വിശിഷ്ടനാമങ്ങള്‍

അല്‍ അദ്ല്‍ (നീതി, ന്യായാധിപന്‍)

അക്രമത്തിന്റെയും അനീതിയുടെയും വിപരീതമായ നീതി നടപ്പിലാക്കുന്നവനാണ് അല്ലാഹു. നന്‍മക്ക് നന്‍മയും തിന്‍മക്ക് തിന്‍മയും തുല്യമായി നല്‍കുന്നവന്‍. അതുപോലെ ഭൂമിയിലെ സകല വസ്തുക്കളുടെയും സൃഷ്ടിപ്പിന്റെ കാര്യത്തില്‍ അല്ലാഹു നീതിപാലിച്ചു. ഒരു ന്യൂനതയുമില്ലാതെയാണ് അവന്‍ അവയെ സൃഷ്ടിച്ചത്. ഭൂമിയുടെ നിലനില്‍പ്പിനാവശ്യമായ ഓരോ ഘടകത്തിലും എന്തെങ്കിലും തകരാറുണ്ടായാല്‍ ഭൂമിയുടെ യഥാര്‍ഥമായ നിലനില്‍പ്പിനെ അത് ബാധിക്കും. അതുപോലെ മനുഷ്യശരീരത്തിന്റെ സൃഷ്ടിപ്പിന്റെ കാര്യംതന്നെ അപ്രകാരം നീതിയിലധിഷ്ഠിതമാണ്. മനുഷ്യശരീരത്തിന്റെ നിലനില്‍പ്പിന് കോട്ടം തട്ടാത്ത രീതിയിലാണ് എല്ലാ പ്രവര്‍ത്തനങ്ങളെയും അവന്‍ സജ്ജീകരിച്ചിരിക്കുന്നത്. അതുപോലെത്തന്നെ അല്ലാഹുവിന്റെ വിശിഷ്ടനാമവും ഗുണവിശേഷവുമായ നീതി എന്നത് സൃഷ്ടികളുടെ നിലനില്‍പ്പിനു തന്നെ ആധാരമാണ്. അല്ലാഹുവിന്റെ ഈ ഗുണം അവന്റെ സൃഷ്ടികള്‍ക്കുമുണ്ടാവണമെന്നാണ് അവന്‍ ആഗ്രഹിക്കുന്നത്.
”അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു: നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കുക. ജനങ്ങള്‍ക്കിടയില്‍ തീര്‍പ്പുകല്‍പ്പിക്കുകയാണെങ്കില്‍ നീതിപൂര്‍വം വിധി നടത്തുക. എത്ര നല്ല ഉപദേശമാണ് അല്ലാഹു നിങ്ങള്‍ക്കു നല്‍കുന്നത്. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്”. (അന്നിസാഅ്: 58)
”വിശ്വസിച്ചവരേ, നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നേരാംവിധം നിലകൊള്ളുന്നവരാവുക; നീതിക്ക് സാക്ഷ്യം വഹിക്കുന്നവരും. ഒരു ജനതയോടുള്ള വിരോധം നീതിനടത്താതിരിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ. നീതി പാലിക്കുക. അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിശ്ചയം, നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ് അല്ലാഹു”. (അല്‍മാഇദ: 8)

Topics