സ്മാര്‍ട്ട് ക്ലാസ്സ്‌

നല്ലതും ചീത്തയും അറിഞ്ഞാകട്ടെ അച്ചടക്കം


നക്ഷത്രങ്ങളാണ് കുട്ടികള്‍ – 23

പ്രശസ്ത ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ ഹ്യൂഗോ ( 1802 1885) കുട്ടികളെക്കുറിച്ച് ശ്രദ്ധേയമായ നിരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള പ്രതിഭാധനനായ ചിന്തകനാണ്. അദ്ദേഹത്തിന്റെ ഒരു നിരീക്ഷണം നോക്കൂ: ‘നിങ്ങളുടെ സംസ്‌ക്കാരത്തെ കുറിച്ച് നിങ്ങള്‍ ഞങ്ങളോട് സംസാരിക്കേണ്ട. നിങ്ങളുടെ നാട്ടിലെ സ്ത്രീകളെയും കുട്ടികളെയും ഞങ്ങള്‍ക്ക് കാണിച്ചു തരിക.അവരോട് നിങ്ങള്‍ എങ്ങനെ പെരുമാറുന്നു എന്ന് പരിശോധിച്ച് നിങ്ങളുടെ സംസ്‌കാരത്തെ ഞങ്ങള്‍ വിലയിരുത്തിക്കൊള്ളാം.’

കുട്ടികളോടുള്ള കാണിക്കുന്ന സമീപനം, നയം , കുട്ടികള്‍ക്ക് നല്‍കുന്ന പരിഗണനയും ആദരവും സ്ഥാനവും എന്നിവ നോക്കി ഒരു സമൂഹത്തിന്റെ ഗുണമേന്മ പരിശോധിക്കാന്‍ കഴിയും എന്നതാണ് വിക്ടര്‍ ഹ്യൂഗോയുടെ കാഴ്ചപ്പാട്.
‘ സമ്പന്നരാകാനല്ല , സന്തുഷ്ടരാകാനാണ് കുട്ടികളെ നിങ്ങള്‍ പഠിപ്പിക്കേണ്ടത്. വിദ്യാഭ്യാസം നേടി അവര്‍ സന്തുഷ്ടരാകട്ടെ. വസ്തുക്കളുടെ വിലയല്ല, മൂല്യമാണ് കുട്ടികള്‍ അറിയേണ്ടത്’ എന്ന വിക്ടര്‍ ഹ്യൂഗോയുടെ മറ്റൊരു നിരീക്ഷണം കൂടി ഇതോട് ചേര്‍ത്ത് വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാവും മഹാന്മാര്‍ എത്ര വലിയ സ്ഥാനമാണ് കുട്ടികള്‍ക്ക് നല്‍കിയിരിക്കുന്നത് എന്ന്.

കുട്ടികളുടെ അച്ചടക്കം മുതിര്‍ന്നവരുടെ എക്കാലത്തെയും ഒരു വലിയ വിഷയമാണ്. സ്വഭാവം, പെരുമാറ്റം, സംസാരരീതി, ശരീര ഭാഷ , ഇടപെടലുകള്‍ എന്നിവയില്‍ കുട്ടികള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന് മുതിര്‍ന്നവര്‍ വിശ്വസിക്കുന്ന മിതത്വത്തിന്റേതായ ഒരു സങ്കല്‍പമുണ്ട്. പ്രസ്തുത മിതത്വത്തിന് നിയതമായ ചില മാനദണ്ഡങ്ങളും നിശ്ചയിച്ചു വെച്ചിട്ടുണ്ടാകും. അവ പരിധി വിടുന്നുണ്ടെങ്കില്‍
അച്ചടക്കരാഹിത്യമാകും. ചിലപ്പോള്‍ അച്ചടക്ക ലംഘനമാകും. അപൂര്‍വമായിട്ടാണെങ്കിലും കുട്ടികള്‍ ശിക്ഷാര്‍ഹരായി എന്നും വരും. അച്ചടക്കം, യഥാര്‍ത്ഥത്തില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ട് കുട്ടികളില്‍ രൂപപ്പെടുത്തിയെടുക്കാവുന്ന ഒന്നല്ല എന്നിടത്താണ് ശിശു മനഃശ്ശാസ്ത്രജ്ഞന്മാരുള്ളത്. ക്രമ പ്രവൃദ്ധമായി വികസിച്ചു വരേണ്ട സവിശേഷമായൊരു ശിക്ഷണ ബോധവും ജീവിത ഗുണവുമാണ് അച്ചടക്കം.

