ധനവിതരണ വ്യവസ്ഥയെക്കുറിച്ച് ഇസ്‌ലാമിന്ന് ആധുനിക സാമ്പത്തിക സിദ്ധാന്തങ്ങളില്‍ നിന്ന് വ്യത്യസ്തമായ കാഴ്ചപ്പാടുകളുണ്ട്. ഇസ്‌ലാം പലിശ വിരോധിക്കുകയും ഏഴു വന്‍പാപങ്ങളിലൊന്നായി അതിനെ വിശേഷിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ പലിശയില്‍ അധിഷ്ഠിതമായ ബാങ്കിംഗ് സമ്പ്രദായം ഇസ്‌ലാമില്‍ അനുവദനീയമല്ല. ഇസ്‌ലാമിക സാമ്പത്തിക സിദ്ധാന്തങ്ങളുടെ അടിത്തറമേല്‍ കെട്ടിപ്പൊക്കിയ ബാങ്കിംഗ് വ്യവസ്ഥയാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഈ ബാങ്കിംഗ് സമ്പ്രദായത്തെ ഇസ്‌ലാമിക് ബാങ്കിംഗ് എന്നു വിളിക്കുന്നു.
പണത്തെ ഉല്‍പ്പന്നമായി കരുതുന്നു എന്നതാണ് പലിശ സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വം. പണമെന്ന ഉല്പന്നത്തിന്റെ കൊള്ളക്കൊടുക്കകളില്‍ ലാഭചിന്ത സ്ഥാനം പിടിക്കുന്നത് അതിനാല്‍ സ്വാഭാവികമാണ്. ഇസ്‌ലാമില്‍ വസ്തുക്കള്‍ കൈമാറുന്നതിനുള്ള മാധ്യമം മാത്രമാണ് ധനം. വസ്തുക്കള്‍ കൈമാറുമ്പോള്‍ ഇരുകക്ഷികളുടെയും മനഃസംതൃപ്തിയോടെ ആയിരിക്കണം അത് നടത്തേണ്ടത് എന്നാണ് ഖുര്‍ആനികമായ കാഴ്ചപ്പാട്.
‘ നിങ്ങള്‍ ധനത്തെ ന്യായരഹിതമായ മാര്‍ഗങ്ങളിലൂടെ അന്യോന്യം കരസ്ഥമാക്കി തിന്നരുത്. ഇരുകക്ഷികളുടെയും മനഃസംതൃപ്തിയോടുകൂടി നടത്തുന്ന കച്ചവടമാണെങ്കില്‍ വിരോധമില്ല ‘ (4:29) എന്ന സൂക്തം ഈ വസ്തുത പറഞ്ഞുറപ്പിക്കുന്നു.
സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ഇസ്‌ലാമില്‍ പല നിര്‍ദ്ദേശങ്ങളുമുണ്ട്. കടം വീട്ടാന്‍ നിവൃത്തിയില്ലാത്തവനോട് അനുവര്‍ത്തിക്കേണ്ട നയത്തെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ‘ കടക്കാരില്‍ വല്ല ഞെരുക്കക്കാരനുമണ്ടെങ്കില്‍ അവന് ആശ്വാസം ഉണ്ടാകുന്നതുവരെ ഇടകൊടുക്കേണ്ടതാണ് ‘. പങ്ക്‌ചേര്‍ത്തുള്ള കച്ചവടം, തൊഴിലാളി-മുതലാളിബന്ധം തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ഇസ്‌ലാം നല്‍കുന്നത് കാണാം. ഈ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥ വികസിച്ചു വന്നത്. ഇസ്‌ലാമിക സമ്പദ്‌വ്യവസ്ഥയുടെ വിജയകരമായ പ്രയോഗവല്‍ക്കരണമാണ് ഇസ്‌ലാമിക് ബാങ്കിംഗിലൂടെ സാധിക്കുന്നത്.
