ഹി. 587(ക്രി.1192)ല്‍ മരണപ്പെട്ട ജമാലുദ്ദീന്‍ ബിന്‍ മഅ്മൂനിന്റെ കൃതികളിലാണ് ചരിത്രമറിയുന്ന ആദ്യത്തെ മൗലിദി (ജന്മദിനാഘോഷം)നെക്കുറിച്ച വിവരണങ്ങളുള്ളത്. ഫാത്തിമി ഭരണകൂടത്തിലെ ഖലീഫയായ അല്‍ അമീറിന്റെ (494-524/1101-1130) കൊട്ടാരത്തില്‍ ഉന്നതപദവിവഹിച്ചയാളായിരുന്നു ജമാലുദ്ദീന്റെ പിതാവ്. ഇബ്നുല്‍ മഅ്മൂന്റെ കൃതികളുടെ യഥാര്‍ഥ പ്രതികള്‍ നഷ്ടപ്പെട്ടുവെങ്കിലും പിന്നീടുവന്ന ഒട്ടേറെ പണ്ഡിതന്മാര് അവയില്‍നിന്നൊക്കെ ഉദ്ധരണികള്‍ സ്വീകരിച്ചിട്ടുണ്ട്.
ആ പ്രധാനികളിലൊരാളായ, ഈജിപ്തിന്റെ മധ്യകാലചരിത്രകാരനായ അല്‍ മഖ്രീസി(845/ 1442) തന്റെ രചനയായ ‘മവാഇദുല് ഇഅ്തിബാര് ഫീ ഖിത്വതി മിസ്ര് വല്‍ അംസാര്‍(ഖിത്വത്)’ല്‍ അതിന്റെ കുറേ ഭാഗങ്ങള്‍ ഉദ്ധരിച്ചിട്ടുണ്ട്. അതില്‍ ഫാത്വിമീ ഭരണകൂടത്തെയും അതിനുമുമ്പുള്ള ഈജിപ്ഷ്യന്‍ ഭരണകൂടങ്ങളെയും കുറിച്ച് വിശദാംശങ്ങളുണ്ട്. അദ്ദേഹത്തിന്റെ പ്രസ്തുതരചനയുടെ സവിശേഷത ഇന്ന് ലഭ്യമല്ലാത്ത പല മുന്‍കാല രചനകളുടെയും കൃത്യമായ ഉറവിടമേതെന്ന് അതില്‍ ചേര്‍ത്തിരിക്കുന്നുവെന്നതാണ്. അത്തരം രീതി അക്കാലത്ത് പതിവില്ലാത്തതായിരുന്നു.
തന്റെ പിതാവ് ഫാത്വിമീഖലീഫയുടെ കൊട്ടാരത്തില്‍ സേവനമനുഷ്ഠിച്ചിരുന്ന ആ ആറാംനൂറ്റാണ്ടിലെ സാമൂഹിക-രാഷ്ട്രീയ-മത സാഹചര്യങ്ങളെക്കുറിച്ച വിശാലമായ അറിവുനല്കുന്നവയാണ് ഇബ്നുല്മഅ്മൂന്റെ കൃതികള്‍ എന്നതായിരുന്നു മഖ്രീസിയുടെ പ്രസ്തുത അവലംബത്തിനുകാരണം. പിതാവ് കൊട്ടാരത്തില്‍ വലിയ പിടിപാടുള്ള ആളായിരുന്നതുകൊണ്ട് ചരിത്രകാരന്മാര്ക്കുപോലും കിട്ടാത്ത പല സംഗതികളെക്കുറിച്ച് കൃത്യമായ വിവരം ഇബ്നുല്‍ മഅ്മൂനിന് ലഭിച്ചിരുന്നു.
