മുന്‍കൂട്ടി നിശ്ചയിച്ചത് പ്രകാരം ദമാമിലെ ഷെറാട്ടണ്‍ ഹോട്ടലില്‍ ഒരു യുവാവ് എന്നെ കാണാനെത്തി. തന്റെ പുതിയ പ്രൊജക്റ്റ് വളരെ ആവേശത്തോടെയാണ് അയാള്‍ എന്റെ മുന്നില്‍ സമര്‍പിച്ചത്. പ്രസ്തുത മേഖലയില്‍ വളരെ അനുഭവ സമ്പത്തുള്ള ഒരാളുടെ അഭിപ്രായം തേടാനും, അയാളില്‍ നിന്ന് മാര്‍ഗദര്‍ശനം സ്വീകരിക്കാനും അദ്ദേഹത്തോട് നിര്‍ദേശിച്ചു. പക്ഷേ സുമുഖനായ ആ യുവാവിന് എന്റെ നിര്‍ദേശം തീരെ ദഹിച്ചില്ല. ഇതുകണ്ട ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ‘ഞാന്‍ നിര്‍ദേശിച്ച വ്യക്തിയാണോ നിങ്ങള്‍ക്ക് പ്രശ്‌നം അതല്ല അദ്ദേഹത്തിന്റെ ഐഡിയകളോ?’. അദ്ദേഹം പറഞ്ഞു ‘എന്നെ സംബന്ധിച്ചിടത്തോളം ഇക്കാര്യത്തില്‍ ഇനി മറ്റൊരാളുടെ അഭിപ്രായം ആവശ്യമില്ല. ഞാന്‍ അതിനായി ഇനി ആരുടെയും അടുത്ത് പോകുന്നുമില്ല’.
കൂടിയാലോചനയെന്നത് മഹാന്മാരുടെ സവിശേഷഗുണമാണെന്ന കാര്യം ആ യുവാവിന് അറിയില്ല. മറ്റൊരാളോട് കൂടിയാലോചിക്കുന്നത് തങ്ങളുടെ ന്യൂനതയെയാണ് കുറിക്കുന്നത് എന്നാണ് ആ പാവം യുവാവ് കരുതിയിരിക്കുന്നത്. എന്നാല്‍ കൂടിയാലോചന ഒരാളുടെ പൂര്‍ണതയെയാണ് അടയാളപ്പെടുത്തുന്നത്. പ്രവാചകന്‍ മൂസാ(അ) തനിക്ക് കൂടിയാലോചിക്കാനായി സഹോദരന്‍ ഹാറൂന്‍(അ) പ്രവാചകനെ ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. സബഇലെ ബല്‍ഖീസ് രാജ്ഞി സുലൈമാന്‍(അ) പ്രവാചകനോട് സ്വീകരിക്കേണ്ട സമീപനത്തെക്കുറിച്ച് തന്റെ മന്ത്രിമാരോട് കൂടിയാലോചന നടത്തുകയാണ് ചെയ്തത്. ഖാലിദ് ബിന്‍ വലീദ്(റ) തന്റെ സഹോദരിയോട് കൂടിയാലോചന നടത്തുകയും ശേഷം അവളുടെ തലയില്‍ ചുംബിക്കുകയുമാണ് ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ മഹാനായ പ്രവാചകന്‍ മുഹമ്മദ്(സ) എപ്പോഴും കൂടിയാലോചന നടത്തുകയും അതിനെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്യാറുണ്ടായിരുന്നു. അലിയ്യ് ബിന്‍ അബീത്വാലിബ്(റ) പറയുന്നത് നോക്കൂ ‘കൂടിയാലോചന സന്മാര്‍ഗത്തിന്റെ കണ്ണാണ്. സ്വന്തം അഭിപ്രായം സ്വീകരിച്ച് മുന്നോട്ട് നീങ്ങിയവന്‍ അപകടത്തില്‍ പെട്ടത് തന്നെ’.
