വിശിഷ്ടനാമങ്ങള്‍

അല്‍ഖവിയ്യ് (ശക്തന്‍)

ശക്തിയുടെ മൂലസ്രോതസ്സ് അല്ലാഹുവാണ്. അല്ലാഹു നല്‍കിയ ശക്തിയാണ് മറ്റുള്ളവയ്‌ക്കെല്ലാമുള്ളത്. ഒരിക്കലും ദൗര്‍ബല്യം ബാധിക്കാത്ത ശക്തിക്കുടമയാണ് അല്ലാഹു. വിശ്വാസി അതിശക്തനായ അല്ലാഹുവിന്റെ മുമ്പിലാണ് തലകുനിക്കേണ്ടത്. അതിലൂടെ വിശ്വാസം വര്‍ദ്ധിക്കുകയും യഥാര്‍ഥ ശക്തിസ്രോതസ്സിനെ തിരിച്ചറിയുകയും ചെയ്യുന്നു. ”തെളിഞ്ഞ ദൃഷ്ടാന്തങ്ങളും മാര്‍ഗദര്‍ശനങ്ങളുമായി നാം നമ്മുടെ ദൂതന്‍മാരെ അയച്ചിരിക്കുന്നു. അവരോടൊപ്പം വേദവും ത്രാസും അവതരിപ്പിച്ചിട്ടുണ്ട്-മനുഷ്യര്‍ നീതിപൂര്‍വം നിലകൊള്ളാന്‍. നാം ഇരുമ്പും ഇറക്കിയിരിക്കുന്നു. അതില്‍ വലിയ ശക്തിയുണ്ട്; മനുഷ്യര്‍ക്ക് ഉപകാരവും. അല്ലാഹുവിനെയും അവന്റെ ദൂതന്‍മാരെയും നേരില്‍ കാണാതെ പിന്തുണക്കുന്നവരാരെന്ന് അല്ലാഹു കണ്ടറിയേണ്ടതിന്. അല്ലാഹു മഹാ ശക്തിയുടയവനും അജയ്യനുമല്ലോ.” (അല്‍ഹദീദ്: 25), ”ചില ജനം അല്ലാഹുവല്ലാത്ത ചിലരെ അവന്റെ സമന്‍മാരായി സങ്കല്‍പിക്കുന്നു. അല്ലാഹുവിനെ സ്‌നേഹിക്കേണ്ടതുപോലെ അവരെ സ്‌നേഹിക്കുകയും ചെയ്യുന്നു. സത്യവിശ്വാസികളാവട്ടെ, സര്‍വോപരി അല്ലാഹുവിനെയാണ് സ്‌നേഹിക്കുന്നത്. കഷ്ടം! ശിക്ഷയെ മുന്നില്‍ കാണുമ്പോള്‍ ബോധ്യപ്പെടുന്ന യാഥാര്‍ഥ്യം-സര്‍വശക്തികളും അധികാരങ്ങളും അല്ലാഹുവിന്റെ മാത്രം കരങ്ങളിലാണെന്നും അല്ലാഹു കഠിന ദണ്ഡകനാണെന്നും-ഈ അക്രമികള്‍ ഇന്നുതന്നെ ഗ്രഹിച്ചിരുന്നെങ്കില്‍!” (അല്‍ബഖറ: 165)

Topics