. ഈ കരുത്തിന്റെ സ്ഥാനത്ത് ദൗര്‍ബല്യം വരാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം.കരുണയും കരുതലുമാണ് പ്രധാനം.

ഒരു സംഭവം ഓര്‍മയില്‍ വരുന്നു. ടാപ്പിംഗ് തൊഴിലാളിയാണ് സുപ്രന്‍. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. മൂത്തത് ആണ്‍കുട്ടി. പതിമൂന്ന് വയസ്സ്. എട്ട് വയസുകാരിയായ മകള്‍ ഇളയ കുട്ടി.രണ്ടു പേരും ഒരേ സ്‌കൂളില്‍ പഠിക്കുന്നു. പെട്ടെന്നാണ് സൂപ്രന്റെ ഭാര്യ രോഗിയായത്. അസ്ഥികളെ ബാധിക്കുന്ന രോഗം. പലയിടത്തും ചികിത്സിച്ചു. കയ്യിലുള്ളത് മുഴുവന്‍ തീര്‍ന്നു. പാര്‍ത്തിരുന്ന കൊച്ചു വീട് പണയത്തിലായി.

ഒടുവില്‍, സുപ്രന്‍ ഭാര്യയെയും കൊണ്ട് ഒരു പാരമ്പര്യ വൈദ്യന്റെ അടുത്തെത്തി. ‘ഇന്ന ചെടിയുടെ ഇല കൊണ്ട് കഷായമുണ്ടാക്കി കഴിച്ചാല്‍ രോഗം മാറും. പോയി ഇല സംഘടിപ്പിച്ചു കൊണ്ടു വരിക. കഷായം ഞാനുണ്ടാക്കിത്തരാം ‘ വൈദ്യന്‍ പറഞ്ഞു.

സുപ്രന്‍ പതിമൂന്ന് വയസ്സുള്ള മകനെയും കൊണ്ട് ഇലയന്വേഷിച്ചിറങ്ങി. നാടാകെ ചുറ്റി നടന്നു. പലരോടും തിരക്കി. അലച്ചിലിനൊടുവില്‍ , അകലെയൊരിടത്ത് അവര്‍ പഴക്കം ചെന്ന ഒരു കിണര്‍ കണ്ടു. ഒരു പൊതുകിണര്‍. കപ്പിയും കയറും ബക്കറ്റും കണ്ടപ്പോള്‍ സുപ്രന് മനസ്സിലായി, കിണര്‍ ജനങ്ങള്‍ ഉപയോഗിച്ചു വരുന്ന കിണറാണെന്ന്. കിണറിന്റെ അരികത്തു നിന്ന് സുപ്രന്‍ താഴേക്ക് നോക്കി .ആഴമുണ്ട്. വെള്ളമുണ്ട്. പെട്ടെന്നാണ് , ജീവിത സഖിയുടെ രോഗ ശമനം സ്വപ്നം കണ്ടലയുന്ന ആ സഹൃദയന്റെ കണ്ണുകളില്‍ അതുടക്കിയത്. വൈദ്യന്‍ പറഞ്ഞതും താനും മകനും അന്വേഷിക്കുന്നതുമായ ആ ഇല ദാ കിണറിന്റെ പാര്‍ശ്വ ഭിത്തികളില്‍ ഇഷ്ടം പോലെ.
‘അച്ഛാ, ഇനി ആലോചിക്കാനില്ല. അരയില്‍ കയര്‍ കെട്ടി ഞാന്‍ കിണറ്റിലിറങ്ങാം. ഇല പറിച്ചോണ്ട് വരാം.അച്ഛന്‍ കയറിന്റെ അറ്റത്ത് പിടിച്ചാല്‍ മതി’ വാല്‍സല്യ നിധിയായ അമ്മയുടെ രോഗം എത്രയും വേഗം മാറി ആരോഗ്യവതിയായി കാണാന്‍ പ്രാര്‍ത്ഥനാ മനസ്സോടെ കഴിയുന്ന ആ കൊച്ചു ബാല്യം ആ സാഹസത്തിന് തയ്യാറായി.

