Youth

ദുരന്തങ്ങള്‍ കരഞ്ഞ് തീര്‍ക്കാനല്ല

ബുദ്ധിമാന്‍ തന്റെ നഷ്ടങ്ങളെ സമ്പാദ്യമാക്കുകയാണ് ചെയ്യുക. തിരുമേനി(സ) മക്കയില്‍ നിന്ന് മദീനയിലേക്ക് ആട്ടിയോടിക്കപ്പെട്ടു. അദ്ദേഹമവിടെ ഒരു നീതിപൂര്‍വ്വമായ രാഷ്ട്രം സ്ഥാപിച്ച് ലോകത്തെ അങ്ങോട്ട് നയിക്കുകയാണ് ചെയ്തത്. ഇബ്‌നു തൈമിയ ജയിലിലടക്കപ്പെട്ടു. അദ്ദേഹം ജയിലിലിരുന്ന് മുപ്പത് വാള്യങ്ങള്‍ വരുന്ന ഗ്രന്ഥങ്ങള്‍ എഴുതി. ഭൂമിക്കടിയില്‍ പൊട്ടക്കിണറ്റില്‍ ബന്ധിക്കപ്പെട്ട സര്‍ഖസി അവിടെ വെച്ച് തന്റെ ഇരുപത് ഭാഗങ്ങളടങ്ങിയ അല്‍മബ്‌സൂത് എന്ന ഗ്രന്ഥം രചിച്ചു. നടക്കാന്‍ വയ്യാതെ ഇരിക്കേണ്ടി വന്ന ഇബ്‌നുല്‍ അഥീര്‍ തന്റെ ജാമിഉല്‍ ഉസ്വൂല്‍ രചിച്ചു ചരിത്രം സൃഷ്ടിച്ചു. രോഗം കാരണം ജീവിതമാര്‍ഗം മുട്ടി വീട്ടിലിരിക്കേണ്ടി വന്ന അത്വാഅ് ബിന്‍ അബീറബാഹ് മുപ്പത് വര്‍ഷം ഹറമിലിരുന്ന് വിജ്ഞാനം പഠിച്ച് ലോകത്തെ അറിയപ്പെടുന്ന പണ്ഡിതനായി മാറി. പനിപിടിച്ച് കിടപ്പിലായ മുതനബ്ബി തന്റെ രണ്ട് വരി കവിത കൊണ്ട് ലോകത്തെ കയ്യിലെടുത്തു. ‘എന്റെ സന്ദര്‍ശകന് എന്തോ ലജ്ജയുള്ളത് പോലെ! ഇരുട്ടില്‍ മാത്രമാണ് അത് എന്നെ സന്ദര്‍ശിക്കുന്നത് ‘എന്നതായിരുന്നു അദ്ദേഹത്തിന്റെ കവിത.
ത്വാഹാ ഹുസൈന് അന്ധത ബാധിച്ചു. അദ്ദേഹം തന്റെ പഠനം തുടര്‍ന്ന് ഉന്നതവിദ്യാഭ്യാസം നേടിയെടുത്തു. സമഖ്ശരിയുടെ കാല്‍അറ്റുപോയി. അതോടെ അദ്ദേഹം വായനയില്‍ മുഴുകി വീട്ടിലിരുന്നു ഗ്രന്ഥങ്ങള്‍ രചിച്ചു കാലഘട്ടത്തിലെ വിസ്മയമായി മാറി.

