വിശിഷ്ടനാമങ്ങള്‍

അല്‍ മുദില്ല് (നിന്ദ്യത നല്‍കുന്നവന്‍)

മുഇസ്സ് എന്ന് പറഞ്ഞതിന്റെ വിപരീതാശയം. തന്റെ ഇച്ഛകളെ അല്ലാഹുവിന്റെ ഇച്ഛയോടു യോജിപ്പിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവന് അല്ലാഹു ആധിപത്യം നല്‍കുകയും അതിന് വിപരീതമായി പ്രവര്‍ത്തിക്കുന്നവന് ഈ ലോകത്തും പരലോകത്തും നിന്ദ്യത നല്‍കുകയും ചെയ്യുന്നു. തന്റെ ഇച്ഛകളെ നിയന്ത്രിക്കുകയും അല്ലാഹുവിന്റെ ഇച്ഛകള്‍ക്ക് ജീവിതത്തില്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുമ്പോഴാണ് അല്ലാഹു അവനെ പ്രതാപവനാക്കുക. എന്നാല്‍ തന്റെ ഇച്ഛയെപിന്‍പറ്റിക്കൊണ്ട് അല്ലാഹുവിന്റെ കല്‍പനകള്‍ക്ക് എതിരു പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഈ ലോകത്തും പരലോകത്തും നിന്ദ്യനാക്കിത്തീര്‍ക്കുന്നതാണ്. ഒരു മനുഷ്യന്‍ തന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് സൃഷ്ടികളില്‍ ചിലരാണെന്ന് വിചാരിക്കുകയും അതുപോലെ അത്യാഗ്രഹം വച്ചുപുലര്‍ത്തുകയും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാതിരിക്കുകയും വ്യാമോഹത്തിലും അജ്ഞതയിലും കഴിഞ്ഞുകൂടുകയും ചെയ്താല്‍ അതവന് നിന്ദ്യതയാണ് സമ്മാനിക്കുക.
”പറയുക: എല്ലാ ആധിപത്യങ്ങള്‍ക്കും ഉടമയായ അല്ലാഹുവേ, നീ ഇച്ഛിക്കുന്നവര്‍ക്ക് നീ ആധിപത്യമേകുന്നു. നീ ഇച്ഛിക്കുന്നവരില്‍നിന്ന് നീ ആധിപത്യം നീക്കിക്കളയുന്നു. നീ ഇച്ഛിക്കുന്നവരെ നീ പ്രതാപികളാക്കുന്നു. നീ ഇച്ഛിക്കുന്നവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു. സമസ്ത സൗഭാഗ്യങ്ങളും നിന്റെ കൈയിലാണ്. തീര്‍ച്ചയായും നീ എല്ലാ കാര്യത്തിനും കഴിവുറ്റവന്‍ തന്നെ” (ആലുഇംറാന്‍: 26)

Topics