ബക്കറ്റില്‍ നിന്ന് കയറഴിച്ച് അരയില്‍ കെട്ടി കിണറിന്റെ ആഴങ്ങളിലേക്ക് അവന്‍ ഊര്‍ന്നിറങ്ങി. അപ്പോഴാണ് ചിലര്‍ ആ വഴി വന്നത്. രംഗം കണ്ട് സുപ്രനെ അവര്‍ ശകാരിച്ചു. ചീത്ത വിളിച്ചു. ദയ ഇല്ലാത്ത വനെന്നും കുട്ടിയെ കൊല്ലാന്‍ ശ്രമിക്കുന്നവനെന്നും പറഞ്ഞു അധിക്ഷേപിച്ചു.നിര്‍വികാരനായി നിന്ന് അതെല്ലാം കേട്ടുകൊണ്ടിരിക്കെ പതിമൂന്നുകാരന്‍ കൈ നിറയെ ഇലകളുമായി കിണറിന്റെ
കരക്കെത്തി.

ആളുകള്‍ അന്തം വിട്ടു നിന്നു. വിശ്വസിക്കാന്‍ കഴിയാതെ. ‘മോനേ, നിനക്ക് പേടിയായില്ലേ ആഴമുള്ള ഈ കിണറ്റിലിറങ്ങാന്‍?’ ആരോ ചോദിച്ചു.

‘എന്തിന് പേടിക്കണം, കയറിന്റെ അറ്റത്ത് അച്ഛനല്ലേ പിടിച്ചിരുന്നത’്.ആ ധീര ബാല്യത്തിന്റെ മുന വെച്ച മറുപടിക്കു മുന്നില്‍ ആര്‍ക്കും ഒന്നും പറയാനുണ്ടായിരുന്നില്ല.

കണ്ടില്ലേ, ആ കുട്ടിക്ക് കിണറ്റിലിറങ്ങാന്‍ കരുത്തും ധൈര്യവും പകര്‍ന്നത് സ്വന്തം അച്ഛനായിരുന്നു. കയറിന്റെ മറ്റേ അറ്റത്ത് അച്ഛന്‍ പിടിച്ചിട്ടുണ്ട് എന്ന ബോധ്യം പകര്‍ന്നു നല്‍കിയ കരുത്തും ധൈര്യവും.

അച്ഛനുമമ്മയും അദ്ധ്യാപകരും ഈയൊരു കരുത്തും ആത്മവിശ്വാസവും കുട്ടികള്‍ക്ക് കൊടുക്കണം. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനും പ്രതിസന്ധികള്‍ മറികടക്കാനും കുട്ടികള്‍ക്ക് മുതിര്‍ന്നവരില്‍ നിന്നും അഭിപ്രേരണയും പ്രചോദനവും കിട്ടേണ്ടതുണ്ട്.

ഡോ. ഭീം റാവു അംബേദ്കറുടെ ( 1891 – 1956 ) പഠന വഴിയിലും വിജയക്കുതിപ്പിലും പട്ടാള ഉദ്യോഗസ്ഥനായിരുന്ന അച്ഛനില്‍ ( Ramji Maloji Sakpal ) നിന്നും കിട്ടിയ പ്രചോദനം വലുതായിരുന്നു. ആറാം വയസ്സില്‍ അമ്മ മരിച്ചു പോയതോടെ അംബേദ്കറുടെ താങ്ങും തണലും പിന്നെ അച്ഛനായിരുന്നു. ശമ്പളത്തിലെ ഒരു ഭാഗം എല്ലാ മാസവും അച്ഛന്‍ അംബേദ്കറിന് പുസ്തകം വാങ്ങിച്ചു കൊടുക്കാനായി മാറ്റി വെക്കുമായിരുന്നു. അരികു വല്‍ക്കരണത്തെയും അന്യവല്‍ക്കരണത്തെയും അതിജീവിച്ച് ആര്‍ജവത്തോടെ മുന്നേറാനും ലക്ഷ്യത്തിലെത്താനും കഴിയണമെങ്കില്‍ കൃത്യമായ ആസൂത്രണവും നിരന്തരമായ പരിശ്രമവും ആവശ്യമാണെന്ന തിരിച്ചറിവ് അച്ഛനില്‍ നിന്നും അംബേദ്കറിന് കിട്ടിയിരുന്നു.1920 കളില്‍ ലണ്ടനില്‍ വിദ്യാര്‍ത്ഥിയായിരിക്കെ കിട്ടുന്ന സമയം മുഴുവന്‍ പുസ്തക വായനക്ക് അംബേദ്കറുപയോ ഗിച്ചത് സുഹൃത്തുക്കളെപ്പോലും അമ്പരപ്പിച്ചിരുന്നു.പുസ്തകങ്ങളോട് അസാധാരണമായ പ്രണയമായിരുന്നു അംബേദ്കറിനുണ്ടായിരുന്നത്. ഒരേ മുറിയില്‍ താമസിച്ചിരുന്ന സുഹൃത്ത് ആസ്‌നദേക്കര്‍ (Asnadekar ) വിശ്രമമില്ലാത്ത സദാ വായനയില്‍ അഭിരമിക്കുന്ന അംബേദ്കറെ നോക്കി പലപ്പോഴും അല്‍ഭുതപ്പെടുമായിരുന്നു.