അതിലേക്ക് കടക്കുന്നതിനുമുമ്പ് ഫാത്വിമീ ഭരണകൂടത്തെക്കുറിച്ച് ചില കാര്യങ്ങള്‍ സൂചിപ്പിക്കേണ്ടതുണ്ട്. സത്യത്തില്‍ ബാഗ്ദാദ് കേന്ദ്രമായി ഭരിച്ചിരുന്ന അബ്ബാസിയ ഭരണകൂടത്തെ വെല്ലുവിളിച്ചുകൊണ്ടാണ് ഫാത്വിമീ ഭരണകൂടം സ്ഥാപിക്കപ്പെടുന്നത്. ഹിജ്റ 358 ല്‍ ഈജിപ്ത് കീഴടക്കിക്കൊണ്ട് ആധുനികനഗരമായി കെയ്റോവിനെ അവര്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. ശീഈ കക്ഷികളില്‍ ഏഴാമത്തെ വിഭാഗമായ ഇസ്മാഈലികളില്‍ പെട്ട ഫാത്വിമികള്‍ തങ്ങള്‍ നബിയുടെ കുടുംബത്തില്‍ പെട്ടവരാണെന്നാണ് വാദിക്കുന്നത് (അത് കള്ളമാണെന്ന് മറ്റുള്ളവര്‍ പറയുന്നു). ഇസ്ലാമിന്‍െ മുഖ്യധാരയുമായി ബന്ധമില്ലാത്ത വിശ്വാസാചാരങ്ങളാണ് ഇക്കൂട്ടരുടേതെന്ന് ആരോപിക്കുന്നത് സുന്നികള്‍ മാത്രമല്ല, മറ്റു ശീഈ ഗ്രൂപ്പുകളുമാണ്. ചുരുക്കത്തില്‍ അവര്‍ ഇസ്ലാമിനു പുറത്താണെന്ന് മറ്റുള്ളവര്‍ മുദ്രകുത്തി. ഇസ്ലാംകാര്യങ്ങളിലെ പഞ്ചസ്തംഭങ്ങളെയും ഇസ്മാഈലികളായ അവര്‍ തന്നിഷ്ടപ്രകാരം മാറ്റിവ്യാഖ്യാനിച്ചു. നമസ്കാരം അഞ്ചുനേരം നിര്‍ബന്ധമുള്ള കാര്യമല്ലെന്നാണ് അവരുടെ വാദം.ഇന്ന് ആ ഫാത്വിമിചിന്താധാരയുടെ അവശിഷ്ടങ്ങള്‍ പേറുന്നവര്‍ പലയിടങ്ങളിലുമുണ്ട്.ഇസ്മാഈലികളുടെ നേതാവായ ആഗാഖാനും ബോറാ ഇമാമുകളും ഫാത്വിമീ ഭരണകൂടത്തിന്റെ പിന്തുടര്ച്ചക്കാരാണ്. ദ്രൂസ് (സിറിയ,ലബനന്) എന്നറിയപ്പെടുന്ന അക്കൂട്ടര്‍ ഫാത്വീമീപരമ്പരയില് പെട്ടതാണ്. ഇക്കൂട്ടരാണ് ആദ്യമായി മൗലിദ് ആഘോഷം ലോകത്തിന് പരിചയപ്പെടുത്തുന്നത്.
നമുക്ക് വിഷയത്തിലേക്ക് തിരിച്ചുവരാം.’ഖിത്വത്വി’ല്‍ ഇബ്നുല്‍ മഅ്മൂന്‍ ഹിജ്റ 517 ല്‍ നടന്ന സംഭവങ്ങളെ വിശദീകരിക്കുന്നത് കാണുക: ‘റബീഉല്‍ അവ്വല്‍ മാസം വന്നുചേരുന്നതോടെ അതിലെ പതിമൂന്നാംദിവസം മഹാനായ മുഹമ്മദ് നബിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിക്കുകയായി. ‘നജാവ’ എന്നറിയപ്പെടുന്ന ഫണ്ടില്‍നിന്ന് 6000 ദിര്‍ഹം ഖലീഫ പാവങ്ങള്‍ക്ക് ദാനമായി നല്കി. ദാറുല്‍ ഫിത്റയില്നിന്ന് നാല്പത് തരത്തിലുള്ള പാസ്ത(മധുരപലഹാരം)കള്‍ വിതരണംചെയ്തു. അഹ്ലുല്‍ ബൈതില്‍ പെട്ടവരുടെ ഖബറിടങ്ങളെ സംരക്ഷിക്കുന്നവര്‍ക്കും ട്രസ്റ്റ് മെമ്പര്‍മാര്‍ക്കും പഞ്ചസാരയും ബദാമും തേനും എള്ളെണ്ണയും സമ്മാനിച്ചു. കൊട്ടാരപ്രധാനിയുടെ മേല്‍നോട്ടത്തിലായിരുന്നു നാനൂറുപൗണ്ട് മധുരവും 1000 പൗണ്ട് ബ്രഡും വിതരണംചെയ്തത്. ‘മേല്‍ഖണ്ഡികയിലെ വിവരണം അക്കാലത്താണ് മൗലിദ് ആരംഭിച്ചതെന്ന് സൂചിപ്പിക്കുന്നു.