അനുഭവ സമ്പത്തും, സുബദ്ധാഭിപ്രായവും ഉള്ളവരില്‍ നിന്ന് നിര്‍ദേശം തേടുകയെന്നതാണ് കൂടിയാലോചനയുടെ അര്‍ത്ഥം. തന്റെ അഭിപ്രായങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ നിരത്തിവെച്ച് അവരുടെ നിര്‍ദേശങ്ങള്‍ ആരായുന്നവനാണ് യഥാര്‍ത്ഥ ബുദ്ധിമാന്‍. ശരിയാണെന്ന് ഉറപ്പുള്ള അഭിപ്രായത്തിന് പോലും കൂടുതല്‍ ശക്തിയും പൂര്‍ണതയും നല്‍കുന്നതിന് കൂടിയാലോചന ഉപകരിക്കുന്നതാണ്. നല്ല ചിന്തകള്‍ വികസിക്കുകയും, വലുതാവുകയും പുതിയ ചക്രവാളങ്ങള്‍ അവക്ക് മുന്നില്‍ തുറക്കപ്പെടുകയും ചെയ്‌തേക്കും. കൂടിയാലോചനയാണ് ബുദ്ധിയുടെ ശക്തിയെന്ന് ജാഹിള് പറയുകയുണ്ടായി.
നമ്മുടെ മനസ്സില്‍ രൂപപ്പെട്ടേക്കാവുന്ന ചെറിയ സ്വേഛാധിപത്യ പ്രവണതകളെ തുടച്ച് നീക്കാനും മുളയിലെ നുള്ളിക്കളയാനും കൂടിയാലോചന സഹായിക്കുന്നു. അഭിപ്രായങ്ങള്‍ക്കും സമീപനങ്ങള്‍ക്കും നേരെ വിശാലമായ കാഴ്ചപ്പാട് സൃഷ്ടിക്കാനും അത് ഉപകരിക്കുന്നു. നമ്മുടെ മനോനിലയെ പരിപോഷിപ്പിക്കാന്‍ അത് സഹായിക്കുന്നു. നമ്മില്‍ ചിലര്‍ കൂടുതലായി കൂടിയാലോചിക്കുകയും വളരെ കുറച്ച് മാത്രം ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവരായുണ്ട്. അനുയോജ്യരായ കൂടിയാലോചകരെ തെരഞ്ഞെടുക്കുന്നതിലെ നമ്മുടെ പരാജയത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. അതല്ലെങ്കില്‍ കൂടിയാലോചനാ രീതിയിലെ പരാജയത്തെയാണ് അത് കുറിക്കുന്നത്. ഏതെങ്കിലും മേഖലയില്‍ പ്രത്യേകമായ പരിജ്ഞാനമുള്ള കൂടിയാലോചകരെ ആയിരിക്കാം ചിലപ്പോള്‍ നമുക്ക് ആവശ്യമുള്ളത്. നമ്മുടെ കാഴ്ചപ്പാടില്‍ നിന്ന് ഭിന്നമായ വീക്ഷണം നല്‍കാന്‍ കഴിയുന്നവരെ ആയിരിക്കാം മറ്റു ചിലപ്പോള്‍ നമുക്ക് വേണ്ടത്. നമ്മെ നന്നായി അറിയുന്ന, നമ്മുടെ സാഹചര്യത്തെക്കുറിച്ച് പരിജ്ഞാനമുള്ള കൂടിയാലോചകരെ ആയിരിക്കാം മറ്റു ചില സന്ദര്‍ഭങ്ങളില്‍ നാം തേടുന്നത്.
ഏറ്റവും അവസാനത്തെ കലയാണ് കൂടിയാലോചന. അഭിപ്രായം കണ്ടെത്തുക, അവയെ അപഗ്രഥിക്കുക, സാധ്യതകള്‍ പഠിക്കുക തുടങ്ങിയവ നിര്‍വഹിച്ചതിന് ശേഷമാണ് മറ്റുള്ളവരോട് അഭിപ്രായം തേടേണ്ടത്. എല്ലായ്‌പ്പോഴും ഒരേ വ്യക്തിയോട് തന്നെ അഭിപ്രായം തേടുന്നത് ശരിയല്ല. കാരണം നമുക്ക് വേണ്ട ഇന്ധനം അയാളില്‍ ഉണ്ടായിക്കൊള്ളണമെന്നില്ല.
അറബികള്‍ സാധാരണ പറയാറുണ്ട് ‘കൂടിയാലോചിച്ചവന് ഖേദിക്കണ്ടി വരില്ല’. അതെ, കൂടിയാലോചിച്ചവന്‍ ലാഭമുണ്ടാക്കിയവന്‍ തന്നെയാണ്.
അബ്ദുല്ലാഹ് മുദൈഫിര്‍
Add Comment