ഭൂമിയില്‍ നീതി സ്ഥാപിക്കാനും, എല്ലാറ്റിന്റെയും നെടുംതൂണായ സന്‍മാര്‍ഗം ജനങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് കൊടുക്കാനും വേണ്ടിയാണ് ദൈവികസന്ദേശങ്ങള്‍ വന്നെത്തിയത്. ശത്രുക്കളോട് പോലും സ്വന്തം ഇഛയും താല്‍പര്യവും മുന്‍നിര്‍ത്തിയുള്ള സമീപനം സ്വീകരിക്കരുതെന്ന് ദൈവിക വചനങ്ങള്‍ വ്യക്തമാക്കുന്നുണ്ട് (ഒരു ജനതയോടുള്ള വിദ്വേഷം അവരോട് നീതി ചെയ്യുന്നതില്‍ നിന്ന് നിങ്ങളെ വിലക്കാതിരിക്കട്ടെ. നിങ്ങള്‍ നീതി പുലര്‍ത്തുക. അതാണ് ദൈവഭക്തിയോട് ഏറ്റവും അടുത്തത് (അല്‍മാഇദ: 8).
ജനങ്ങള്‍ ഈയര്‍ത്ഥത്തില്‍ ചൊവ്വായി നിലകൊള്ളണമെന്ന ഉദ്ദേശ്യത്തിലാണ് അല്ലാഹു ഖുര്‍ആന്‍ അവതരിപ്പിച്ചിരിക്കുന്നത് ‘തന്റെ അടിമയുടെ മേല്‍ വേദമവതരിപ്പിച്ച അല്ലാഹുവിന് സര്‍വ്വസ്തുതിയും. അവനതില്‍ യാതൊരു വക്രീകരണവും വരുത്തിയിട്ടില്ല'(അല്‍കഹ്ഫ് 1). ഏറ്റവും ചൊവ്വായ മാര്‍ഗത്തിലേക്കാണ് വിശുദ്ധ വേദം ജനങ്ങളെ ക്ഷണിക്കുന്നതെന്ന് ഇസ്‌റാഅ് അദ്ധ്യായത്തില്‍ (9) സൂചിപ്പിക്കുന്നുണ്ട്.
അതിനാല്‍ തന്നെ ഈ സന്ദേശത്തില്‍ വിശ്വസിക്കുന്നവര്‍ തന്നെയാണ് ജനങ്ങളില്‍ ഏറ്റവും ചൊവ്വായി, നേരായി നിലകൊള്ളേണ്ടവര്‍. ശത്രുക്കളുള്‍പെടെ എല്ലാ ജനങ്ങളുടെയും അവകാശ സംരക്ഷണത്തിനായി കഠിനാധ്വാനം ചെയ്യേണ്ട ബാധ്യത അവര്‍ക്കുണ്ട്. ദൈവികമതത്തിന്റെ ശത്രുക്കള്‍ ഇതിന് നേര്‍വിപരീതമാണ്. അവരെപ്പോഴും വഴികേടില്‍ അലയുകയും, വളഞ്ഞതും വക്രമായതും തേടുകയുമാണ് ചെയ്യുക. ‘പരലോകത്തേക്കാള്‍ ഇഹലോകജീവിതത്തെ സ്‌നേഹിക്കുന്നവരാണവര്‍. ദൈവമാര്‍ഗത്തില്‍ നിന്ന് ജനത്തെ തടഞ്ഞുനിര്‍ത്തുന്നവരും ദൈവമാര്‍ഗം വികലമാകണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. അവര്‍ വഴികേടില്‍ ഏറെദൂരം പിന്നിട്ടിരിക്കുന്നു’ (ഇബ്‌റാഹീം 3). അല്ലാഹുവിന്റെ ദീനില്‍ പോലും ന്യൂനതയും, പോരായ്മയും അന്വേഷിച്ച് നടക്കുന്നവരാണ് അവരെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ചൊവ്വായതും, കൃത്യമായതുമായ ദൈവിക നിയമങ്ങളില്‍ വല്ല ന്യൂനതയും കണ്ടെത്താനും, ജനങ്ങളെ അതില്‍ നിന്ന് തിരിച്ച് വിടാനുമാണ് അത്. തങ്ങളാലാവുന്ന വിധം ജനഹൃദയങ്ങളില്‍ തെറ്റിദ്ധാരണയും, സംശയവും വ്യാപിപ്പിക്കാനും, അവരെ സന്‍മാര്‍ഗത്തില്‍ നിന്ന് തടയാനുമാണ് അവരുടെ ഉദ്യമം. യാഥാര്‍ത്ഥ്യങ്ങളെ വികൃതമായി അവതരിപ്പിക്കുകയും അവക്ക് പകരം തങ്ങളുടെ താല്‍പര്യങ്ങളും, പെരുംനുണകളും പകരം വെക്കുകയും ചെയ്യുകയെന്നതാണ് അവരുടെ രീതി. ചൊവ്വായ മാര്‍ഗമല്ല, വഴികേടാണ് അവരുടെ താല്‍പര്യം. വഴികേടില്‍ ആര്‍മാദിച്ച് ജീവിക്കുകയെന്നതാണ് അവരുടെ സ്വപ്നം. തങ്ങളുടെ സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് തെമ്മാടിത്തത്തിന്റെയും, അധര്‍മത്തിന്റെയും ചുറ്റുപാടാണെന്ന് അവര്‍ വിശ്വസിക്കുന്നു. ജനങ്ങളെ അടിമപ്പെടുത്തിയും ചൂഷണം ചെയ്തും, നിഷിദ്ധമായത് സമ്പാദിച്ചും തങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കുന്നവരാണ് അവര്‍.