മൗലിദിന്റെ ആവിഷ്കര്ത്താവാരെന്നതിനെക്കുറിച്ച് സൂചനകള്‍ മറ്റുചില സ്രോതസ്സുകളില്‍നിന്ന് ലഭിക്കുന്നുണ്ട്.ഹി. 617(ക്രി. 1220)ല്‍ ഇബ്നു അല്തുവൈറിന്റെതാണ് പ്രസ്തുത നിവേദനം. അത് അദ്ദേഹം തന്റെ ‘നുസ്ഹതുല്‍ മുഖ്ലതൈന് ഫീ അഖ്ബാറാത്തില് ദൗലത്തൈന്’ എന്ന കൃതിയില്‍ അത് വ്യക്തമാക്കിയിട്ടുണ്ട്. ഇബ്നു അല്‍ തുവൈര്‍ ഫാതിമീ ഭരണകൂടത്തില്‍ സെക്രട്ടറിയായി ജോലിചെയ്തിരുന്നു. ഹി. 567 ല്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ നേതൃത്വത്തില്‍ അയ്യൂബി പരമ്പരയിലേക്ക് അധികാരം ചെന്നെത്തിയ കാലത്ത് ഫാത്വിമികളുടെ തകര്‍ച്ചയ്ക്ക് അദ്ദേഹം സാക്ഷിയാവുകയുണ്ടായി. സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ ഭരണകൂടത്തിലും തന്റെ സേവനം അദ്ദേഹം സമര്‍പ്പിച്ചു. ഇബ്നു അല്‍ തുവൈര്‍ വര്‍ണശബളമായ ആ മൗലിദിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. കെയ്റോയിലെ ഫാത്വിമീ ഇമാമുകളുടെ മഖ്ബറ കേന്ദ്രീകരിച്ച് വിഭവസമൃദ്ധമായ സദ്യ തയ്യാറാക്കി വിളമ്പിയിരുന്നു. അന്ന് സമൂഹത്തില്‍ ഏറ്റവും ആദരണീയരായ ആളുകള്‍ക്ക് ഖലീഫയുടെ കൊട്ടാരത്തില്‍ ക്ഷണമുണ്ട്. അന്നേ ദിനം ഖലീഫ(ഇസ്മാഈലി ഇമാമായിരിക്കും അത്)കൊട്ടാര ജനലിലൂടെ മുഖം മറച്ച രീതിയില്‍ ജനങ്ങള്‍ക്ക് ദര്ശനംനല്കും. അദ്ദേഹം ഒന്നും സംസാരിക്കുകയില്ല. പകരം പരിചാരകരോ സെക്രട്ടറിയോ ജനങ്ങളുടെ അഭിവാദ്യങ്ങള്‍ക്ക് ഖലീഫ സ്നേഹോഷ്മളമായ നന്ദി പ്രകാശിപ്പിച്ചിരിക്കുന്നുവെന്ന് അറിയിക്കും. കൊട്ടാരഗാലറിയില്നിന്ന് പ്രഭാഷകര്‍ നാട്ടുകാരെ അഭിസംബോധനചെയ്യും. ഇസ്മാഈലി വിദ്യാഭ്യാസക്രമത്തിന്റെ കേന്ദ്രമായി അന്ന് അറിയപ്പെട്ടിരുന്ന അസ്ഹര്‍ മസ്ജിദിന്റെ ഖത്തീബ് സമാപനപ്രഭാഷണം നടത്തുന്നതോടെ പരിപാടി അവസാനിക്കുന്നു.
