വിശിഷ്ടനാമങ്ങള്‍

അല്‍ ഹകം (ന്യായാധിപന്‍)

ന്യായവിധി നടത്തുന്നവന്‍, എല്ലാ വസ്തുക്കളുടെയും അന്തിമവും ആത്യന്തികവുമായ വിധികല്‍പ്പിക്കുന്നവന്‍ എന്നെല്ലാമാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. അല്ലാഹു ആണ് യഥാര്‍ത്ഥവിധികര്‍ത്താവ്. അവനാണ് ലോകത്തിലെ ഓരോ വസ്തുവും എങ്ങനെ ചലിക്കണമെന്നും എങ്ങനെ ചലിക്കരുതെന്നും നിര്‍ണയിക്കുന്നത്. അതില്‍ യാതൊരു മാറ്റവുമുണ്ടാവുകയില്ല. ഓരോ വസ്തുവിനും അവന്‍ ഒരു നിശ്ചിത അളവ് (ഖദ്ര്‍) നിശ്ചയിച്ചിട്ടുണ്ടാകും. അതില്‍ അണുഅളവ് കുറയുകയോ കൂടുകയോഇല്ല. മനുഷ്യന്‍ ഇക്കാര്യങ്ങളെ അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോഴാണ് അവന് കര്‍മ്മമണ്ഡലത്തില്‍ കൂടുതല്‍ സ്ഥിരചിത്തനായി നിലകൊള്ളാന്‍ കഴിയുക. അല്ലാഹുവിന്റെ ഖദ്‌റിനെയും വിധിയെയും മാറ്റിമറിക്കാന്‍ ലോകത്തൊരു ശക്തിക്കും സാധ്യമല്ല.
”അല്ലാഹുവോടൊപ്പം മറ്റു ദൈവങ്ങളെ വിളിച്ചു പ്രാര്‍ഥിക്കരുത്. അവനല്ലാതെ ദൈവമില്ല. സകല വസ്തുക്കളും നശിക്കും. അവന്റെ സത്തയൊഴികെ. അവനു മാത്രമേ കല്‍പനാധികാരമുള്ളൂ. നിങ്ങളെല്ലാവരും അവങ്കലേക്കുതിരിച്ചു ചെല്ലുന്നവരാണ്”. (അല്‍ ഖസ്വസ്: 88)
”നിനക്ക് ബോധനമായി ലഭിച്ച ദിവ്യസന്ദേശം പിന്‍പറ്റുക. അല്ലാഹു തീര്‍പ്പുകല്‍പിക്കും വരെ ക്ഷമ പാലിക്കുക. തീര്‍പ്പുകല്‍പ്പിക്കുന്നവരില്‍ അത്യുത്തമന്‍ അവനാണല്ലോ”. (യൂനുസ്: 109)

Topics