സുലൈമാന്‍ ഇബ്‌നു അശ്അബല്‍ സിജിസ്താനി (ജനനം ഹി. 203 ബസറയില്‍. മരണം ഹി. 275) അറേബ്യയിലെ ബനു അസദ് ഗോത്രക്കാരനായിരുന്നു. ഖുറാസാനിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഹദീസ് ശേഖരങ്ങളുള്ള മിക്ക സ്ഥലങ്ങളിലും സഞ്ചരക്കുകയും അവയെപ്പറ്റി പഠിക്കുകയും ചെയ്തു. മഹാന്‍മാരായ ഹദീസ് പണ്ഡിതന്മാരിലൊരാളായി അദ്ദേഹം പരിഗണിക്കപ്പെടുന്നു. ആറു പ്രാമാണിക ഹദീസ് സമാഹാരങ്ങളിലൊന്നായ ‘സുനനു അബൂദാവൂദി’ന്റെ സമ്പാദകന്‍. 4008 ഹദീസുകളാണ് ഇതിലുള്ളത്. ഈ സമാഹാരം തയ്യാറാക്കുന്നതിന് അബൂദാവൂദ് 20 വര്‍ഷം ചെലവഴിച്ചു. 5 ലക്ഷം ഹദീസുകള്‍ ഇതിനായി പരിശോധിച്ചിട്ടുണ്ട്. മുസ്‌നദ് ആണ് അബൂദാവൂദിന്റെ മറ്റൊരു പ്രശസ്ത ഗ്രന്ഥം. ഹി. എട്ടാം നൂറ്റാണ്ട് വരെ ഇത് പ്രചാരത്തിലുണ്ടായിരുന്നു.
അബൂദാവൂദ് താമസിച്ചിരുന്ന ഖുറാസാന്‍ സിംഗികള്‍ ഉപരോധിച്ചപ്പോള്‍ ജനങ്ങള്‍ ഒന്നായി പട്ടണം വിട്ടു പോയിരുന്നു. ഖലീഫാ മുഅ്തദിന്റെ സൈന്യാധിപനായ അല്‍ മുഖഫിഖ് അബൂദാവൂദിനോട് പട്ടണം വിട്ടു പോകരുതെന്നു പറഞ്ഞു. ജനങ്ങളും വിദ്യാര്‍ത്ഥികളും തിരിച്ചുവരാനായിരുന്നു അത്. ആ അഭ്യര്‍ത്ഥന സ്വീകരിച്ച അബൂദാവൂദ് സൈന്യാധിപന്റെ പുത്രനെ പ്രത്യേകമായി പഠിപ്പിക്കാനുള്ള അപേക്ഷ നിരസിക്കുകയാണുണ്ടായത്. ശിഷ്യന്മാരെ ധനികരെന്നും ദരിദ്രരെന്നും വേര്‍തിരിച്ചു ജ്ഞാനത്തിന്റെ പവിത്രത കളയാന്‍ തയ്യാറായില്ല എന്നായിരുന്നു അതിന് അബൂദാവൂദ് പറഞ്ഞ കാരണം.
Add Comment