Youth

പ്രണയത്തിന്റെ നിഗൂഢ രഹസ്യം

മനുഷ്യന്‍ പ്രണയത്തിന് മുമ്പ് എന്തൊക്കെയോ ആണ്. പ്രണയിക്കുമ്പോള്‍ എല്ലാം അവന്‍ മാത്രമാണ്. എന്നാല്‍ പ്രണയത്തിന് ശേഷം അവന്‍ ഒന്നുമല്ലാതായിത്തീരുന്നു. മനുഷ്യന് ഔന്നത്യത്തിലേക്കും മനോഹാരിതയിലേക്കും മഹത്വത്തിലേക്കും പറന്നുയരാനുള്ള അവസരമാണ് പ്രണയം. കേവലം വികാരവും മാനസികാവസ്ഥയും മാത്രമല്ല അത് മറിച്ച് കഴിവും ശേഷിയും ഉല്‍പാദനവും കൂടിയാണ്. ലോകത്ത് ഒരു ഭാഷയും എത്തിച്ചേരാത്ത മഹത്തായ ഭാഷ പഠിക്കുന്ന പാഠശാലയാണ് പ്രണയം.

രണ്ട് പേര്‍ ചേര്‍ന്ന് കളിക്കുന്ന ഏതൊരു കളിയെയും പോലെയാണ് പ്രണയവും. അതിന്റെ അവസാനത്തില്‍ അവരില്‍ ഒരാള്‍ ലാഭം കൊയ്യുകയും മറ്റൊരാള്‍ നഷ്ടത്തിലാവുകയും ചെയ്യുന്നു.
മനുഷ്യന്റെ തന്റെ നിര്‍ജീവവും പ്രയാസകരവുമായ ഏകാന്തതയില്‍ നിന്നും ഊരിയെടുത്ത് ജീവിതത്തിന്റെ ചൂടും ചൂരം നല്‍കുന്ന പ്രതിഭാസമാണ് അത്. അതിന്റെ സ്ഥാനം മഹത്തരകൃത്യങ്ങളിലാണ് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. സ്‌നേഹം കൊണ്ട് നാം ഔന്നത്യം പ്രാപിക്കുകയും നമ്മുടെ ബുദ്ധിയെ സംരക്ഷിക്കുകയും ചെയ്യുന്നു. വളരെ സങ്കീര്‍ണമായ മാനുഷിക അനുഭവമാണ് അത്. മനുഷ്യന്‍ തന്റെ ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ഏറ്റവും അപകടകരവും, സുപ്രധാനവുമായ സംഭവമായാണ് അത് വിലയിരുത്തപ്പെടുന്നത്. കാരണം മനുഷ്യന്റെ വ്യക്തിത്വത്തെയും സത്തയെയും അസ്ഥിത്വത്തെയും സ്പര്‍ശിക്കുന്നു അത്. പ്രണയിക്കപ്പെടുന്ന മനുഷ്യന്‍ താന്‍ പുതുതായി പിറന്ന് വീണത് പോലെ അനുഭവപ്പെടുന്നു.
കള്ളവും വഞ്ചനയും അഹങ്കാരവും നിറഞ്ഞ ലോകത്ത് തെളിമയുടെയും, നിരപരാധിത്വത്തിന്റെയും, അഴകിന്റെയും പൂന്തോട്ടം സൃഷ്ടിക്കാന്‍ പ്രണയത്തിന് സാധിക്കുന്നു. സമുദ്രത്തെ പോലെയാണ് അത്. നീയതിന്റെ കരയിലിരിക്കുമ്പോള്‍ തിരമാലകള്‍ കൊണ്ട് നിനക്ക് നേരെ എറിയുന്നു. അതിന്റെ തെളിമയും നിറവും ഭയാനകതയും നിന്നെ ബാധിക്കുന്നു. നീയതിന്റെ ആഴ്ത്തട്ടിലേക്കിറങ്ങി പവിഴങ്ങള്‍ തിരയുന്ന പക്ഷം അവ നിന്നെ അമൂല്യ വൈഢൂര്യങ്ങള്‍ കൊണ്ട് ലാളിക്കുകയും താലോലിക്കുകയും ചെയ്യുന്നു.

