ചെറുപ്രായത്തിലുള്ള മരണം ഭീകരമാംവിധം പെരുകിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഹൃദയാഘാതവും, വാഹനാപകടവും തുടങ്ങി വിവിധ കാരണങ്ങളാല്‍ നമ്മുടെ യുവാക്കള്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നു. പൂര്‍ണ ആരോഗ്യത്തോടെ ഉറങ്ങാന്‍ കിടന്നതിന് ശേഷം എന്നെന്നേക്കുമായി നിദ്രയിലാണ്ട സംഭവം എത്രയോ നാം കേട്ടിട്ടുണ്ട്. തിരുമേനി(സ) അരുള്‍ ചെയ്തത് ഇപ്രകാരമാണ് ‘ചന്ദ്രന്‍ കിഴക്ക് ഉദിക്കുകയും ദൈവിക ഭവനങ്ങളെ വഴിയായി സ്വീകരിക്കുകയും മരണം പെട്ടന്ന് കടന്ന് വരികയും ചെയ്യുന്നത് അന്ത്യനാള്‍ അടുത്തതിന്റെ അടയാളമാകുന്നു’. തിരുമേനി(സ) ഇപ്രകാരം പ്രാര്‍ത്ഥിക്കാറുണ്ടായിരുന്നു:’അല്ലാഹുവേ നിന്റെ അനുഗ്രഹം നീങ്ങിപ്പോകുന്നതില്‍ നിന്നും സൗഖ്യം മാറുന്നതില്‍ നിന്നും നിന്റെ പ്രതികാരം വേഗത്തില്‍ വരുന്നതില്‍ നിന്നും നിന്റെ എല്ലാ വെറുപ്പുകളില്‍ നിന്നും നിന്നോട് അഭയം തേടുന്നു’.
എന്റെയും നിങ്ങളുടെയും പര്യവസാനം എങ്ങനെയായിരിക്കും. മരണംവരെ ഐഹിക ജീവിതത്തോട് ഒട്ടിനില്‍ക്കാനും അതിനെക്കുറിച്ച് ചിന്തിക്കാനും നാം ശ്രമിച്ച് കൊണ്ടേയിരിക്കുന്നു.
അവസരം നഷ്ടപ്പെടുന്നതിന് മുമ്പ് നാം നമ്മെ തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലാഹു നമുക്ക് വേണ്ടി എത്രയെത്ര സന്ദേശങ്ങളാണ് അയച്ചത്! നാം അവ സ്വീകരിക്കുകയോ, അവക്ക് ഉത്തരം നല്‍കുകയോ ചെയ്തില്ല. നമ്മുടെ ഹൃദയത്തില്‍ മരണസ്മരണ തീരെ കടന്ന് വന്നില്ല. അതിനാല്‍ കൂടുതല്‍ കഠിനമായ ശിക്ഷ കൊണ്ട് അല്ലാഹു നമ്മെ പരീക്ഷിക്കുന്നതാണ്. നമ്മുടെ ഹൃദയങ്ങളെ ബാധിച്ച് കൊണ്ടിരിക്കുന്ന കാഠിന്യം അതിന്റെ പ്രകടമായ തെളിവാണ്.
അല്ലാഹുവിന്റെ ആക്ഷേപം നാം മറന്ന് പോയോ? ‘വിശ്വാസികള്‍ക്ക് അവരുടെ ഹൃദയങ്ങള്‍ അല്ലാഹുവിനെപ്പറ്റിയുള്ള സ്മരണയിലേക്കും അവതരിച്ച് കിട്ടിയ സത്യത്തിലേക്കും കീഴൊതുങ്ങുവാനും തങ്ങള്‍ക്ക് മുമ്പ് വേദഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ ആകാതിരിക്കാനും സമയമായില്ലേ? അങ്ങനെ ആ വേദക്കാര്‍ക്ക് കാലം ദീര്‍ഘിച്ച് പോവുകയും തന്‍മൂലം അവരുടെ ഹൃദയങ്ങള്‍ കടുത്ത് പോവുകയും ചെയ്തു. അവരില്‍ അധികമാളുകളും ദുര്‍മാര്‍ഗികളായിരുന്നു’ (അല്‍ഹദീദ് 16)
അതെ… നമുക്ക് സമയമായില്ലേ? എന്ത് കൊണ്ട് നാം നമ്മുടെ നാഥങ്കലേക്ക് മടങ്ങുന്നില്ല? എത്രയെത്ര മുന്നറിയിപ്പുകള്‍ നമുക്ക് ലഭിച്ചു കഴിഞ്ഞു? യാതൊരു മറയുമില്ലാതെ അല്ലാഹുവിന്റെ മുന്നില്‍ നില്‍ക്കാന്‍ നമുക്ക് യാതൊരു ഭയവുമില്ലേ? സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ച സമയമല്ലാതെ മറ്റൊന്നും നമുക്ക് ഉപകരിക്കുകയില്ല. അതെ, നാഥാ, സമയമായിരിക്കുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തിലൂടെയല്ലാതെ നമുക്ക് സന്തോഷം കൈവരികയില്ല. നാം നമ്മുടെ മനസ്സുമായി സംവദിക്കേണ്ടതുണ്ട്. അല്ലാഹുവിന്റെ മുന്നില്‍ എല്ലാ വീഴ്ചയും തുറന്ന് പറയേണ്ടതുണ്ട്. എല്ലാം പൊറുക്കുന്നവനാണ് അവന്‍. നാം ആത്മാര്‍ത്ഥമായി മടങ്ങുന്നുവെങ്കില്‍ അവന്‍ നമ്മെ ആട്ടിയകറ്റുകയില്ല. നമ്മുടെ സത്യസന്ധത കര്‍മങ്ങളിലൂടെയാണ് പ്രകടമാവേണ്ടത്. കാരണം വിശ്വാസം ഹൃദയത്തില്‍ പ്രവേശിച്ചാല്‍ കര്‍മങ്ങള്‍ അവ സാക്ഷ്യപ്പെടുത്തുന്നതാണ്.
നമുക്ക് പരിവര്‍ത്തനത്തിലേക്കുള്ള കാലടികള്‍ വെക്കാം.
നാം നമ്മുടെ കൂട്ടുകാരെ മാറ്റുകയെന്നതാണ് മാറ്റത്തിലേക്കുള്ള പ്രഥമപടിയായി ചെയ്യേണ്ടത്. തിന്‍മയിലേക്ക് നയിക്കുന്ന, തിന്‍മ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന കൂട്ട് മാറ്റിയെടുത്ത് ദൈവസ്മരണ നിലനിര്‍ത്താന്‍ സഹായിക്കുന്ന നന്‍മയിലേക്ക് നയിക്കുന്നവരെ കണ്ടെത്തുക.
അഞ്ച് നേരം നമസ്‌കാരം ആദ്യസമയത്ത് തന്നെ പതിവായി നിര്‍വഹിക്കുക. ഇസ്ലാമിന്റെ അടിസ്ഥാനമാണ് അത്. നാം അല്ലാഹുവമായി പുലര്‍ത്തുന്ന ബന്ധത്തിന്റെ അടയാളം കൂടിയാണ് നമസ്‌കാരം.
നമ്മില്‍ നിന്ന് സംഭവിച്ച വീഴ്ചകളുടെ പേരില്‍ അല്ലാഹുവോട് പശ്ചാത്തപിക്കുകയും ധാരാളായി പാപമോചന പ്രാര്‍ത്ഥനകളില്‍ ഏര്‍പെടുകയും ചെയ്യുക. പ്രഭാത നമസ്‌കാരത്തിന് ശേഷം സൂര്യന്‍ ഉദിക്കുന്നത് വരെ പള്ളിയില്‍ തന്നെ ഇരിക്കുകയും ഖുര്‍ആന്‍ പഠിക്കുകയും പ്രാര്‍ത്ഥനകള്‍ ഉരുവിടുകയും ചെയ്യുക. ദീനില്‍ നമ്മെ ഉറപ്പിച്ച് നിര്‍ത്താന്‍ അത് സഹായിച്ചേക്കും. കഴിവിന്റെ പരമാവധി ദാനധര്‍മങ്ങളില്‍ ഏര്‍പെടുക. പാപമോചനത്തിനും പ്രതിഫലനേട്ടത്തിനുമുള്ള വഴിയാണ് അത്. ആരാധനകളില്‍ മുഴുകി നിരന്തരമായി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുക. സുജൂദിലായിരിക്കെ നടത്തുന്ന പ്രാര്‍ത്ഥന അല്ലാഹുവിനോട് ചേര്‍ന്ന പ്രാര്‍ത്ഥനയാണെന്ന് മനസ്സിലാക്കുക.
ഇപ്രകാരം നാം ചെയ്ത ഓരോ തെറ്റിന് പകരമായും ഓരോ നന്‍മകള്‍ സമര്‍പിക്കുക. തിന്‍മകളെ മായ്ച് കളയാന്‍ നന്‍മകളേക്കാള്‍ ഉത്തമമായ പരിഹാരമില്ല. നമസ്‌കാരം, നോമ്പ്, ദികര്‍, പ്രാര്‍ത്ഥന തുടങ്ങിയവയെല്ലാം അല്ലാഹുവിലേക്കുള്ള വഴി എളുപ്പമാക്കുന്നവയാണ്.
ഇത് നമ്മുടെ പരിവര്‍ത്തന നിമിഷങ്ങളാണ്. നമ്മുടെ ഹൃദയത്തില്‍ ഈ ഉന്നതമായ ആശയങ്ങള്‍ നട്ടുവളര്‍ത്തുകയാണ് നാം വേണ്ടത്. ‘ഇപ്പോള്‍ മുതല്‍ ഞാന്‍ തയ്യാറാണ് എന്റെ നാഥാ’ എന്ന് നാം പ്രഖ്യാപിക്കേണ്ടതുണ്ട്. അവസരം നഷ്ടപ്പെടുന്നതിന് മുമ്പ് അതിനെ മുതലെടുക്കുന്നവന്‍ തന്നെയാണ് യഥാര്‍ത്ഥ വിശ്വാസി.
Add Comment