ദുരന്തത്തിന്റെ മറുവശം മുതലെടുക്കുകയും അതിന്റെ പ്രശോഭിതമായ വശത്തേക്ക് നോക്കുകയുമാണ് വേണ്ടത്. കയ്പുനീരില്‍ നിന്ന് മധുരപാനീയം ഉണ്ടാക്കാനാണ് നാം ശ്രമിക്കേണ്ടത്. എല്ലാ വിഷമകരമായ സാഹചര്യങ്ങളെയും അഭിമുഖീകരിക്കാന്‍ തയ്യാറായ മഹാന്മാരുടെ ഔന്നത്യത്തിലേക്കുള്ള വഴികള്‍ തീക്കനലുകളും മുള്ളുകളും പ്രയാസങ്ങളും നിറഞ്ഞതായിരുന്നുവെന്ന് നാം തിരിച്ചറിയുക. ആശ്വാസത്തിലേക്കുള്ള വഴി ക്ഷീണം നിറഞ്ഞതാണ്. വിജയവും ആധിപത്യവും കണ്ണുനീരും, രക്തവും, വിയര്‍പ്പും ഒഴുക്കിയതിന് ശേഷമാണ് സാക്ഷാല്‍കൃതമാവുക. എന്നാല്‍ പതനവും പരാജയവും ഉറവെടുക്കുന്നത് ആലസ്യത്തില്‍ നിന്നും നിരാശയില്‍ നിന്നുമാണ്. പ്രതിസന്ധി മുന്നില്‍ കാണുകയോ, ദുരന്തം വന്നുഭവിക്കുകയോ ചെയ്യുമ്പോള്‍ പൊട്ടിക്കരഞ്ഞ് കൊണ്ടോ, ആര്‍ത്തട്ടഹസിച്ച് കൊണ്ടോ അല്ല അവയെ നേരിടേണ്ടത്. മറിച്ച് ക്ഷമയോടും സ്ഥൈര്യത്തോടും ചങ്കൂറ്റത്തോടും കൂടിയാണ്.

ചരിത്രത്തിലെ മഹാരഥന്മാരുടെ സാഹചര്യങ്ങള്‍ അവര്‍ക്കൊരിക്കലും അനുഗുണമായിരുന്നില്ല. എല്ലാ അനുഗ്രഹങ്ങളും വര്‍ഷിക്കപ്പട്ടവരോ, അവസരങ്ങള്‍ നല്‍കപ്പെട്ടവരോ ആയിരുന്നില്ല അവര്‍. സമ്പത്തുണ്ടെങ്കിലും ആരോഗ്യമില്ലാത്തവര്‍ അവരിലുണ്ടായിരുന്നു. നല്ല ബുദ്ധിയും സാമര്‍ത്ഥ്യവുമുണ്ടെങ്കിലും സമ്പത്തില്ലാത്തവര്‍ അവരിലുണ്ടായിരുന്നു. ഇഹലോകം ഇപ്രകാരം പൂര്‍ണതയില്ലാത്തതാണ്. കാരണം പ്രതാപം, സമ്പത്ത്, ആരോഗ്യം, തറവാടിത്തം, സന്തോഷം, നിര്‍ഭയത്വം ഇവയെല്ലാം ചേര്‍ന്ന് വന്നാല്‍ പിന്നെ ഇഹലോകം സ്വര്‍ഗമാകുമല്ലോ. അങ്ങനെയാവുമ്പോള്‍ പിന്നെ പരലോകത്ത് മറ്റൊരു സ്വര്‍ഗത്തിന്റെ ആവശ്യവുമില്ല. എന്നാല്‍ ചെറിയകാലം സന്തോഷിച്ചവന്‍ കൂടുതല്‍ കാലം ദുഃഖിക്കുമെന്നതാണ് ഇഹലോകത്തിന്റെ അവസ്ഥ.