വ്യാപാരങ്ങളില്‍ മുഖ്യഘടകമാണ് പലിശയെന്നും പലിശകൂടാതെ വ്യവസായങ്ങള്‍ ചെയ്തു ജീവിക്കാന്‍ സാധിക്കുകയില്ലെന്നുമുള്ള ചിന്തയെ ഇസ്‌ലാം ഖണ്ഡിക്കുന്നു. പലിശ ആളുകളുടെ ഉല്പാദന ക്ഷമതയെ കുറച്ചുകളയും; ആളുകളെ നിഷ്‌ക്രിയരാക്കും. ഒപ്പം ഒരു ചൂഷണോപാധിയായി അത് വര്‍ത്തിക്കുകയും ചെയ്യും. അല്ലാഹു പലിശയെ ഭൂമുഖത്ത് നിന്ന് നിശ്ശേഷം നിര്‍മാര്‍ജനം ചെയ്യുകയും ദാനശീലത്തെ വളര്‍ത്തുകയും ചെയ്യുന്നതാണെന്ന് ഖുര്‍ആന്‍ (27:276) ഉറപ്പിച്ച് പറയുന്നുണ്ട്. പലിശ എന്ന ദുഷിച്ച പ്രവണതയുമായി ഇസ്‌ലാമിന്ന് സന്ധിയേതുമില്ല എന്നാണ് ഈ ഖുര്‍ആന്‍ സൂക്തത്തിന്റെ പൊരുള്‍.
ഇസ്‌ലാമിക ജീവതത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ പലിശ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. അറബികള്‍ക്കിടയിലുള്ള വ്യപാരബന്ധങ്ങളില്‍ പലിശ സജീവസാന്നിധ്യമായിരുന്നു എന്നതാണ് ഇതിനു കാരണം. ഈത്തപ്പനത്തോട്ടങ്ങളിലെ വിളവ് മൂപ്പെത്തുന്നതിന്റെ മുമ്പ് തന്നെ ഊഹവിലക്ക് വില്‍ക്കുന്ന സമ്പ്രദായം അറബികള്‍ക്കിടയിലുണ്ടായിരുന്നു. പല അറബി വിപണികളിലും പല തരത്തിലുമുള്ള ഊഹക്കച്ചവടം വ്യാപകമായിരുന്നുതാനും. കൂഫയിലെ സൈനികപ്പാളയങ്ങള്‍ക്കു ചുറ്റും ഇമ്മട്ടിലുള്ള വന്‍വിപണി തന്നെ ഉയര്‍ന്നുവന്നു. ഇത്തരം കച്ചവടങ്ങള്‍ പലിശയാണെന്നാണ് പണ്ഡിതമതം. എന്നാല്‍ സാമൂഹ്യബന്ധങ്ങളില്‍ നിന്ന് ഉടലെടുക്കുന്ന അനിവാര്യത മാത്രമാണ് അവ എന്ന് വ്യാഖാനിച്ചവരുമുണ്ട്. ഏതായാലും ഇസ്‌ലാം പലിശ കര്‍ശനമായി വിലക്കിയിട്ടുണ്ട്. ഏതെല്ലാം പലിശയാണ് ഏതെലാം പലിശയല്ല എന്ന കാര്യത്തിലേ അഭിപ്രായാന്തരമുള്ളൂ.
