ഇസ് ലാമിക ബാങ്കിങ്‌

പരമ്പരാഗത – ഇസ്‌ലാമിക് ബാങ്കിങ് രീതികളുടെ കാര്യക്ഷമത

ലാഭനഷ്ട പങ്കാളിത്ത അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് ബാങ്കുകളും പലിശയ്ക്ക് പകരമായി നിക്ഷേപം സ്വീകരിക്കുന്ന പരമ്പരാഗത ബാങ്കുകളും അവയുടെ പ്രവര്‍ത്തനത്തില്‍ എത്രത്തോളം കാര്യക്ഷമത പ്രകടമാക്കുന്നു എന്ന് പരിശോധിക്കുകയാണിവിടെ. പലിശയ്ക്ക് പകരമായി നിക്ഷേപ-വായ്പാക്രയങ്ങള്‍ക്കുള്ള ഉപാധിയായി ലാഭ-നഷ്ട പങ്കാളിത്തം എത്രത്തോളം സാധ്യമാണ് എന്ന ചോദ്യം പലരിലും ഉണ്ടാകും. ബിസിനസ് ആവശ്യത്തിനായി വായ്പയെടുക്കുന്നവന് പലിശാധിഷ്ഠിത സമ്പ്രദായമാണ് മെച്ചപ്പെട്ടതെന്ന് തോന്നാം. കാരണം, വായ്പ ലഭ്യമാക്കുന്ന സ്ഥാപനത്തിന് കൊടുക്കേണ്ട പലിശനിരക്ക് നിര്‍ണിതമാണ്. അതേസമയം ലാഭനഷ്ട പങ്കാളിത്ത രീതിയില്‍ ഉയര്‍ന്ന ലാഭാവസ്ഥയില്‍ കൂടുതല്‍ തുക ലാഭവിഹിതമായി നല്‍കേണ്ടിവരുമല്ലോ. അതിനാല്‍ വായ്പയെടുക്കുന്നവര്‍ പലിശാധിഷ്ഠിത സ്ഥാപനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയേക്കാം. അതുകൊണ്ടാണ് ഇരു ധനവിനിമയ സമ്പ്രദായങ്ങളില്‍ കൂടുതല്‍ കാര്യക്ഷമമായത് ഏതാണെന്ന താരതമ്യം പ്രസക്തമാകുന്നത്. അതിനായി 4 മാനദണ്ഡങ്ങള്‍ പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്.

1. ഉല്‍പാദനക്ഷമത (Productivity Efficiency)
2. വിനിയോഗക്ഷമത ( Allocative Efficiency)
3. വിതരണക്ഷമത (Distributive Efficiency)
4. സ്ഥിരീകരണക്ഷമത (Stabilization Efficiency)

ഉല്‍പാദനക്ഷമത: സമ്പദ്ഘടനയില്‍ നിലനില്‍ക്കുന്ന മുഴുവന്‍ ഉല്‍പാദന സാധ്യതകളെയും ആവശ്യമായ നിക്ഷേപത്തിലൂടെ പ്രയോജനകരമായി സാക്ഷാത്കരിക്കാനുള്ള ധനകാര്യമേഖലയുടെ പ്രാപ്തിയാണ് ഉല്‍പാദനക്ഷമതകൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. വളരെകുറഞ്ഞ ലാഭവരുമാനനിരക്കില്‍ പോലും നിക്ഷേപങ്ങള്‍ക്ക് പണം നല്‍കാന്‍ സാധിക്കുന്ന ധനകാര്യസ്ഥാപനങ്ങളുടെ ഉല്‍പാദനക്ഷമത വളരെ കൂടുതലായിരിക്കും. ലാഭ-നഷ്ട പങ്കാളിത്ത സംവിധാനത്തില്‍ സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ ആകര്‍ഷണീയമായ വ്യവസ്ഥയില്‍ ഉല്‍പാദനരംഗത്ത് മുതല്‍മുടക്കാനും ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കാനും സാധിക്കും.

