ദാമ്പത്യം

യോജിപ്പുകള്‍ മാത്രമല്ല വിയോജിപ്പുകളുമാണ് ദാമ്പത്യം

ദാമ്പത്യജീവിതത്തിന്റെ ആനന്ദം അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായി ജീവിക്കുന്നവരാണ് ഭൂരിപക്ഷം ഭര്‍ത്താക്കന്മാരും. ‘എന്റെ ഭാര്യ എന്നോട് സ്‌നേഹപ്രകടനം നടത്തുന്നില്ല’, ‘എന്റെ ഭാര്യ വളരെ വേഗം ദേഷ്യപ്പെടുന്നു’, ‘എന്റെ മുന്നില്‍ അവള്‍ സൗന്ദര്യം ശ്രദ്ധിക്കുന്നേയില്ല’, ‘അവള്‍ തീര്‍ത്തും സ്വാര്‍ത്ഥതയോട് കൂടിയാണ് വര്‍ത്തിക്കുന്നത്’, ‘ഒട്ടേറെ ആവശ്യങ്ങളുന്നയിച്ച് എന്നെ ബുദ്ധിമുട്ടിക്കുന്നു’, ‘എന്നെ വല്ലാതെ സംശയിക്കുന്നു’, ‘അവള്‍ക്ക് സന്താനങ്ങളുടെ കാര്യമാണ് പ്രധാനം’ തുടങ്ങി ദാമ്പത്യ ജീവിതത്തിന്റെ സന്തോഷം നഷ്ടപ്പെടുത്തുന്ന പ്രശ്‌നങ്ങളുടെയും പരിഭവങ്ങളുടെയും ഒരു പരമ്പര തന്നെ മിക്ക ഭര്‍ത്താക്കന്മാരും പങ്കുവെക്കുന്നതായി നമുക്ക് കാണാം.

എന്നാല്‍ കാര്യങ്ങളെ പ്രായോഗികമായി വിലയിരുത്തുമ്പോള്‍ ഈ ഭര്‍ത്താക്കന്മാര്‍ തന്നെയാണ് മേല്‍പറഞ്ഞ ദുരവസ്ഥയുടെ യഥാര്‍ത്ഥ ഉത്തരവാദി എന്ന് ബോധ്യപ്പെടുന്നതാണ്. തന്റെ അഭിരുചിയോട് ഇണങ്ങുന്ന പങ്കാളിയെ കണ്ടെത്തുന്നതില്‍ അവര്‍ അശ്രദ്ധ കാണിക്കുകയും, തന്റെ സന്താനങ്ങളെ പരിപാലിക്കാനും, സംസ്‌കരിക്കാനും വേണ്ട ഗുണങ്ങളില്ലാത്ത ഇണയെ തെരഞ്ഞെടുക്കുകയും ചെയ്തുവെന്നത് തന്നെയാണ് അവരുടെ പ്രശ്‌നം. ഒരു അറബി കവിതാ ശകലത്തില്‍ ഇങ്ങനെ വന്നിരിക്കുന്നു:
‘വിഢ്ഢികളായ മാതാക്കളുടെ മടിത്തട്ടില്‍ വളര്‍ന്ന കുഞ്ഞുങ്ങളില്‍ നിന്ന് നാമെങ്ങനെയാണ് നന്മ പ്രതീക്ഷിക്കുക? ന്യൂനതയുടെ മുലയൂട്ടിയ കുഞ്ഞുങ്ങളില്‍ പൂര്‍ണത പ്രതീക്ഷിക്കുകയെന്നതല്ലേ നാം ചെയ്യുന്ന വിഢ്ഢിത്തം’.
ഏതായാലും മടവാള്‍ തലയില്‍ തന്നെ പതിച്ചിരിക്കുന്നു. നീ വിവാഹം കഴിക്കുകയും കുടുംബനാഥനായി മാറുകയും ചെയ്തിരിക്കുന്നു. അല്ലാഹു നല്‍കിയ ഇണയില്‍ തൃപ്തിപ്പെടുകയെന്നത് തന്നെയാണ് ഇനി നീ ചെയ്യേണ്ടത്. തന്റെ ഇണയിലെ നന്മ കണ്ടെത്തി, അവളില്‍ സന്തോഷം തേടുകയെന്നതാണ് നിന്റെ ഉത്തരവാദിത്തം. അവളോടുള്ള വെറുപ്പും, താല്‍പര്യക്കുറവും പ്രകടിപ്പിച്ച് ജീവിക്കുന്ന പക്ഷം നിന്റെ ജീവിതം മുഴുവന്‍ ദുഖവും, നഷ്ടവും, പരാജയവും മാത്രമായിരിക്കും.