മുതിര്‍ന്നവരുടെ കാഴ്ചപ്പാടില്‍ അഭികാമ്യമല്ലാത്ത ഒരു കാര്യം കുട്ടികളുടെ മുന്നില്‍ ചിലപ്പോള്‍ അഭികാമ്യമായെന്നു വരാം. അനുഭവങ്ങളുടെയും അറിവുകളുടെയും അളവുകോല്‍ വെച്ചാവും
മുതിര്‍ന്നവര്‍ ഒരു കാര്യത്തില്‍ നിലപാടെടുക്കുന്നത്. കുട്ടികള്‍ തങ്ങളുടെ പ്രായക്കുറവിന്റെ പരിമിതിയില്‍ നിന്നുകൊണ്ടാവും അതേ കാര്യത്തെ അഭികാമ്യമായി കാണുന്നത്. അനുഭവങ്ങള്‍ വര്‍ധിക്കുകയും ധാരണകള്‍ മെച്ചപ്പെടുകയും ചെയ്യുന്നതിനനുസരിച്ച് വളര്‍ന്നു വരുമ്പോള്‍ കുട്ടികളുടെ കാഴ്ചപ്പാടുകളിലും നിലപാടുകളിലും വ്യത്യാസം സംഭവിക്കാറുമുണ്ട്. സ്വയം പ്രചോദിതരാകാനും അവസരോചിതം ആത്മ നിയന്ത്രണം പാലിക്കാനും അവശ്യ ഘട്ടങ്ങളില്‍ വൈകാരിക സ്ഥൈര്യം നിലനിര്‍ത്താനും കഴിയത്തക്ക വിധം കുട്ടികളെ പാകപ്പെടുത്തിയെടുക്കുമ്പോഴാണ് ഫലപ്രദമായ അച്ചടക്കം അവരില്‍ യാഥാര്‍ത്ഥ്യമാകുന്നത്. അതിനുതകുന്ന മാതൃകകളാണ് കുട്ടികള്‍ കാണേണ്ടത്. പരിശീലനമാണ് അവര്‍ക്ക് കിട്ടേണ്ടത്.പ്രോല്‍സാഹനമാണ് അവര്‍ക്ക് നല്‍കേണ്ടത്. കുട്ടികളെ ഭയപ്പെടുത്തിയും ശാസിച്ചും ശകാരിച്ചും ശിക്ഷിച്ചും നിയമങ്ങള്‍ അനുസരിക്കാന്‍ പരുവപ്പെടുത്തിയാല്‍ അത് ആരോഗ്യകരമായ അച്ചടക്കം രൂപപ്പെടുത്തലാവില്ല.

