പനിനീര്‍ പൂക്കള്‍ വിതറിയ കിടപ്പറയല്ല ദാമ്പത്യ ജീവിതം എന്ന് നമുക്ക് അറിയാം. നാം ഉദ്ദേശിക്കുന്ന വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ട് പോവുകയോ, വരച്ച് വെച്ചത് പോലെ ജീവിക്കാന്‍ സാധിക്കുകയോ ഇല്ല. മിക്കവാറും നമുക്ക് വഴി തെറ്റുകയോ, വഴി മാറി സഞ്ചരിക്കാന്‍ നാം നിര്‍ബന്ധിതരാവുകയോ ചെയ്യുന്നു. മറ്റു ചിലപ്പോള്‍, അഭിമുഖീകരിക്കേണ്ട വന്ന സാഹചര്യത്തിന് മുന്നില്‍ കയ്യും കെട്ടി നോക്കി നില്‍ക്കേണ്ട ഗതികേട് വരെ നമുക്കുണ്ടാവുന്നു.
ഒരു മനുഷ്യന് ഭൂമിക്ക് മുകളില്‍ ലഭിക്കുന്ന ഏറ്റവും മനോഹരമായ ബന്ധമാണ് ദാമ്പത്യമെന്നത്. എന്നാല്‍ വീക്ഷണവൈജാത്യങ്ങളും അഭിപ്രായ ഭിന്നതകളും കാരണം നമ്മില്‍ മിക്ക കുടുംബങ്ങള്‍ക്കും ആ ബന്ധത്തിന്റെ സ്വാദും മാധുര്യവും നഷ്ടപ്പെടാറാണ് പതിവ്. ജീവിതം നാമുദ്ദേശിക്കുന്ന വഴിയിലും അല്ലാത്ത വഴിയിലും സഞ്ചരിക്കുമെന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുകയാണ് നാം പ്രഥമമായി വേണ്ടത്. അതിനാല്‍ തന്നെ ജീവിതം ചിലപ്പോള്‍ പ്രശോഭിതവും മനോഹരവും ആസ്വാദ്യകരവുമായി അനുഭവപ്പെടുകയും പൊടുന്നനെ വേദനയും കണ്ണീരും കഷ്ടപ്പാടുമായി അവക്ക് രൂപമാറ്റം സംഭവിക്കുകയും ചെയ്‌തേക്കാം.
രണ്ട് വ്യക്തികള്‍ക്ക് സ്വാഭാവികമായും രണ്ട് അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ഉണ്ടാകുമെന്ന അടിസ്ഥാനത്തില്‍ നിന്നാണ് ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങളെ നാം വിലയിരുത്തേണ്ടത്. സ്വാഭാവികമായും രണ്ട് താല്‍പര്യങ്ങളും അഭിപ്രായങ്ങളും ഒരു കുടുംബത്തില്‍ രൂപപ്പെടുമെന്നത് സത്യം. ഈ അഭിപ്രായഭിന്നതയെയും, വീക്ഷണ വ്യത്യാസത്തെയും എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നതാണ് ദാമ്പത്യജീവിതത്തിന്റെ ഭാഗദേയം നിര്‍ണയിക്കുന്ന സുപ്രധാന ഘടകം. കാലം എല്ലാ ദിവസവും, മാസവും, വര്‍ഷവും ഒരു പോലെയല്ലെന്നും, അവ തീര്‍ത്തും വ്യത്യസ്തമാണെന്നും നമുക്കറിയാവുന്നതാണ്. ഒരു പോലെ കഴിഞ്ഞുപോയ ഒരു ദിവസവും ഒരാളുടെയും ജീവിതത്തിലുണ്ടായിട്ടില്ല.
വിവാഹം കഴിക്കുന്നതോടെ ഒരു വ്യക്തിയുടെ ചുമലില്‍ ഒട്ടേറെ ഉത്തരവാദിത്തങ്ങള്‍ കടന്ന് വരുന്നു. അവനത് ഏറ്റെടുത്ത് നിര്‍വഹിക്കാന്‍ ബാധ്യസ്ഥനുമാണ്. ഓരോ ദിവസം കഴിയുംതോറും ‘ജീവിതം ഭീകരമായ തടവറയാണ്’ എന്ന് തോന്നിപ്പോകുന്നേടത്തേക്ക് കാര്യങ്ങളെത്തുന്നു. ജീവിതപങ്കാളി തന്റെ മേല്‍ കെട്ടിവെച്ച ഉത്തരവാദിത്തങ്ങള്‍ ചുമക്കാന്‍ കഴിയാത്ത ഭാരമാണെന്ന് വിലയിരുത്തുന്നു. ഒരുപാട് കാലം സ്വപ്‌നം കണ്ട കാര്യമാണ് പങ്കാളിയുമൊത്തുള്ള ജീവിതമെന്നത് വിസ്മരിക്കുന്നു.
ദാമ്പത്യത്തിന്റെ കിടപ്പറയിലെ സുപ്രധാന മുള്ളുകളായി രൂപപ്പെടുന്നത് സാമ്പത്തികവും, ലൈംഗികവുമായ പ്രശ്‌നങ്ങളാണ്. ഇത്തരം പ്രശ്‌നങ്ങളാല്‍ പ്രയാസമനുഭവിച്ച് കൊണ്ടിരിക്കുന്നവര്‍ മനസ്സിലാക്കേണ്ട സുപ്രധാനമായ ചില കാര്യങ്ങളുണ്ട്.
വൈവാഹിക ജീവിതത്തിന് രണ്ട് വശങ്ങളുണ്ട് എന്നതാണ് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ട പ്രാഥമിക കാര്യം. ആസ്വാദനത്തിന്റെയും, ആഘോഷത്തിന്റെയും ആനന്ദത്തിന്റെയും മുഖമാണ് അതിലെ സുപ്രധാനവും, സുപരിചിതവുമായ വശം. വെല്ലുവിളികളും പ്രയാസങ്ങളും പ്രശ്‌നങ്ങളും നിറഞ്ഞ വശമാണ് രണ്ടാമത്തേത്.
ദമ്പതികളുടെ മനസ്സിനെ ഉലക്കുന്ന സുപ്രധാന പ്രശ്‌നങ്ങളില്‍ ഒന്നായാണ് സാമ്പത്തിക കാര്യം പരിഗണിക്കപ്പെടുന്നത്. ദമ്പതികളുടെ പ്രകൃതിപരമായ പ്രയാണത്തിന് വിഘ്‌നം സൃഷ്ടിക്കുന്നതിന് അത് കാരണമായേക്കും. മധുവിധുവിന്റെ നാളുകള്‍ അവസാനിക്കുന്നതോടെയാണ് ഇതുമായി ബന്ധപ്പെട്ട ബോധോദയം ദമ്പതികള്‍ക്കുണ്ടാവുന്നത്. തങ്ങളുടെ ദാമ്പത്യ ബന്ധത്തില്‍ അസ്ഥിരയുണ്ടാക്കുന്ന ഇത്തരം പ്രശ്‌നങ്ങളെ ദമ്പതികള്‍ ശപിക്കുന്നു. തീര്‍ത്തും യുക്തിയോടും, തന്റേടത്തോടും കൂടി കൈകാര്യം ചെയ്യേണ്ട ഈ സാഹചര്യത്തെ എടുത്തുചാട്ടത്തിലൂടെയും, വെപ്രാളത്തിലൂടെയും വഷളാക്കുകയാണ് ഇവര്‍ ചെയ്യുക. സന്തോഷകരമായ ജീവിതം നയിക്കുന്നതിന് ആവശ്യമായ മാസവരുമാനത്തിന്റെ ദൗലഭ്യതയില്‍ നിന്നായിരിക്കാം പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്. കൂടുതല്‍ ജാഗ്രതയോടും സൂക്ഷ്മതയോടും കൂടി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പക്ഷം ദമ്പതികള്‍ക്ക് തന്നെ പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നങ്ങള്‍ മാത്രമേ അവരുടെ മുമ്പിലുണ്ടായിരിക്കുകയുള്ളൂ. സാമ്പത്തിക പ്രശ്‌നങ്ങള്‍ കൊണ്ടാണ് മിക്കവാറും ദാമ്പത്യ ജീവിതങ്ങളുടെ സുസ്ഥിരത തകരുന്നതെന്ന് അതുമായി ബന്ധപ്പെട്ട നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഇതേ സ്ഥാനത്ത് തന്നെയാണുള്ളത്. മാത്രമല്ല, ലൈംഗികമായ പ്രശ്‌നങ്ങള്‍ മിക്കവാറും വിവാഹമോചനത്തിലേക്കും, ദമ്പതികള്‍ക്കിടയിലെ മാനസികമായ അകല്‍ച്ചയിലേക്കും നയിക്കുക കൂടി ചെയ്യുന്നു.
നസ്മ വുറൂദ്
Add Comment