ഇസ്‌ലാം കര്‍ശനമായി പലിശ നിരോധിച്ചിട്ടും മുസ്‌ലിം രാഷ്രങ്ങളിലെ ബാങ്കുകള്‍ പലിശ വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന സമ്പ്രദായമാണ് സ്വകരിച്ചുപോന്നത്. നിക്ഷേപങ്ങള്‍ക്ക് പലിശ നല്‍കുകയും വായ്പകള്‍ക്ക് പലിശ ചുമത്തുകയും ചെയ്യുന്നു എന്നതാണ് ആധുനിക ബാങ്കിംഗ് സമ്പ്രദായത്തിന്റെ അടിസ്ഥാന തത്വം. ഉസ്മാനീ വാഴ്ചക്കാലത്താണ് മുസ്‌ലിം ലോകത്ത് ഇത്തരം ബാങ്കുകള്‍ സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ പലരും മതപരമായ കാരണങ്ങളാല്‍ ഇത്തരം ഇടപാടികളില്‍ നിന്ന് ഒഴിഞ്ഞുനിന്നു. സ്വര്‍ണ്ണപ്പണ്ടം, ഭൂസ്വത്ത് തുടങ്ങിയ രൂപങ്ങളില്‍ സമ്പാദ്യങ്ങള്‍ സ്വരൂപിക്കുകയായിരുന്നു അവരുടെ രീതി. ആധുനിക ബാങ്കിംഗ് ഇടപാടുകളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ഈ രീതി മുസ്‌ലിംകളുടെ സാമ്പത്തിക ഭദ്രതയെ പ്രതികൂലമായി ബാധിക്കും എന്ന ചിന്തയെത്തുടര്‍ന്നാണ് ഇസ്‌ലാമിക് സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഇടം പിടച്ചിത്. നിക്ഷേപകരില്‍ നിന്ന് കടം വാങ്ങാതെയും കടംവാങ്ങുന്നവരില്‍ നിന്ന് പലിശ ഈടാക്കാതെയും പ്രവര്‍ത്തിക്കുന്ന ബാങ്കിംഗിനു മുസ്‌ലിം രാഷ്ട്രങ്ങളില്‍ വിശ്വസനീയത വര്‍ദ്ധിച്ചു വരികയുമാണ്.
ഇന്ത്യയിലും ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിസര്‍വ് ബാങ്കിന്റെ അനുവാദത്തോടെ പ്രവര്‍ത്തിക്കുന്ന ഇവയെ ബാങ്കിംഗേതര ധനകാര്യ സ്ഥാപനങ്ങളെന്നാണ് (Non Banking financial institution) സാമ്പത്തിക രംഗത്ത് വിശേഷിപ്പിക്കുന്നത്. ഇവയുടെ പ്രവര്‍ത്തന സമ്പ്രദായം നേരിട്ടുള്ള നിക്ഷേപത്തിലൂടെയും പങ്കുകച്ചവടത്തിലുടെയുമാണ് നീങ്ങുന്നത്. ന്യായമായ ലാഭം ലഭിക്കുന്ന പദ്ധതികളില്‍ സ്ഥാപനം നിക്ഷേപം വിനിയോഗിക്കുന്നു.
അംഗീകൃത വ്യവസ്ഥകളോടെ ലാഭനഷ്ടങ്ങളില്‍ പങ്കാളികളാകാവുന്ന സംരംഭങ്ങളുമുണ്ട്. ഓരോ വര്‍ഷാവസാനത്തിലുമുള്ള മൊത്തം ആദായം കണക്കിലെടുത്താണ് ഇടപാടുകാര്‍ക്കുള്ള വിഹിതങ്ങള്‍ വീതിക്കുന്നത്. പലിശയുടെ ആധിക്യം മൂലമുണ്ടാവുന്ന വിലക്കയറ്റം, പലിശയില്‍ അന്തര്‍ലീനമായിട്ടുള്ള ചൂഷണം, നിഷ്‌ക്രിയത്വം തുടങ്ങിയവര്‍ക്ക് ഈ ബാങ്കിംഗ് സമ്പ്രദായത്തില്‍ സാധ്യതകളില്ല. ധനം വ്യാപാര-വ്യവസായ രംഗങ്ങളില്‍ മുതലിറക്കുന്നതിനാല്‍ ജോലി സാധ്യകള്‍ വര്‍ദ്ധിച്ചുവരുമെന്നതും പലിശരഹിത ബാങ്കുകളുടെ പ്രവര്‍ത്തന വിജയങ്ങള്‍ ചൂണ്ടിക്കാട്ടി ഇസ്‌ലാമിക സമ്പദ്ശാസ്ത്രവിദഗ്ധര്‍ സിദ്ധാന്തിക്കുന്നു.