ജീവിതം പൂര്‍ണമായി തെളിയുന്നത് വരെ കാത്തുനില്‍ക്കാനാവില്ല. എല്ലാ അവസരങ്ങളും ഒത്തുചേര്‍ന്ന് ഔന്നത്യത്തിന്റെ വഴിയില്‍ പരവതാനി വിരിച്ച് ദിവസങ്ങള്‍ നമ്മോട് സന്ധി ചെയ്‌തെന്ന് വരില്ല. മറിച്ച് അല്ലാഹു നല്‍കിയ കഴിവുകളും അനുഗ്രഹങ്ങളും മുതലെടുത്ത് ഏറ്റവും നല്ല വിധത്തില്‍ അവയെ ഉപയോഗപ്പെടുത്തി കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടത്. നിനക്ക് ചുറ്റും ഇരുട്ട് പരന്നാല്‍ ഇരുട്ടിനെ ശപിക്കുന്നതിന് പകരം മെഴുക് തിരി കത്തിക്കുക. നിന്റെ വാഹനം കേട് വന്നാല്‍ അത് നിര്‍മിച്ചവരെയോ, യാത്ര ചെയ്ത വഴിയെയോ ശപിച്ച് പ്രസംഗം നിര്‍വഹിക്കുന്നതിന് പകരം, വാഹനം നന്നാക്കി മുന്നോട്ട് നീങ്ങുക. കൂട്ടുകാരന്‍ മോശമായി പെരുമാറിയാല്‍ അവനെ ശകാരിച്ച് കവിതയെഴുതി സമയം പാഴാക്കുന്നതിന് പകരം മറ്റൊരു സുഹൃത്തിനെ തേടുകയോ, ഒറ്റക്ക് ജീവിക്കുകയോ ചെയ്യുക.

ഉറുമ്പിനെപ്പോലെ ആയിരം തവണ മുകളിലോട്ട് കയറിപ്പടിക്കുക. തകര്‍ന്ന് പോകുമെന്ന് ഒരിക്കലും കരുതരുത്. നീ കുത്തൊഴുക്കിനെ കണ്ട് പഠിക്കുക. അതിന്റെ മുന്നില്‍ പാറക്കെട്ടുകളുണ്ടെങ്കില്‍ അവ വഴിമാറി സഞ്ചരിക്കുന്നു. നിന്റെ മുന്നില്‍ ഒട്ടേറെ അവസരങ്ങളുണ്ട്. പ്രശോഭിതമായ ദിനങ്ങള്‍ നിന്നെ കാത്തിരിക്കുന്നു. നീ കഠിനാധ്വാനം ചെയ്യുകയും അല്ലാഹുവില്‍ ഭരമേല്‍പിക്കുകയും ചെയ്യുന്ന പക്ഷം വിജയം നിന്റെ കൂടെപ്പിറപ്പായിരിക്കും. ജീവിതത്തില്‍ ഒരിക്കലും പരാജയത്തെ കൂട്ടുപിടിക്കരുത്. ജീവിതത്തിന്റെ അവസാന നിമിഷം വരെ ചെറുത്ത് നില്‍ക്കുക. അല്‍ബിറൂനി തന്റെ മരണത്തിന് മുമ്പുവരെ അധ്യാപനം നിര്‍വഹിച്ചുവത്രെ! മരണാസന്ന വേളയില്‍ തന്റെ വിദ്യാര്‍ത്ഥികളോട് സംവദിക്കുകയായിരുന്നു ഖാദി അബൂയുസുഫ്. മരണമടുത്ത് കൊണ്ടിരിക്കുന്ന നിമിഷങ്ങളില്‍ ഇബ്‌നു സീനാ തന്റെ ഗ്രന്ഥരചന പൂര്‍ത്തീകരിക്കുന്ന തിരിക്കിലായിരുന്നു. കാരണം ആലസ്യക്കാരായ മടിയന്മാരെ ജീവിതത്തിന് പരിചയമില്ല. പരാജിതര്‍ക്ക് വേണ്ടി ജീവിതം ഒരിക്കലും കയ്യടിക്കുകയില്ല. അഹ്മദ് ശൗഖി പാടിയത് ഇപ്രകാരമാണ് :
‘ആഗ്രഹം കൊണ്ട് ഒന്നും നേടാന്‍ സാധിക്കുകയില്ല; വിജയത്തിലൂടെയാണ് ഇഹലോകം എത്തിപ്പിടിക്കുക’

ആഇളുല്‍ ഖര്‍നി

Topics