Youth

കോവിഡ് 19 പഠിപ്പിക്കുന്നത്

ഈ നൂറ്റാണ്ടിലെ ചില ചരിത്രസന്ദര്‍ഭങ്ങള്‍ ആഗോളതലത്തില്‍ വിശകലനം ചെയ്താല്‍ കൗതുകകരമായ ചില കാര്യങ്ങള്‍ നമുക്ക് കാണാനാകും. 1962 -ലെ ക്യൂബന്‍ മിസൈല്‍ പ്രതിസന്ധി,1980- ലെ എയ്ഡ്‌സ്, 1999-ലെ കമ്പ്യൂട്ടര്‍ നിന്നുപോകുമെന്ന ആശങ്ക, 2020- ലെ കൊറോണ വൈറസ്. അതായത്,ഏതാണ്ട് 20 വര്‍ഷം പിന്നിടുമ്പോള്‍ ചരിത്രം അന്നുവരെ കണ്ടിട്ടില്ലാത്ത ഒരു മഹാപ്രതിസന്ധിയെ ലോകമാനവികസമൂഹം നേരിടുന്നുണ്ട് എന്നര്‍ഥം. ഇനി കഴിഞ്ഞ ഇരുപത് വര്‍ഷത്തെ സൂക്ഷ്മനിരീക്ഷണം നടത്തിയാല്‍ ആഗോളജനസമൂഹത്തിന്റെ ആരോഗ്യമേഖലയെ പിടിച്ചുകുലുക്കിയ 3 ഭീഷണികള്‍ ഉണ്ടായതായി കാണാം. 2002-ല്‍ സാര്‍സ്, 2012-ല്‍ മെര്‍സ്, 2013-ല്‍ എബോള എന്നിവയാണത്. മേല്‍വിവരിച്ച രാഷ്ട്രീയ-ആരോഗ്യ പ്രതിസന്ധികളെ കുറെക്കൂടി വിശാലമായ തലത്തില്‍ കാണാന്‍ നമ്മെ നിര്‍ബന്ധിതരാക്കുന്ന ചിലതുണ്ട്. പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് അവയില്‍ മുഖ്യം. 2017-ല്‍ പോര്‍ച്ചുഗലിലും 2018-ല്‍ സ്വീഡനിലും അമേരിക്കയിലെ കാലിഫോര്‍ണിയയിലും 2019-ല്‍ ബ്രസീലിലും കോംഗോയിലും റഷ്യയിലും 2020-ല്‍ ആസ്‌ത്രേലിയയിലും ഉണ്ടായ ഭീകരമായ തീപ്പിടുത്തങ്ങളാണവ.

ഇതെല്ലാം ചേര്‍ത്തുവെക്കുമ്പോള്‍ ലോകം ഇന്നെത്തിനില്‍ക്കുന്ന അവസ്ഥയെ രണ്ടുനിലക്ക് വിശദീകരിക്കാമെന്ന് തോന്നുന്നു. അതിലൊന്ന് ചരിത്രത്തിന്റെ ധ്രുതചലനസിദ്ധാന്തമാണ്. മനുഷ്യന്‍ തീ കണ്ടുപിടിക്കുന്നു, കാര്‍ഷികവിപ്ലവമുണ്ടാകുന്നു, വ്യവസായവിപ്ലവമുണ്ടാകുന്നു. മനുഷ്യനാഗരികതയിലെ 3 സുപ്രധാന ഘട്ടങ്ങളാണിവ. ഇതിലെ ഒരു ഘട്ടത്തില്‍നിന്ന് അടുത്ത ഘട്ടത്തിലേക്കെത്താന്‍ പതിനായിരക്കണക്കിന് വര്‍ഷങ്ങളെടുത്തിട്ടുണ്ട്. എന്നാല്‍ വിവരസാങ്കേതികയുഗ(നാലാംഘട്ടം)ത്തിലേക്ക് എത്താന്‍ ഏതാനും പതിറ്റാണ്ടുകളേ വേണ്ടിവന്നുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കഴിഞ്ഞുപോയ തലമുറകളുമായി താരതമ്യംചെയ്യുമ്പോള്‍ ഇപ്പോഴത്തെ 70 വയസ്സുകാര്‍ വലിയ ഭാഗ്യവാന്‍മാരാണെന്ന് തോന്നും. കാരണം, അവര്‍ ചന്ദ്രനില്‍ മനുഷ്യന്‍ആദ്യമായി കാലുകുത്തുന്നത് കണ്ടു. അതിനുശേഷമുണ്ടായ ശാസ്ത്രപുരോഗതികളുടെ അനുഭവസാക്ഷികളായി. അതോടൊപ്പം ഇംഗ്ലീഷ്-ഫ്രഞ്ച് സാമ്രാജ്യത്വത്തകര്‍ച്ചകള്‍, സോവിയറ്റ് യൂണിയന്റെ തിരോധാനം, കമ്യൂണിസത്തിന്റെ തകര്‍ച്ച, കറുത്തവര്‍ഗക്കാരന്‍ അമേരിക്കന്‍ പ്രസിഡന്റായത്, സ്ത്രീസമൂഹം അവകാശങ്ങള്‍ നേടിയെടുക്കുന്നത്, ആഗോളമനുഷ്യാവകാശപ്രഖ്യാപനങ്ങള്‍ എന്നിങ്ങനെയുള്ള രാഷ്ട്രീയ-സാമൂഹികമാറ്റങ്ങള്‍ക്കും സാക്ഷികളായി. ഇതെല്ലാം വളരെ ചുരുങ്ങിയ കാലംകൊണ്ടുണ്ടായവയാണ്. ചുരുക്കിപ്പറഞ്ഞാല്‍ , എല്ലാം അതിവേഗത്തില്‍ സംഭവിക്കുന്നുവെന്നര്‍ഥം.

