ജനങ്ങളെ തിരിച്ചറിയാനുള്ള ചില അടയാളങ്ങള്‍ തിരുമേനി(സ) വ്യക്തമാക്കിയിട്ടുണ്ട്. ‘സംസാരിച്ചാല്‍ കളവ് പറയുക, വാക്ക് പറഞ്ഞാല്‍ ലംഘിക്കുക, വിശ്വസിച്ചേല്‍പിച്ചാല്‍ വഞ്ചിക്കുക ‘ തുടങ്ങിയവയാണ് അവ. സത്യസന്ധത, കരാര്‍പൂര്‍ത്തീകരണം, വിശ്വസ്‌തത തുടങ്ങിയവയാണ് അടിസ്ഥാനപരമായ സാമൂഹിക ധര്‍മങ്ങള്‍. കളവിനെ നിരുത്സാഹപ്പെടുത്തിയും അതിന്റെ ആളെ ആക്ഷേപിച്ചും സത്യത്തെ പ്രോല്‍സാഹിപ്പിച്ചും സത്യസന്ധനെ പ്രശംസിച്ചും ധാരാളം റിപ്പോര്‍ട്ടുകള്‍ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. വിശ്വസ്‌തത എന്നത് ഏറ്റവും അപകടകരമായ ഉത്തരവാദിത്തമാണ്. “തീര്‍ച്ചയായും ആകാശഭൂമികളുടെയും പര്‍വതങ്ങളുടെയും മുമ്പില്‍ നാം ഈ അമാനത്ത് സമര്‍പിച്ചു. അപ്പോള്‍ അതേറ്റെടുക്കാന്‍ അവ വിസമ്മതിച്ചു. അവ അതിനെ ഭയപ്പെട്ടു. എന്നാല്‍ മനുഷ്യന്‍ അതേറ്റെടുത്തു. അവന്‍ കൊടിയ അക്രമിയും തികഞ്ഞ അവിവേകിയും തന്നെ” (അഹ്‌സാബ് 72)
മനുഷ്യനും ജിന്നും മറ്റ് സൃഷ്ടികള്‍ക്കും ഏറ്റെടുക്കാനും സ്വീകരിക്കാതിരിക്കാനും സ്വാതന്ത്ര്യം നല്‍കിയ കാര്യമാണ് അത്. മനുഷ്യന്‍ അത് ഏറ്റെടുക്കുകയയും ചെയ്‌തു. നിലവില്‍ ലോകത്ത് മുസ്‌ലിംകള്‍ എന്ന് അറിയപ്പെടുന്നവരില്‍ ഭൂരിപക്ഷവും കളവ് പറയുന്നവര്‍ തന്നെയാണ്. അവര്‍ സംസാരിച്ചാല്‍ കളവ് പറയുകയും വാക്ക് പറഞ്ഞാല്‍ ലംഘിക്കുകയും അമാനത്ത് നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
അമാനതിന്റെ അപകടം അല്ലാഹു നമുക്ക് വിശദീകരിച്ചിട്ടുണ്ട്. അതൊരു ഭാരിച്ച ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കാരണം ഒട്ടേറെ മൂല്യങ്ങളുടെ സംഗമമാണ് അമാനത്ത് എന്നത്. എല്ലാ ധാര്‍മിക മൂല്യങ്ങളും മടങ്ങുന്നത് അമാനത്തിലേക്കാണ്. നാം മനസ്സിലാക്കിയത് പോലെ ഏല്‍പിക്കപ്പെട്ട സ്വത്ത് സംരക്ഷിക്കുക മാത്രമല്ല അമാനത്ത് അഥവാ വിശ്വസ്‌തത എന്നത്. അവ അതിന്റെ ഒരു ലളിതമായ ഇനം മാത്രമാണ്. ഉദ്യോഗസ്ഥന്റെ കയ്യില്‍ അവന്റെ അധികാരം അമാനത്താണ്. അധ്യാപകന്റെ കയ്യില്‍ അദ്ദേഹം നല്‍കുന്ന മാര്‍ക്കുകള്‍ അമാനത്താണ്. അര്‍ഹതപ്പെടാത്തവര്‍ക്ക് അവ നല്‍കിയാല്‍ അദ്ദേഹം വിശ്വാസ വഞ്ചന കാണിക്കുകയാണ് ചെയ്യുന്നത്. ഖാദിയുടെ കയ്യില്‍ അദ്ദേഹത്തിന്റെ വിധി അമാനത്താണ്. കൂലിക്കാരനെ സംബന്ധിച്ചിടത്തോളം അവന്റെ ജോലി അമാനത്താണ്. തന്റെ ജോലി ആത്മാര്‍ത്ഥതയില്ലാതെ നിര്‍വഹിക്കുകയോ, കുറ്റമറ്റ വിധത്തില്‍ പൂര്‍ത്തീകരിക്കാതിരിക്കുകയോ ആണ് അദ്ദേഹം ചെയ്യുന്നതെങ്കില്‍ അദ്ദേഹം ചെയ്യുന്നത് വഞ്ചനയാണ്.
ജനങ്ങള്‍ക്ക് താങ്കളിലുള്ള വിശ്വാസം അമാനത്താകുന്നു. താങ്കള്‍ നല്ലവനാണെന്ന് ജനങ്ങള്‍ വിലയിരുത്തുന്നത് അവരെ ചൂഷണം ചെയ്യാനോ, അവരില്‍ നിന്ന് സമ്പത്ത് ശേഖരിക്കാനോ ഉള്ള അവസരമായി കാണരുത്. താങ്കളുടെ നീട്ടി വളര്‍ത്തിയ താടിയും ആകര്‍ഷകമായ തലപ്പാവും ഇഹലോകത്തെ നേടിയെടുക്കാനുള്ള മാര്‍ഗമാക്കരുത്.
മുസ്‌ലിംകളില്‍ അമാനത് കുറഞ്ഞു കൊണ്ടേയിരിക്കുന്നു. കച്ചവടക്കാര്‍, വ്യവസായികള്‍, പണ്ഡിതന്മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി എല്ലാവരും അമാനത് പാഴാക്കുന്നു. ഇത് മുസ്‌ലിം ഉമ്മത്തിലെ പൊതുവായ പ്രവണതയായി മാറിയിട്ടുണ്ട്. ഞാന്‍ ഒരിക്കല്‍ ഇറാഖിലേക്ക് പോവുകയായിരുന്നു. യാത്രക്കാവശ്യമായ എല്ലാ ഒരുക്കവും ഞാന്‍ നടത്തി. യാത്രക്ക് ഒരു ദിവസം മുമ്പ് ഞാന്‍ എന്റെ പുതിയ വസ്‌ത്രം ഇസ്‌തിരിയിടാന്‍ നാട്ടിലുള്ള ഒരു ജോലിക്കാരനെ ഏല്‍പിച്ചു. ബഗ്‌ദാദില്‍ ഇറങ്ങിയാല്‍ അത് ധരിക്കാമെന്ന് കരുതിയാണ് ഞാന്‍ അപ്രകാരം ചെയ്‌തത്. അല്‍പം ധൃതിയിലാണെന്നും വസ്‌ത്രം അലക്കരുതെന്നും അലക്കിയാല്‍ അത് കേട് വരുമെന്നും ഞാന്‍ അദ്ദേഹത്തോട് പ്രത്യേകം പറഞ്ഞിരുന്നു. എന്നാല്‍ അടുത്ത ദിവസം അലക്കിത്തേച്ച വസ്‌ത്രമാണ് എനിക്ക് ലഭിച്ചത് എന്നല്ല അത് ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാണ് ഉണ്ടായിരുന്നത്. കൂടുതല്‍ പ്രതിഫലം മോഹിച്ച് അദ്ദേഹം അത് അലക്കിയതുകൊണ്ട് എനിക്ക് അത് നാട്ടില്‍ ഉപേക്ഷിച്ച് ഇറാഖില്‍ പോവേണ്ടി വന്നു.
മറ്റൊരിക്കല്‍ എന്റെ വീട്ടിലെ കസേരകള്‍ നന്നാക്കാന്‍ എനിക്ക് ഒരാളെ ആവശ്യമായി. അതിഥികളെ സ്വീകരിക്കാനും സന്ദര്‍ശകരെ ആദരിക്കാനും ഉപയോഗിച്ചിരുന്ന വിലകൂടിയ കസേരകളായിരുന്നു അവ. എന്റെ വീട്ടില്‍ കള്ളന്‍ മോഷ്ടിക്കുമെന്ന് ഞാന്‍ ഭയപ്പെട്ടിരുന്ന ഏക വസ്‌തുവും അത് തന്നെയായിരുന്നു. പട്ടണത്തിലെ പ്രശസ്‌തനായ ഒരു ആശാരിയെക്കുറിച്ച് ചിലര്‍ എന്നോട് പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന്റെ കട തേടി ചെന്നു. കടക്ക് മുന്നില്‍ അതിന്റെ പേരും, അദ്ദേഹത്തിന്റെ യോഗ്യതയും വിശദീകരിക്കുന്ന കൂറ്റന്‍ ബോര്‍ഡ് തന്നെയുണ്ടായിരുന്നു. ഞാന്‍ അദ്ദേഹവുമായി സംസാരിച്ചും എന്റെ കസേര നന്നാക്കാന്‍ ചട്ടം കെട്ടി. അദ്ദേഹത്തിനുള്ള പ്രതിഫലം പണി തുടങ്ങുന്നതിന് മുമ്പ് തന്നെ നല്‍കി. അദ്ദേഹത്തെ ജോലിക്ക് ഏല്‍പിച്ച് ഞാന്‍ പുറത്ത് പോയി. വൈകുന്നേരം മടങ്ങി വന്ന ഞാന്‍ കാഴ്‌ച കണ്ട് ഞെട്ടി. അദ്ദേഹം സോഫമുഴുവന്‍ വേര്‍പിരിച്ച് കഴിഞ്ഞിരുന്നു. അതിന്റെ ഉള്ളിലുള്ളതെല്ലാം പുറത്തെടുക്കുകയും കാലുകളും മറ്റും നശിപ്പിക്കുകയും ചെയ്‌തിരിക്കുന്നു. അത് പഴയത് പോലെ ഘടിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചതുമില്ല. കാരണം കസേര നിര്‍മാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ഒന്നും അറിയാമായിരുന്നില്ല. അദ്ദേഹം ഓടി രക്ഷപ്പെട്ടു. പക്ഷേ ഞാന്‍ അദ്ദേഹത്തെ വിട്ടില്ല. അന്വേഷിച്ച് കണ്ടുപിടിച്ച് വീട്ടില്‍ കൊണ്ട് വന്നു. അദ്ദേഹം ഏറെ പ്രയാസപ്പെട്ട്, സുഖകരമായ ഇരുത്തം പ്രദാനംചെയ്‌തിരുന്ന കസേരക്ക് പകരം ശരീരത്തില്‍ ആണികയറുന്ന നൂതന കസേര നിര്‍മിച്ച് നല്‍കി!
എനിക്ക് മാത്രമല്ല, എന്റെ വായനക്കാര്‍ക്കും ഇതുപോലെ ഒട്ടേറെ അനുഭവങ്ങള്‍ ഇവിടെ ഉദ്ധരിക്കാനുണ്ടാവും. നമ്മുടെ വിശ്വസ്‌തത എവിടെയാണ് നില്‍ക്കുന്നത് എന്നതിന്റെ തെളിവാണ് ഇത്. ഇത്രയൊക്കെ ചെയ്യുന്നതോടൊപ്പം തങ്ങള്‍ മുസ്‌ലിംകളാണെന്ന് അവര്‍ വാദിക്കുകയും ചെയ്യുന്നു!
നാം തിന്മയില്‍ പാശ്ചാത്യരെ അനുകരിക്കുന്നു. നമുക്ക് എന്തുകൊണ്ട് നന്മയില്‍ അവരെ അനുകരിച്ച് കൂടാ? സത്യസന്ധതയും, കരാര്‍പാലനവും വിശ്വസ്‌തതയും നമുക്ക് എന്ത് കൊണ്ട് നമ്മുടെ അടയാളമായി സ്വീകരിച്ച് കൂടാ?
അലി ത്വന്‍ത്വാവി
Add Comment