വിശിഷ്ടനാമങ്ങള്‍

അല്‍കബീര്‍ (മഹത്ത്വമുടയവന്‍, മഹനീയന്‍)

അല്ലാഹു ആദിയും അന്ത്യവുമില്ലാത്തവനാകുന്നു. സൃഷ്ടികളുമായുള്ള എല്ലാ സാദൃശ്യങ്ങള്‍ക്കും അതീതനും എല്ലാ അര്‍ഥത്തിലുമുള്ള ഔന്നത്യവും മഹത്വവും ഉള്ളവനുമാകുന്നു. വലിപ്പം നടിക്കുക എന്നത് അല്ലാഹുവിന് മാത്രം അവകാശപ്പെട്ട ഗുണമാണ്. സൃഷ്ടികളിലാരെങ്കിലും വലിപ്പം നടിച്ചാല്‍ അല്ലാഹു അവരെ ശിക്ഷിക്കും. അല്ലാഹുവിന്റെ മഹത്വത്തെയും വലിപ്പത്തെയും സൂചിപ്പിക്കുന്ന ഈ മുദ്രാവാക്യമാണ് അഞ്ച് സമയവും പള്ളികളില്‍നിന്ന് ഉയര്‍ന്നു കേള്‍ക്കുന്ന ബാങ്കില്‍ ആവര്‍ത്തിക്കപ്പെടുന്നത്. അല്ലാഹുവിന്റെ ഈ ഔന്നത്യത്തെ മനസ്സിലാക്കിയവന്‍ അവന്റെ മുന്നിലല്ലാതെ മറ്റാര്‍ക്കുമുമ്പിലും തലകുനിക്കുകയില്ല. ”അല്ലാഹുവിന്റെ സമക്ഷത്തില്‍ ആര്‍ക്കുവേണ്ടിയും ഒരു ശിപാര്‍ശയും ഫലപ്പെടുകയില്ല- ശിപാര്‍ശ ചെയ്യാന്‍ അല്ലാഹു അനുമതി നല്‍കിയവര്‍ക്കല്ലാതെ. അങ്ങനെ അവരുടെ ഹൃദയങ്ങളില്‍നിന്ന് പരിഭ്രമമകലുമ്പോള്‍, അവര്‍ ശിപാര്‍ശകരോട് ചോദിക്കുന്നു: ‘നിങ്ങളുടെ റബ്ബ് എന്താണ് മറുപടി പറഞ്ഞത്?’ അപ്പോള്‍ അവര്‍ പറയും: ‘സത്യമായ മറുപടി കിട്ടി. അവന്‍ അത്യുന്നതനും വലിയവനുമല്ലോ.” (സബഅ്: 23), ”പുരുഷന്‍മാര്‍ സ്ത്രീകളുടെ നാഥന്‍മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്‍മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്. അതിനാല്‍ നല്ലവരായ വനിതകള്‍ അനുസരണശീലരാകുന്നു. പുരുഷന്‍മാരുടെ അഭാവത്തില്‍, അല്ലാഹുവിന്റെ മേല്‍നോട്ടത്തിലും സംരക്ഷണത്തിലും അവര്‍ ഭര്‍ത്താക്കന്‍മാരോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നവരുമാകുന്നു. ഭാര്യമാര്‍ അനുസരണക്കേട് കാട്ടുമെന്ന് ആശങ്കിക്കുമ്പോള്‍ നിങ്ങള്‍ അവരെ സദുപദേശം ചെയ്യുക. കിടപ്പറകളില്‍ പിരിഞ്ഞിരിക്കുക, അടിക്കുക. അങ്ങനെ അനുസരണമുള്ളവരായിത്തീര്‍ന്നാല്‍ പിന്നെ അവരെ ദ്രോഹിക്കുവാന്‍ ന്യായം തേടാവതല്ല. മീതെ, അത്യുന്നതനും വലിയവനുമായ അല്ലാഹുവുണ്ടെന്ന് ഓര്‍ത്തിരിക്കുക”. (അന്നിസാഅ്: 34)

Topics