നമ്മുടെ കാലത്തിന്റെ രണ്ടാമത്തെ സവിശേഷത, ജീവിതം പകിടകളി പോലെയായി എന്നതാണ്. രോഗത്തിനും പട്ടിണിക്കുമെതിരെയുള്ള പോരാട്ടത്തില്‍ പുതിയ തലമുറ എളുപ്പം വിജയംകണ്ടപ്പോള്‍ പഴയതലമുറ പരാജയപ്പെടുകയായിരുന്നു. നമ്മെക്കാള്‍ ബുദ്ധികുറഞ്ഞതുകൊണ്ടോ മനുഷ്യത്വം കുറഞ്ഞതുകൊണ്ടോ അല്ല സാധ്യതകള്‍ പരിമിതമായിരുന്നു എന്നതായിരുന്നു അതിന് കാരണം. നമ്മെക്കാള്‍ സന്‍മനസ്സുള്ളവരോ ദീര്‍ഘദൃഷ്ടിയുള്ളവരോ ആയതിനാലല്ല, അവര്‍ ഭൂമിയെ നശിപ്പിക്കാതിരുന്നത്. മറിച്ച്, അതിന് അവരുടെ മുമ്പിലുള്ള സാധ്യതകള്‍ തുലോം കുറവായിരുന്നു എന്നതിനാലാണത്. നമ്മുടെ തലമുറ ആര്‍ജിച്ച നിര്‍മാണശക്തിയും വൈഭവവും വര്‍ധിച്ചപ്പോള്‍ സംഹാരശക്തിയും അതേഅളവില്‍ ഭീതിജനകമാംവിധം വര്‍ധിച്ചു. ആണവോര്‍ജം വൈദ്യുതി ഉല്‍പാദനത്തിന് വളരെ പ്രയോജനപ്രദമാണ്. അതേ ആണവനിലയത്തില്‍നിന്ന് വികിരണങ്ങള്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്നു. അതില്‍നിന്ന് ബോംബ് വികസിപ്പിച്ചെടുത്താല്‍ ഭൂമുഖത്തുനിന്നുതന്നെ മാനവരാശിയെ ഇല്ലാതാക്കാനുമാകും. പെട്രോള്‍, കല്‍ക്കരി, കാര്‍ നിര്‍മാണമേഖല എന്നിവ ലക്ഷങ്ങള്‍ക്ക് തൊഴില്‍നല്‍കുന്നു. അവരെ ദാരിദ്ര്യത്തില്‍നിന്ന് കരകയറ്റുന്നു. പക്ഷേ, അതേ വ്യവസായങ്ങള്‍ അന്തരീക്ഷമലിനീകരണം വര്‍ധിപ്പിച്ച് ആഗോളതാപനം കൂട്ടുകയും കാട്ടുതീ, മഹാമാരികള്‍ എന്നിവയ്ക്ക് നിമിത്തമാകുന്നു. വനത്തില്‍ കടന്നുചെന്ന് മേല്‍ത്തരം മരഉരുപ്പടികളുമായി തിരിച്ചിറങ്ങുന്ന നമുക്ക് അതിനിടയില്‍ ചിമ്പാന്‍സികള്‍, വവ്വാലുകള്‍ എന്നീ ജീവികളുടെ ജീവിതപരിസരവുമായി ബന്ധമുണ്ടാവുകയും മാരകവൈറസുകളുടെ വാഹകരായി ജനമധ്യത്തിലേക്ക് എത്തിപ്പെടാന്‍ അവസരമൊരുങ്ങുകയും ചെയ്യുന്നു. നാം ലോകം മുഴുക്കെ ചുറ്റിയടിക്കുമ്പോള്‍ മഹാമാരികള്‍ ആഗോളതലത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ വ്യാപിക്കുന്നത് അതുകൊണ്ടാണ്.

പറഞ്ഞുവന്നത് , ഇതാണ്: ലോകത്ത് ഒന്നും സൗജന്യമായി ലഭിക്കുന്നില്ല. ഓരോന്നിനും വലിയ വില കൊടുക്കേണ്ടിവരുന്നുണ്ട്. ഏതൊരു ക്രിയാത്മക കാര്യത്തിന്റെയും മറുവശത്ത് ഒരു നിഷേധാത്മകത ഒളിഞ്ഞുകിടക്കുന്നുണ്ട്. തിരിച്ചും അങ്ങനെ തന്നെ. അതിനാല്‍ ചില തിരുത്തുകള്‍ നമുക്കാവശ്യമാണ്. സ്രഷ്ടാവിനെ അഭിമുഖീകരിച്ചുകൊണ്ടേ അത് സാധ്യമാകൂ. പ്രവാചകന്‍മുഹമ്മദ് നബി(സ)യുടെ സന്തുലിത ജീവിതപാഠങ്ങള്‍ അതിന് നമുക്ക് ഏറെ സഹായകരമാണ്.

ഡോ.മുന്‍സിഫ് മര്‍സൂഖി

Topics