നിങ്ങളുടെ സ്വപ്‌നം എത്ര തന്നെ വലിയതും പ്രയാസകരവുമാണെങ്കിലും അവ മറ്റുള്ളവര്‍ക്കായി എറിഞ്ഞ് കൊടുക്കാന്‍ നിങ്ങള്‍ തയ്യാറാവരുത്. താങ്കള്‍ക്കതിന് സാധിക്കുകയില്ലെന്നും, അവ സാക്ഷാല്‍ക്കരിക്കുക അസംഭവ്യമാണെന്നും അവര്‍ നിങ്ങളോട് പറഞ്ഞേക്കാം. അവര്‍ നിങ്ങളെ പരസ്യമായി പരിഹസിക്കുകയും ചെയ്‌തേക്കാം. കാരണം നിങ്ങളെപ്പോലെ സ്വപ്‌നമുള്ളവരും, അവ നേടിയെടുക്കാന്‍ കൊതിക്കുന്നവരുമാണ് അവര്‍. നിങ്ങള്‍ പര്‍വതത്തിന് മുകളില്‍ കയറി, ഔന്നത്യം പ്രാപിക്കുന്നത് അവരെ സന്തോഷിപ്പിക്കുകയില്ല. അവരുടെ കൂടെ പതിതാവസ്ഥയില്‍ തന്നെ നിങ്ങളും തുടരണം എന്നത് തന്നെയാണ് അവരുടെ ആഗ്രഹം. നിങ്ങളുടെ സ്വപ്‌നം നിങ്ങളില്‍ നിന്ന് മോഷ്ടിക്കുകയാണ് അവര്‍ ചെയ്യുന്നത്.
നിങ്ങളുടെ ലക്ഷ്യപൂര്‍ത്തീകരണത്തിന് മുന്നില്‍ പ്രതിബദ്ധമായി നില്‍ക്കുന്ന ഇവരെ സ്വപ്‌നമോഷ്ടാക്കള്‍ എന്നാണ് മോണ്ടി റോബര്‍ട്ട്‌സ് പേര് വിളിച്ചത്. നിങ്ങള്‍ അവരുടെ വാക്കുകള്‍ ശ്രവിക്കുകയോ, അവയില്‍ സായൂജ്യമടയുകയോ ചെയ്യാറുണ്ടോ? താങ്കളുടെ സ്വപ്നത്തെ സ്വര്‍ണത്തളികയിലാക്കി അവരുടെ മുന്നില്‍ സമര്‍പിക്കാറുണ്ടോ?
മോണ്ടെ അപ്രകാരം ചെയ്തില്ല. ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ അവനോട് തന്റെ ഭാവി സ്വപ്‌നങ്ങളെക്കുറിച്ച് എഴുതാന്‍ ആവശ്യപ്പെട്ടു. വിശാലമായ മേച്ചില്‍ പുറം ഉടമപ്പെടുത്തി അതില്‍ മത്സരത്തിന് ഉപയോഗിക്കുന്ന കുതിരകളെ വളര്‍ത്തുകയാണ് എന്റെ വലിയ സ്വപ്‌നമെന്ന് അവന്‍ എഴുതി. അദ്ധ്യാപകന്‍ അവന് കുറഞ്ഞ മാര്‍ക്കാണ് നല്‍കിയത്. കാരണം നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്‌നമാണ് അതെന്നായിരുന്നു അദ്ധ്യാപകന്റെ ധാരണ. മാത്രമല്ല, സ്വപ്‌നം മാറ്റിയെഴുതി വന്നാല്‍ കൂടുതല്‍ മാര്‍ക്ക് നല്‍കാമെന്ന് അദ്ധ്യാപകന്‍ മോണ്ടിയോട് പറയുകയും ചെയ്തു. അവന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു ‘മാര്‍ക്ക് നിങ്ങള്‍ സൂക്ഷിക്കുക. ഞാന്‍ എന്റെ സ്വപ്‌നം സൂക്ഷിക്കാം’.
അവിടന്നങ്ങോട്ട് തന്റെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് വേണ്ടിയായിരുന്നു മോണ്ടി ജീവിച്ചത്. കാലിഫോര്‍ണിയയില്‍ വളരെ വിശാലമായ മേച്ചില്‍ പുറം അവന്‍ സ്വന്തമാക്കി. മത്സരത്തിന് വേണ്ടി കുതിരകളെ വളര്‍ത്തി. നൂറ് കണക്കിന് കുതിരനോട്ടക്കാര്‍ അദ്ദേഹത്തിന്റെ പരിശീലനക്കളരിയില്‍ നിന്ന് പുറത്തിറങ്ങി. കുതിരവളര്‍ത്തുന്നതിനെക്കുറിച്ചും പരിശീലനത്തെക്കുറിച്ചും ലോകപ്രശസ്തമായ പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്ന് പിറവിയെടുത്തു. പതിനഞ്ചിലധികം ലോകഭാഷകളിലേക്ക് അവ വിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നത് തന്നെ അവയുടെ മേന്‍മ വിളിച്ചോതുന്നു. മോണ്ടി തന്റെ സ്വപ്‌നം സാക്ഷാല്‍ക്കരിച്ചുവെന്ന് മാത്രമല്ല, അതിനെ കൂടുതല്‍ വിശാലമാക്കി വികസിപ്പിച്ച് ലോകത്തോളം ഉയരാന്‍ അവന് സാധിച്ചു.
മനസ്സില്‍ തോന്നിയ ഒരു ചെറിയ സ്വപ്‌നവും സാധ്യതയുമായിരുന്നു അത്, പിന്നീട് ഭാവനയല്ലാത്ത യാഥാര്‍ത്ഥ്യമായി ഭവിച്ചുവെന്ന് കവി പറയുന്നത് ഇത്തരം ഉയര്‍ന്ന സ്വപ്‌നങ്ങള്‍ കാണുകയും അവ പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ആത്മവിശ്വാസത്തോടെ പണിയെടുക്കുകയും ചെയ്യുന്നവരെക്കുറിച്ചാണ്.
നദ നാജി
Add Comment