Youth

അധ്വാനമേ ജീവിതം

സൈക്കിള്‍ പോലെയാണ് ജീവിതം. അതിന്മേല്‍ കയറി യാത്ര ചെയ്യുന്നവന്‍ നിരന്തരമായി ചലിക്കേണ്ടത് പോലെയാണ് ജീവിതത്തിലും. മുന്നോട്ടുള്ള പ്രയാണമായിരിക്കണം ജീവിതത്തിലെ നമ്മുടെ ചലനങ്ങള്‍.

നാം ചലിക്കാതിരിക്കുമ്പോഴും കാലം ചലിച്ച് കൊണ്ടേയിരിക്കുന്നുവെന്ന് മനസ്സിലാക്കണം. നിനക്ക് രാവും പകലും, രാവിലെയും വൈകുന്നേരവും മിനിട്ടുകളും മണിക്കൂറുകളും തുല്യമായിരിക്കാം. ഇവിടെ നിന്റെ മുന്നില്‍ ഉയരുന്ന ഒരു ചോദ്യമുണ്ട്. ‘എന്തിനാണ് ഞാന്‍ ജീവിക്കുന്നത്? എന്നതാണ് അത്.

ഓരോ നിമിഷത്തിനും അര്‍ത്ഥമുണ്ടാക്കുന്നത് ചലനങ്ങളാണ്. പഠനവും അധ്വാനവും അന്നം സമ്പാദിക്കുന്നതിനോ, ഉദ്യോഗം നേടുന്നതിനോ അല്ല. ജീവിതത്തിന് പ്രാധാന്യമേറ്റുന്നതിനും വളര്‍ച്ചയുണ്ടാക്കുന്നതിനും വേണ്ടിയാണ്.
കഷ്ടപ്പെടുമ്പോള്‍ ശരീരത്തില്‍ നിന്ന് ഉറ്റിവീഴുന്ന വിയര്‍പ്പുകള്‍ സന്തോഷത്തെയും ആശ്വാസത്തെയുമാണ് കുറിക്കുന്നത്. അപ്പോഴാണ് ജീവിതത്തിന് അര്‍ത്ഥമുണ്ടാവുന്നത്.

സൂര്യന്‍ എല്ലാ ദിവസവും ഉദിക്കുകയും അസ്തമിക്കുകയും ചെയ്യുന്നത് പോലെയാണ് മനുഷ്യ ചലനം.
വളരെ നിസ്സാരമായ കാര്യം പൂര്‍ത്തീകരിക്കുന്നതിന് വേണ്ടിയാണെങ്കില്‍ പോലും ഒരു കാര്യത്തില്‍ മുഴുകുക എന്നത് തീര്‍ത്തും പോസിറ്റീവ് ആയ സമീപനമാണെന്ന് ചിക്കാഗോ യൂനിവേഴ്‌സിറ്റിയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. മടിയും ആലസ്യവും, മാനസിക സംഘര്‍ഷവും ഇല്ലായ്മ ചെയ്യുന്നതിന് അത് സഹായിക്കുന്നുവത്രെ.

പ്രതിഫലത്തിന് വേണ്ടിയോ, അല്ലാതെയോ നടത്തപ്പെടുന്ന ഏതൊരു കര്‍മവും മനസ്സിന് സന്തോഷം നല്‍കുന്നുവെന്ന് ഷാങ്ഹായ് യൂനിവേഴ്‌സിറ്റിയിലെ പഠനം വിശദീകരിക്കുന്നു. ശാരീരികമായി യാതൊരു അധ്വാനവുമില്ലാതെ ജീവിക്കുന്നവരേക്കാള്‍ സന്തുഷ്ടര്‍ സ്ഥിരമായി ജോലി ചെയ്യുന്നവരാണെന്ന് പഠനം സൂചിപ്പിക്കുന്നു.

ആന്തരിക ശക്തിയുള്ള വ്യക്തി നിരന്തരമായി വെറുതെ ഇരിക്കുകയില്ല. ചെന്നായ കൂട്ടിലടക്കപ്പെട്ടാല്‍ പോലും വാലുയര്‍ത്തി ചുറ്റും നടന്നുകൊണ്ടേയിരിക്കും. മനസ്സിലെ ചലനവികാരത്തെയാണ് അത് പ്രതിനിധീകരിക്കുന്നത്. അത് ഉറക്കത്തില്‍ പോലും ഗാഢനിദ്രയിലാവുകയോ, തന്റെ ശക്തി ഉപേക്ഷിക്കുകയോ ചെയ്യുന്നില്ല. സജീവമായ മനുഷ്യനെ പ്രശംസാരൂപത്തില്‍ ചെന്നായയെന്ന് വിശേഷിപ്പിക്കാറുണ്ട്. ഇതിന് നേര്‍വിപരീതമായി അലസനായി അനങ്ങാതിരിക്കുന്നവനെ ഇരപിടിക്കാത്ത ഒരിനം കഴുകനോടാണ് ഉപമിക്കാറുള്ളത്. ഇര പിടിച്ച് വിശപ്പടക്കുന്നതിന് പകരം കേവലം ശവം മാത്രം തിന്നാണ് അത് ജീവിക്കാറ്.

മനുഷ്യന് തന്റെ അധ്വാനത്തേക്കാള്‍ മഹത്തായ മാനദണ്ഡമില്ല. നല്ല അധ്വാനങ്ങള്‍ക്ക് അല്ലാഹു നമുക്ക് പ്രതിഫലം നല്‍കുന്നതാണ്. കൂടുതല്‍ ഉത്തമ കര്‍മം ചെയ്യാനുള്ള അവസരം അവന്‍ നമുക്ക് മുന്നില്‍ തുറക്കുന്നതാണ്.

അധ്വാനം ആസ്വാദ്യകരമാവുമ്പോള്‍ ജീവിതത്തിന് പ്രഭയുണ്ടാകുന്നു. നമ്മുടെ ഓരോ കര്‍മവും അവസാനത്തേതാണ് എന്ന മട്ടിലാണ്(കൂടുതല്‍ മികവോടെ ചെയ്യാന്‍) നിര്‍വഹിക്കേണ്ടത്. നാം കൂടുതല്‍ അധ്വാനിക്കുന്നതിന് അനുസരിച്ച് കൂടുതല്‍ ജീവിക്കുന്നു.
അധ്വാനിക്കുന്നവന്‍ ഫലം കാണുകയും ഉറങ്ങുന്നവന്‍ സ്വപ്‌നം കാണുകയും ചെയ്യുന്നു. സ്വന്തത്തെ കണ്ടെത്താനുള്ള ഏറ്റവും നല്ല അവസരമാണ് അധ്വാനമെന്നത്.

ഡോ. സല്‍മാന്‍ ഫഹദ് ഔദഃ

Topics