വിശിഷ്ടനാമങ്ങള്‍

അല്‍ മുജീബ് (ഉത്തരം നല്‍കുന്നവന്‍)

പ്രാര്‍ഥനക്ക് ഉത്തരം നല്‍കുന്നവന്‍. വിഷമിക്കുന്നവരുടെ വിഷമങ്ങള്‍ അകറ്റുന്നവന്‍. അല്ലാഹു തന്റെ സൃഷ്ടികളുടെ പ്രയാസങ്ങള്‍ കണ്ടറിഞ്ഞ് അവരെ സഹായിക്കുന്നവനാണ്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളില്‍നിന്ന് ആരും നിരാശപ്പെടേണ്ടതില്ല. അല്ലാഹു തന്റെ ദാസന്‍മാരെ സഹായിക്കുന്നതിനായി സദാസന്നദ്ധനായിനില്‍ക്കുകയാണ്. അതിനാല്‍ അടിമകളോട് പ്രാര്‍ഥിക്കാന്‍ കല്‍പ്പിച്ചിരിക്കുന്നു. ഉപദ്രവകരമായ കാര്യങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിച്ചാല്‍ അല്ലാഹു പ്രാര്‍ത്ഥന സ്വീകരിക്കുകയില്ല. ഇതുപോലെ മനുഷ്യന്റെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവന്റെ വിളിക്കുത്തരം നല്‍കാന്‍ കഴിവുള്ളവന്‍ അല്ലാഹു മാത്രമാണ്. ”പ്രവാചകാ, എന്റെ അടിമകള്‍ നിന്നോട് എന്നെക്കുറിച്ചു ചോദിച്ചാല്‍ അവര്‍ക്കു പറഞ്ഞുകൊടുക്കുക: ഞാന്‍ അവരുടെ അടുത്തുതന്നെയുണ്ട്. വിളിക്കുന്നവന്‍ എന്നെ വിളിച്ചാല്‍ ആ വിളി കേട്ട് ഞാന്‍ ഉത്തരം നല്‍കുന്നു. അതിനാല്‍ അവര്‍ എന്റെ വിളിക്ക് ഉത്തരം നല്‍കട്ടെ. എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. (നീ ഇതെല്ലാം അവരെ കേള്‍പ്പിക്കുക) അവര്‍ സന്‍മാര്‍ഗം ഗ്രഹിച്ചെങ്കിലോ.”(അല്‍ബഖ്‌റ: 186), ”നാഥന്‍ അവര്‍ക്ക് ഉത്തരമരുളി: സ്ത്രീയാവട്ടെ പുരുഷനാവട്ടെ, നിങ്ങളില്‍ ആരുടെയും കര്‍മത്തെ ഞാന്‍ നിഷ്ഫലമാക്കുന്നതല്ല. നിങ്ങളെല്ലാവരും ഒരേ വര്‍ഗത്തില്‍ പെട്ടവരാണല്ലോ. അതിനാല്‍, എനിക്കുവേണ്ടി സ്വദേശം വെടിയുകയും എന്റെ മാര്‍ഗത്തില്‍ സ്വഭവനങ്ങളില്‍നിന്നു പുറത്താക്കപ്പെടുകയും മര്‍ദിക്കപ്പെടുകയും, എനിക്കുവേണ്ടി യുദ്ധം ചെയ്യുകയും വധിക്കപ്പെടുകയും ചെയ്തവരാരോ, അവരുടെ സകല പാപങ്ങളും ഞാന്‍ പൊറുത്തുകൊടുക്കുന്നതാകുന്നു. അവരെ, കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍ പ്രവേശിപ്പിക്കുന്നു. ഇത് അല്ലാഹുവിങ്കല്‍നിന്നുള്ള പ്രതിഫലമത്രെ. ഉല്‍കൃഷ്ടമായ പ്രതിഫലം അല്ലാഹുവിങ്കല്‍ മാത്രമാകുന്നു.” (ആലുഇംറാന്‍: 195)

Topics