കാഴ്ചയില്‍ നിന്നും കേള്‍വിയില്‍ നിന്നുമാണ് പ്രണയം ഉറവ പൊട്ടുന്നത്. മനസ്സില്‍ ആദ്യം ഒരാളെ നന്നായി തോന്നുകയാണ് ചെയ്യുക. പിന്നീടത് അനുരാഗമായി രൂപാന്തരപ്പെടുന്നു. അനുരാഗമാണ് സ്‌നേഹത്തിലേക്ക് വഴിമാറുന്നത്. പിന്നീട് ആഗ്രഹത്തിലേക്കും, ആഗ്രഹം പ്രണയത്തിലേക്കും, ഉല്‍ക്കടമായ അഭിലാഷത്തിലേക്കും എത്തിച്ചേരുന്നു. പ്രണയിനി എത്തിച്ചേരുന്ന ഏറ്റവും മൂര്‍ത്തമായ ഘട്ടമാണ് ഇത്.
പ്രണയിതാക്കള്‍ നാം വിചാരിക്കുന്നത് പോലെ വിലപേശാന്‍ പറ്റുന്ന വിലകുറഞ്ഞ ചരക്കുകളല്ല. കൊഴിഞ്ഞു പോകുന്ന ഇലകളോ, അടര്‍ന്ന് വീഴുന്ന കണ്ണുനീര്‍തുള്ളികളോ, പാഴായിപ്പോകുന്ന സ്വപ്നങ്ങളോ അല്ല അത്. അലങ്കൃതമായ ചിത്രങ്ങളോ, മനോഹരമായ സന്ദേശങ്ങളോ, സ്വര്‍ണം പൂശിയ അക്ഷരങ്ങളോ അല്ല.

മനുഷ്യന്റെ ഉള്ളടക്കത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടിയാണ് അത്. മനസ്സിന്റെ ദൃഢനിശ്ചയവും സത്യസന്ധതയും ആത്മാര്‍ത്ഥതയുമാണ് അത്. എപ്പോഴും നിലനില്‍ക്കുന്ന ആദരവും ബഹുമാനും ആകര്‍ഷണീയതയുമാണ് അത്. ശരീരത്തിന് ആത്മാവെത്രമാത്രമാണോ പ്രണയവും അത്രമാത്രം പ്രധാനപ്പെട്ടതാണ്. അവയുടെ അഭാവത്തില്‍ ജീവിതമില്ല. നമ്മുടെ മനസ്സില്‍ ശാന്തമായി കിടക്കുന്ന, നമ്മുടെ ചിന്തകളെ അഭിസംബോധന ചെയ്യുന്ന, സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്ന പ്രതീക്ഷയാണ് അത്. നിര്‍ഭയതീരത്തേക്ക് നമ്മെ നയിക്കുന്ന കപ്പലിന്റെ സ്ഥാനമാണ് അതിനുള്ളത്. തെളിമയാര്‍ന്ന ആകാശവും, ശാന്തമായ സമുദ്രവും, വാല്‍സല്യം നിറഞ്ഞ പുഞ്ചിരിയുമെല്ലാമാണ് അതിന് തുല്യമായുള്ളത്.

എല്ലാറ്റിനുമുപരിയായി അധികപേര്‍ക്കും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാത്ത കെട്ടുകഥയാണ് പ്രണയം. അതിനെ സത്യസന്ധമായി ഉച്ചരിക്കുന്നവര്‍ക്കും അതിന്റെ ആശയം മനസ്സിലാക്കിയവര്‍ക്കും മാത്രമെ അതിനോട് കൂറ് പുലര്‍ത്താന്‍ സാധിക്കുകയുള്ളൂ. ആത്മാര്‍ത്ഥതയോട് കൂടി സമീപിച്ചാല്‍ പ്രണയത്തിന്റെ പരിമളവും, സ്വാദും ആനന്ദവും ജീവിതത്തില്‍ സന്നിവേശിപ്പിക്കാന്‍ ഓരോ മനുഷ്യനും സാധ്യമാണെന്നത് തന്നെയാണ് അതിന്റെ ഏറ്റവും നിഗൂഢമായ രഹസ്യം.

വര്‍ദഃ

Topics