ഗ്രന്ഥങ്ങള്‍

മുസ്നദുല്‍ ഹുമൈദി

ഇമാം ബുഖാരിയുടെ ഗുരുവായ ഹാഫിള് അബൂബക്ര്‍ അബ്ദുല്ലാഹിബ്നു ഹുസൈന്‍ അല്‍ ഹുമൈദിയുടെ ഹദീസ് സമാഹാരമാണ് മുസ്നദുല്‍ ഹുമൈദി. മക്കയില്‍വെച്ച് രചിക്കപ്പെട്ട മുസ്നദുകളില്‍ ആദ്യത്തേതും ഏറ്റവും അടിസ്ഥാനപരവും ആയ ഗ്രന്ഥമാണിത്. പില്‍ക്കാലത്ത് വന്ന ഹദീസ് പണ്ഡിതന്‍മാര്‍ തങ്ങളുടെ രചനകള്‍ക്ക് ആധാരമാക്കിയ കൃതിയും ഇതുതന്നെ.
നിവേദകരായ സ്വഹാബിമാരുടെ പേരുകളുടെ ക്രമത്തിലാണ് മുസ്നദിലെ 1300 ഹദീസുകള്‍ ക്രോഡീകരിച്ചിട്ടുള്ളത്. അക്ഷരമാലാക്രമത്തിലല്ല, മറിച്ച് അവരിലെ പ്രഥമഗണനീയരെ പരിഗണിച്ചുകൊണ്ടാണ് ആ ക്രമം സ്വീകരിച്ചിട്ടുള്ളത്. ആദ്യം വരുന്നത് നാലു ഖലീഫമാരാണ്. പിന്നീട് സ്വര്‍ഗംകൊണ്ട് സന്തോഷവാര്‍ത്ത അറിയിക്കപ്പെട്ട സ്വഹാബിമാരാണ്. പിന്നീട് പ്രാധാന്യക്രമമനുസരിച്ച് 180 ഓളം സ്വഹാബിമാരുടെ ഹദീസുകള്‍ ചേര്‍ത്തിരിക്കുന്നു. ഹുമൈദിക്ക് ത്വല്‍ഹത്തുബ്നു ഉബൈദില്ല(റ)യില്‍നിന്ന് നിവേദനംചെയ്ത ഹദീസ് ലഭിച്ചിട്ടില്ല.
ഈ കൃതി ആദ്യമായി അച്ചടിച്ചത് 1382- ല്‍ പാകിസ്താനിലാണ്. അതിന്‍റെ പരിശോധന നടത്തി അനുബന്ധമെഴുതിയത് ഹബീബുര്‍റഹ് മാന്‍ അഅ്ളമിയും. വിഷയാധിഷ്ഠിതമായും സ്വഹാബിമാരുടെ നാമക്രമമനുസരിച്ചും ഹദീസുകളുടെ വാക്കുകള്‍ അക്ഷരമാലാക്രമത്തിലുമൊക്കെയുള്ള ഇന്‍ഡക്സുകള്‍ മുസ്നദിനുവേണ്ടി പണ്ഡിതന്‍മാര്‍ തയ്യാറാക്കിയിട്ടുണ്ട്.

Topics