വിവാഹത്തിലെ നമ്മുടെ സന്തോഷം കുടികൊള്ളുന്നത് വിവാഹശേഷം ചെയ്യുന്ന കാര്യങ്ങളിലാണെന്ന് നാം തിരിച്ചറിയുക. മാനസിക സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തനായ, ബുദ്ധിസാമര്‍ത്ഥ്യവും, സന്തുലിതത്വവുമുള്ള, അല്ലാഹുവിനെ ഭയപ്പെടുന്ന, ഭക്തിയുള്ള വ്യക്തിയാണ് നീയെങ്കില്‍ ദാമ്പത്യ ജീവിതത്തില്‍ സന്തോഷത്തിന്റെ പൂക്കള്‍ വിരിയിക്കാനും, പരിമളം പരത്താനും നിനക്ക് സാധിക്കുന്നതാണ്. ദാമ്പത്യം അതിന്റെ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും ഉള്ളതോടൊപ്പം തന്നെ ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠകരവും മനോഹരവുമായ മാര്‍ഗമാണെന്ന് നാം മനസ്സിലാക്കുക.

ഇണയോടുള്ള പ്രണയം പുതുക്കിക്കൊണ്ടേയിരിക്കുകയെന്നത് ദാമ്പത്യത്തെ ഭദ്രമാക്കാനുള്ള അനിവാര്യഘടകമാണ്. സ്‌നേഹമാണ് ആനന്ദകരമായ വൈവാഹിക ബന്ധത്തെ രൂപപ്പെടുത്തുന്നത്. പ്രശംസനീയമായ എല്ലാ പ്രവര്‍ത്തനങ്ങളുടെയും പ്രേരകവും സ്‌നേഹം തന്നെയാണ്.

ദമ്പതികള്‍ക്കിടയില്‍ യോജിപ്പിന്റെ പല മേഖലകളുമുണ്ടാവുമെന്നത് ശരി തന്നെയാണ്. എന്നാല്‍ എല്ലാ കാര്യത്തിലും ദമ്പതികള്‍ ഒരേ നിലപാട് സ്വീകരിക്കണമെന്നും, എല്ലാറ്റിലും പരസ്പരം യോജിക്കണമെന്നും ശഠിക്കുന്നത് ശരിയല്ല. യോജിക്കാന്‍ സാധ്യതയുള്ളത് പോലെ തന്നെ, ഇണയും തുണയും പല വിഷയങ്ങളിലും വിയോജിക്കുകയും ചെയ്യാം. അതിന് അവര്‍ക്ക് അവകാശവുമുണ്ടെന്ന് തിരിച്ചറിയണം നാം. ഓരോ വ്യക്തിക്കും അവന്റെതായ/ അവളുടെതായ വ്യക്തിത്വവും പ്രത്യേകതയുമുണ്ട്. അവ ഒരിക്കലും പരസ്പരസമാനമാവുകയില്ല.

രണ്ടുപേര്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങളും പ്രയാസങ്ങളും വിയോജിപ്പുകളും ഏത് നിമിഷത്തിലും പുറത്ത് വരാവുന്നതാണ്. എന്നാല്‍ പ്രകൃതിപരമായ ഈ അഭിപ്രായ ഭിന്നതകളെ വലിയ ദുരന്തമായി കണക്കാക്കുകയും അവയുടെ സാന്നിദ്ധ്യം ജീവിതത്തിന്റെ തകര്‍ച്ചയായി വിലയിരുത്തുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ അബദ്ധം. വളരെ ശാന്തവും, ക്രിയാത്മകവുമായ ചികിത്സയിലൂടെ അവക്ക് പരിഹാരം തേടുകയാണ് ചെയ്യേണ്ടത്.

ഭാര്യയുടെ എല്ലാ അഭിപ്രായത്തെയും എതിര്‍ക്കാനോ, തുടക്കത്തില്‍ തന്നെ തള്ളിക്കളയാനോ ശ്രമിക്കരുത്. അതവളുടെ മനസ്സിനെ വേദനിപ്പിക്കാനും, അവളുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താനുമാണ് വഴിവെക്കുക. തന്റെ അഭിപ്രായം പങ്കുവെക്കാന്‍ അവളെ പ്രോല്‍സാഹിപ്പിക്കുകയും നല്ല അഭിപ്രായത്തെ പ്രശംസിക്കുകയും അവള്‍ക്ക് താല്‍പര്യമുള്ള അനുവദനീയമായ കാര്യങ്ങളില്‍ അവളോട് സഹകരിക്കുകയും ചെയ്യുന്നതിലൂടെയാണ് ജീവിതത്തില്‍ സന്തോഷം കടന്നുവരിക.

സാലിം അല്‍അജമി

Topics