ഉല്‍പാദന ക്ഷമതയെ യഥാതഥമായി മനസ്സിലാക്കാന്‍ 5 ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കണ്ടെത്തേണ്ടതുണ്ട്:

1. സമ്പദ്ഘടനയിലെ നിക്ഷേപയോഗ്യവും പരിമിതവുമായ ഫണ്ടുകള്‍ ഉപയോഗപ്പെടുത്തി നിക്ഷേപസാധ്യതകള്‍ എത്രകണ്ട് ഉപയുക്തമാക്കാന്‍ ധനകാര്യമേഖലക്ക് സാധിക്കുന്നു?

2. പണം നല്‍കി പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളുടെ ഗുണനിലവാരവും ഉദ്ദിഷ്ടലക്ഷ്യപ്രാപ്തിയും ഉറപ്പുവരുത്താനും ധനകാര്യസ്ഥാപനങ്ങള്‍ക്ക് എത്രമാത്രം കഴിയുന്നുണ്ട് ?

3. വായ്പ സമയബന്ധിതമായി തിരിച്ചടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുന്നുണ്ടോ ?

4. നിക്ഷേപങ്ങളില്‍നിന്ന് പരമാവധി ലാഭം കിട്ടുന്നുവെന്ന് ഉറപ്പുവരുത്താന്‍ സ്ഥാപനത്തിന് എത്രമാത്രം സാധിക്കുന്നുണ്ട് ?

5. പണമന്വേഷിക്കുന്ന സംരംഭകര്‍ക്ക് മതിയായ സാമ്പത്തികസേവനം നല്‍കാന്‍ കഴിയുംവിധം ഇലാസ്തികത ധനകാര്യസ്ഥാപനം കാത്തുസൂക്ഷിക്കുന്നുണ്ട്?
താരതമ്യവിശകലനത്തില്‍ ലാഭ-നഷ്ട പങ്കാളിത്ത സംവിധാനത്തില്‍ ഉല്‍പാദനക്ഷമത കൂടുന്നതായി കാണാം. നിക്ഷേപത്തിനുള്ള ആവശ്യം വര്‍ധിക്കുമ്പോള്‍ പര്യാപ്തവിഭവങ്ങള്‍ ലഭ്യമാണെങ്കില്‍ പങ്കാളിത്ത സംവിധാനത്തിന് പലിശാധിഷ്ഠിതസംവിധാനത്തേക്കാള്‍ കൂടുതല്‍ സാമ്പത്തികസേവനം ചെയ്യാന്‍ സാധിക്കും. സ്ഥിരപ്രത്യയ സമ്പ്രദായത്തില്‍ അതായത് പലിശാധിഷ്ഠിത സമ്പ്രദായത്തില്‍ ധനകാര്യസ്ഥാപനത്തിന് നിര്‍ണിതമായ പലിശ ലഭിക്കുമെന്നതൊഴിച്ചാല്‍ കാര്യക്ഷമത താരതമ്യത്തില്‍ കാര്യമായി മുന്നേറാന്‍ സാധ്യമല്ല.

വിനിയോഗക്ഷമത: ലാഭ-നഷ്ട പങ്കാളിത്തത്തിന് കീഴില്‍ പദ്ധതികള്‍ തെരഞ്ഞെടുക്കുമ്പോള്‍ ലാഭ ലഭ്യതയുടെ അടിസ്ഥാനത്തില്‍ അവയെ അവരോഹണക്രമത്തില്‍ സംവിധാനിച്ച് മറ്റു നിബന്ധനകളെല്ലാം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നു. അതിനാല്‍ എല്ലാ മേഖലകളിലും വിഭവവിനിയോഗം നടത്താനും കാര്യക്ഷമത വര്‍ധിപ്പിക്കാനും സാധിക്കുന്നു. അതേസമയം പലിശക്രമം സ്വീകരിച്ചിട്ടുള്ള ധനകാര്യസ്ഥാപനങ്ങള്‍ സാമ്പത്തികമെച്ചവും സാമൂഹികപ്രതിബദ്ധതയും ക്ഷേമവും നല്‍കുംവിധം വിഭവവിനിമയം ഉറപ്പുവരുത്തുന്നില്ല.

