കര്‍മ്മശാസ്ത്രം-ഫത്‌വ

ഇടംകൈയ്യനായ പുതുമുസ് ലിം വലംകൈ മുന്തിക്കാന്‍ ആഗ്രഹിച്ചാല്‍

ചോ: രണ്ടുവര്‍ഷം മുമ്പ് ഇസ്‌ലാംസ്വീകരിച്ച ഒരു വിശ്വാസിയാണു ഞാന്‍. ജനിച്ചപ്പോള്‍ മുതല്‍ ഇടംകൈയ്യനാണ്. പ്രവാചകചര്യയനുസരിച്ച് വലതുകൈകൊണ്ട് ഭക്ഷണംകഴിക്കണം, ശൗച്യം ഇടതുകൈയാല്‍ നിര്‍വഹിക്കണം എന്നൊക്കെ അറിയാം. എന്റെ ചോദ്യം എഴുത്തുമായി ബന്ധപ്പെട്ടതാണ്. ഇടതുകൈകൊണ്ട് എഴുതുന്നതില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ ? വലതുകൈകൊണ്ട് ഭക്ഷണംകഴിക്കുന്നത് പ്രവാചകനെ അനുസരിക്കലാണെന്ന് എനിക്കറിയാം. എന്നാല്‍ വലതുകൈകൊണ്ട് എഴുതുക എന്നെസംബന്ധിച്ച് അസാധ്യമാണ്. ഞാനെന്തുചെയ്യണം ?

——————

ഉത്തരം:  ദീനിന്റെ കല്‍പനകളും താല്‍പര്യങ്ങളും അറിയാനുള്ള താങ്കളുടെ ഔത്സുക്യത്തെ ഞാന്‍ ആദ്യമായി അഭിനന്ദിക്കുന്നു. ഭോജനം, പാനം, വസ്ത്രധാരണം, എഴുത്ത് തുടങ്ങി മഹദ്കര്‍മങ്ങള്‍ വലതുകൈകൊണ്ടാകുന്നത്  അങ്ങേയറ്റം പ്രോത്സാഹിപ്പിച്ച ദര്‍ശനമാണ് ഇസ്‌ലാം.

മലമൂത്രവിസര്‍ജനത്തിനുശേഷം വൃത്തിയാക്കുന്നത് ഇടതുകൈകൊണ്ടായിരിക്കണമെന്ന് അത് നിഷ്‌കര്‍ഷിക്കുകയും ചെയ്തിരിക്കുന്നു. എന്നിരുന്നാലും താങ്കളുടെ വിഷയത്തില്‍ വലതുകൈകൊണ്ട് എഴുതുകയെന്നത് വളരെ പ്രയാസമേറിയതാണെന്ന് ചോദ്യത്തില്‍ സൂചിപ്പിച്ചല്ലോ. അതിനാല്‍ താങ്കള്‍ക്ക് അക്കാര്യത്തില്‍ ഇളവുണ്ട്. നമ്മുടെ കഴിവിനും സാധ്യതയ്ക്കും അപ്പുറത്തുള്ള കാര്യങ്ങള്‍ ഇസ് ലാം നിര്‍ബന്ധിക്കുന്നില്ല. അല്ലാഹു പറയുന്നത് കാണുക: 

‘അല്ലാഹു ആരെയും അയാളുടെ കഴിവില്‍ കവിഞ്ഞതിന് നിര്‍ബന്ധിക്കുന്നില്ല'(അല്‍ബഖറ 286) ‘ മതകാര്യത്തില്‍ ഒരു മാര്‍ഗതടസ്സവും അവന്‍ നിങ്ങള്‍ക്കുണ്ടാക്കിവെച്ചിട്ടില്ല'(അല്‍ഹജ്ജ് 78) ‘ അല്ലാഹു നിങ്ങള്‍ക്ക് എളുപ്പമാണാഗ്രഹിക്കുന്നത്. പ്രയാസമല്ല.’ (അല്‍ ബഖറ 185).

മേല്‍ സൂക്തങ്ങളുടെ വെളിച്ചത്തില്‍ കടുത്ത വിഷമസന്ധിയില്‍ ദീന്‍ പലസംഗതികള്‍ക്കും വിശ്വാസിക്ക്  ഇളവനുവദിക്കുന്നതായി പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഈ വീക്ഷണകോണിലൂടെ ചിന്തിക്കുമ്പോള്‍ താങ്കള്‍ ഇടതുകൈകൊണ്ട് എഴുതുന്നതിനെ തെറ്റായി കാണാനാകില്ല. അതിനാല്‍ ഈ വിഷയത്തെക്കുറിച്ച് താങ്കള്‍ വേവലാതിപ്പെടേണ്ടതില്ല. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ അടിയുറച്ചുനില്‍ക്കാന്‍ അല്ലാഹു അനുഗ്രഹിക്കട്ടെ! ആമീന്‍.

 

Tags

Topics