ജനങ്ങള്‍ ചിലര്‍ വെച്ച് പുലര്‍ത്തുന്ന ഇത്തരം സമീപനങ്ങള്‍ ഉപദ്രവകാരികളായ ചില കീടങ്ങളെയാണ് അനുസ്മരിപ്പിക്കുന്നത്. വൃത്തികെട്ട, ചീഞ്ഞളിഞ്ഞ ഇടങ്ങളിലാണ് ഇവ വളരുക. സൂര്യന്‍ ഉദിക്കുകയും അതിന്റെ പ്രകാശം അവയിലേക്ക് എത്തുകയും ചെയ്താല്‍ അവ നശിച്ച് പോവുന്നു. പ്രകാശത്തില്‍ ജീവിക്കാന്‍ തയ്യാറല്ല പരസ്യമായിി പ്രഖ്യാപിച്ചിരിക്കുന്നു അവ. മാത്രമല്ല ജനങ്ങള്‍ക്ക് മുന്നില്‍ തങ്ങള്‍ പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരായി സ്വയം അവതരിപ്പിച്ചിരിക്കുകയാണ് ഇത്തരം വ്യക്തികളെന്ന് കൂടി ഖുര്‍ആന്‍ അവരെക്കുറിച്ച് പറയുന്നു (നിങ്ങള്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടാല്‍ അവര്‍ പറയും ‘ഞങ്ങള്‍ സംസ്‌കരണപ്രവര്‍ത്തനമാണ് നടത്തുന്നത്’. അറിയുക: അവര്‍ തന്നെയാണ് കുഴപ്പക്കാര്‍. പക്ഷെ അവരതേക്കുറിച്ച് ബോധവരല്ല’. (അല്‍ബഖറ 11-12).
നന്‍മയിലേക്കുള്ള എല്ലാതരം ക്ഷണങ്ങളെയും എതിര്‍ക്കുകയെന്നതാണ് ഇവരുടെ രീതി. സമൂഹത്തില്‍ യഥാര്‍ത്ഥ സംസ്‌കരണം നടത്തുന്നവര്‍ക്കെതിരെ പൊതുജനത്തെ ഇളക്കിവിടാനുള്ള ശ്രമങ്ങള്‍ ഇവര്‍ നടത്തുന്നു. വിശുദ്ധ ഖുര്‍ആന്‍ വിവരിക്കുന്ന സ്വേഛാധിപതിയായ ഫറോവയുടെ സമീപനമായിരുന്നു ഇത്.’ഫറവോന്‍ പറഞ്ഞു ‘എന്നെ വിടൂ, മൂസായെ ഞാന്‍ കൊല്ലുകയാണ്. അവന്‍ അവന്റെ നാഥനോട് പ്രാര്‍ത്ഥിച്ചുനോക്കട്ടെ. അവന്‍ നിങ്ങളുടെ മതം മാറ്റിമറിക്കുകയോ, നാട്ടില്‍ കുഴപ്പം കുത്തിപ്പൊക്കുകയോ ചെയ്‌തേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു’. (ഗാഫിര്‍ 26).
തോന്നിവാസത്തിന്റെ തലതൊട്ടപ്പന്‍മാര്‍ സംസ്‌കരണപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നുവെന്നത് സമൂഹം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ദുരന്തമാണ്. ചരിത്രത്തിന്റെ പല ഇടവേളകളില്‍ സംഭവിച്ച ഇത്തരം വിരോധാഭാസത്തിന്റെ ഏറ്റവും ഉയര്‍ന്ന പ്രതീകമായാണ് ഖുര്‍ആന്‍ ഫറോവയെ അവതരിപ്പിക്കുന്നത്. ജനങ്ങളോട് തന്നെ പിന്‍പറ്റാന്‍ കല്‍പിച്ച ഫറോവക്ക് പോലും സമൂഹത്തില്‍ നിന്ന് പിന്തുണയുണ്ടായതെന്നതാണ് അതിനേക്കാള്‍ അല്‍ഭുതകരം! ‘എന്നിട്ടും അവര്‍ ഫറവോന്റെ കല്‍പന പിന്‍പറ്റുകയാണുണ്ടായത്. ഫറവോന്റെ കല്‍പനയോ, അതൊട്ടും വിവേകപൂര്‍വമായിരുന്നില്ല'(ഹൂദ് 97).
പ്രവാചകന്‍മാരുടെയും ദൈവികദര്‍ശനത്തിന്റെയും ശത്രുക്കള്‍ എല്ലാകാലത്തും സ്വീകരിച്ച മാര്‍ഗമായിരുന്നു ഇത്. പ്രീണനത്തിലൂടെയും, പീഢനത്തിലൂടെയും ജനങ്ങളെ തങ്ങളുടെ വരുതിയിലാക്കാനുള്ള ശ്രമം അവര്‍ നടത്തി. സത്യം കേള്‍ക്കുന്നതില്‍ നിന്നും പിന്തുടരുന്നതില്‍ നിന്നും ജനങ്ങളെ അകറ്റുകയെന്നതായിരുന്നു അവരുടെ നയം.
ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ബര്‍റ്
Add Comment