ഫാത്വിമികള്‍ കൊണ്ടുവന്നത് മൗലിദ് മാത്രമല്ലെന്ന് മഖ്രീസി തന്റെ ഖിത്വതില് പറയുന്നു. ‘ഫാത്വിമി ഖലീഫമാര്‍ വിശേഷദിവസങ്ങളായി ആചരിച്ചിരുന്നദിനങ്ങള്’ എന്ന തലക്കെട്ടില്‍ ആ അവധിദിനങ്ങളെക്കുറിച്ച പ്രതിപാദ്യമുണ്ട്. ആ ദിനങ്ങള്‍ ജനങ്ങള്‍ക്ക് ഭക്ഷണവും സമ്മാനവും ലഭിക്കുമായിരുന്നു. ആ വിശേഷദിനങ്ങള്‍ ഇവയായിരുന്നു:
1. 2 ദിവസത്തെ പുതുവത്സരാഘോഷം
2. ആശൂറാദിനം
3. നബിദിനം.
4. അലി(റ)യുടെ ജന്മദിനം
5.ഹസന്(റ)ന്റെ ജന്മദിനം
6. ഹുസൈന്(റ)ന്റെ ജന്മദിനം
7.ഫാത്വിമ(റ)യുടെ ജന്മദിനം
8. ഖലീഫയുടെ ജന്മദിനം
9. റജബ് ഒന്ന്,
10 റജബ് പതിനഞ്ച്,
11. ശഅ്ബാന്‍ ഒന്ന്,
12. ശഅ്ബാന്‍ പതിനഞ്ച്
13. റമദാന് ആഘോഷം
14. റമദാന് ഒന്ന്
15. റമദാന് പതിനഞ്ച്
16. റമദാന് സമാപനം
17. ഖത്മുല് ഖുര്‍ആന്‍ രാവ്
18. ഈദുല്‍ ഫിത്വര്‍
19. ബലിപെരുന്നാള്‍.
20. ഈദുല്‍ ഗദീര്‍
21. ശിശിരകാലവസ്ത്രം
22. ഗ്രീഷ്മകാലവസ്ത്രം
23. ഉപദ്വീപ് വിജയദിനം
24. നവ്റോസ് ദിനം
25. ക്രിസ്ത്യന്‍ വെനറേഷന്
26.ക്രിസ്തുമസ്
27. ലെന്റ്
ഫാത്വിമികള്‍ ആഘോഷങ്ങളെ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നതിന് കാരണമുണ്ട്. ജനക്കൂട്ടത്തിന്റെ പ്രീതിയും അബ്ബാസീഭരണകൂടത്തിനെതിരെയുള്ള പ്രതികാരസാക്ഷാത്കാരവും മുഖേന തങ്ങളുടെ ഭരണത്തിന് അംഗീകാരം ഉറപ്പുവരുത്താനുമായിരുന്നു അതെല്ലാം. അതുകൊണ്ടാണ് എല്ലാ ആഘോഷവേളകളിലും ജനങ്ങള്‍ക്ക് സദ്യയും സമ്മാനവും വിപുലമായി നല്‍കിയിരുന്നത്. മാത്രമല്ല, സന്തോഷത്തിന്റെ അവസരങ്ങള്‍ അവര്‍ക്ക് വെച്ചുനീട്ടുകയായിരുന്നു അതിലൂടെ. ജനങ്ങള്‍ക്ക് നല്‍കിയിരുന്ന സദ്യവട്ടങ്ങളിലെ വിഭവങ്ങളെക്കുറിച്ച് മഖ്രീസി വിവരിക്കുന്നുണ്ട്. റൊട്ടിയും ഇറച്ചിയും ചേര്‍ത്തുള്ള രുചികരമായ വിഭവങ്ങളും പാസ്ത പോലുള്ള പലഹാരങ്ങളും വസ്ത്രാഘോഷവേളയില് അനുയോജ്യമായ തുണിശീലകളും അവര്‍ക്ക് നല്‍കിയിരുന്നു. ഫാത്വിമി നഗരങ്ങളിലെ വാസ്തുശില്പനിര്മിതിയില് മാത്രമല്ല ജനങ്ങളുടെ സന്തോഷപ്രകടനത്തിലൂടെയും അബ്ബാസികളെ തോല്പിക്കുകയെന്ന വാശിയായിരുന്നു അത്തരം ആഘോഷങ്ങള്‍ക്ക് നിമിത്തമായത്.