ഇജാറ, മുശാറക, മുദാറബ, മുറാബഹ തുടങ്ങിയ പദ്ധതികളാണ് മിക്ക ഇസ്‌ലാമിക ബാങ്കുകള്‍ക്കും ഉള്ളത്. ഇജാറ എന്നാല്‍ വാടകക്ക് കൊടുക്കലാണ്. ഇതനുസരിച്ച് ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ വാടകക്ക് കൊടുക്കലാണ്. ഇതനുസരിച്ച് ഉപകരണങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ വാടകക്ക് കൊടുക്കുകയും നിശ്ചിത കാലാവധിക്കു ശേഷം തിരിച്ചുവാങ്ങല്‍ ക്രമമനുസരിച്ച് വസ്തു സ്വന്തമാക്കാന്‍ അവസരം നല്‍കുകയും ചെയ്യുന്നു.
ലാഭവിഹിതാടസ്ഥാനത്തിലുള്ള കൂട്ടുസംരംഭമാണ് മുശാറക. ബാങ്കും കക്ഷിയും ഒരു നിശ്ചിത കാലത്തേക്ക് കൂട്ടുസംരംഭത്തിന് കരാറുണ്ടാക്കുന്നു. രണ്ടുകൂട്ടരും ചേര്‍ന്നാണ് മുതല്‍മുടക്കുന്നത്. ലാഭവിഹിതം കരാറനുസരിച്ച് വീതിക്കപ്പെടുന്നു. പിന്നീട് ബാങ്കിന്റെ വിഹിതവും കൂടി കക്ഷിക്ക് വാങ്ങാവുന്ന വിധത്തിലുള്ള തിരിച്ചുവാങ്ങല്‍ കരാറും ഉണ്ടാക്കുന്നു.
മുദാറബ രീതിയില്‍ ലാഭനഷ്ട വിഹിതാടിസ്ഥാനത്തില്‍ ധനസഹായം നല്‍കുന്നു. നിക്ഷേപകന്‍ ഉറങ്ങുന്ന പങ്കാളി (sleeping partner) യായിരിക്കും. ലാഭകരമായ സംരംഭങ്ങളില്‍ സ്ഥാപനം ഏര്‍പ്പെടുകയോ മാറ്റാരെക്കൊണ്ടെങ്കിലും അവ നടത്തിക്കുകയോ ചെയ്യും. പ്രായോഗിക പരിജ്ഞാനമുള്ളവരും വിദഗ്ധരുമായ ആളുകളെ സഹകരിപ്പിച്ചാണ് സ്ഥാപനം ഈ പദ്ധതികള്‍ നടത്തുക. ലാഭനഷ്ടങ്ങളില്‍ നിക്ഷേപകന്‍ പങ്കാളിയായിരിക്കും.
മുറാബഹ വ്യവസ്ഥയില്‍ ഉപകരണങ്ങള്‍, വില്പനച്ചരക്കുകള്‍ തുടങ്ങിയവ വാങ്ങുകയും നിശ്ചിത ലാഭമുള്‍പ്പടെയുള്ള അംഗീകൃത വിലയ്ക്ക് കക്ഷിക്ക് നല്‍കുകയും ചെയ്യുന്നു. പൊതുആവശ്യങ്ങള്‍ക്കും മാനുഷികാവശ്യങ്ങള്‍ക്കും പലിശരഹിത വായ്പകള്‍ക്കും ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് പദ്ധതികളുണ്ട്. കുവൈത്ത് ഇസ്‌ലാമിക് ബാങ്ക്, ദുബൈ ഇസ്‌ലാമിക് ബാങ്ക്, ഖാര്‍ത്തൂം ഫൈസല്‍ ഇസ്‌ലാമിക് ബാങ്ക്, ക്വാലാലംപൂര്‍ മലേഷ്യന്‍ ഇസ്‌ലാമിക് ബാങ്ക് എന്നിവ പ്രസിദ്ധമായ പലിശരഹിത ബാങ്കിംഗ് സ്ഥാപനങ്ങളാണ്.
Add Comment