അഖീഖയെ സംബന്ധിച്ച ഇസ്ലാമിന്റെ വിധിയെന്താണ് ? അത് സുന്നത്തോ അതോ വാജിബോ ? എന്താണതിന്റെ പ്രാധാന്യം?
———————-
ഉത്തരം: ഇസ്ലാമിലെ അതിപ്രധാനമായ ഒരു സുന്നത്താണ് അഖീഖ. ഇബ്റാഹീം നബിയുടെ പാരമ്പര്യംപിന്തുടര്ന്നുകൊണ്ടാണ് മുഹമ്മദ് നബി അത് ആചരിച്ചുപോന്നത്. മുഹമ്മദ് നബി ഇപ്രകാരം പറഞ്ഞിരിക്കുന്നു:’എല്ലാ കുട്ടികളും അഖീഖയ്ക്ക് പണയപ്പെട്ടിരിക്കുന്നു. ‘
ആടിനെയോ ആട്ടിന്‍കുട്ടിയെയോ ആണ് അതിനായി അറുക്കേണ്ടത്. ശിശുവിനെ സമ്മാനിച്ചതിന് അല്ലാഹുവോടുള്ള നന്ദിപ്രകാശനമായാണ് അഖീഖ അറുക്കുന്നത്. പാവങ്ങള്‍ക്കാണ് അതിന്റെ മാംസം വിതരണംചെയ്യേണ്ടത്. അല്ലെങ്കില്‍ ആ മാംസം പാകംചെയ്ത് അവര്‍ക്ക് സദ്യയൊരുക്കാവുന്നതാണ്. കൂട്ടത്തില്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാം.
നബി തിരുമേനി (സ) തന്റെ പൗത്രന്മാരായ ഹസനും ഹുസൈനും വേണ്ടി ഓരോ ആടുകളെ അറുത്തതായി ഹദീസുകളില്‍ വന്നിരിക്കുന്നു. അഖീഖയുടെ ദിനം കുട്ടിക്ക് നല്ല പേരുവിളിക്കുന്നത് ഉത്തമമാണ്. അതേപോലെ ആ ശിശുവിന്റെ മുടിത്തൂക്കം സ്വര്‍ണമോ അതിന് തത്തുല്യമായ തുകയോ ദാനംചെയ്യുന്നത് നല്ലതാണ്. ഇനി ശിശുജനിച്ച് 7-ാം ദിനം അഖീഖ അറുക്കാന്‍ സാധിച്ചില്ലെങ്കില്‍ അത് 14, 21 തുടങ്ങി ദിവസങ്ങളില്‍ സാധ്യമാകുന്നതെപ്പോഴാണോ അപ്പോള്‍ നല്‍കണം. അകാരണമായി അത് വൈകിക്കാവതല്ല.
ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അതിനെ അതിപ്രാധാന്യമേറിയ സുന്നത്തായി കാണുമ്പോള്‍ മറുവിഭാഗം അത് ഐശ്ചികമാണെന്ന വാദക്കാരാണ്. ഇമാം ഹസനുല്‍ ബസ്വരി ഇൗ വീക്ഷണക്കാരനാണ്.
അവസാനമായി, അഖീഖ ഇബ്റാഹീം നബിയുടെ പാരമ്പര്യത്തില്‍ പെട്ടതാണെന്നതാണ് അതിന്റെ ഏറ്റവും വലിയ മഹത്ത്വം. തൗഹീദിനുവേണ്ടി നിലകൊണ്ട , അതിനുവേണ്ടി ത്യാഗംസഹിച്ച , അതിലൂടെ ലോകജനതയ്ക്ക് മാതൃകയായ പ്രവാചകനാണല്ലോ ഇബ്റാഹീം നബി(അ). അല്ലാഹുവല്ലാത്ത മറ്റേതുകല്പിതശക്തിക്കും അര്‍പ്പിക്കുന്ന ബലി-പൂജാനൈവേദ്യങ്ങളെ അദ്ദേഹം വിലക്കുകയും അവസാനിപ്പിക്കുകയുംചെയ്തു. എല്ലാ ബലിതര്‍പ്പണങ്ങളും കീഴ്വണക്കവും അല്ലാഹുവിന് മാത്രമായിരിക്കണമെന്ന് ഏവരെയും പഠിപ്പിച്ചു. അതിനാല്‍ അഖീഖയിലൂടെ നാം കുട്ടികളെ ഏകദൈവവിശ്വാസത്തിന്റെ പാഠങ്ങള്‍ പരിചയപ്പെടുത്തുകയാണെന്ന് പറയാം.
ചുരുക്കത്തില്‍ , എല്ലാ മുസ്ലിംകളും അനുവര്‍ത്തിക്കേണ്ട മഹത്ത്വമേറിയ സുന്നത്താണ് അഖീഖ.
Add Comment