വിശിഷ്ടനാമങ്ങള്‍

അല്‍വലിയ്യ് (സ്‌നേഹിതനും സഹായിയുമായവന്‍)

വിശ്വാസികളുടെ സംരക്ഷണച്ചുമതല പൂര്‍ണമായി ഏറ്റെടുത്തിരിക്കുന്നവനും ആപല്‍ഘട്ടങ്ങളില്‍ അവരെ സഹായിക്കുന്നവനുമാകുന്നു അല്ലാഹു. അല്ലാഹുവാണ് വിശ്വാസിയുടെ യഥാര്‍ഥ വലിയ്യ്. അവനല്ലാതെ മറ്റൊരു സംരക്ഷകനുമില്ല. അല്ലാഹു ഖുര്‍ആനില്‍ സൃഷ്ടികളെ സംബന്ധിച്ചും വലിയ്യ് എന്ന് പ്രയോഗിച്ചിട്ടുണ്ട്. ഇതുകൊണ്ടുദ്ദേശിക്കുന്നത് അല്ലാഹുവിനെ ഇഷ്ടപ്പെടുകയും അവന്റെ ശത്രുക്കളെ വെറുക്കുകയും ചെയ്യുന്നവര്‍ എന്നാണ്. അല്ലാഹുവിന്റെ യഥാര്‍ഥ വലിയ്യ് അവന്റെ ശത്രുക്കളോട് പോരാടുന്നവനും അവനോട് അടുക്കാന്‍ ശ്രമിക്കുന്നവനുമാണ്. ”അല്ലാഹു എല്ലാറ്റിനും കഴിവുള്ളവനെന്ന് നിങ്ങള്‍ അറിഞ്ഞിട്ടില്ലയോ? ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനു മാത്രമുള്ളതാണെന്നും അവനല്ലാതെ നിങ്ങള്‍ക്ക് രക്ഷകനോ തുണയോ ഇല്ലെന്നും അറിഞ്ഞിട്ടില്ലയോ?” (അല്‍ബഖറ: 107), ”പ്രവാചകാ, പ്രപഞ്ചനാഥന്റെ മുമ്പില്‍ ഹാജരാക്കപ്പെടുമെന്നും അന്ന് അവനല്ലാതെ അവര്‍ക്കു രക്ഷകനോ സഹായിയോ ശുപാര്‍ശകനോ ആയിരിക്കാന്‍ അധികാരമുള്ള യാതൊരുത്തരും ഉണ്ടായിരിക്കുന്നതല്ല എന്നും, ഭയപ്പെടുന്ന ജനങ്ങളെ ഇതു (ദിവ്യജ്ഞാനം) മുഖേന ഉപദേശിക്കുക; അവര്‍ ദൈവഭക്തി കൈക്കൊണ്ടുവെങ്കിലോ.” (അല്‍അന്‍ ആം: 51)

Topics