ജീവിതത്തിലെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ ഏറ്റവും യോജിച്ച തീരുമാനങ്ങളെടുക്കാനുള്ള ശേഷി നേടിക്കൊടുക്കാനായിരിക്കണം അച്ചടക്കം ശീലിപ്പിക്കുന്നത്.അച്ചടക്കം തന്നെ പലവിധമുണ്ടെന്നാണ് പണ്ഡിതന്മാര്‍ പറയുന്നത് :പ്രതിരോധാത്മക അച്ചടക്കം, പിന്തുണാത്മക അച്ചടക്കം, പരിഹാരാത്മക അച്ചടക്കം.
അഭികാമ്യമല്ലാത്ത പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും കുട്ടികളില്‍ നിന്ന് വരാതിരിക്കാന്‍ മുന്‍കൂട്ടി ചില ശിക്ഷണ പരിശീലനങ്ങള്‍ നല്‍കി രൂപപ്പെടുത്തുന്നതാണ് പ്രതിരോധാത്മക അച്ചടക്കം.
അഭികാമ്യമല്ലാത്ത പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും ശ്രദ്ധയില്‍ പെടുമ്പോള്‍ അവ ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശീലനം നല്‍കി വളര്‍ത്തിയെടുക്കുന്നതാണ് പരിഹാരാത്മക അച്ചടക്കം.
എന്നാല്‍ ആരോഗ്യകരമായ അച്ചടക്കം പിന്തുണാത്മകമായ അച്ചടക്കമാണ്. തിരിച്ചറിവും ദിശാബോധവും ലഭിക്കാതെ വരുമ്പോഴും വൈകാരിക നിയന്ത്രണം പാലിക്കാന്‍ കഴിയാതെ വരുമ്പോഴും കുട്ടികളില്‍ നിന്ന് അഭികാമ്യമല്ലാത്ത പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും സംഭവിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ആത്മനിയന്ത്രണ ശേഷി വര്‍ദ്ധിപ്പിച്ചും നിഷേധാത്മക ചോദനകള്‍ മറികടക്കാന്‍ പരിശീലിപ്പിച്ചും
പ്രശ്‌ന പരിഹാര ശേഷി ശക്തിപ്പെടുത്തിയും കുട്ടികളെ പിന്തുണക്കുന്നതാണ് ശാസ്ത്രീയമായ അച്ചടക്ക രൂപവല്‍ക്കരണം. ഇതാണ് പിന്തുണാത്മക അച്ചടക്കം.

കൃത്യമായ തിരിച്ചറിവിന്റെ കുറവും സൂക്ഷ്മമായ ദിശാബോധമില്ലായ്മയും മുതിര്‍ന്നവരെപ്പോലും അഭികാമ്യമല്ലാത്ത പെരുമാറ്റങ്ങളും പ്രവര്‍ത്തനങ്ങളും ചെയ്യാന്‍ നിര്‍ബന്ധിച്ചെന്ന് വരും. കുട്ടികളില്‍ മാത്രമല്ല മുതിര്‍ന്നവരിലും അച്ചടക്ക രാഹിത്യം സംഭവിക്കും. അപക്വമായ പെരുമാറ്റങ്ങളും അസാധാരണമായ പ്രവര്‍ത്തനങ്ങളുമുണ്ടാകും.അറിവുണ്ട്, അനുഭവങ്ങളുണ്ട് എന്നതു കൊണ്ട് മുതിര്‍ന്നവര്‍ പക്വമതികളായി ക്കൊള്ളണമെന്നില്ല.