ഒരു പാതിരാത്രി , ഉറക്കത്തില്‍ നിന്നുണര്‍ന്നു നോക്കുമ്പോള്‍ ആസ്‌നദേക്കര്‍ കണ്ടത് ഉറങ്ങാതെയിരുന്ന് പുസ്തകം വായിക്കുന്ന അംബേദ്കറെയാണ്. ‘നേരം ഒരുപാടായി, ഇനി ഉറങ്ങാന്‍ നോക്ക് ‘ സൂഹൃത്തിന്റെ വാക്കുകള്‍ ക്ക് അംബേദ്കര്‍ സ്‌നേഹപൂര്‍വം ചെവി കൊടുത്തു.

ഭക്ഷണം വാങ്ങാന്‍ കയ്യില്‍ ഒരു നയാ പൈസയില്ല. വിശ്രമിക്കാനാണേങ്കില്‍ സമയവുമില്ല.അതുകൊണ്ട് കിട്ടുന്ന സമയം പാഴാക്കാതെ പുസ്തകം വായിക്കട്ടെ. അതും പറഞ്ഞ് അംബേദ്ക്കര്‍ വീണ്ടും പുസ്തകത്താളുകളിലേക്ക് ലയിച്ചു.

ലക്ഷ്യത്തിലെത്താന്‍ ചിലപ്പോള്‍ , ഉറക്കവും വിശ്രമവും മാറ്റിവേക്കേണ്ടി വരുമെന്ന പാഠം അംബേദ്കറിന് കിട്ടിയിട്ടുണ്ടായിരുന്നു. ചെറുപ്പത്തില്‍ കിട്ടിയ ആ തിരിച്ചറിവും കരുത്തുമാണ് അംബേദ്കറെ
അംബേദ്കറാക്കിയത്.

കുട്ടികള്‍ക്കീ വിധം പ്രതീക്ഷയുടെ തുരുത്തുകള്‍ ഒരുക്കിക്കൊടുക്കാന്‍ നമുക്ക് കഴിയണം. ചെയ്യേണ്ടത് ചെയ്യേണ്ട നേരത്ത് ചെയ്യാനും സാധിക്കണം. മുമ്പ് വായിച്ചൊരു ഇംഗ്ലീഷ് കവിത ഓര്‍മയില്‍ വരുന്നു

കുഞ്ഞുമോള്‍ കൊതിച്ച
ആ കളിപ്പാട്ടം വാങ്ങി
ക്കൊടുക്കാന്‍
തിരക്കു കാരണം
കഴിഞ്ഞില്ല.
ഒടുവില്‍ കളിപ്പാട്ടം
വാങ്ങി വന്നപ്പോള്‍
അവള്‍ വലുതായി
കഴിഞ്ഞിരുന്നു

( തുടരും )

( കരിപ്പൂരിലെ വിമാന ദുരന്തത്തിലും ഇടുക്കി, രാജമല മണ്ണിടിച്ചില്‍ ദുരന്തത്തിലും പെട്ട് അകാല മൃത്യു വരിച്ച ഇളം പൈതലുകള്‍ക്കായി ഈ പംക്തി സമര്‍പ്പിക്കുന്നു )

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics