ദാമ്പത്യം

പുരുഷനോട് വര്‍ത്തിക്കേണ്ട വിധം

വിവാഹത്തിന് തയ്യാറെടുക്കുന്ന ഓരോ സ്ത്രീയും അനിവാര്യമായും അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ദാമ്പത്യ ജീവിതം സുഖകരവും ആനന്ദകരവുമായിത്തീരുന്നതിന് സഹായകമാകുന്ന ഘടകങ്ങളെയും സമീപനങ്ങളെയും കുറിച്ച് അവള്‍ ബോധവതിയായിരിക്കണം. വിവാഹത്തിന് മുന്നോടിയായി അധിക ഉമ്മമാരും പെണ്‍മക്കളെ പഠിപ്പിക്കാറുള്ളത് പാചകവും, അലക്കലും വീട് വൃത്തിയാക്കലുമെല്ലാമാണ്. എന്നാല്‍ വിവാഹത്തിന്റെ മുന്നൊരുക്കം നടക്കേണ്ടത് ഈ മേഖലകളിലല്ല എന്നാണ് നാം മനസ്സിലാക്കേണ്ടത്. വീട് നോക്കലും, വസ്ത്രം അലക്കലും, പാചകം ചെയ്യലുമെല്ലാം അപ്രധാന കാര്യങ്ങളാണ് എന്ന് നമുക്ക് അഭിപ്രായമില്ല. എന്നാല്‍ അവയേക്കാള്‍ മുന്‍ഗണനയര്‍ഹിക്കുന്ന, സുപ്രധാനമായ മറ്റൊരു വിഷയമുണ്ട് എന്നതാണ് നമ്മുടെ അഭിപ്രായം. പുരുഷനോട് അതായത് തന്റെ പ്രിയതമനോട് വര്‍ത്തിക്കേണ്ട രീതി പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യുക എന്നതാണ് അത്. തന്റെ കൂടെ ജീവിതം തെരഞ്ഞെടുത്ത മനുഷ്യന് എപ്രകാരം സന്തോഷവും ആനന്ദവും നല്‍കാം എന്നതിനെക്കുറിച്ചാണ് വിവാഹത്തിന് ഒരുങ്ങുന്ന മണവാട്ടി പ്രഥമമായി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്യേണ്ടത്. പാചകത്തിലും, വീട്ടുകാര്യങ്ങളിലും അങ്ങേയറ്റം വൈദഗ്ദ്യവും പ്രാവീണ്യവുമുള്ള, എന്നാല്‍ ഭര്‍ത്താക്കന്‍മാര്‍ സന്തുഷ്ടരല്ലാത്ത ഒട്ടേറെ യുവതികള്‍ നമ്മുടെ കുടുംബങ്ങളിലുണ്ട് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. അവരുടെ ഭര്‍ത്താക്കന്‍മാര്‍ വീട്ടിലിരിക്കാന്‍ ആഗ്രഹിക്കുകയോ, സ്വന്തം ഇണയോട് ചേര്‍ന്നിരിക്കാന്‍ കൊതിക്കുകയോ ചെയ്യുന്നില്ല. അധികസമയവും വീടിന് പുറത്ത് സുഹൃത്തുക്കളോടൊത്ത് ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്ന അവര്‍ അപൂര്‍വമായി മാത്രമെ വീട്ടിലേക്ക് മടങ്ങാറുള്ളൂ.

അതിനാല്‍ തന്നെ പുരുഷനോട് വര്‍ത്തിക്കേണ്ട കല ഓരോ സ്ത്രീയും മനസ്സിലാക്കുകയാണ് വിവാഹത്തിന് മുന്നൊരുക്കമായി ചെയ്യേണ്ടത്. തന്റെ വസ്ത്രത്തിന്റെയും ബാഹ്യമോഡിയുടെയും കാര്യത്തില്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തുകയെന്നതാണ് മുഖ്യമായിട്ടുള്ളത്. തന്റെ പ്രിയതമന്‍ ഇഷ്ടപ്പെടുന്ന നിറത്തിനും വസ്ത്രത്തിനും പ്രത്യേകം ഊന്നല്‍ നല്‍കേണ്ടതുണ്ട്. ഭര്‍ത്താവ് ഇഷ്ടപ്പെടുന്ന സുഗന്ധം പൂശുകയും, അണിഞ്ഞൊരുങ്ങി, വൃത്തിയിലും വെടിപ്പിലും അദ്ദേഹത്തിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുക. ഓരോ ദിവസവും വൈവിധ്യമാര്‍ന്ന രൂപത്തിലും, ആകര്‍ഷകമായ ശൈലിയിലും ഭര്‍ത്താവിനെ സമീപിക്കുകയും അദ്ദേഹത്തിന് തന്നില്‍ മടുപ്പുളവാകുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. നടപ്പിലും ഭാവത്തിലും സ്‌ത്രൈണ പ്രകടിപ്പിക്കുകയും ഇണയുടെ പൗരുഷം ഇളക്കിവിടുകയും ചെയ്യുക.

തന്റെ പുരുഷനോട് സംസാരിക്കുമ്പോള്‍ സ്ത്രീ വളരെ നൈര്‍മല്യവും, മാധുര്യവും കാത്ത് സൂക്ഷിക്കുക. ശബ്ദമുയര്‍ത്തി, ബഹളം വെച്ച് അനാകര്‍ഷകവും, കോപമിളക്കുന്നതുമായ വിധത്തില്‍ സംസാരിക്കരുത്. ഭര്‍ത്താവിന് അനിഷ്ടകരമോ, പ്രയാസമുണ്ടാക്കുന്നതോ, കുടുസ്സതയനുഭവിപ്പിക്കുന്നതോ ആയ വാക്കുകളില്‍ നിന്നും പെരുമാറ്റങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക.

തന്റെ പ്രിയതമന് പ്രിയപ്പെട്ടവരെ ആദരിക്കുകയും പരിഗണിക്കുകയും ചെയ്യുകയെന്നത് ഓരോ സ്ത്രീയും പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്. ഇണയെ കണ്ടുമുട്ടുമ്പോഴെല്ലാം ആവശ്യങ്ങളുടെയും ആവലാതികളുടെയും ഭാണ്ഡം നിരത്തി വെക്കുന്നതിന് പകരം അദ്ദേഹത്തിന്റെ മാനസികാവസ്ഥയും ആരോഗ്യചുറ്റുപാടും പരിഗണിച്ച് അനുയോജ്യമായ സന്ദര്‍ഭങ്ങളില്‍ മാത്രം വിഷയമവതരിപ്പിക്കാന്‍ ശ്രമിക്കുക. ജോലി സ്ഥലത്തോ, മറ്റേതെങ്കിലും ഗൗരവതരമായ ചുറ്റുപാടിലോ ആയിരിക്കുമ്പോള്‍ നിസ്സാരമായതോ, ദുഖകരമോ ആയ വല്ലതും അറിയിക്കുന്നതിന് വേണ്ടി ബന്ധപ്പെടാതിരിക്കുക. അദ്ദേഹം മടങ്ങി വരുന്നത് വരെ ക്ഷമിച്ചിരിക്കുകയും, തീര്‍ത്തും ശാന്തനായിരിക്കുന്ന അവസരത്തില്‍ കാര്യങ്ങള്‍ വിവരിക്കുകയും ചെയ്യുക.

ജോലി സ്ഥലത്തേക്ക് യാത്രയാക്കുന്നതും, തിരിച്ച് വരുമ്പോള്‍ സ്വീകരിക്കുന്നതും ഊഷ്മള ചുംബനത്തോടെയോ, അഭിവാദ്യത്തോടെയോ ആയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ജോലി സ്ഥലത്തെത്തിയാല്‍ ഇടക്കിടെ ബന്ധപ്പെടുകയും അദ്ദേഹത്തെ കാണാനുള്ള കൊതിയും ആഗ്രഹവും അറിയിക്കുകയും ചെയ്യുക. ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ വെച്ച് സംസാരിക്കുകയോ, ഇടപെടുകയോ ചെയ്യുമ്പോള്‍ അദ്ദേഹത്തോടുള്ള ആദരവും സ്‌നേഹവും കാത്ത് സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക.

ഭര്‍ത്താവിന്റെ മുന്നില്‍ പൂര്‍ണത പ്രാപിക്കാന്‍ പരമാവധി ശ്രമിക്കുക. സംസ്‌കാരവും, സ്‌നേഹവും, പ്രണയവും, ബുദ്ധിയും തന്റേടവുമെല്ലാം പ്രകടിപ്പിച്ച് പക്വതയോടെ വര്‍ത്തിക്കുക. ശരീരത്തിന്റെയും വസ്ത്രത്തിന്റെയും വൃത്തിയും സൗന്ദര്യവും പരമാവധി കാത്ത് സൂക്ഷിക്കുക. തനിക്ക് ആവശ്യമായ എല്ലാ സ്‌നേഹവും, ലാളനയും, പിന്തുണയും തന്റെ ഇണയില്‍ നിന്ന് ലഭിക്കുന്നുവെന്ന് പെരുമാറ്റത്തിലൂടെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുക.

അദീലഃ

Topics