അമേരിക്കന്‍ ആക്ടിവിസ്റ്റും പരസ്യ രംഗത്തെ റാല്‍ഫ് നാഡര്‍ എന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ വിശേഷിപ്പിച്ച വ്യക്തിയുമായ ജെറി ഇര്‍വിന്‍ മാന്‍ഡര്‍ ( ജനനം 1936) സാമ്പത്തിക വിദഗ്ധനും സമ്പന്നനുമായിരുന്നു.
സുഭിക്ഷവും ആര്‍ഭാട പൂര്‍ണവുമായ ജീവിതം നയിച്ചു വരികയായിരുന്ന ജെറി മാന്‍ഡര്‍ ഒരു ദിവസം ഒരു കടലിടുക്കിലൂടെ കപ്പലില്‍ യാത്ര ചെയ്യുകയായിരുന്നു.യാത്രയിലുടനീളം ഹൃദ്യവും മനോഹരവുമായ ഒട്ടേറെ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ കണ്‍മുന്നിലൂടെ മിന്നി മറയുന്നുണ്ടായിരുന്നു.അതൊന്നും പക്ഷേ, ജെറിയുടെ മനസ്സില്‍ ഒരു വിധ അനുഭൂതിയും സൃഷ്ടിച്ചില്ല. ആ സമയത്തെല്ലാം അദ്ദേഹം തന്റെ കുട്ടിക്കാലത്തേക്ക് തിരിച്ചു പോവുകയായിരുന്നു.
ഹരിതാഭമായ ആ പ്രകൃതി. പരന്നു കിടക്കുന്ന പാരിടം.മേലെ നീലാകാശം. നൃത്തമാടുന്ന പുല്‍ക്കൊടിത്തുമ്പുകളും ഇലയറ്റങ്ങളില്‍ ഉരുണ്ടു കൂടുന്ന മഞ്ഞുതുള്ളികളും പാറിപ്പറക്കുന്ന ചിത്രശലഭങ്ങളുമെല്ലാം ഗൃഹാതുരത്വമുണര്‍ത്തി ആ ഓര്‍മയിലേക്ക് തികട്ടി വന്നു. എന്തൊരു ആഹ്‌ളാദകരമായ കാലമായിരുന്നു അത്! അനുഭൂതിദായകമായ ദിനങ്ങള്‍! ടെലിവിഷന്‍ കടന്നു വന്ന് ആ ആഹ്‌ളാദജന്യമായ പ്രകൃതിക്കാഴ്ചകളെല്ലാം ഇല്ലാതാക്കി. ജീവിതം വിരസമാക്കി. നൈസര്‍ഗികമായ ആസ്വാദന ശേഷി നശിപ്പിച്ചു. ജെറി ചിന്തിച്ചു. ഈ ദുരന്തത്തിന്റെ കാരണക്കാരന്‍ ടെലിവിഷന്‍
ആണെന്ന് അദ്ദേഹം തീര്‍ച്ചപ്പെടുത്തി. ടെലിവിഷന്‍ ഇല്ലാതാക്കിയാലേ ഈ ദുരന്തത്തിനറുതി വരൂ എന്ന് ഒടുവില്‍ ജെറി മാന്‍ഡര്‍ തീരുമാനിച്ചു. യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ജെറി മാന്‍ഡര്‍
വീടിന്റെ ഏറ്റവും മുകളില്‍ കയറി നിന്ന് തന്റെ വില പിടിച്ച ടിവി സെറ്റ് താഴെ അഴുക്ക് ചാലിലേക്ക് വലിച്ചെറിഞ്ഞു. ജെറി മാന്‍ഡറുടെ പ്രസിദ്ധമായ ഒരു പുസ്തകമുണ്ട്. Four Arguments for the Elimination of TV (1978) ഒരു പ്രതിഭാശാലി ടിവി സെറ്റ് അഴുക്ക് ചാലിലേക്ക് വലിച്ചെറിഞ്ഞു നശിപ്പിക്കുക. ടിവിക്കെതിരെ പുസ്തകമെഴുതുക. ഇക്കാര്യം അഭികാമ്യമാണെന്ന് നമുക്ക് തോന്നുന്നുണ്ടോ? അങ്ങനെയെങ്കില്‍ എന്തെല്ലാം നമുക്ക് വലിച്ചെറിയേണ്ടി വരും.? നല്ലതും ചീത്തയും വിവേചിച്ചറിയാനും ഉചിതമായത് തിരഞ്ഞെടുക്കാനുമൊക്കെയുള്ള കഴിവല്ലേ നമുക്കുണ്ടാകേണ്ടത്. അതല്ലേ അച്ചടക്കം. ആ അച്ചടക്കമല്ലേ നമ്മുടെ കുട്ടികള്‍ക്കും വേണ്ടത്? (തുടരും)

ഡോ.കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics