സാമൂഹികം-ഫത്‌വ

‘ഏപ്രില്‍ ഫൂള്‍’ – ഇസ്ലാമിക വീക്ഷണം

ചോദ്യം: ‘ഏപ്രില്‍ ഫൂളി’നെക്കുറിച്ച ഇസ് ലാമിക കാഴ്ചപ്പാട് എന്താണ് ?

————————

 ഉത്തരം: എല്ലായ്‌പ്പോഴും സത്യത്തിന്റെയും ധര്‍മത്തിന്റെയും ഭാഗത്തുനില്‍ക്കാനാണ് ഇസ് ലാം കല്‍പിക്കുന്നത്. അല്ലാഹു പറയുന്നു: ‘അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ നീതി നടത്തുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരും ആയിരിക്കുവിന്‍, നിങ്ങളുടെ നീതിനിഷ്ഠയുടെയും സത്യസാക്ഷ്യത്തിന്റെയും ഫലം നിങ്ങള്‍ക്കോ നിങ്ങളുടെ

മാതാപിതാക്കള്‍ക്കോ ബന്ധുമിത്രാദികള്‍ക്കോ എതിരായിരുന്നാലും. കക്ഷി ധനികനാവട്ടെ, ദരിദ്രനാവട്ടെ, അല്ലാഹുവാകുന്നു നിങ്ങളിലേറെ അവരുടെ ഗുണകാംക്ഷിയായിട്ടുള്ളവന്‍. അതിനാല്‍ സ്വേഛകളെ പിന്‍പറ്റി നീതിയില്‍നിന്നകന്നു പോകാതിരിക്കുവിന്‍. വളച്ചൊടിച്ചു സംസാരിക്കുകയോ സത്യത്തില്‍നിന്നു ഒഴിഞ്ഞുമാറുകയോ ചെയ്യുകയാണെങ്കില്‍, അറിഞ്ഞുകൊള്ളുക: നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതൊക്കെയും അല്ലാഹുവിനു വിവരമുണ്ട്'(നിസാഅ്: 135).

അതിരുവിടുന്ന തമാശകളും കുസൃതികളും പലപ്പോഴും അസത്യങ്ങളോ പൊള്ളയായ വര്‍ത്തമാനങ്ങളോ ആവാം. അവ ചിലപ്പോള്‍ വന്‍ ദുരന്തങ്ങളായിരിക്കും ഉണ്ടാക്കുക. ഒരാള്‍ക്ക് ചിരിക്കാന്‍ വേണ്ടി മറ്റൊരാള്‍ക്ക് ദുരന്തമോ നഷ്ടമോ ഉണ്ടാക്കുന്നത് ഒരിക്കലും ശരിയല്ല . കള്ളം പറയല്‍ ഇസ് ലാം വിലക്കിയിട്ടുമുണ്ട്. റസൂല്‍ (സ) ഒരിക്കല്‍ പറഞ്ഞു: ‘ജനങ്ങളെ ചിരിപ്പിക്കാന്‍ വേണ്ടി കള്ളം പറയുന്നവന് നാശം. നബി ഇത് മൂന്ന് പ്രാവശ്യം തുടര്‍ന്നു’ (തിര്‍മിദി). അഥവാ ‘നുണ’യുടെ പേരില്‍ മാത്രം കൊണ്ടാടപ്പെടുന്ന വര്‍ഷത്തിലെ ഒരു ദിവസത്തെ ഇസ് ലാം അംഗീകരിക്കുന്നില്ലെന്ന് ചുരുക്കം.
ഏപ്രില്‍ ഫൂള്‍  നുണ പറഞ്ഞും ആളുകളെ ചതിച്ചും വഞ്ചിച്ചും ചിലര്‍ കൊണ്ടാടുന്ന വര്‍ഷത്തിലെ ഒരു ദിനം മാത്രമാണ്. അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയക്കുന്ന, തന്റെ സുഹൃത്തുക്കളോട് ഗുണകാംക്ഷയുള്ള ഒരാള്‍ക്കും ഏപ്രില്‍ ഫൂള്‍ എന്ന സങ്കല്‍പ്പവുമായി യോജിക്കാന്‍ ഒരിക്കലും കഴിയുകയില്ല. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുന്നതാണ് പരലോകത്ത് മഹത്തായ വിജയത്തിന് നിദാനമെന്നും  ഖുര്‍ആന്‍ പറയുന്നു: ‘അപ്പോള്‍ അല്ലാഹു അരുള്‍ചെയ്യും: സത്യവാന്മാരുടെ സത്യസന്ധത ഫലംചെയ്യുന്ന ദിനമത്രേ ഇത്. താഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ഉദ്യാനങ്ങള്‍ അവര്‍ക്കുള്ളതാകുന്നു. അതില്‍ അവര്‍ എന്നെന്നും വസിക്കുന്നവരാകുന്നു. അല്ലാഹു അവരില്‍ സംപ്രീതനായിരിക്കുന്നു; അവര്‍ അല്ലാഹുവിലും. അതത്രെ മഹത്തായ വിജയം’   (അല്‍ മാഇദ: 119).

Topics