Dr. Alwaye Column

പ്രബോധകന്‍ സ്വയമൊരു വൈയക്തിക മാതൃക

തിന്‍മകളെ പ്രായോഗികമായി വിപാടനം ചെയ്യാനാകണമെങ്കില്‍ ചില അടിസ്ഥാന ഉപാധികള്‍ പരിഗണിക്കേണ്ടതുണ്ട്. ആരാണോ തിന്‍മകള്‍ വിപാടനം ചെയ്യണമെന്നുദ്ദേശിക്കുന്നത് അയാള്‍ക്കതിന് മതിയായ കഴിവുണ്ടായിരിക്കുക എന്നതാണ് ഒരുപാധി. അത്തരം കഴിവില്‍ പ്രബോധകന്‍മാര്‍ക്ക് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കും. ഒരു ഭരണാധികാരിക്ക് തന്റെ അധികാരമുപയോഗിച്ചുകൊണ്ട് മറ്റുള്ളവരേക്കാള്‍ കൂടുതലായി സമൂഹത്തില്‍ വ്യാപിച്ചിട്ടുള്ള തിന്‍മകള്‍ ഇല്ലാതാക്കാന്‍ കഴിയും. ഒരു കുടുംബനാഥന് കുടുംബാംഗങ്ങളുടെമേല്‍ തനിക്കുള്ള കൈകാര്യകര്‍തൃത്വം പ്രയോജനപ്പെടുത്തി വീടിനകത്തുള്ള തിന്‍മകള്‍ ദുരീകരിക്കാന്‍ സാധിക്കും. ഇനി, ഏതെങ്കിലുമൊരു സത്യപ്രബോധകന്‍ ഇപ്പറഞ്ഞ വിധം കഴിവില്ലാത്തവനാണെങ്കില്‍ കൂടുതല്‍ ഭവിഷ്യത്തുകള്‍ തന്റെ പ്രവര്‍ത്തനഫലമായി ഉരുത്തിരിഞ്ഞുവരുമെന്ന് അയാള്‍ ഭയപ്പെടുകയാണെങ്കില്‍ പ്രവാചകവചനത്തില്‍ ചൂണ്ടിക്കാട്ടിയതുപോലെ ഹൃദയംകൊണ്ട് വെറുത്ത് പിന്‍വാങ്ങേണ്ടതാണ്. അല്ലാഹു ഒരു വ്യക്തിയോടും അയാള്‍ക്ക് അസാധ്യമായത് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നില്ലല്ലോ. സാധിക്കാത്തതുകൊണ്ട് മാത്രം ഒരാള്‍ തിന്‍മകളെ ഹൃദയംകൊണ്ട് വെറുത്തു പ്രതികരിക്കുകയാണെങ്കില്‍ അതിനുള്ള പ്രതിഫലം അയാള്‍ക്ക് അല്ലാഹു നല്‍കുകയും ചെയ്യും. വിഭവശേഷിയും കഴിവും പരമാവധി പൊതുനന്‍മയും പരിഗണിച്ചുകൊണ്ടേ സത്യപ്രബോധകന്‍മാര്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ പാടുള്ളൂ. സമയനഷ്ടം വരുത്തിവെക്കുന്നതിനും പൊതുനന്‍മകള്‍ ഇല്ലാതാക്കുന്നതിനും ഇടയാക്കുന്ന പ്രവര്‍ത്തനങ്ങളിലേക്ക് വഴുതിപ്പോകാതിരിക്കാന്‍ പ്രബോധകന്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