ഈ ആഘോഷങ്ങളില്‍ ക്രൈസ്തവര്‍ക്കും സൊരാഷ്ട്രര്ക്കുമുള്ള ആഘോഷങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. രാഷ്ട്രത്തിനെതിരെ വിപ്ലവത്തിന് പുറപ്പെട്ടേക്കാവുന്ന ന്യൂനപക്ഷസമുദായങ്ങളെക്കൂടി പ്രീണിപ്പിക്കുകയെന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം.
വേറെയും പലകാരണങ്ങളുണ്ട്.
1. ഫാത്വിമികള്‍ ഒട്ടേറെ വാര്‍ഷികാഘോഷങ്ങള്‍ സംഘടിപ്പിച്ചിരുന്നു. അതെല്ലാം വര്‍ണശബളിമയും സദ്യവട്ടവും ഒത്തുചേര്‍ന്നതായിരുന്നു. അതില്‍ മുഖ്യമായും ഉണ്ടായിരുന്നത്, പ്രവാചകന്റെയും ഇമാമുമാരുടെയും മൗലിദുകളായിരുന്നു. അലി(റ)നെ മുഹമ്മദ് നബി തന്റെ പിന്‍ഗാമിയായി നിശ്ചയിച്ച ദിനമെന്ന് എല്ലാ ശീഈ അവാന്തരവിഭാഗങ്ങളും വിശ്വസിക്കുന്ന ‘ഗദീര്‍ ഖും’ അതില്‍ പെട്ടതാണ്. നേരത്തേ സൂചിപ്പിച്ചതുപോലെ ആളുകളെ പ്രീതിപ്പടുത്താനായിരുന്നു അതെല്ലാം. മധുരപലഹാരങ്ങളും സദ്യയും സമ്മാനങ്ങളും ലഭിക്കുന്ന ആ ദിനങ്ങളെ പ്രജകള്‍ എന്നും കാത്തുനില്ക്കുമായിരുന്നു. അതുതന്നെയാണ് ഭരണകൂടം ആഗ്രഹിച്ചതും.
2. മൗലിദിന്റെ ആരംഭമെന്നായിരുന്നുവെന്നത് സംബന്ധിച്ച് ഏകദേശധാരണ നമുക്ക് ലഭിക്കുന്നുണ്ടിവിടെ. മഖ്രീസിയുടെ ചരിത്രവിശദീകരണം ഇന്ന് ലഭ്യമല്ലാത്ത ഒട്ടേറെ വസ്തുതകളുടെ സമാഹാരമാണെന്നത് നാമോര്‍ക്കേണ്ടതുണ്ട്. ഇബ്നുല്‍ മഅ്മൂന്‍, ഇബ്നുല്‍ തുവൈര്‍ എന്നിവരുടെ ചരിത്രരചനകള്‍ ദൃക്സാക്ഷിവിവരണങ്ങളാണ്. മഖ്രീസിയുടെ ചരിത്രാഖ്യാനത്തെ നിരൂപണംചെയ്തിട്ടുള്ള ആധുനികചരിത്രകാരന്മാര് പറയുന്നത്, മൂന്നും നാലും അഞ്ചുംനൂറ്റാണ്ടിലെ എഴുത്തുകാരുടെ കൃതികളില്‍നിന്നാണ് വിവരണങ്ങളെ അദ്ദേഹം കടമെടുത്തിട്ടുള്ളത്. ആറാംനൂറ്റാണ്ടിലെ സംഭവങ്ങള്ക്കുമാത്രമാണ് അദ്ദേഹം ഇബ്നുല്മഅ്മൂനിനെ അവലംബിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ ഹിജ്റ ആറാം നൂറ്റാണ്ടിലാണ് മൗലിദാഘോഷം ആരംഭിച്ചതെന്ന് ഉറപ്പിക്കാവുന്നവിധം മൗലിദിനെക്കുറിച്ച വസ്തുനിഷ്ഠമായ ചരിത്രം അദ്ദേഹത്തിന്റെതുതന്നെ.