വിതരണക്ഷമത: ലാഭ-നഷ്ട പങ്കാളിത്ത വ്യവസ്ഥയില്‍ ധനവിനിമയത്തിലും ഉല്‍പാദനത്തിലും പങ്കെടുക്കുന്ന എല്ലാവര്‍ക്കും നീതിയുക്തമായി എല്ലാവര്‍ക്കും വരുമാനവിതരണം ഉറപ്പാക്കാന്‍ സാധിക്കുന്നു. ലാഭം പങ്കിടാന്‍ സംരംഭകനും ബാങ്കിനും നിക്ഷേപകനുമിടയില്‍ വ്യക്തമായ അനുപാതം നിര്‍ണയിക്കുകവഴി അവര്‍ക്കിടയില്‍ നേരിട്ടുള്ള ബന്ധം രൂപപ്പെടുന്നു. സംരംഭം ലാഭകരമായാലും നഷ്ടത്തില്‍ കലാശിച്ചാലും പരസ്പരം മനസ്സിലാക്കി പങ്കിടുന്നതിനാല്‍ വിതരണക്ഷമത ഉറപ്പാവുന്നു. അതേസമയം പലിശവ്യവസ്ഥയില്‍ ചൂഷണാവസ്ഥ നിലനില്‍ക്കുന്നു. സംരംഭകര്‍ മെച്ചപ്പെട്ട നിബന്ധനകള്‍ തേടി പലിശാധിഷ്ഠിതബാങ്കിനെ സമീപിക്കുന്നതോടെ, സംരംഭകനും ബാങ്കും നിക്ഷേപകനും തമ്മിലുള്ള ലാഭപങ്കാളിത്ത വിഹിതം പാളിപ്പോകുന്നു.

സ്ഥിരീകരണക്ഷമത: ഇടപാടുകളിലെ ലാഭനഷ്ടങ്ങളുടെ ചാക്രികവ്യതിയാനങ്ങളെ തരണംചെയ്യാനാവശ്യമായ സ്ഥിരീകരണശേഷി ഇസ് ലാമിക് ബാങ്കിങിനുണ്ട്. എന്നാല്‍ പരമ്പരാഗതബാങ്കിങ് വ്യവസ്ഥ നിക്ഷേപ അസ്ഥിരതയ്ക്ക് കാരണമാണെന്ന് സാമ്പത്തികവിദഗ്ധര്‍ നിരീക്ഷിച്ചിട്ടുണ്ട്. സാമ്പത്തികവരുമാനവും പലിശബാധ്യതയും തമ്മിലുള്ള അന്തരമാണ് അസ്ഥിരതയ്ക്ക് കാരണം. ഒരു സംരംഭത്തില്‍നിന്നുള്ള ലാഭം അനിശ്ചിതവും തിരിച്ചടക്കേണ്ട പലിശ നിശ്ചിതവുമാണ്. ചാക്രികവ്യതിയാനങ്ങള്‍ക്കനുസരിച്ച് ഈ അന്തരം വര്‍ധിക്കുന്നു. എന്നാല്‍ ലാഭ-നഷ്ടപങ്കാളിത്ത വ്യവസ്ഥിതിയില്‍ വരുമാനവും ബാധ്യതയും നേരിട്ട് ബന്ധപ്പെടുന്നു. അത് ചാക്രികവ്യതിയാനത്തെ ബാധിക്കുന്നില്ല.

About the author

padasalaadmin

Add Comment

Click here to post a comment

Topics