വൈയക്തിക മാതൃക ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പ്രബോധനം

സത്യപ്രബോധകന്റെ ഹൃദ്യമായ നടപടിക്രമങ്ങള്‍, ഉന്നതമായ സ്വഭാവഗുണങ്ങള്‍ , ഉദാത്തമായ പെരുമാറ്റരീതികള്‍, സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ അയാളെ മറ്റാരെക്കാളും അനുകരണീയമാതൃകയുടെ ഉടമയാക്കി മാറ്റും. വാചികമായ സ്വാധീനത്തെക്കാള്‍ ശക്തവും തീവ്രവുമാണ് സ്വഭാവത്തിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും മറ്റുള്ളവരിലുണ്ടാക്കുന്ന സ്വാധീനം. ഇസ്‌ലാമികപ്രബോധനം എന്നത് സത്താപരമായി ശിക്ഷണപ്രക്രിയയാണ്. ശിക്ഷണപ്രക്രിയക്കാവശ്യം വൈയക്തികമാതൃകകളാണ്. പ്രവാചകതിരുമേനി ധര്‍മോപദേശവും സുവിശേഷപ്രസംഗവും നടത്തുകമാത്രമായിരുന്നില്ലല്ലോ ചെയ്തത്. ദൈവദൂതന്‍ യഥാര്‍ഥത്തില്‍ തന്റെ അനുചരന്‍മാര്‍ക്ക് ജീവിതമാതൃകകളിലൂടെ ശിക്ഷണം നല്‍കുകയായിരുന്നു. സദുപദേശം കൊണ്ടും തത്ത്വജ്ഞാനം കൊണ്ടുമുള്ള സത്യപ്രബോധനം സുപ്രധാനമായൊരു നീതിശാസ്ത്രം തന്നെയാണ്. ‘സദുപദേശങ്ങള്‍ നല്‍കിയും തത്ത്വജ്ഞാനം പകര്‍ന്നുകൊടുത്തും നീ നിന്റെ രക്ഷിതാവിന്റെ മാര്‍ഗത്തിലേക്ക് മറ്റുള്ളവരെ ക്ഷണിക്കുക’ എന്നതാണല്ലോ വിശുദ്ധഖുര്‍ആന്‍ പറഞ്ഞിരിക്കുന്നത്. സമാനമായ വേറെയും നിരവധി മാര്‍ഗനിര്‍ദേശങ്ങള്‍ വന്നിട്ടുണ്ട്. ‘അല്ലാഹുവിന്റെ ദൂതനില്‍ നിങ്ങള്‍ക്ക് ഉത്തമമായ മാതൃകയുണ്ട്.’ ‘ദൈവദൂതന്‍ നിങ്ങള്‍ക്ക് എത്തിച്ചുതന്നത് നിങ്ങള്‍ സ്വീകരിക്കുക. നിങ്ങള്‍ക്ക് എന്താണോ ദൈവദൂതന്‍ വിലക്കിയത് അതില്‍ നിന്നൊഴിഞ്ഞു നില്‍ക്കുക.’
ദൈവദൂതന്‍ ജനങ്ങളെ സത്യസരണിയിലേക്ക് ക്ഷണിക്കുകയും സ്വന്തം ജീവിതചര്യയിലൂടെ അവരിലേക്ക് സത്യസന്ദേശത്തിന്റെ മാതൃക എത്തിച്ചുകൊടുക്കുകയും ചെയ്തു. നിത്യജീവിതത്തില്‍ ദൈവികശാസനകള്‍ എങ്ങനെ സാക്ഷാത്കരിക്കാമെന്നും ആരാധനകള്‍ ദൈവത്തിനുമാത്രമായി എപ്രകാരം നിര്‍വഹിക്കാമെന്നും അവിടുന്ന് കാണിച്ചുകൊടുത്തു. ദൈവദൂതന്റെ സ്വഭാവം എവ്വിധമായിരുന്നു എന്ന് അന്വേഷിച്ചപ്പോള്‍ ആഇശബീവി(റ) പറഞ്ഞ മറുപടി ശ്രദ്ധേയമാണ്: ‘അവിടുത്തെ സ്വഭാവം ഖുര്‍ആന്‍ ‘ആയിരുന്നു. ഖുര്‍ആനികാശയങ്ങളെ സ്വന്തം ഹൃദയത്തില്‍ കുടിയിരുത്തുകയും അവക്കനുസൃതമായി സ്വഭാവ-പെരുമാറ്റ- നടപടിക്രമങ്ങളെ ചിട്ടപ്പെടുത്തുകയും ചെയ്തപ്പോഴാണ് പ്രവാചകതിരുമേനിയുടെ സ്വഭാവം ഖുര്‍ആനായി രൂപാന്തരപ്പെട്ടത്. ഖുര്‍ആന്‍ അങ്ങനെ തിരുമേനിയുടെ സ്വഭാവമാവുകയും ചെയ്തു. ഖുര്‍ആനികാധ്യാപനങ്ങളുടെ ജീവല്‍സ്പര്‍ശിയായ ചിത്രമാവിഷ്‌കരിച്ചുകൊണ്ടാണ് ദൈവദൂതന്‍ ജനങ്ങളെ സത്യസരണയിലേക്കാനയിച്ചത്. പ്രവാചകന്റെ ജീവിതം ഒരു തുറന്ന പുസ്തകമായി മാറിയതോടെ അതിനകത്തുള്ള ആശയങ്ങളെ ജനങ്ങള്‍ക്ക് വായിച്ചെടുക്കാന്‍ കഴിഞ്ഞു. അവരതിനെ നെഞ്ചേറ്റുകയും സ്വാംശീകരിക്കുകയും ചെയ്തു.

ഒരു പ്രബോധകന്‍ തന്റെ സംശുദ്ധമായ ജീവിതചര്യയിലൂടെ കാണിച്ചുകൊടുക്കുന്ന നല്ല മാതൃകയാണ് യഥാര്‍ഥത്തില്‍ ഇസ്‌ലാമിന്റെ പ്രായോഗികസമര്‍പ്പണം. ഇസ് ലാമിന്റെ യഥാര്‍ഥപൊരുള്‍ പ്രബോധിതര്‍ അറിയുന്നത് പ്രസ്തുത മാതൃകയില്‍നിന്നാണ്. പ്രബോധകന്‍ ശുദ്ധഹൃദയനും കൂര്‍മബുദ്ധിമാനുമാണെങ്കില്‍ അയാളില്‍നിന്നുള്ള മാതൃകകള്‍ക്ക് കൂടുതല്‍ സ്വാധീനമുണ്ടാകും. ലോകത്തിന്റ വിവിധഭാഗങ്ങളിലും നിരവധി രാജ്യങ്ങളിലും ഇസ്‌ലാം പ്രചരിച്ചത് പ്രബോധകന്‍മാരുടെ സംശുദ്ധജീവിതത്തിന്റെ സ്വാധീനഫലമായിട്ടാണ്. ഉത്തമസ്വഭാവവും വാക്കുംപ്രവൃത്തിയും തമ്മിലുള്ള പൊരുത്തവുമാണ് സംശുദ്ധജീവിതചര്യയുടെ മുന്‍നിരയില്‍ കടന്നുവരുന്നത്. ക്ഷമയും സഹനവും വിട്ടുവീഴ്ചയും പ്രബോധകന്‍ സ്വായത്തമാക്കേണ്ട വിശിഷ്ടസ്വഭാവഗുണങ്ങളില്‍പെട്ടതാണ്. ക്ഷമയും വിട്ടുവീഴ്ചയും ചേര്‍ത്തുപിടിക്കാന്‍ പ്രവാചകന്‍മാരോട് അല്ലാഹു കല്‍പിച്ചിരുന്നു എന്ന കാര്യം ഇത്തരുണത്തില്‍ നാം അനുസ്മരിക്കണം. പ്രബോധകന്‍മാരുടെ എക്കാലത്തെയും വഴികാട്ടികള്‍ പ്രവാചകന്‍മാരാണല്ലോ.
‘നീ ക്ഷമിക്കുക; കാര്യപ്രാപ്തിയും തീരുമാനക്ഷമതയുമുണ്ടായിരുന്ന ദൈവദൂതന്‍മാര്‍ ക്ഷമിച്ചതുപോലെ’ എന്നാണല്ലോ ഖുര്‍ആന്‍ നബിതിരുമേനിയെ ഉപദേശിച്ചത്. മഹാനായ ലുഖ്മാന്‍ അലൈഹിസ്സലാം മകന് കൊടുത്ത ഉപദേശങ്ങളിലൊന്ന് ഇങ്ങനെയായിരുന്നു: ‘പൊന്നുമോനേ, നീ നമസ്‌കാരം നിലനിര്‍ത്തുക. നന്‍മ കല്‍പിക്കുകയും തിന്‍മ വിലക്കുകയും ചെയ്യുക. പ്രയാസങ്ങള്‍ നേരിടുമ്പോള്‍ ക്ഷമിക്കുക. അത് കാര്യപ്രാപ്തിയുടെ ഗണത്തില്‍പെട്ട സ്വഭാവഗുണമാണ്.’

ക്ഷമയുടെ പ്രാധാന്യത്തെയും പ്രബോധകന്‍ അത് സ്വായത്തമാക്കേണ്ടതിന്റെ ഗൗരവത്തെയുമാണ് ഇത് സൂചിപ്പിക്കുന്നത്. അവിവേകികളും പ്രതിയോഗികളും സ്വീകരിക്കുന്ന നിഷേധാത്മക നിലപാടുകളോടും അവരില്‍നിന്നുണ്ടാകുന്ന പീഡനങ്ങളോടും സത്യപ്രബോധകന്‍ വിട്ടുവീഴ്ചയും ക്ഷമയും കൈക്കൊള്ളുമ്പോള്‍ ആ എതിരാളികളുടെ കണ്ണുതുറപ്പിക്കാന്‍ അതിടവരുത്തുകയും അവരുടെ ഹൃദയങ്ങള്‍ സത്യപ്രബോധനത്തിന്റെ പൊരുളറിയാന്‍ ആഗ്രഹിക്കുകയും ചെയ്‌തെന്നുവരാം. അല്‍പം വൈകിയാണെങ്കിലും സത്യസരണി പുല്‍കാന്‍ അവരെയത് പ്രേരിപ്പിക്കുകയുംചെയ്യും.

മൂലഗ്രന്ഥം: മിന്‍ഹാജുദുആത്ത്
വിവ: ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത്‌

Topics