3. ഫാത്വിമിയ്യാക്കളുടെ എല്ലാ മൗലിദാഘോഷങ്ങളും നബികുടുംബവുമായി ബന്ധപ്പെട്ടതാണ്. അതില്‍ മുഹമ്മദ് നബിയുടെ മൗലിദുമാത്രമാണ് വേറിട്ടുനില്‍ക്കുന്നത്. ഫാത്വിമിഭരണകൂടം ശീഈ വിശ്വാസധാരയുടെ വക്താക്കളായതുകൊണ്ട് ജന്മദിനാഘോഷങ്ങള് സ്വാഭാവികമായും അവര്‍ കൊണ്ടാടുകയായിരുന്നു. ഇമാമുമാരുടെ പദവി ഉയര്‍ത്തുകയെന്നതായിരുന്നു അത്തരം ആഘോഷങ്ങളുടെ പിന്നിലെ പ്രേരകം. എല്ലാ മൗലിദാഘോഷങ്ങളും മഖ്ബറകളെ കേന്ദ്രീകരിച്ചായിരുന്നു നടക്കാറുള്ളത്. ഭക്ഷണംതയ്യാറാക്കി വിതരണംചെയ്യലാണ് അതിലെ മുഖ്യപരിപാടി. തങ്ങളുടെ ആത്മീയനേതൃത്വങ്ങളെ ‘അഹ്ലുല്‍ ബൈത്തി’ല്‍ പെട്ടവരെന്ന നിലയില്‍ മഹത്വവല്ക്കരിക്കാന് അവര്‍ പ്രത്യേകം ശ്രദ്ധപുലര്‍ത്തി. ഫാത്വിമിഭരണകൂടം നാമാവശേഷമായപ്പോള്‍ എല്ലാ മൗലിദുകളും അവസാനിച്ചു. കാരണം അത് സുന്നീലോകത്തിന് യാതൊരു പ്രാധാന്യവുമുള്ളതായിരുന്നില്ല. എന്നാല്‍ മുഹമ്മദ് നബി(സ)യുടെ പേരിലുള്ള മൗലിദ് തുടര്‍ന്നുപോന്നു. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, ശീഈ തദ്ഭവമായ മൗലിദിന് ആ അവമതി ഇല്ലാതാകുകയും സുന്നീലോകം അത് ഏറ്റെടുക്കുകയുംചെയ്തു.
4. ഇബ്നുല്‍ മഅ്മൂനിന്റെ അഭിപ്രായമനുസരിച്ച് റബീഉല്‍ അവല് 13 നാണ് മൗലിദ് ആഘോഷിച്ചിരുന്നത്. ഇതൊരു പക്ഷേ മഅ്മൂനിന് തെറ്റുപറ്റിയതാകാമെന്നാണ് പണ്ഡിതാഭിപ്രായം. (ഇബ്നുല്‍ തുവൈര്‍ അത് റബീഉല്‍ അവ്വല്‍ 12 നാണ് എന്ന് കുറിച്ചത് ആ അഭിപ്രായത്തെ ശരിവെക്കുന്നു.) അല്ലെങ്കില്‍ 13 ന് നടത്തിവരാറുള്ള ആഘോഷം ഏതാനുംതലമുറകള് പിന്നിട്ടപ്പോള്‍ 12 ലേക്ക് വന്നതാകാനും മതി. എന്തായാലും ആറാം ശതകത്തിന്റെ പകുതിയില്‍ ഈജിപ്തിലെ ഫാത്വീമീ ഭരണകൂടത്തിന്റെ പൊതുഅവധിദിനമായിരുന്നു റബീഉല്‍ അവ്വല്‍ 12 ലെ മൗലിദ് എന്നതില്‍ യാതൊരു തര്‍ക്കവുമില്ല.
അങ്ങനെയെങ്കില്‍ അത് ശീഇകളല്ലാത്ത ഇസ്ലാമികസമൂഹത്തില്‍ എങ്ങനെ എത്തിപ്പെട്ടു? ഫാത്വിമീ ഈജിപ്തിന്റെ കിഴക്കും പടിഞ്ഞാറുമുള്ള പ്രദേശങ്ങളില്‍ ആരാണ് അത് അവതരിപ്പിച്ചത് ?
(തുടരും)
Add Comment